Leelamony V K :: ശ്രീമദ് ഭഗവദ്ഗീതാശ്രീലകം

Views:

പുസ്തകപരിചയം
=================
( ലീലാമണി വി. കെ )

ശ്രീമദ് ഭഗവദ്ഗീതാശ്രീലകം.
                  =========

താമരശ്ശേരിയിൽ സുകുമാരൻനായരുടെയും(( അങ്കമാലി)പാലാ അരുണാപുരം കീന്തനാനിയിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി1952 ജൂൺ ഒന്നിന് ജനനം.
     കരിമണ്ണൂർ സെന്റ്ജോസഫ് ഹൈസ്കൂൾ, പാലാ സെന്റ്തോമസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജ്, ഗവ:ട്രെയ്നിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പത്തനാപുരം  സെന്റ് സ്റ്റീഫൻസ് കോളേജിൽ  രസതന്ത്രാദ്ധ്യാപകനായി. 2007- ൽ വിരമിച്ചു. ശ്ലോകങ്ങൾ കവിതകൾ, ലളിതഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ
നാടകഗാനങ്ങൾ, ഹിന്ദു- ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾ എന്നിവരചിച്ചിട്ടുണ്ട്. കൂടാതെ ശ്ലോകം ശോകവിനാശനം,ശ്രീകൃഷ്ണകർണ്ണാമൃതം( തർജ്ജമ )ഉണർത്തുപാട്ട്, ഇനിയൊരു ജന്മം, ചുവരെഴുത്തുകൾ,നന്മയുടെ വേരുകൾ എന്നീ കവിതാസമാഹാരങ്ങളും കാവ്യമാനങ്ങൾ ( കാവ്യരചനയ്ക്ക് കവികൾക്കൊരു കൈപ്പുസ്തകം)എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.
 മുഖപുസ്തകത്തിലെ സാഹിത്യക്കൂട്ടായ്മയായ "അഭിരാമസാഹിത്യവേദി"യിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോൾ അദ്ദേഹം എന്റെ നാട്ടുകാരനും അദ്ദേഹത്തിന്റെ അച്ഛൻ എന്റച്ഛന്റെ ഉത്തമസുഹൃത്തുമായിരുന്നുവെന്നത് യാദൃച്ഛികം മാത്രം.

വളരെ സന്തോഷപൂർവ്വം  ഈ പുസ്തകത്തിന്റെ ലഘുവായൊരാസ്വാദനം  ഇവിടെ വയ്ക്കട്ടേ!

കവിയും ശ്ലോകകാരനുമായ  പ്രൊഫ. ശ്രീലകം വേണുഗോപാൽ, മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയ  ശ്രീകൃഷ്ണകർണ്ണാമൃതത്തിന്നുശേഷം  രണ്ടാമതായി ഭാഷാന്തരം ചെയ്ത *ശ്രീമദ് ഭഗവദ്ഗീത* ചിമിഴ്ബുക്ക്സ് (കോട്ടയം) പ്രസിദ്ധീകരിച്ച പുസ്തകമാണ്
*ശ്രീമദ് ഭഗവദ് ഗീതാശ്രീലകം*

ഗീതാ ഭക്തർക്കുമാത്രമല്ല, മലയാളഭാഷാപ്രേമികൾക്ക് ആകമാനം അഭിമാനത്തിന്നു വക നൽകുന്നതാണ് ഈ ഗ്രന്ഥം.

കടുകട്ടിയായ സംസ്കൃത ശ്ലോകങ്ങൾ വൃത്തനിബദ്ധമായി
മൂലാർത്ഥം ഒട്ടും ചോർന്നുപോകാതെ, മലയാളം വായിക്കാനറിയാവുന്ന ലോകമെമ്പാടുമുള്ള സകലർക്കും നിഷ്പ്രയാസം മനസ്സിലാക്കാവുന്ന വിധത്തിൽ വളരെ ലളിതമായ പദങ്ങൾ ചേർത്തു കോർത്തിരിക്കുന്നു. *ഭഗവദ്ഗീതാശ്രീലകം*
പാരായണം ചെയ്യുംതോറും
വീണ്ടും വീണ്ടും വായിക്കാൻ  പ്രേരകമാകുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.

സംസ്കൃതപദങ്ങളുടെ അർത്ഥമറിയാതെ പാരായണംചെയ്തുകൊണ്ടിരുന്ന സാധാരണർക്ക് 
പരസഹായമില്ലാതെ അയത്നലളിതമായി കൈകാര്യംചെയ്യാൻ സാധിക്കുംവിധം മൂലശ്ലോകവും ഭാഷാശ്ലോകവും ഒരേദിശയിൽത്തന്നെ വായിച്ചുപോകാൻ സാധിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ടമറ്റൊരു സവിശേഷത.

ഭഗവദ് ഗീതയുടെ പതിനെട്ട് 
അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന 701 ശ്ലോകങ്ങളും ഗീതാധ്യാനത്തിലെ 
9 ശ്ലോകങ്ങളും 
ഗീതാമഹാത്മ്യത്തിലെ 29 ശ്ലോകങ്ങളുമുൾപ്പെടെ 739 ശ്ലോകങ്ങൾ തനിമലയാളത്തിലേക്ക്  പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വായനയ്ക്കു യാതൊരു വൈഷമ്യവുമനുഭവപ്പെടാതെ മൂലശ്ലോകവും തർജ്ജമയും ഒരേ ദിശയിത്തന്നെ ചേർത്തുകോർത്തിരിക്കുന്നു. ഒന്നുരണ്ടു ശ്ലോകങ്ങളെ ഇവിടെ പരിചയപ്പെടുത്തട്ടേ!

ഗീതാധ്യാനത്തിലെ ആറാം ശ്ലോകം മൂലം ഇങ്ങനെ:

൧ "ഭീഷ്മദ്രോണതടാ ജയദ്രഥ ജലാ ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ കർണ്ണേന വേലാകുലാ
അശ്വത്ഥാമവികർണ്ണഘോരമകരാ ദുര്യോധനാവർത്തിനീ
സോത്തീർണ്ണാ ഖലു പാണ്ഡവൈഃ രണനദീ കൈവർത്തകഃ കേശവഃ"

പരിഭാഷ 

"ഭീഷ്മർ, ദ്രോണർ തടം, ജയദ്രഥജലം, ഗാന്ധാരരോ പാറകൾ
ശല്യർ നക്ര, മൊഴുക്കുതന്നെ കൃപരും കർണ്ണൻ തരംഗങ്ങളും
അശ്വത്ഥാമവികർണ്ണൻ ഘോരമകരം, ദുര്യോധനൻ നീർച്ചുഴി,
താണ്ടാനീ നദി പാണ്ഡവർക്കു തുണയായ്  ദാശൻ, സഖൻ, കേശവൻ!"

൨. അർജ്ജുനവിഷാദയോഗത്തിലെ 44-ാം ശ്ലോകം 
"ഉത്സന്നകുലധർമ്മാണാം
മനുഷ്യാണാം ജനാർദ്ദന
നരകേ നിയതം വാസോ
ഭവതീത്യനുശുശ്രുമ"

പരിഭാഷ ഇവ്വിധം:
"കുലധർമ്മങ്ങൾ വർജ്ജിച്ച
മനുഷ്യർ നരകത്തിലായ്
എന്നും വാസം തുടർന്നീടു-
ന്നെന്നു കേൾപ്പൂ ജനാർദ്ദനാ!"

൩ . സാംഖ്യയോഗത്തിലെ മൂന്നാം ശ്ലോകം
"ക്ലൈബം മാ സ്മ ഗമഃ പാർത്ഥ
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൌർബല്യം
ത്യക്ത്വോത്തിഷ്ഠ പരന്തപ!"

പരിഭാഷ ഇപ്രകാരം:
"അർജ്ജുനാ! ഷണ്ഡനാകൊല്ലാ
യോഗ്യമല്ലെന്നതോർക്ക നീ
മോശം ഹൃദയദൌർബല്യം
വിട്ടെഴുന്നേൽക്കു ധീരനായ്."

൪. ഗീതാമാത്മ്യത്തിലെ നാലാം ശ്ലോകം 

"ഗീതായാഃ പുസ്തകം യത്ര
യത്ര പാഠഃ പ്രവർത്തതേ
തത്ര സർവാണി തീർത്ഥാനി
പ്രയാഗാദീനി തത്ര വൈ

പരിഭാഷ 

"ഗീതാപുസ്തകമെങ്ങുണ്ടോ
ഗീതാപഠനമവ്വിധം
പ്രയാഗാദി മഹാതീർത്ഥ-
സ്സാന്നിദ്ധ്യമങ്ങു വന്നിടും."

ഇങ്ങനെ വളരെ ലളിതമായി ഓരോരോ ശ്ലോകങ്ങളെയും സമീപിച്ചിരിക്കുന്നു. മലയാളികൾക്ക് തീർച്ചയായും ഈ പുസ്തകം ഒരു മുതൽക്കൂട്ടാവും.
              

പുസ്തകത്തിന് 300/- രൂപയാണ് വില.No comments: