Subscribe malayalamasika Youtube Channel 

Risha Sheikh :: ചുവപ്പിലലിഞ്ഞ ഹൃദയം

Views:

ചുവപ്പിലലിഞ്ഞ ഹൃദയം
റിഷ ശെയ്ഖ്
ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം.

താൻ പിറന്ന മണ്ണിനോടും മനുഷ്യനോടുമുള്ള കവിയുടെ സ്നേഹവും കരുതലും ആണല്ലൊ കവിത എഴുതുന്നതിലേക്ക് നയിക്കുന്നത്. കവിതയിൽ ഉടനീളം കവിയുടെയോ അല്ലെങ്കിൽ ഈ ലോകത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന വ്യക്തിയുടെയോ മാനസിക വികാരങ്ങളെ മഞ്ചാടിയോട് ഉപമിക്കുന്നതായി കാണാം. അതുതന്നെയാണ് കവിതയുടെ ഒരു പ്രത്യേകതയായി എടുത്തു പറയാൻ സാധിക്കുന്നത്. അങ്ങിനെ മനസ്സിൽ മുളപൊട്ടുന്ന വികാരവിചാരങ്ങൾ പ്രകൃതിയുമായി പങ്കുവെക്കാൻ ആഗ്രഹിക്കുമ്പോൾ അത് അവളുടെ നെറ്റിയിലെ പൊട്ടായും ചക്രവാളത്തിലെ രാഗത്തുടുപ്പായും നമുക്ക് അനുഭവപ്പെട്ടേക്കാം. അങ്ങിനെ ഈ കവിതയെ വായിക്കുന്ന ഓരോ ആസ്വാദകനും കവിയും തമ്മിൽ തുലനം സംഭവിക്കുകയും അവർ ഒരുപോലെ മനുഷ്യനന്മയുടെയും തന്മൂലം പ്രപഞ്ചനന്മയുടെയും വക്താവായി മാറുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ കവിതയെ ഞാൻ എന്‍റെ കവിതയായി ഏറ്റുവാങ്ങുകയാണ് ഉണ്ടായത്. കവിക്ക് ഇതായിരിക്കാം തോന്നിയത് എന്ന് പറയുന്നതിന് പകരം ഇതാണ് ഞാൻ മനസ്സിലാക്കിയ എന്‍റെ സത്യം എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ മഞ്ചാടിയിലൂടെ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ് ഞാൻ.
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു
മെന്തിനുമേതിനുമംഗരാഗം!
കവിതയിലെ ഏറ്റവും ഹൃദ്യവും മനോജ്ഞവുമായി എനിക്ക് തോന്നിയ വരികളാണിവ. ചെമ്പരത്തിയും ചെമ്പനീർ പൂവും രണ്ടും ഒരുപോലെയല്ല. അവയുടെ ഗുണങ്ങളും സവിശേഷതകളും രണ്ടാണ്. എങ്കിലും അവയ്ക്ക് അംഗരാഗം പകരുന്നത് തന്‍റെ ചെഞ്ചോരയാണെന്ന് സമർത്ഥിക്കുമ്പോൾ ജീവിതമാകുന്ന പ്രകൃതിയിലെ പുഷ്പങ്ങൾ ആകുന്ന വ്യത്യസ്ത അനുഭവങ്ങളും അതിൽ നിന്നുളവാകുന്ന അവസ്ഥകളും ഒരുപോലെ തരണം ചെയ്യാനാകും എന്ന ഉറച്ച വിശ്വാസവും പ്രത്യാശയും മനുഷ്യന് ജീവിക്കാനുള്ള പ്രേരണയായി മാറുമെന്നാണ് നാം മനസ്സിലാക്കേണ്ടത്.

മനുഷ്യൻ, ഉലകിന്‍റെ ഗതി നിർണായിക്കാനും ആ ഒഴുക്കിനെ മാറ്റിവിടാനും കഴിവുള്ളവൻ. ഒരു മനുഷ്യൻ മറ്റൊരുവനിൽ നിന്നും തീർത്തും വ്യത്യസ്തനാണ്. അവർ ഓരോരുത്തരും വിശിഷ്ടരും സവിശേഷമായ സ്വഭാവഗുണങ്ങൾ ഉള്ളവരുമാണ്. എന്നാൽ അവർക്കിടയിൽ സമാനമായ ചില ഭാവങ്ങൾ ഉണ്ടാകും. അതിലൊന്നാണ് സ്നേഹം. സ്നേഹം എന്ന വികാരത്തെ അതിന്‍റെ ഏറ്റവും മനോഹരമായ സ്ഥിതിവിശേഷത്തിൽ നിർത്തിക്കൊണ്ട് തന്നെയാണ് മനുഷ്യനെ സ്നേഹത്താൽ മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ എന്ന സത്യത്തെ കവിതയിൽ പ്രതിഫലിപ്പിക്കുന്നത്. അത്തരം സന്ദർഭങ്ങൾ എല്ലായിപ്പോഴും കിട്ടിക്കൊള്ളണമെന്നില്ല. കാരണം ഓരോ വ്യക്തിയും അയാളുടെ അനുഭവങ്ങളും വിഭിന്നമായിരിക്കും. അത് മാറിയും മറിഞ്ഞും ഇരിക്കും. ചില മനുഷ്യരെ നേർവഴിയിലേക്ക് നടത്തുവാൻ എത്ര എളുപ്പമാണോ അത്ര തന്നെ ബുദ്ധിമുട്ടാണ് മറ്റുചിലരെ സ്നേഹത്തിന്‍റെ വഴിയിൽ എത്തിക്കുക എന്നത്. ഉദാരമതിയായ ഒരുവനിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ കൈപ്പറ്റാനായി എത്തുന്ന ഒരുപാട് പേരുണ്ടാകും. അവരിൽ ചിലർ നന്ദിയുള്ളവരാകാം. എന്നാൽ, എല്ലാവരും അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കുകയും അവരിൽ നിന്ന് നന്ദിയും സ്നേഹവും പ്രതീക്ഷിക്കുകയും ചെയ്താൽ ഒറ്റപ്പെടലും വേദനയും ആയിരിക്കും ഫലം എന്ന സത്യം നമുക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുന്നു. നീട്ടി കൊടുക്കുന്ന സഹായഹസ്തങ്ങളിൽ പിടിയിട്ട്, അതുവഴി രക്ഷപ്പെട്ട്, പിന്നീട് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നമ്മെ ഏകാന്തതയ്ക്ക് വിട്ടു കൊടുക്കുന്ന ഒരു പറ്റം മനുഷ്യർ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. ആ വേദനയിൽ ഹൃദയം തകരുമ്പോഴും മനസ്സിൽ നിറഞ്ഞ സ്നേഹത്തെ മായ്ക്കാൻ ആവില്ല എന്ന് ഞാനും വിശ്വസിക്കുന്നു.

ഇനി പറയുന്നത് മറ്റൊരു സമൂഹത്തെ കുറിച്ചാണ്. സ്നേഹത്തിന് വില കൽപ്പിക്കാതിരിക്കാൻ അവരവരുടേതായ കാരണങ്ങൾ വച്ചുപുലർത്തുന്ന സ്വാർത്ഥൻമാരായ മനുഷ്യസമൂഹത്തെ കുറിച്ച്. അത്തരം മനുഷ്യരുടെ ചിന്തകളിൽ സ്ഥാനം പിടിച്ച ഒരേയൊരു ഘടകം പണമാണ്. സ്വാർത്ഥബുദ്ധിയുള്ള ഹൃദയത്തിൽ സ്വേച്ഛാധിപതിയായി വാഴുന്ന കിരീടമില്ലാത്ത രാജാവ്. പണത്തെ സ്വന്തമാക്കാനായി എന്തും ത്യജിക്കാൻ തയ്യാറായവനാണ് മനുഷ്യൻ. ഇവിടെയും കഥ മറ്റൊന്നല്ല. ഒരു നേരത്തെ അന്നത്തിനായി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്നവനും, പട്ടിണിയും പരിവട്ടവും കാരണം ജീവത്യാഗം ചെയ്യുന്നവനും, എന്‍റെ ആത്മാവിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഓരോ ദിവസവും ജീവിച്ചു തീർക്കുവാൻ ആയി മാത്രം ജീവിക്കുന്ന കുറെ നിരുപദ്രവകാരികളായ ജന്മങ്ങൾ. പണമില്ലാത്തതുകൊണ്ട് മാത്രം പിണമായി മാറിയവർ. അവരെ സംബന്ധിച്ചിടത്തോളം നാളെ എന്നത് ഒരു പേടിസ്വപ്നമാണ്. എല്ലാവരെയും പോലെ എണ്ണിയാലൊടുങ്ങാത്ത ആഗ്രഹങ്ങളും പേറിയാണ് അവർ ജീവിക്കുന്നത്. എന്നാൽ ഒന്നുമില്ലാത്തവർ ആയതുകൊണ്ട് ഒരു ചാൺ വയറു നിറയ്ക്കാൻ പോലുമാകാതെ ജീവിതമാകുന്ന പാതയിൽ നടന്നു തളർന്ന അവർക്ക്, ഒന്നുറക്കെ കരയാനുള്ള അവകാശം പോലും ഇല്ല. അതോർക്കുമ്പോൾ അറിയാതെയെങ്കിലും നമ്മുടെ ഉള്ളിൽ ഒരു തേങ്ങൽ ബാക്കിയാക്കുന്നതായ് അനുഭവപ്പെട്ടേക്കാം. മാത്രവുമല്ല പാപി ചെന്നിടം പാതാളം എന്ന് പറയും പോലെ, ഗതിമുട്ടി തളർന്നുവീണവനെ വീണിടത്തിട്ട് ചവിട്ടാൻ തയ്യാറായി ഒരുകൂട്ടം കാത്തിരിപ്പുണ്ട്. വഞ്ചന കൈമുതലായുള്ള കള്ളന്മാരുടെ കൂട്ടം. ഓരോ മനുഷ്യനും അവനവനു വേണ്ടി മാത്രമാണ് ജീവിക്കേണ്ടത് എന്ന തത്വത്തെ ഉയർത്തിപ്പിടിച്ച്, ഒരു ദാക്ഷിണ്യവുമില്ലാതെ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന വിശ്വാസം പോലും അവരിൽ നിന്ന് പിടിച്ചു പറിക്കുന്നവർ. എന്തിനു വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ പ്രവൃത്തികൾ നിങ്ങൾ ചെയ്യുന്നത് എന്ന് ആരായുമ്പോൾ അതിലും വില പണത്തോടുള്ള അത്യാഗ്രഹത്തിന് ഉണ്ടെന്ന് സധൈര്യം സമ്മതിക്കുന്നവർ. അവരിലെ രോഗം ചികിത്സിച്ചു ഭേദപ്പെടുത്താൻ കഴിയാത്തതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. എന്‍റെ കാഴ്ചപ്പാടിൽ അങ്ങനൊരു ജീവിതം ഒരർത്ഥവുമില്ലാത്തതാണ്. അതോർക്കുമ്പോൾ മനസ്സിൽ ഒരു നിസ്സംഗത രൂപപ്പെടുകയും ചെയ്യുന്നു. പക്ഷേ അതിന്‍റെ ഇരകളാകുന്ന പ്രതികരണശേഷിയില്ലാത്ത പാവങ്ങളുടെ ജീവിതാവസ്ഥയിൽ എനിക്ക് അതിയായ മനോവിഷമമുണ്ട്. അവരുടെ കണ്ണുനീരിൽ പൊള്ളുന്നത് എന്‍റെ ഹൃദയം കൂടിയാണ്.

സ്വാർത്ഥതാല്പര്യങ്ങൾക്കായി ജീവിക്കുന്നവർ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപെട്ടേക്കാം എന്ന വിഷയവും കവിതയിൽ ചർച്ചചെയ്യപ്പെടുന്നു. പക്ഷപാതിത്വം നിറഞ്ഞ ചിന്തകരും, ലഹരിയെ ആസ്വദിക്കുന്ന കൗമാരവും, തെല്ലഭിമാനം പോലും ഇല്ലാത്ത നേതാക്കളും, കാപട്യം നിറഞ്ഞ സാമൂഹ്യസേവകരും എല്ലാം നമ്മുടെ ലോകത്തെ നാശത്തിന്‍റെ വക്കിൽ കൊണ്ടെത്തിക്കുന്നു. പണത്തിന്‍റെ ആധിപത്യവും സ്നേഹത്തിന്‍റെ പതനവും നമ്മുടെയൊക്കെ ജീവിതത്തിൽ ഐശ്വര്യം ഇല്ലാതാക്കുന്നു. അത്തരം ഭീകരമായ അവസ്ഥ ലോകത്തെ ഇരുട്ടിൽ ആഴ്ത്തുന്നു. ലോകം ഒരു ശവപ്പറമ്പായി മാറുന്നു. ആ വരികളിൽ കുരുങ്ങി ശ്വാസം മുട്ടിയ എനിക്ക് വീണ്ടും പ്രതീക്ഷ നൽകിയത് നശിച്ചൊടുങ്ങിയവയിൽ നിന്ന് പുതുനാമ്പുകൾ മൊട്ടിട്ടു എന്നു പറഞ്ഞപ്പോഴാണ്. നന്മയുള്ള ഒരു പുതു ലോകത്തിലേക്കുള്ള ഉദയമാണ് വരാൻ പോകുന്നത്. ശക്തമായ സംസ്കാര പാരമ്പര്യത്താൽ അറിവിന്‍റെ പ്രകാശം അതിന്‍റെ നിറവിൽ എത്തും. അത് മനുഷ്യരാശിയെ വീണ്ടും നന്മയുടെയും സ്നേഹത്തിന്‍റെയും പാതയിലേക്ക് നയിക്കും. അതാണ് ശാശ്വതമായ സത്യം. എന്‍റെ കൈവെള്ളയിൽ തുടിക്കുന്ന ആ സത്യത്തെ ഈ ഭൂമിയിലേക്ക് പകർന്നു നൽകും. അപ്പോൾ നെറ്റിയിൽ പൊട്ടിട്ടു, ചക്രവാളം തുടുത്തു അവൾ സുന്ദരിയായി മാറും. എല്ലാത്തിനെയും അതിജീവിച്ചു അവൾ മുന്നേറുക തന്നെ ചെയ്യും. ഈ കവിത വായിച്ചു തീർന്നപ്പോൾ എന്‍റെ ഉള്ളിൽ എന്നോ അപമൃത്യു വരിച്ചിരുന്ന മനുഷ്യസ്നേഹി പുനർജനിച്ചതായി എനിക്ക് തോന്നി. അത്തരം ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കാൻ ഉള്ള കവിയുടെ കഴിവ് പ്രശംസനീയമാണ്. ജീവിതത്തിൽ പല സാഹചര്യങ്ങളിൽ കണ്ടില്ലെന്നു നടിക്കുകയും, കണ്ടിട്ടും സൗകര്യപൂർവ്വം മറന്നു കളയുകയും ചെയ്തിരുന്ന ചില ചിത്രങ്ങൾ ഓർമ്മ താളുകളിൽ നിന്ന് മറ നീക്കി പുറത്തുവരാൻ ഈ കവിത ഒരു നിമിത്തമായെന്ന് ഞാൻ വിശ്വസിക്കുന്നു. മനഃപൂർവം വിട്ടുകളഞ്ഞ അത്തരം ഏടുകളെ ഒരു വീണ്ടുവിചാരണക്ക് എടുക്കുവാൻ എന്നെ പ്രാപ്തയാക്കിയതിന് മഞ്ചാടിയോട് സ്നേഹപൂർവ്വം നന്ദിയർപ്പിക്കുന്നു. ഒപ്പം മഞ്ചാടിയുടെ സ്രഷ്ടാവിനു, ഞങ്ങളുടെ പ്രിയപ്പെട്ട രജിമാഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
റിഷ ശെയ്ഖ്

Manchadi Cover Art


ആലാപനങ്ങള്‍
ആസ്വാദനങ്ങൾ...
No comments:

ഉള്ളടക്കം

മലയാളമാസിക സംഭാവനകൾ സ്വീകരിക്കുന്നതാണ്. 9995361657@upi
11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)