K V Rajasekharan :: സ്വാതന്ത്ര്യസമരം: ലഘുവായിരുന്നില്ല ഗുരു നാരായണന്‍റെ പ്രഭാവം

Views:



കെ വി രാജശേഖരന്‍റെ മറ്റു രചനകള്‍ വായിക്കാം

ഭാരത പുനർജനിയുടെ ഊർജ്ജസ്രോതസ്സുകളിൽ തിളങ്ങിയ പ്രഭയായിരുന്നു,  ശ്രീ നാരായണ ഗുരുദേവൻ. സ്വാതന്ത്ര്യ സമരത്തിലും  ലഘുവായിരുന്നില്ല ഗുരു നാരായണന്‍റെ പ്രഭാവം.    പക്ഷേ ഗുരുദേവന്‍റെ മഹത്വം അടുത്തറിഞ്ഞവരോടോ ദർശനങ്ങൾ അറിഞ്ഞുൾക്കൊണ്ടവരോടോ പോലും  അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിലെ പങ്ക് അന്വേഷിച്ചാൽ അവർ ആലോചനകളിലേക്ക് പിൻവലിയുന്നതാകും സാധാരണഗതിയിൽ കാണേണ്ടി വരിക.  അധിനിവേശങ്ങളിലൂടെ അന്യം നിന്നുപോയ ഭാരതത്തിന്‍റെ ശ്രേഷ്ഠ പാരമ്പര്യ മൂല്യങ്ങളുടെ പുനർജനിക്ക്  സംസ്കൃതവും തമിഴും  ആഴത്തിലറിഞ്ഞ് നവോത്ഥാനത്തിന്‍റെ തിരി കൊളുത്തിയതും ജാതിഭേദത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെ നടന്ന മുന്നേറ്റത്തിന് ബൗദ്ധികവും പ്രായോഗികവും വിപ്ലവകരവുമായ നേതൃത്വം നൽകിയതും മതപരിവർത്തനത്തിലെ  അർത്ഥമില്ലായ്മ വ്യക്തമാക്കിയതും സ്വധർമ്മത്തിലേക്ക് തിരിച്ചുവരവിന് വഴിയൊരുക്കിയതുമൊക്കെ ഗുരുദേവന്‍റെ സംഭാവനകളായി തിരിച്ചറിയുന്നവർക്കും ആവക കാര്യങ്ങളും സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായിരുന്നെന്ന് മടികൂടാതെ പറയാൻ മടിയാണ്.

പക്ഷേ സ്വാതന്ത്ര്യ വീര സവർക്കറുടെ ചരിത്ര രചനാ രീതി സ്വീകരിക്കുന്നവർക്ക്  ആ രംഗത്ത്   ശ്രീ നാരായണ ഗുരുദേവന്‍റെ ബഹുമുഖ സംഭാവനകളെ അംഗീകരിക്കാനുള്ള പ്രചോദനം സ്വാഭാവികമാണ്.   അരുവിപ്പുറത്ത് 'ഈഴവ' ശിവനെ പ്രതിഷ്ഠിച്ച് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച ശ്രീ നാരായണ ഗുരുദേവൻ ഭാരത സ്വാതന്ത്ര്യ സമരത്തിൽ നൽകിയ സംഭാവന അളന്നറിയുവാൻ  രത്നഗിരിയിൽ(മഹാരാഷ്ട്ര), തോട്ടിയെ പൂജാരിയായി ഉയർത്തി, സകല ജാതിക്കാർക്കും പ്രവേശിക്കുകയും ആരാധിക്കുവാനും അനുവാദമുള്ള 'പതിത പാവന' ക്ഷേത്രം പ്രതിഷ്ഠിച്ച വിനായക ദാമോദർ സവർക്കറുടെ ചരിത്രപാഠം  വഴി കാട്ടുന്നു. 

 അധിനിവേശ പ്രതിരോധ ചരിത്രത്തെ 'ഭാരത ചരിത്രത്തിലെ ആറ് സുവർണ്ണഘട്ടങ്ങൾ' എന്ന തന്‍റെ ചരിത്ര രചനയിലൂടെയാണ്  വീര സവർക്കർ രേഖപ്പെടുത്തിയിട്ടുള്ളത്.    അലക്സാണ്ടറുടെ അധിനിവേശത്തിന്‍റെ മേൽ വിജയം വരിച്ച ചക്രവർത്തി ചന്ദ്രഗുപ്തന്‍റെയും മഹാമന്ത്രി ചാണക്യന്‍റെയും  പ്രതിരോധത്തിന്‍റെ ഒന്നാം ഘട്ടം.   യവനാന്തകനായ പുഷ്യമിത്ര ചക്രവത്തിയുടെ രണ്ടാം ഘട്ടം.  കുശാണന്മാരുടെയും ശകന്മാരുടെയും അന്തകനായ സാമ്രാട്ട് വിക്രമാദിത്യന്‍റെ മൂന്നാം ഘട്ടം.  ലോകത്തിന്‍റെ അധികഭാഗത്തയും കിടുകിടാ വിറപ്പിച്ച  ഹൂണ വംശ ആക്രമണകാരികളെ കീഴ്പെടുത്തി നാമാവശേഷമാക്കിയ സമ്രാട്ട് യശോധർമ്മന്‍റെ നാലാം ഘട്ടം.  ക്രിസ്തുവിനു ശേഷം എട്ടാം ശതകത്തിലാരംഭിച്ച ആയിരം വർഷങ്ങൾ നിരന്തര പോരാട്ടങ്ങളുടെ അവസാനം കുറിച്ചുകൊണ്ട് 1758 ജൂലായിൽ അട്ടോക് ദുർഗം പിടിച്ചെടുത്ത് അധിനിവേശ ശക്തികളുടെ പച്ചക്കൊടികൾ അഴിച്ചെറിഞ്ഞ് കാവി നിറമുള്ള 'ജരി പതാക' സ്ഥാപിച്ചതുവരെയുള്ള അഞ്ചാം ഘട്ടം.  ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയുടെ മേൽ ഭാരതീയ ദേശീയതയുടെ ശക്തികൾ വിജയം നേടിയ ആറാം ഘട്ടം.    "അവസാന വാള്യം പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ വയസ്സ് 80 കഴിഞ്ഞിരുന്നു!  സവർക്കരുടെ 'സുവർണ്ണഘട്ടങ്ങൾ' സാങ്കേതിക ശാസ്ത്ര ബോധമുള്ള ഒരു ദേശീയ വിജിഗൂഷുവിന്‍റെ ചരിത്രാധിഷ്ഠിതമായ സിംഹാവലോകനമാണ് " എന്നെഴുതി വർത്തമാന ഭാരതത്തിലെ എണ്ണം പറഞ്ഞ ബൗദ്ധിക പ്രതിഭയായ ആർ ഹരി രേഖപ്പെടുത്തിയത് ആ ചരിത്ര രചനാശൈലിയുടെ സവിശേഷത പ്രകടമാക്കുന്നു.

ഒന്നാം ഘട്ടത്തിൽ  ഭാരതത്തിന്‍റെ പുനർജനിയിൽ അലക്സാണ്ടറുടെ കാലത്ത് അരും കൊല ചെയ്യപ്പെട്ടവരുടെയും അഞ്ചാം ഘട്ടത്തിൽ ദാർശനിക വഴികാട്ടിക്കൊടുത്ത ആദിശങ്കരന്‍റെയും സംഭാവനകൾ ചർച്ച ചെയ്ത സവർക്കരുടെ സ്വതന്ത്ര ഭാരത ചരിത്ര നിർമ്മിതിയുടെ രീതി ശാസ്ത്രം പിന്തുടർന്നാൽ  അവസാന ഘട്ടത്തിൽ   രാമകൃഷ്ണ-വിവേകാനന്ദന്മാരുടെയും ദയാനന്ദന്‍റെയും ശ്രദ്ധാനന്ദന്‍റെയും  ശ്രീ നാരായണഗുരുവിന്‍റെയും സംഭാവനകൾ നക്ഷത്ര ശോഭയോടെ തിളങ്ങും

അങ്ങനെയൊരു  ശൈലിയിലുള്ള പഠനത്തിന് ഏറ്റവും ഉതകുന്നതാണ് വിശ്വദാർശനിക സമൃഹത്തിനു മുമ്പിൽ ഗുരുദേവന്‍റെ വ്യക്തി പ്രഭാവം 'വേഡ് ഓഫ് ദി ഗുരു'(Word of the Guru)  എന്ന തന്‍റെ അനശ്വര കൃതിയിലൂടെ പ്രകടമാക്കിയ  നടരാജഗുരുവിന്‍റെ വാക്കുകൾ.   ഭൂഖണ്ഡ സമാനമായ ഭാരതമെന്ന വിശാലരാജ്യം ആയിരക്കണക്കിനു വർഷങ്ങളിലൂടെ ആക്രമണതരഗങ്ങൾക്ക് വിധേയമാകുകയായിരുന്നു. വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ നിന്നാണ് അധിനിവേശം അധികവുമുണ്ടായത്.  വാസ്കോ-ഡി-ഗാമയുടെ വരവോടെ സമുദ്രതീരങ്ങളിലും  അധിനിവേശത്തിന്‍റെ സ്വാധീനം പ്രകടമായി.     കാലങ്ങളായി രൂപം പ്രാപിച്ച ഭാരതീയ പാരമ്പര്യങ്ങളും ധാർമ്മിക മൂല്യങ്ങളും തകർന്നു തരിപ്പണമായി. കാലത്തിന്‍റെ തിരമാലകളെ അതിജീവിക്കുന്നതിന് തങ്ങളുടെ പൂർവികർ ഉപയോഗിച്ചിരുന്ന ധാർമ്മികതയുടെ യാനം  വഴുതി കയ്യെത്താത്ത ദൂരത്തേക്ക് പോകുന്നതു കണ്ട് വേദനിച്ച് ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള  സന്യാസികൾ ഉണർന്നെഴുന്നേറ്റു.  

പക്ഷേ വെള്ളത്തിലേക്ക് എടുത്തു ചാടി  അത് തിരിച്ചു പിടിക്കുന്നതിനുള്ള ധൈര്യം ചിലർ മാത്രമേ കാട്ടിയുള്ളു.  അത്തരം സാഹസികമായ ഒരു ദൗത്യം ഏറ്റെടുക്കുകയായിരുന്നു ശ്രീ നാരായണ ഗുരുദേവൻ ചെയ്തതെന്ന് വിശദീകരിച്ചു കൊണ്ട്  നടരാജ ഗുരു എഴുതി:  "പരസ്പരവിരുദ്ധങ്ങളായ സ്വാധീനങ്ങൾ പിന്നോട്ടു മാറുകയും മുന്നോട്ടു പോകുകയും ചെയ്യുന്ന തിരമാലകളായി മാറുമ്പോൾ ശക്തനായ ഒരു  നീന്തൽക്കാരനു മാത്രമേ അതിജീവിക്കാനാകൂ.  ദൗത്യം കഠിനമായിരുന്നു. മഹത്തായ ഭൂതകാലത്തിന്‍റെ എരിഞ്ഞടങ്ങിയ വെണ്ണീറിൽ  നിന്ന് വീണ്ടും പന്തം കൊളുത്തി ആ ശ്രേഷ്ഠതയെ ഭാവിക്കുവേണ്ടി ഉതകും വിധം പുതിയ കാലത്തിന അതിരുകൾക്കപ്പുറം പകർന്നു നൽകുക.   അതാണ്  ചെയ്തു തീർക്കുവാനുള്ള അടിസ്ഥാന ദൗത്യമായി തന്നെ ഏൽപ്പിച്ചിട്ടുള്ളതെന്നാണ് ഗുരു തിരിച്ചറിഞ്ഞത്".

യൂഗങ്ങളോളം വ്യാസന്‍റെയും വാത്മീകിയുടെയും കാളിദാസന്‍റെയുമൊക്കെ  മാധ്യമമായി മനുഷ്യാത്മാവിനെ പ്രോജ്ജ്വലിപ്പിച്ച സംസകൃതത്തെ പുനർജീവിക്കുകയെന്നതായിരുന്നു ഗുരുദേവൻ കണ്ടെത്തിയ പ്രധാന മാർഗം. സംസ്കൃതത്തോടൊപ്പം   തമിഴും കൂടി  ഗൗരവപൂർവ്വം പഠിച്ചറിഞ്ഞതോടെ തിരുവള്ളുവരിലും തായ്മാനവരിലും  കൂടി കേട്ടത് വേദ സംസ്കൃതിയുടെ ഏറ്റവും ഉന്നത തലത്തിലുള്ള നന്മകളാണെന്ന് തിരിച്ചറിഞ്ഞു. നീണ്ടകാലം അരിച്ചെടുത്ത് ശുദ്ധീകരിച്ചതോടെ രണ്ടൂ  സംസ്കാരങ്ങളുടെയും അടിസ്ഥാന ഘടകങ്ങൾ സമാനങ്ങളാണെന്നും തിരിച്ചറിഞ്ഞു.  അത് പ്രചരിപ്പിച്ച്  സമാജത്തിന് പുതുജീവൻ നൽകുന്നതായി ഗൂരദേവന്‍റെ കർമ്മ മേഖല.  നടരാജഗുരൂവന്‍റെ പ്രൗഢമായ അവതരണം ശ്രദ്ധാപൂർവ്വം വായിച്ചറിയുന്ന ഒരു  ദേശഭക്തന് ശ്രീ നാരായണ ഗുരദേവൻ ഭാരതത്തിന്‍റെ പുനർജനിയിൽ താൻ തിരഞ്ഞെടുക്കേണ്ട വഴി സ്വയം തിരിച്ചറിഞ്ഞ് കർമ്മരംഗത്തിറങ്ങിയെന്ന ചരിത്രം അറിഞ്ഞ് സമ്രശിരസ്കനായി ആ പാദങ്ങളിൽ പൂജാ പുഷ്പങ്ങൾ സമർപ്പിക്കാനിനി വൈകണമോയെന്നതാണ് ഇതെഴുന്നയാളിന്‍റെ ഉള്ളിലുയരുന്ന ചോദ്യം.

 
നടരാജഗുരു  ദാർശനികവും ബൗദ്ധികവുമായി ഉന്നത നിലവാരം പുലർത്തുന്ന ആഗോള സമാജത്തിലെ ഉന്നത ശ്രേണിയിലേക്കാണ് ഗുരുദേവ ജീവിതവും സന്ദേശവും എത്തിച്ചതെങ്കിൽ  പി പരമേശ്വരൻ (പരമേശ്വർജി)  'ശ്രീ നാരായണ ഗുരു: നവോത്ഥാനത്തിന്‍റെ പ്രവാചകൻ' എന്ന തന്‍റെ രചനയിലൂടെ  ലോകമാകെയും ഭാരതത്തിലെ ഓരോ ഇടങ്ങളിൽ വിശേഷിച്ചും  ഗുരുദേവന്‍റെ ധർമ്മവും കർമ്മവും ജന്മ സാക്ഷാത്കാരവും പതിരൊട്ടുമില്ലാതെ പറഞ്ഞറിയിക്കുകയാണ് ചെയ്തത്.    ഗുരുദേവൻ ദക്ഷിണ ഭാരതത്തിൽ  ഉയർത്തിയ നവോത്ഥാനത്തിന്‍റെ ഊർജ്ജതരംഗം രാമകൃഷ്ണ-വിവേകാനന്ദന്മാരും ദയാനന്ദനും ശ്രദ്ധാനന്ദനും തിളങ്ങി വിളങ്ങിയ ഭാരതവിമോചനത്തിന്‍റെ  പോർമുഖത്തെ കർമ്മശക്തിയായി മാറിയതെങ്ങനെയെന്ന് തിരിച്ചറിഞ്ഞ്  പരമേശ്വർജി എഴുതിയ   ചില സുപ്രധാന സൂചനകൾ ശ്രദ്ധിക്കാം.

അവധൂതനായി ലോകം കണ്ടറിയാനിറങ്ങിയ "അദ്ദേഹത്തിന്‍റെ സുദീർഘമായ സഞ്ചാര പരിപാടിയിൽ ഏതെല്ലാം സ്ഥാനങ്ങളാണ് ഉൾപ്പെട്ടിരുന്നതെന്നു പറയാൻ പ്രയാസമാണെന്ന്' സൂചിപ്പിച്ചിട്ട് പരമേശ്വർജി എഴുതി:  അജ്ഞാതമായ ആ കാലഘട്ടത്തിന്‍റെ ചരിത്രം പൂർണ്ണമായി ഇനി ഒരു കാലഘട്ടത്തും വെളിച്ചം കാണുമെന്ന് കരുതിക്കൂടാ.  എന്നാൽ ശിവഗിരി മഠാധിപതി സ്വാമി നിജാനന്ദന്‍റെ ഒരു വാക്യം അതിലേക്കും വെളിച്ചം വീശുന്നുണ്ട്. 'കന്യാകുമാരി മുതൽ കൈലാസം വരെയും ഭൃഗുകച്ഛം മുതൽ കാമപീഠംവരെയും (ഗുജറാത്തു മുതൽ ആസ്സാം വരെയും) അവിടുന്നു സഞ്ചരിക്കുകയും എല്ലാ പുണ്യതീർത്ഥങ്ങളും സന്ദർശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആപ്തന്മാർ പറയുന്നത്".  ഇതിൽ നിന്നും ലഭിക്കുന്ന സൂചന സമഗ്രഭാരത്തെയും കണ്ടറിഞ്ഞ ശേഷമാണ് അവധൂതാവസ്ഥയിൽനിന്ന്  ജഗത്ഗുരുയെന്ന തലത്തിലേക്ക്  ശ്രീ നാരായണൻ വളർന്നതെന്നുള്ളതാണ്. 

അവധൂത കാലഘട്ടത്തിൽ 'നാഗർ കോവിൽ റോഡിൽ ബാഹ്യവ്യവഹാരമൊന്നുമില്ലാതെ യോഗനിദ്രയിൽ തന്നെ' വിശ്രമിച്ചിരുന്ന ഒരു യോഗിനിയമ്മയെ ശ്രീ നാരായണഗുരുദേവൻ അങ്ങോട്ടു ചെന്നു കണ്ട് അനുഗ്രഹം തേടിയ സംഭവവം ശ്രീതീർത്ഥ പരമഹംസസ്വാമികളുടെ ജീവചരിത്രത്തിൽ വിദ്യാനന്ദ തീർത്ഥപാദ സ്വാമികൾ വിവരിച്ചതിനെ ഉദ്ധരിച്ച് എടുത്ത് കാണിക്കുമ്പോൾ തന്നെ "ഭഗവാൻ ശ്രീരാമകൃഷ്ണ പരമഹംസരെയും ഒരു യോഗിനിയമ്മ  ആകസ്മികമായി കണ്ടതായി അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിൽ കാണുന്നുണ്ട്' എന്നതും പരമേശ്വർജി വായിച്ചറിയുന്നവരുടെ വിവേക പൂർണ്ണമുള്ള വിശകലനത്തിന് വിധേയമാക്കുന്നു.  ഭഗവാൻ ശ്രീ രാമകൃഷ്ണ പരമ ഹംസനെയും ശ്രീ നാരായണഗുരുദേവനെയും ബന്ധിപ്പിക്കുന്ന ആദ്ധ്യാത്മിക തേജസ്സിന്‍റെ അന്തർധാര അവിടെ പ്രതീകാത്മായി പ്രകടമാകുന്നുയെന്നതു തന്നെയല്ലേ അങ്ങനെയൊരു വിശകലനത്തിൽ ഉരുത്തിരിഞ്ഞു വരേണ്ട നിഗമനം?
  
'ത്രിവേണീസംഗമത്തിലൂടെ' ശ്രീ നാരായണ ധർമ്മ പരിപാലന സംഘത്തിലെത്തിയ പരമേശ്വർജി ആ സംഗമത്തിലെ വിവേകാനന്ദ സാന്നിദ്ധ്യം ചർച്ച ചെയ്യുന്നത് ശ്രദ്ധാപൂർവ്വം പഠിച്ചുൾക്കൊള്ളേണ്ട അറിവിന്‍റെ കിരണങ്ങൾ തന്നെയാണ്.  മഹത്തായ ഭാരത പൈതൃകത്തിന്‍റെ പുനർജനിക്കുവേണ്ടി അവതാരം കൊണ്ട പരമഹംസരുടെയും ഗുരുദേവനയും  ശിഷ്യന്മാരും അതേ വഴിയിൽ സഞ്ചരിക്കാൻ നിയതിയാൽ നിയോഗിക്കപ്പെട്ടവരായിരുന്നു. കൽക്കട്ടയിലേക്ക് ഉന്നതപഠനത്തിനായി നിയോഗിക്കപ്പെട്ട കുമാരനാശാന്  അവിടെ  വിവേകാനന്ദനോടടുക്കുവാനും അദ്ദേഹത്തെ   പഠിക്കുവാനും വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നു.   സ്വാമി വിവേകാനന്ദൻ ബാംഗ്ലൂർ സന്ദർശിച്ചപ്പോൾ  മാനുഷികമാഹാത്മ്യത്തിന്‍റെ മൂർത്തി പ്രഭാവം കയറിയ റിക്ഷ താൻ തന്നെ തെരുവിലൂടെ വലിച്ച് സംതൃപ്തി നേടിയ ഡോ പൽപ്പുവിനെ'  കേരള സമാജത്തെ പരിവർത്തനത്തിലൂടെ പവിത്രമാക്കുവാൻ ശ്രീ നാരായണ ഗുരുദേവന്‍റെ അടുക്കലേക്കാണ് പറഞ്ഞു വിട്ടത് (അവലംബം: ശ്രീ നാരായണഗുരു സമാഹാര ഗ്രന്ഥം).  അങ്ങനെ വരുമ്പോൾ രാമകൃഷ്ണ സമാനനായ ശ്രീ നാരായണനും, 'നാരായണന്‍റെ നരേന്ദ്രനായ' കുമാരനാശാനും നരേന്ദ്രനിലൂടെ മാർഗം തെളിഞ്ഞ ഡോ പൽപ്പുവും ചേർന്ന  ത്രിവേണീ സംഗമം സംഭവിച്ചിടത്താണ്  ശ്രീ നാരായണ ധർമ്മ പരിപാലന സംഘം ജന്മം കൊണ്ടതെന്നത് ശ്രദ്ധേയമാകുന്നു.  അവിടെ യുക്തിസഹമായ ഉത്തരം തേടിയുള്ള മറ്റൊരു ചോദ്യം ഉയരുന്നു:  പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം എല്ലാ ദേവതമാരെയും തത്കാലം മറന്ന് ഭാരതാമാതാവിനെ പൂജിക്കുവാൻ പറഞ്ഞ വിവേകാനന്ദൻ കേരളത്തിലെ ഈ ത്രിവേണീ സംഗമത്തിലൂടെ മനസ്സിൽ കരുതിയ ലക്ഷ്യം ഭാരതാംബയുടെ വിമോചനത്തിന് കേരളത്തെയും സജ്ജമാക്കുകയായിരുന്നില്ലേ എന്നതാണത്.

നവോത്ഥാനത്തിന്‍റെ ആ ത്രിവേണീസംഗമത്തിൽ നിന്ന് കേരളത്തിനു ലഭിച്ച  ഉദാത്തമായ ദർശനപാഠമായിരുന്നു 'ഒരു ജാതി; ഒരു മതം; ഒരു ദൈവം'!   'ഒരു മതം' എന്ന തന്‍റെ ഉദാത്തമായ ദർശനപാഠത്തിലൂടെ മത പരിവർത്തനത്തിന്‍റെ അർത്ഥ ശൂന്യതയും അനാവശ്യവും അപകടവും പ്രകടമാക്കിയ ശ്രീ നാരായണ ഗുരുദേവൻ ദേശീയ സ്വാതന്ത്ര്യ സമരത്തിന് അമൂല്യമായ സംഭാവനയാണ്  നൽകിയതെന്നതാണ് വസ്തുത.  അങ്ങനെ പറയുമ്പോൾ ഒരു ചോദ്യം ഉയരാം. സ്വാതന്ത്ര്യ സമരവും മതപരിവർത്തനവും തമ്മിലുള്ള ബന്ധമെന്തായിരുന്നു?  

 ആ ചോദ്യത്തിന്  ഉത്തരം ഡോ ഭീം റാവ് റാംജി അംബേദ്കറിൽ നിന്ന് കണ്ടെത്താം.   ജാതി വ്യവസ്ഥയിൽ പൊറുതി മുട്ടി  'ഞാൻ ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലായെന്ന്'   പ്രഖ്യാപിക്കുകയും തന്‍റെ അനുയായികളോട് കൂട്ട മത പരിവർത്തനത്തിന് തയാറാകുക എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതാണ് അംബേദ്കറുടെ ചരിത്രം.   വലിയ ഒരു ഇര ഒത്തു വന്നതിന്‍റെ ആവേശത്തിലായി  അന്നത്തെ  ക്രിസ്ത്യൻ/ഇസ്ലാം മത പരിവർത്തന ലോബികൾ.   ഹൈദരാബാദ് നിസാം അന്ന് എട്ടുകോടി രൂപയുടെ വാഗ്ദാനവുമായി ഡോ അംബേദ്കറെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചുയെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. 

പക്ഷേ ഡോക്ടർ അംബേദ്കർ അക്കാര്യത്തിലും പഠനവും ഗവേഷണനവും അടിസ്ഥാനപ്പെടുത്തിയുള്ള  വിശകലനവും താരതമ്യവുമാണ് സ്വീകരിച്ചത്.   അങ്ങനെയാണ്   അദ്ദേഹം 1936 മേയിൽ വാർദ്ധയിൽ നടത്തിയ പ്രസ്താവന  ചരിത്രമായത്.    അന്നത്തെ ജനസംഖ്യയിൽ  എട്ടുകോടിയോളമുണ്ടായിരുന്ന അധ:സ്ഥിത ജനവിഭാഗം  ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പോയാൽ എന്തു സംഭവിക്കുമെന്ന് അംബേദ്കർ വ്യക്തമാക്കി:  "അവർ ഇസ്ലാമിലേക്ക് പോയാൽ മുസ്ലീങ്ങളുടെ എണ്ണം ഇരട്ടിയാകും; അത് മുസ്ലീം ആധിപത്യമെന്ന അപകടം യാഥാർത്ഥ്യമാക്കും.  അവർ കൃസ്തുമതത്തിലേക്കു പോയാൽ കൃസ്ത്യാനികളുടെ സംഖ്യ ഗണ്യമായി വർദ്ധിക്കും; അത് നമ്മുടെ രാജ്രത്തിനു മേൽ ബ്രിട്ടീഷുകാരുടെ പിടി വർദ്ധിപ്പിക്കും.  അധസ്ഥിത ജനവിഭാഗം ഇസ്ലാം മതത്തിലേക്കോ ക്രിസ്തുമതത്തിലേക്കോ  പോയാൽ അവർ ഹിന്ദു മതത്തിൽ നിന്നു മാത്രമല്ല, ഹിന്ദുസംസ്കാരത്തിൽ നിന്നും പുറത്താകും."  ഹിന്ദു സംസ്കാരത്തിൽ നിന്ന് പുറത്തു പോകുന്നത്  അപകടകരമണെന്ന തിരിച്ചറിവാണ്  ബുദ്ധമതം സ്വീകരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.    സവർക്കർ  മുന്നോട്ടുവെച്ച  ഹിന്ദു സംസാകാരത്തിലധിഷ്ഠിതമായ ദേശീയതയുടെ വീക്ഷണത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് അംബേദ്കർ കൃസ്ത്യൻ/ഇസ്ലാം മതങ്ങളിലേക്കുള്ള പരിവർത്തനം ഒഴിവാക്കിയതും ഹിന്ദു മതത്തിൽ നിന്ന് വേർപിരിഞ്ഞു പോയാലും ഹൈന്ദവ സംസക്കാരവുമായി ഇഴപിരിയാതിരിക്കുവാൻ ഉതകും വിധം പരിവർത്തനം ബുദ്ധമതത്തിലേക്ക് മതിയെന്ന  തീരുമാനം എടുത്തതും.  അവിടെയാണ് അംബേദ്കറെയും കടത്തിവെട്ടി മതപരിവർത്തനം അനാവശ്യവും ഉപയോഗശൂന്യയവുമാണെന്ന സന്ദേശം സമാജത്തിന് നൽകിയ  ശ്രീനാരായണഗുരുദേവൻ സ്വാതന്ത്ര്യത്തിലേക്ക് പുനർജനിക്കുവാൻ പോരാട്ടത്തിനിറങ്ങിയ ഭാരതത്തിനാകെ മാർഗദർശിയായി മാറിയത്.

കെ വി രാജശേഖരൻ

9497450866




No comments: