Jayan Pothencode :: സെൽഫ് ഹെൽപ്പ് :: തൊഴിൽസുരക്ഷയും ക്രിയാത്മക ചിന്തകളും

Views:

 
തൊഴിൽസുരക്ഷയും ക്രിയാത്മക ചിന്തകളും 
ജയൻ പോത്തൻകോട്
9446559210

ആരോഗ്യ സുരക്ഷിത തൊഴിലിടം    
ആനന്ദമേകുന്ന ആശ്രയകേന്ദ്രം 
ഭാവിജീവിതമെന്നും ഭാസുരമാക്കുന്ന 
ഭാഗ്യോദയ പ്രഭതന്നുറവിടം.
തൊഴിൽ സുരക്ഷ എന്നത് ശാരീരിക സുരക്ഷ മാത്രമല്ല, അത്‌ മാനസികസുരക്ഷ കൂടിയാണ്. മാനസികസുരക്ഷ കൈവരിക്കണമെങ്കിൽ തൊഴിലാളികൾ ക്രിയാത്മക ചിന്തകളിൽ അധിഷ്ഠിതമായ ഒരു സംസ്ക്കാരം വളർത്തിയെടുക്കേണ്ടതുണ്ട്. കൃത്യമായും സൂക്ഷ്മതയോടെയും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കണമെങ്കിൽ മാനസിക സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ആധുനികജീവിതം ആശങ്കാഭരിതവും പ്രശ്നബാധിതവും ആകുമ്പോൾ തകർന്നു പോകുന്നവരാണ് നമ്മൾ .ഇത്തരം സങ്കീർണ്ണതകൾക്കിടയിലും ക്രിയാത്മക ചിന്തകളിലൂടെ തൊഴിലിടങ്ങൾ രസകരവും വിജ്ഞാനപ്രദവും ആക്കാം.

  • തൊഴിൽ എന്ന ഔഷധം
തൊഴിൽ ദൈവം തന്ന ഔഷധമാണ്. എത്ര ഉന്നതമായ ആശയങ്ങൾ ഉണ്ടെങ്കിലും അത് സാക്ഷാത്കരിക്കണമെങ്കിൽ  അധ്വാനം കൂടിയേ തീരു. അധ്വാനം എന്നത് ശാരീരികമായ പ്രക്രിയ മാത്രമല്ല , അത് മാനസികമായ ഒരു പ്രക്രിയ കൂടിയാണ്. തൊഴിൽ എന്നത് ഒഴിവാക്കാനാവാത്ത ഒരു ആവശ്യമാണ്. ഏതു തൊഴിലിനും അതിന്‍റേതായ മഹത്വം ഉണ്ട്. തൊഴിൽ ചിലപ്പോൾ ചിലർക്ക് വെല്ലുവിളി ആയേക്കാം. വിദ്യാഭ്യാസത്തിന് ഉതകുന്ന തൊഴിൽ കിട്ടാത്തതിനാൽ കിട്ടിയ തൊഴിലിനോട് താല്പര്യം കാണിക്കാത്തവർ ഏറെയാണ്.അത്തരം അവസ്ഥയിൽ ആവശ്യമായ ക്രിയാത്മക ചിന്തകൾ നാം ഉൾക്കൊള്ളണം . ഇഷ്ടമില്ലാത്ത ജോലിയിൽ ആർക്കും വിജയിക്കാനാവില്ല. ഇഷ്ടപ്പെടുന്നത് സ്വന്തമാക്കുന്നതിനോടൊപ്പം ലഭിക്കുന്നത് ഇഷ്ടപ്പെടാനും നമുക്ക് കഴിയണം. കുറവുകളിൽ നിന്ന് നിറവുകൾ സൃഷ്ടിക്കുന്നതിൽ ആകണം നമ്മുടെ ശ്രദ്ധ.

ജോലിത്തിരക്കുള്ളവന് ദുഃഖിക്കാൻ നേരമില്ല.
വില്യം ബ്ലാക്ക്
  • മനുഷ്യൻ ചിന്തകളുടെ അടിമ
ചിന്തകളുടെ അടിമയാണ് മനുഷ്യൻ. തൊഴിലിന് അനുസൃതമായാണ് തൊഴിൽ ശാലയിൽ ഒരാളുടെ പെരുമാറ്റം രൂപംകൊള്ളുന്നത്. ചിലർ നിഷേധാത്മക ചിന്തകൾ ഉള്ളവരാണ് .മറ്റുചിലർ ക്രിയാത്മക ചിന്താഗതിക്കാരും. നിഷേധാത്മക ചിന്തകളെ ക്രിയാത്മകമാക്കി മാറ്റി, മനോഭാവത്തിൽ മാറ്റം വരുത്തിയാൽ ജീവിതവിജയം കൈവരിക്കാനാകും. സന്തോഷവും സമാധാനവും ഉണ്ടാവണമെങ്കിൽ നിഷേധാത്മക മനോഭാവങ്ങൾ ഇല്ലാത്ത മനസ്സ് നമുക്കുണ്ടാവണം . എവിടെയും നന്മയും സൗന്ദര്യവും കാണുവാൻ കഴിഞ്ഞാൽ ജീവിതം വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആരോഗ്യവും ചുറുചുറുക്കുമുള്ളവരെയാണ് വിജയം കടാക്ഷിക്കുക. നിഷേധാത്മക ചിന്തയുമായി നടക്കുന്നവർ അവസരങ്ങളെ പ്രശ്നങ്ങളായി കാണുമ്പോൾ, ശുഭചിന്ത ഉള്ളവർ പ്രശ്നങ്ങളെ അവസരങ്ങളാക്കി മാറ്റുന്നു. ചിന്തകൾ നമ്മുടെ പ്രവർത്തന മണ്ഡലത്തെയുംബാഹ്യലോകത്തെയും മാറ്റിമറിക്കുന്നു. നമ്മുടെ ചിന്തകൾ എന്തായിരിക്കുന്നുവോ അതാണ് നമ്മൾ .

ചിന്തയാണ് നമ്മെ രൂപപ്പെടുത്തുന്നത്...  
നമുക്ക് വില നിശ്ചയിക്കുന്നതും അതുതന്നെ. 
ശ്രീബുദ്ധൻ 
  • സൗഹൃദം ഒരു രക്ഷാകവചം 
കറപുരളാത്ത സൗഹൃദങ്ങൾ തൊഴിലിടങ്ങളിൽ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. 'സുഹൃത്ത് ' എന്ന പദത്തിന്‍റെ അർത്ഥം തന്നെ 'ഹൃദയത്തിൽ സൗഖ്യം നിറയ്ക്കുന്നവൻ' എന്നാണ്. പ്രതിസന്ധികളിൽ ധൈര്യം പകരാനും ആശ്വസിപ്പിക്കാനും കുറെ സൗഹൃദങ്ങൾ ഉണ്ടാകണം. അത്തരം സൗഹൃദങ്ങൾ തൊഴിലിടങ്ങളിൽ ഒരു രക്ഷാകവചമായി മാറുന്നു . ശീതളിമ പകരുന്ന തണൽ മരങ്ങളുമാണവർ. നെഗറ്റീവ് ഊർജ്ജം നൽകുന്നവരുമായുള്ള കൂട്ടുകെട്ടുകൾ മനസ്സിൽ ഇരുട്ടു പരത്തും. ഉണർവേകുന്ന ചങ്ങാത്തങ്ങളാണ് വേണ്ടത്. എന്തിലും ദോഷവശങ്ങൾ മാത്രം കാണുന്നവരും അത് വിളിച്ചുപറയുന്നവരുമായ ആൾക്കാരിൽ നിന്ന് അകന്നു നിന്നാൽ നമ്മുടെ പോസിറ്റീവ് ഊർജ്ജം നഷ്ടമാവുകയില്ല .എന്തിലും നന്മ കാണുന്ന സുമനസ്സുകളോട് സൗഹൃദത്തിൽ ഏർപ്പെട്ടാൽ നമ്മിലും നന്മ വളരും. നമ്മൾ ആരോടൊപ്പം നീങ്ങുന്നുവോ ആ സ്വഭാവം നമ്മളിൽ തെളിഞ്ഞുവരും. ഉന്മേഷമുഉള്ള വ്യക്തികളെ സുഹൃത്തുക്കൾ ആക്കുക.
  • ടെൻഷൻ അഥവാ പിരിമുറുക്കം
വേഗവും മാത്സര്യവും ഭരിക്കുന്ന വർത്തമാനകാലത്ത് ഓഫീസുകളിലും മറ്റു തൊഴിലിടങ്ങളിലും കാണുന്ന ഒന്നാണ് ടെൻഷൻ അഥവാ പിരിമുറുക്കം. മനസ്സും ശരീരവും കലുഷിതമാക്കുന്ന ഈ പിരിമുറുക്കം ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നു. വ്യക്തിബന്ധങ്ങളുടെ കുറവും വളരെ തിരക്കേറിയ ജീവിതവുമെല്ലാം പിരിമുറുക്കത്തെ വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇന്ന് ഏറ്റവും കൂടുതൽ പിരിമുറുക്കം അനുഭവിക്കുന്നത് ജോലിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലാണ്.  മാനസികപിരിമുറുക്കം തൊഴിലിടങ്ങളിലെ സുരക്ഷയെയും ബാധിക്കുന്നു. തൊഴിൽ സംബന്ധമായി ഉണ്ടാകുന്ന വലിയ പിരിമുറുക്കം അൾസർ, തലവേദന, ദഹന സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ജോലിയും നിത്യജീവിതവും തമ്മിലുള്ള വേർതിരിവ് കൃത്യമായി പാലിക്കുകയും യോഗ-ശ്വസന വ്യായാമങ്ങൾ, റിലാക്സേഷൻ വ്യായാമങ്ങൾ തുടങ്ങിയവ ശീലിക്കുന്നതിലൂടെ തൊഴിലിടത്തെ പിരിമുറുക്കം ലഘൂകരിക്കാം. വിശ്രമവേളകളിൽ സംഗീതം സാഹിത്യം തുടങ്ങി മനസിന് ഉണർവും ഉല്ലാസവും നൽകുന്ന പ്രവർത്തികളിൽ മുഴുകുക. ആകുലചിന്തകൾ ആക്രമിക്കുമ്പോൾ പ്രചോദനാത്മകമായ പുസ്തകങ്ങൾ വായിക്കാം.  ഉത്തമഗ്രന്ഥങ്ങൾ ഉത്തമ സുഹൃത്തുക്കളാണെന്ന സത്യത്തെ ചേർത്തു പിടിക്കുകയും ചെയ്യാം. മനസ്സിനെ പ്രതിരോധശേഷിയുള്ളതാക്കാൻ വായനയ്ക്കേ കഴിയൂ. ഭയത്തെയും ഉത്കണ്ഠയേയും  മാറ്റി ആത്മവിശ്വാസവും ശാന്തിയും തത് സ്ഥാനത്ത് പ്രതിഷ്ഠിക്കണം. ജീവനക്കാരുടെ ക്ഷേമത്തിനായി ഓഫീസുകളിൽ രൂപീകരിച്ചിട്ടുള്ള വെൽഫെയർ കമ്മിറ്റികൾ പോലുള്ള കൂട്ടായ്മകൾക്ക് ജീവനക്കാരിൽ ഉണ്ടാകുന്ന പിരിമുറുക്കം ലഘൂകരിക്കാൻ കഴിയും. അത്തരം കമ്മിറ്റികൾ രാഷ്ട്രീയത്തിനും ജാതിമതങ്ങൾക്കതീതവുമായിരിക്കണം. പ്രധാന ചുമതലകൾ വഹിക്കുന്നവർ എല്ലാവരെയും ഒത്തു കൊണ്ടുപോകുന്നതിന് പ്രാപ്തി ഉള്ളവരായിരിക്കണം. അങ്ങനെ തൊഴിലിടങ്ങളിൽ വിശ്രമവേളകൾ ഉല്ലാസപ്രദമാക്കാം.
  • മനശക്തി എന്ന ആയുധം
മനുഷ്യന്‍റെ ഏറ്റവും വലിയ ശക്തി മനഃശക്തി ആണ് .എല്ലാ ബന്ധങ്ങളിലും വച്ച് മുഖ്യവും മന:ശക്തി തന്നെ .ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഉള്ളവരെ ആർക്കും പരാജയപ്പെടുത്താൻ സാധ്യമല്ല . മനോബലത്തിന് ആധാരം അവന്‍റെ അറിവുകളാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ഭീരുവാകാതെ പ്രയത്നിക്കുന്നവന് ഐശ്വര്യങ്ങൾ വന്നുചേരും. നമ്മെ പ്രകോപിപ്പിക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടായേക്കാം, അപ്പോഴെല്ലാം ശാന്തതയും സൗമനസ്യവും കൈവിടാതെ പ്രസന്ന ഭാവത്തിൽ പ്രതികരിക്കുക. നെഗറ്റീവായി പ്രതികരിക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നത് അവരുടെ ജീവിതാനുഭവങ്ങൾ തന്നെയാണ്. നെഗറ്റീവ് വികാരങ്ങൾ കൂടുതൽ ഉള്ള വ്യക്തികൾ വളരെ ചിന്താക്കുഴപ്പം ഉള്ളവരും ക്ഷീണിതരും പെട്ടെന്ന് രോഗങ്ങൾക്ക് അടിമപ്പെടുന്നവരും വളരെ വേഗം പ്രായമാകുന്നവരുമായിരിക്കും. ശുഭാപ്തിവിശ്വാസം എന്ന ചിന്ത ചെറുപ്രായം മുതൽ തന്നെ വളർത്തിയെടുക്കേണ്ടതാണ്.
  • പരദൂഷണക്കളരി 
മനുഷ്യമനസ്സിൽ ഉണ്ടാകുന്ന മാരകമായ രോഗമാണ് അസൂയ. മറ്റുള്ളവരുടെ ജീവിതത്തിലെ നന്മ സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയാണത്. മറ്റുള്ളവരെ അഭിനന്ദിക്കാൻ പൊതുവേ നമ്മൾ പിശുക്ക് കാട്ടുന്നവരാണ്. അതേസമയം കുറ്റം പറയാനും ദോഷം പറയാനും സവിശേഷ വിരുത് കാട്ടുകയും ചെയ്യും . അപരന്‍റെ കുടുംബജീവിതത്തിലേക്കും പശ്ചാത്തലത്തിലേക്കും ഊളിയിടുന്ന സ്വഭാവം ഒഴിവാക്കുകയും വേണം. പരദൂഷണ സ്വഭാവം ഓഫീസുകളിൽ നിന്നും അകറ്റി നിർത്തേണ്ടത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ആവശ്യമാണ്. സഹപ്രവർത്തകരുടെ കുറ്റങ്ങളും കുറവുകളും പറയാനുള്ള വേദിയാക്കി തൊഴിലിടങ്ങളെ മാറ്റരുത്. ബന്ധങ്ങളുടെ ഇഴയടുപ്പം നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ക്ഷമിക്കാനുള്ള കരുത്ത് നമുക്ക് ഉണ്ടായിരിക്കണം. ആധുനിക ജീവിതം  തിരക്കിൽ അമർന്നിരിക്കുന്നു. പരസ്പര സ്നേഹവും വിശ്വാസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ക്രിയാത്മക ചിന്തകൾക്ക് വലിയ പ്രാധാന്യമുണ്ട്. ക്രിയാത്മക ചിന്തകളും ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന മനോഭാവവുമാണ് നമുക്കുള്ളതെങ്കിൽ എല്ലാ കാര്യത്തിലും വിജയം നേടുകയും നമ്മുടെ വ്യക്തിത്വത്തിന് മാറ്റു കൂടുകയും ചെയ്യും. നെഗറ്റീവ് വികാരങ്ങളെ ഉപേക്ഷിച്ച് ഭയത്തെയും കോപത്തെയും പിഴുതെറിഞ്ഞ് സ്നേഹത്തിന്‍റെയും ശാന്തിയുടേയും വിളനിലങ്ങളാക്കി തൊഴിലിടങ്ങളെ മാറ്റണം. ക്രിയാത്മക ചിന്തകൾ തൊഴിലിടങ്ങളെ ചലനാത്മകമാക്കും, അവിടെ ഉത്പാദനം കൂടുതൽ നടക്കും. 

ഒത്തുചേരുന്നത് തുടക്കവും ഒത്തുതുടരുന്നത് പുരോഗതിയും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് വിജയവുമാണെന്ന ആപ്തവാക്യത്തെ എന്നും ഓർക്കാം.


JAYAN POTHENCOD




No comments: