Jayasree C K :: ചെഞ്ചോരയിറ്റുന്ന കവിത

Views:

ചെഞ്ചോരയിറ്റുന്ന കവിത
   

ജയശ്രീ സി കെ

ആലാപനം കേള്‍ക്കാം


ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം.

ഓരോ പഴമനസ്സിലും ഗൃഹാതുരത്വം നഖമുനകളാഴ്ത്തുമ്പോൾ പൊഴിഞ്ഞു വീഴാറുണ്ട് ചെഞ്ചോരപോലെ ചില മഞ്ചാടിമണികൾ! ബാല്യത്തിന്റെ കൗതുകങ്ങളിൽ മാത്രമല്ല, പ്രണയത്തിന്റെയും വറ്റാത്ത സ്നേഹത്തിന്റെയും നിത്യസത്യത്തിന്റെയും ബിംബമായി, തെളിച്ചമുള്ള ചുവപ്പായി മഞ്ചാടി സ്വയം തന്റെ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

           ശ്രീ രജിചന്ദ്രശേഖർ എന്ന കവിയുടെ തൂലികത്തുമ്പിലും മഞ്ചാടി ഒരു പ്രതീകമായി ഉണരുന്നു. ഉള്ളുലയ്ക്കുന്ന ചില നേർക്കാഴ്ചകൾ ആ കടും വർണ്ണത്തിൽത്തന്നെ ആസ്വാദകഹൃദയങ്ങളിൽ കോറിയിടുന്നു. ഒരിക്കലും മായാത്ത ഒരു മുദ്രയായിത്തന്നെ!

              മഞ്ചാടി പോലെ തന്റെ കൈവെള്ളയിലിറ്റുന്ന ചെഞ്ചോരത്തുള്ളി കൊണ്ട് പ്രാണപ്രേയസിയുടെ നെറ്റിയിലൊരു തിലകമേകാനും ചൊടിയിലും കവിളിലും ചക്രവാളത്തിലും ശോണിമ പകരാനും ചെമ്പരത്തിക്കും മറ്റെല്ലാത്തിനും കുറിക്കൂട്ടണിയിക്കുവാനും ആഗ്രഹിക്കുന്ന കവിയെ കാവ്യാരംഭത്തിൽ നാം കാണുന്നു.

            ഏകാന്തസന്ധ്യകൾ ദു:ഖമാണെന്ന് കവിയോട് വന്ന് പരാതി പറയുന്നവരേറെയാണ്. കറങ്ങുന്ന പങ്കയും, തന്റെ ജന്മസാഫല്യമായ പ്രണയവും, കൊച്ചു പൂവിൽനിന്നും തേൻ നുകരാനെത്തുന്ന തുമ്പിയും, പാണന്റെ പാട്ടും, വാടിയ പൂക്കളും ഇവരിൽ ചിലർ മാത്രം! ചുറ്റുപാടുകളിൽ നിന്നും സ്വയം ദു:ഖമേറ്റുവാങ്ങുന്നവനാണ് കവി. അതു കൊണ്ടു തന്നെ ദു:ഖസത്യങ്ങൾക്കുനേരെ മുഖം തിരിക്കാൻ കവിക്കാവുന്നില്ല. ഉൾപ്പിടച്ചിലോടെതന്നെ അവയൊക്കെ തന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.

          കവിയുടെ കാഴ്ചവട്ടങ്ങൾ എപ്പോഴും അസ്വസ്ഥമാണ്.ഭിക്ഷ യാചിക്കുന്ന കരങ്ങളും ഭാവിയെപ്പറ്റി ചിന്തിക്കാനില്ലാതെ ശിഷ്ട ദിനങ്ങളെണ്ണിത്തീർക്കുന്ന വൃദ്ധ ദമ്പതിമാരും പൂവണിയാതെ പോകുന്ന മോഹങ്ങളും, വിശപ്പിന്റെയും രോഗാതുരതയുടേയും ശാപങ്ങളും, ജീവിതം മടുത്ത് സ്വയം പിൻവാങ്ങുന്നവന്റെ തേങ്ങലും, ചതിയുടേയും വഞ്ചനയുടേയും പുതിയ ഭാഷ്യങ്ങളും ജീവിതത്തിന്റെ വ്യർത്ഥതയിലേയ്ക്ക് വായനക്കാരെ നയിക്കുമ്പോൾ, ചില കെട്ടവ്യവസ്ഥിതികൾ നമ്മെ ഇന്നും പിന്തുടരുകയാണെന്ന നഗ്നസത്യവും മഞ്ചാടിയായി ആ കൈവെള്ളയിൽ ജ്വലിക്കുന്നുണ്ട്.

           വർത്തമാനകാലത്തിന്റെ നേർക്കു പിടിച്ച ഒരു മിഴിവാർന്ന കണ്ണാടിയായി കവിത മാറുന്നതും നാം കാണുന്നു. എഴുത്തിലും ചിന്തയിലും പക്ഷപാതങ്ങളുടെ തീക്ഷ്ണത വന്നു നിറയുന്നു, ചലനാത്മകമാകേണ്ട കൗമാരം ഇന്റർനെറ്റിന്റെ മാസ്മരികതയിൽ കുടുങ്ങിക്കിടക്കുന്നു, എവിടെയും മതം പൊയ്മുഖങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടുന്നു. ഈ കാഴ്ചകൾ അജ്ഞാതമായ ഒരു നിരാശാബോധത്തിലേയ്ക്ക് ആഴ്ത്തുമ്പോഴും പ്രത്യാശയുടെ ചില നാമ്പുകൾ  ഉണരുന്നത് കവിയെ ആശ്വസിപ്പിക്കുന്നു. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ ആർഷസംസ്കൃതിയുടെ അരുണോദയത്തിനാവുമെന്ന് ഊറ്റം കൊള്ളുകയാണദ്ദേഹം. ആ സംസ്കാരം അത്ര ശക്തവും ധർമ്മത്തിൽ അടിയുറച്ചതുമാണെന്ന പ്രഖ്യാപനമായി കവിത മാറുന്നു. അത് ഒരു ശാശ്വത സത്യമായി, മഞ്ചാടി പോലെ ആ കൈവെള്ളയെ തുടുപ്പിച്ചു കൊണ്ടിരിക്കുന്നു.

           ദുർഗ്രഹതയുടെ ആലഭാരങ്ങളില്ലാതെ, പ്രൗഢമായ ഉൾക്കാമ്പിനെ ഭാവഗരിമ ഒട്ടും ചോർന്നു പോകാതെ കവിതയിലാവാഹിക്കുവാൻ ശ്രീ രജി മാഷിന് കഴിഞ്ഞിട്ടുണ്ട്. ഈ 'മഞ്ചാടി' അനുവാചകന്റെ ആസ്വാദനപരിസരത്താകെ കവിഹൃദയത്തിലെ ചെഞ്ചോരയിറ്റിച്ചുകൊണ്ടേയിരിക്കുമെന്നതിൽ സംശയമേയില്ല.

ജയശ്രീ സി കെ

Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...No comments: