Cherukavi Ami :: ഹൃദയഗീതങ്ങള്‍

Views:

 ഹൃദയഗീതങ്ങൾ


 

യുവർക്വോട്ടിലൂടെയാണ് രജി ചന്ദ്രശേഖർ എന്ന കവിയെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുന്നത്. എല്ലാവരും സ്നേഹത്തൊടെ രജി മാഷ് എന്ന് വിളിക്കുന്ന കവി. ഛന്ദസ്സും വൃത്താലങ്കാരങ്ങളുമൊന്നും അറിയാതെയും പഠിക്കാതെയും പഠിപ്പിക്കാതെയും മാറ്റി നിർത്തപ്പെട്ട  കാലത്തിലെ സൂര്യതേജസ്. പ്രാസാലങ്കാര ഭംഗിയോടെ പ്രണയവും വിരഹവും ജീവിതവും രാഷ്ട്രീയവുമെല്ലാം വഴങ്ങുന്ന തൂലിക. പാരമ്പര്യസിദ്ധമായ എഴുത്തും അറിവുകളും പുതിയ തലമുറയിലേക്ക് എത്തിക്കുവാനും അതിലൂടെ മലയാള ഭാഷാപഠനത്തിലെ താത്പര്യം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുവാനും നിരന്തരം ശ്രമിക്കുന്ന ഒരു റിട്ടയേർഡ് അദ്ധ്യാപകൻ.

അദ്ദേഹത്തിന്റെ 36 പ്രണയഗീതങ്ങൾ സമാഹരിച്ചു തനിച്ച് പാടാൻ എന്ന പുസ്തകമാവുകയാണ്. ആശംസകൾക്കൊപ്പം എന്റെ വായാനാനുഭവത്തിന്റെ  അനുചരണങ്ങളായി ഏതാനും  വരികൾ കൂടി കുറിക്കട്ടെ.

അനുഭവിക്കുന്നവനും എഴുതുന്നവനും അനുവാചകനും എന്നും ഒരുപോലെ ആസ്വാദ്യമായ വികാരമാണ് പ്രണയം. പ്രപഞ്ചത്തിലെ ഓരോ അണുവിലും അത് കണ്ടെത്തുവാൻ കഴിഞ്ഞാലോ, അതിമനോഹരമായൊരനുഭവമായിരിക്കും. അത്തൊരമൊരു വായനാനുഭവമാണ് തനിച്ചു പാടാൻ എനിക്ക് സമ്മാനിച്ചത്, കവിതകളോടുള്ള ഇഷ്ടവും ഒരു കാരണമാകാം.

പ്രണയം മൊട്ടിട്ടു വിടർന്ന് പരിലസിച്ച്, മോഹിപ്പിച്ച്, പലഭാവങ്ങളിലൂടെ വളർന്നു പടരുകയാണ് ഓരോ ഗീതങ്ങളിലായ്. 

പുന്നാരപൂങ്കിളിയെ, ഒരു മന്ദഹാസമെറിഞ്ഞ് തന്റെ പ്രണയരാഗവാനത്തിലേക്ക് ഇന്നും എന്നും തുണയായ്, പ്രണയിനിയായ് ആഗ്നേയവീണയായ് ക്ഷണിക്കുകയാണ് കാമുകഹൃദയം. മരിച്ചാലും മരിക്കാത്ത രാഗങ്ങൾ വയൽക്കാറ്റേറ്റ് കൊടുങ്കാറ്റായ് വളരുകയാണ്. താളാത്മകവും പ്രാസനിബദ്ധവുമായി വാക്കുകൾ അടുക്കി, ആശയചോർച്ചയില്ലാതെ മനോഹരമായ ബിംബങ്ങളിലൂടെ പ്രണയത്തിന്റെ ആത്മാവിലേക്ക് വായനക്കാരനെ കവി എത്തിക്കുന്നു. കാണുന്ന കടലും നനയുന്ന മഴയും പൊള്ളുന്ന വെയിലുമെല്ലാം തടം തല്ലിയൊഴുകുന്ന പ്രണയഗംഗയായ് മാറുന്ന വായനാനുഭവം.

കാമിനിയുടെ ഒരു മന്ദഹാസത്തിൽ, ഒരുനോട്ടത്തിൽ, ഒരു കളിവാക്കിൽ തന്നെ നിഴൽമൂടിയ, ദുഖിതനായ കാമുകഹൃദയത്തിൽ സന്തോഷം കളിയാടുമെന്ന് കവി

ഓർക്കുന്നു. ഇരുൾ നിറഞ്ഞ മനസിൽ അവളുടെ പുഞ്ചിരി പ്രതീക്ഷകളാവുകയാണ്.

സ്നേഹവും കരുതലും മാത്രമല്ല, പരിഭവവും പിണക്കവും വാക് യുദ്ധങ്ങളും മത്സരങ്ങൾ പോലും ഉള്ളിലെ പ്രണയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു, അതേ സത്യമായ ശക്തിയാണ് വീണപ്പോൾ താങ്ങായും വഴിതെറ്റുമ്പോൾ വഴികാട്ടിയായും തനിക്കൊപ്പമുള്ളതെന്ന് തിമിർക്കുകെന്നിൽ, രൗദ്രമാടാം, തുണ എന്നീ ഗീതങ്ങൾ പറയുന്നു.

കരയ്ക്കെത്തുമോയെന്ന് ശങ്കിച്ചു തുഴയെറിയുമ്പോഴും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ജീവിതത്തോട് തന്നെയാണ് പ്രണയമെന്ന് വയൽക്കാറ്റ് കൊള്ളാം എന്ന ഗീതവും മരണം മണിത്താലി ചാർത്തിയാലും അണയുന്നില്ല പ്രണയജ്യോതിയെന്ന്, ആനന്ദജ്യോതിയും ആവർത്തിക്കുന്നു. 

മണമുള്ള വാക്കും ഉള്ളിൽ അലയടിക്കുന്ന രാഗക്കടലും നമ്മുടെ പ്രണയമാണ്. നമ്മൾ പ്രണയമാണ്. ഒരു വാക്കിനാൽ പോലും പങ്കുവയ്ക്കപ്പെടാതെ, ഒരു നോട്ടത്തിന്റെ ഓർമ്മയിൽ ജീവിതം തനിയെ തുഴയാനുള്ള, തനിച്ചു പാടാനുള്ള ശക്തിയേകുന്ന വികാരം,

പ്രായവും കാലവും കടന്നു പോയ്, ഇനിയെന്തു പ്രണയമെന്നോ, ഇനിയും പ്രണയം അവശേഷിക്കുന്നുണ്ട്.

ജരാനരകളില്ലാത്ത ചമയങ്ങളില്ലാത്ത പ്രണയമെന്ന സത്യത്തെ പ്രപഞ്ചനാദമായി ആസ്വദിച്ച് മാഷിന്റെ ഗീതങ്ങളെ താളം പിടിച്ച് ചൊല്ലിത്തുടങ്ങാമിനി. മാഷിനും പുസ്തകത്തിനും ആശംസകളോടെ.

 

Cherukavi Amihttps://www.amazon.in/dp/B08L892F68No comments: