Deepu R S :: കവിത :: ഗുളികൻ

Views:

കാട് പൊട്ടി, കരളു  പൊട്ടി 
കവിത നീറിയൊടുങ്ങിടെ
 
 മല തകർത്ത്, 
പുഴയടച്ച്, വയല് വാറ്റി
വിഷം മോന്തിക്കുടിച്ചിട്ട് 
 മനുജരാകും കോമരങ്ങൾ തുള്ളിയുറയും നേരമെത്തി.

അഴലടക്കും 

പ്രകൃതി, ദേവി അർദ്ധനാരി
ശീലാവതി, 
പ്രളയ കാളി ഭദ്ര ദേവി 
മുടിയഴിക്കും 
കളിയാട്ടം കഴിയുമ്പോൾ

ശൂന്യതയിലുദിക്കുന്നോ-
രാദി വിസ്‌ഫോടന സ്വരം.

ആഴമേറും മണ്ണറയിൽ 
ആരഭീയിൽ ആർത്ത നാദം,

ആരറിവൂ അതിൻ പൊരുൾ
ആദി രഹിത മരപ്പാണി 
ആ മഴ തൻ ആത്മ കീലം
താമരച്ചുഴിയിലൂറും  
വായുവിലഴിഞ്ഞു പോകേ 
 
വാതിലുകൾ തുറക്കുന്നു 
നേര്, കണ്ണിൽ തെളിയുന്നു 

നമ്മിലെന്നും  നിലയ്ക്കാത്ത 
ആത്മഹർഷമടരുന്നു.
 
സാഗരത്തിൻ വസന്തത്തെ 
ഒന്ന് കൂടിപ്പുണരുവാൻ 
വന്നിടുന്നു നല്ല നേരം .  

മാനസങ്ങൾ അളകപോൽ 
അഗ്നിതീർത്ഥക്കരകൾ പോൽ 

മഞ്ഞുടഞ്ഞ് മായയായി
ശാന്തി യാത്ര തുടരുന്നു.

--- ദീപു. R. S ചടയമംഗലം




No comments: