Raji Chandrasekhar :: ചൊൽപ്രമാണങ്ങൾ

Views:

ഓർമയും ഓർമിക്കലും ഓർമിപ്പിക്കലുമാണ് കവിത. നാമറിയാതെ തന്നെ അതൊരു വിസ്മിതമായി നമ്മിൽ പടർത്തുകയാണ് സ്മിത ടീച്ചർ. പുണ്യം നിറഞ്ഞ ആ ഹൃദയ ഗംഗോത്രിയിൽ നിന്ന് ഉത്ഭവിച്ചൊഴുകുന്ന കാവ്യഗംഗയുടെ തീരത്തു നിന്ന് ഞാനും ആദരവോടെ കൈ കൂപ്പട്ടെ.

"കരകവിയുന്ന സ്നേഹപ്രവാഹമേ
കളവറിയാത്തൊരാത്മപ്രഭാവമേ
ഹൃദയദൂരങ്ങൾ ഏറെയില്ലാത്തൊരു
സുഖദ, സ്വർഗ്ഗമീയക്ഷരപ്പൂക്കളം."

കരകവിയുന്ന സ്നഹപ്രവാഹവും കളവറിയാത്ത ആത്മപ്രഭാവവുമാണ് ഈ അക്ഷരപ്പൂക്കളം എന്നാണ് ടീച്ചർ വിനയാന്വിതയായി കുറിക്കുന്നത്. അത് സത്യമാണുതാനും.

യുവർക്വോട്ട് എന്ന ഓൺലൈൻ മാദ്ധ്യമത്തിലൂടെയാണ് ടീച്ചറിന്റെ രചനകൾ പരിചയപ്പെടാനിടയായത്. അതൊരു വലിയ സൗഭാഗ്യം തന്നെയായിരുന്നു. ടീച്ചറിന്റെ വരികൾക്കൊപ്പം ചേർന്നെഴുതുവാനുള്ള അവസരം ധാരാളം പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്, ഞാനും..

വിഷയ വൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ് ടീച്ചറിന്റെ കാവ്യപ്രപഞ്ചം. വലിയ കാൻവാസിൽ എഴുതപ്പെടാവുന്ന ദൃശ്യചാരുതയാണ് അതിവിദഗ്ദ്ധമായി ചിമിഴുകളിലൊതുക്കിയിരിക്കുന്നത്.

"ഉല്ലാസനൗകയിലേറിയാലും
ഉന്മാദത്തിരകളിൽ നീന്തിയാലും,
ഉള്ളിലുണ്ടാവണമെന്നുമെന്നും
ഉറ്റവരോതിയ നന്മൊഴികൾ."

നല്ല വാക്കുകൾ പറഞ്ഞു തരുന്ന ഗുരുത്വമാണ് ടീച്ചറിന്റെ മനസ്സ്. ഏതു വിഷമസന്ധിയിലും തളരാതെ നിരാശപ്പെടാതെ മുന്നോട്ടു പോകാൻ അതു നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു.

മക്കളെ മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്ന മാതൃവാണികളും "മധുവുള്ള പൂവിലേ മധുപനെത്തൂ, അഴകുള്ള പൂവിലേ കണ്ണുമെത്തു" എന്ന മട്ടിലുള്ള ചൊൽ പ്രമാണങ്ങളും നിറഞ്ഞതാണ് ഈ വിസ്മിതം.

ബാലകവിതകളുടെ ഊഞ്ഞാലാട്ടവും പാട്ടും കൊണ്ട് വർണാഭമാണ് കുട്ടികൾക്കുള്ള വിഭവങ്ങൾ

"ചെല്ലക്കാറ്റേ മുല്ലപ്പന്തലിൽ
വിരുന്നു വന്നതെന്തിനു നീ
ഇത്തിരി നേരം ഇവിടെയിരു -
ന്നിട്ടത്തറു പൂശി മടങ്ങാലോ?"

പ്രകൃതിയെക്കുറിച്ചാകുമ്പോൾ ടീച്ചറിലെ കവി കയറു പൊട്ടിക്കും. ഇരുളും നിലാവും ഉഡുക്കളും ചെമ്പട്ടുടുക്കുന്ന സന്ധ്യയും അരിവാളമ്പിളിയുമൊക്കെ മണ്ണിന്റെ മണവും രുചിഭേദങ്ങളുമുള്ള താളത്തുള്ളികളായി ആ തൂലികയിൽ നിന്ന് ഇറ്റിറ്റു വീഴും.

"വിത്തുകൾ വിതറാം
സ്നേഹത്തിൻ വിത്തുകൾ
ഭൂമിയിലൊരു ചെറുമഴയുടെ
ചുവടു പിടിച്ചു മുളയ്ക്കട്ടെ."

ഏതു കഠിനകാലവും കടന്നുപോകുമെന്നും പൊൻപുലരികൾ ഉദിക്കുമെന്നും ആവർത്തിച്ചുറപ്പിക്കുന്ന ഭാവമാണ്, മാനവികതയുടെ ഭാവിയെക്കുറിച്ച് ഈ കവിക്ക് എപ്പോഴും പങ്കുവയ്ക്കാനുള്ളത്.

"ഹിമകണമുതിരെ
കുളിരല തഴുകേ
നിൻ പ്രണയവനികയിലൊരു
നറുമലരായ് വിരിയാം."

പ്രണയത്തിന്റെ മാസ്മരിക രാസവ്യതിയാനങ്ങൾ നുരയിട്ടുണരുന്നത് ഈ സമാഹാരത്തിലെ മറ്റൊരു പ്രതിഭാസമാണ്. രാധാകൃഷ്ണ രാഗവശ്യത ആവോളം പൊലിക്കുന്നുണ്ടിവിടെ.

പെണ്ണ് വെറും അഴലുടൽ അല്ലെന്നും കരുത്തും കരുത്തിന്റെ പ്രതീകവുമാണെന്നും ആകണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആഹ്വാനം ചെയ്യുന്ന അതിജീവന മനസ്സും തുടിക്കുന്നുണ്ട് വിസ്മിതത്തിൽ.

"വിരഹിണി രാധയല്ലവൾ
വിലപിയ്ക്കും സീതയുമല്ല
ഉൾക്കരുത്തിന്നുറപ്പിൽ
ജ്വലിച്ചു നിൽക്കും ദുർഗ്ഗ!"

വിസ്മിതത്തിലെ ഒട്ടേറെ കവിതകൾ പിറന്നുവീണതു തന്നെ എന്റെ ഹൃദയത്തിലേക്കാണ് എന്ന സന്തോഷമുണ്ട്. അതുകൊണ്ട് സുദീർഘമായ ഒരു പഠനത്തിനോ ആസ്വാദനത്തിനോ ഇവിടെ പ്രസക്തിയില്ല, ഏതാനും ദിശാസൂചനകൾ നല്കിയെന്നുമാത്രം.

കാവ്യലോകത്ത് ബാലാമണി അമ്മയുടേയും സുഗതകുമാരി ടീച്ചറിന്റെയും ശ്രേണിയിലേക്ക് എത്തുവാൻ ഇനിയുമേതാനും ചുവടുകൾ കൂടി വച്ചാൽ മതി. നിരന്തര സാധനയിലൂടെ സ്മിത ടീച്ചർ, ആ ദൂരങ്ങളും കീഴടക്കും എന്ന് എനിക്കുറപ്പുണ്ട്.


പുസ്തകത്തിന്റെ വില 120/-
(പോസ്റ്റൽ ചാർജ് ഫ്രീ.)

ഗൂഗിൾ പേ നമ്പർ: 9539832464 Anandu
No comments: