ഓർമയാനം
കവിൾപാടിൽ സ്നേഹമിറ്റിച്ച സരോജിനിസാർ

Views:
                    

മൂന്നാം ക്ലാസിൽ കണക്ക് പഠിപ്പിച്ചത് സരോജിനി സാറായിരുന്നു. 

അന്ന് ടീച്ചർ വിളിക്ക് ആരംഭം കുറിച്ചിരുന്നില്ല. പള്ളിക്കൂടത്തിൽ പുതിയൊരു സാറ് വന്നാൽ ആണ് സാറോ പെണ്ണ് സാറോ എന്നാണ് അന്വേഷിക്കാറ്.സരോജിനി സാറിന് എന്റെ വീട്ടുകാരെ നന്നായി അറിയാം. സാറിന്റെ ഭർത്താവ് ഗോപാലൻ സാറും അച്ഛനും സുഹൃത്തുക്കളായിരുന്നു.ചെരുപ്പിടാത്ത സാർ. 

ഇളമ്പ ശിവക്ഷേത്രത്തിനടുത്ത് ഞങ്ങൾക്ക് വയലുണ്ടായിരുന്നു.വരമ്പിലൂടെ ഇത്തിരി ദൂരം നടന്നാൽ സാറിന്റെ വീടായി. സരോജിനിസാർ ചിലദിവസങ്ങളിൽ എന്റെ വീടിനടുത്തുള്ള തടത്തിലൂടെ പള്ളിക്കൂടത്തിലേക്ക് പോകാറുണ്ട്. അപ്പോഴെല്ലാം വീട്ടിൽ കയറി അമ്മയോടും അച്ഛനോടും ക്ഷേമാന്വേഷണങ്ങൾ നടത്തും. സാറിന് എന്റെ വീട്ടുകാരെ നന്നായി അറിയാവുന്നതായിരുന്നു എന്റെ തലവേദന. 

കണക്കിൽ ഞാനൊരു കണക്കാ... കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനുമൊക്കെ അറിയാം.ഹരണം! അതാണ് സാറിന്റെ മുന്നിൽ എന്നെ ശരണം വിളിപ്പിച്ച് ചൂരൽപ്രസാദം സ്വീകരിക്കാൻ പ്രേരിപ്പിച്ച വില്ലൻ. 

മറ്റുള്ളവർക്ക് കൊടുക്കുന്നതിലധികം ശിക്ഷ സാറ് എനിക്ക് തന്നുപോന്നു. സാറിന് ക്ലാസിലെ എല്ലാ കുട്ടികളോടും വല്യ സ്നേഹമായിരുന്നു. ഇഷ്ടം കൂടിയാൽ മോനേ, മോളേ, മക്കളേ എന്നൊക്കെയാണ്. 

പഠിപ്പിക്കൽ തുടങ്ങിയാൽ മട്ട് മാറും. തെറ്റിയാൽ, ഹോം വർക്ക് ചെയ്യാതിരുന്നാൽ സംസാരിച്ചാൽ അടി, നുള്ള്, കിഴുക്ക് എന്നിങ്ങനെയുള്ള ശിക്ഷാ മുറകൾ സ്വീകരിച്ചേ പറ്റൂ.  ക്ലാസിലെ എല്ലാ കുട്ടികളുടേയും കുടുംബ പശ്ചാത്തലം സാർ അറിഞ്ഞ് വച്ചിരുന്നു. അതിന് കാരണമുണ്ട്. സാമ്പത്തിക നിലവാരത്തിനനുസരിച്ച് കണക്കിന് പുതിയ നോട്ട് ബുക്ക് മേടിപ്പിക്കാനായിരുന്നു. 

ഞങ്ങളെല്ലാരും അതുവരെ അവിയൽ രീതിയെ പ്രണയിച്ചിരുന്നവരാണ്. ഒരു വശം മലയാളത്തിന് കൊടുക്കും മറുവശം സയൻസിന്, മധ്യഭാഗം സോഷ്യലിന് അതിനിടയിൽ കണക്ക് എന്നിങ്ങനെ. സാറിന്റെ പ്രത്യേക നോട്ട്ബുക്ക് ലിസ്റ്റിൽ ഞാനും ഉൾപ്പെട്ടിരുന്നു. ലിസ്റ്റിൽ പെടാത്തവർക്ക് കുഴപ്പമില്ല.  അവിയലിൽ എഴുതാൻ സ്വാതന്ത്ര്യമുണ്ട്.

ഒരു ദിവസം സാറ് എന്റെ നോട്ട് ബുക്കിൽ പ്രത്യേകം നോട്ടമിട്ടു. പിടിച്ചു വാങ്ങി  പരിശോധിച്ചു .അവിയൽ ബുക്ക്. സാറിന്റെ മട്ടുമാറി

"എടാ അഹങ്കാരീ നിനക്കെന്താടാ കൊമ്പുണ്ടോ... പറഞ്ഞാൽ അനുസരിക്കില്ല അല്ലേടാ " എന്ന് പറഞ്ഞ് തലങ്ങും വിലങ്ങും അടിച്ചു. 

ചൂരൽ പ്രയോഗം പോരാഞ്ഞ് ചന്തിയിൽ ഉഗ്രൻ കിഴുക്ക്. അതും കഴിഞ്ഞ് ദേഷ്യം തീരാതെ വന്നപ്പോൾ കൈ കൊണ്ട് തോളിലടിച്ചു.രണ്ടാമത്തെ അടിയിൽ ഞാനൊന്നു കുനിഞ്ഞു. അടി വീണത് വലതു കവിളിൽ. ഞാൻ നിലവിളിക്കുകയാണ്.എന്നിട്ടും അരിശം തീർന്നില്ല പിടിച്ച് ക്ലാസിന് പുറത്താക്കി. നോട്ട് ബുക്ക് വെളിയിലേക്ക് എറിഞ്ഞു.

" ഇവന്റെ വീട്ടിൽ പറിങ്ങണ്ടീം മാങ്ങയും ചക്കയും നെല്ലു മൊക്കെയുണ്ട് എന്നിട്ടും നോട്ട് ബുക്ക് വാങ്ങിക്കാൻ ഗതിയില്ലെങ്കിൽ പഠിക്കണ്ട"
അത്രയും പറഞ്ഞ് നിർത്തി സാർ ക്ലാസ് ആരംഭിച്ചു. 

(അളിയൻ അന്ന് പള്ളിക്കൂടത്തിൽ വന്നിരുന്നില്ല അതെന്റെ ഭാഗ്യം) കുറച്ച് കഴിഞ്ഞ് സാറ് മൂക്ക് പൊത്തിക്കൊണ്ട് ക്ലാസിന് പുറത്തിറങ്ങി എനിക്കരികിൽ നിന്നിട്ട് ക്ലാസിനുള്ളിലുള്ളവരോട് ഒറ്റ ചോദ്യം. 
"ആരാടാ ഇന്ന് തൂറാൻ പോവാതെ ഇങ്ങോട്ട് കെട്ടിയെടുത്തത്?" എന്ന്. വേണം സാറിന് ഇതു തന്നെ വേണം അമിട്ട് പൊട്ടിച്ചത് ആരായാലും കൊള്ളാം എന്നോർത്ത് ഞാൻ ചിരിച്ചു. 
"നീയെന്തിനാടാ കിണിക്കണത്" എന്ന് ചോദിച്ച് അതിനും കിട്ടി നുള്ള്.  

പള്ളിക്കൂടം വിട്ട് വീട്ടിലെത്തിയപ്പോൾത്തന്നെ അമ്മ കവിൾപ്പാട് കണ്ടു പിടിച്ചു. കാര്യം തിരക്കി. കൂട്ടുകാരൻ കൈ ഓങ്ങിയപ്പോൾ അറിയാതെ കൊണ്ടതാണെന്ന് കള്ളം പറഞ്ഞു. സാറ് അടിച്ചെന്ന്പറഞ്ഞാൽ അതും സരോജിനി സാർ...  അമ്മയിൽ നിന്നും അച്ഛനിൽ നിന്നും വീണ്ടും കിട്ടും. 

ഭാഗ്യത്തിന് അച്ഛനെ അവിടെയെങ്ങും കണ്ടില്ല. എവിടെപ്പോയെന്ന് അന്വേഷിച്ചപ്പോൾ വയലിൽപ്പോയി എന്നായിരുന്നു മറുപടി. ഞാൻ കിടുങ്ങി. അപ്പോൾ സാറ് ഇന്നു തന്നെ അച്ഛനോട് എല്ലാം പറയും. തീർന്നു.

സന്ധ്യയോടെ അച്ഛൻ വീട്ടിലെത്തി. എന്നെ അന്വേഷിച്ചു. ഇത്തിരി ധൈര്യമുണ്ടായിരുന്നു. അതും പോയി.ഞാൻ പേടിച്ച് വിറച്ച് അച്ഛന്റെ അടുത്തുചെന്നു. ചെന്നപാടെ ചോദിച്ചത് "നിനക്കിന്ന് സരോജിനി സാറിന്റെ കൈയ്യിന്ന് കാര്യമായി കിട്ടിയല്ലേ.." എന്നാണ്.   

കിട്ടി എന്ന മറുപടിയ്ക്കു പകരം കിട്ടിയത് നന്നായി എന്ന മൂന്നക്ഷരമാണ്. 

"അതുപോട്ടേ കണക്കെഴുതാൻ പുതിയ ബുക്ക് വാങ്ങണമെന്ന് പറഞ്ഞ് എന്റേന്ന് നീ വാങ്ങിയ പൈസ എന്തു് ചെയ്തു."  അടുത്ത ചോദ്യം. 
"ബുക്ക് വാങ്ങി ". 
"അതെന്ത് ചെയ്തു?" 
"ഞാൻ നോട്ട് ബുക്കില്ലാത്ത ഒരു കൂട്ടുകാരന് കൊടുത്തു". 
"ഏത് കുട്ടുകാരൻ ?"  എന്നായി.
"പൊലുമക്കുഴിയിലെ രാജു."
"ങാ ,അതു നന്നായി പൊയ്ക്കോ. നാളെത്തന്നെ പുതിയ ബുക്ക് വാങ്ങി സാറിനെ കാണിച്ചോണം."

ഞാൻ ഉം എന്നർഥത്തിൽ തലയാട്ടി. മലപോലെ വന്നത് അങ്ങനെ എലിപോലെ പോയി. 

പിറ്റേന്ന് പുതിയ ബുക്ക് വാങ്ങിയാണ് സരോജിനി സാറിന്റെ ക്ലാസിലിരുന്നത്. സാർ ക്ലാസിൽ വന്നയുടൻ എന്നെ അരികിലേക്ക് വിളിച്ചു. പേടിയോടെയാണ് ഞാൻ അടുത്ത് ചെന്നത്. എന്നാൽ സ്നേഹത്തോടെ സാർ എന്റെ കവിളിൽത്തലോടുകയായിരുന്നു.

" ഇന്നലെ മോന് നല്ലോണം നൊന്തല്ലേ പോട്ടടാ ഞാനല്ലേ അടിച്ചത്." 

അത് പറയുമ്പോൾ സാറിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. സാരിത്തലപ്പു കൊണ്ട് മുഖമൊന്നുമിനുക്കിയ ശേഷം 
" ഡാ ചെറുക്കാ നീയാ ഡോക്ടർ സാറേ ഒന്ന് പാടടാ എന്നാവശ്യപ്പെട്ടു. സാറിന് എന്നോട് ഇഷ്ടം കൂടുമ്പോഴൊക്കെ പാടാൻ ആവശ്യപ്പെടുന്ന ഒരേ ഒരു സിനിമാപ്പാട്ട്.ഞാൻ റേഡിയോയിലൂടെ കേട്ട് പഠിച്ച ഡോക്ടർ സാറേ.. ലേഡി ഡോക്ടർ സാറേ.. എന്റെ രോഗമൊന്ന് നോക്കണേ ആദ്യം തന്നെ.. എന്ന് തുടങ്ങുന്ന പാട്ട്.

ഇപ്പോഴും ആ പാട്ട് ഓർക്കുമ്പോൾ ഞാൻ മൂന്നാം ക്ലാസിൽ എന്റെ സരോജിനി സാറിന് അടുത്താണ്.



No comments: