Akshara Mohan A :: നിത്യസത്യത്തിൻ കുങ്കുമപ്പൊട്ട്

Views:

നിത്യസത്യത്തിൻ കുങ്കുമപ്പൊട്ട്
അക്ഷര മോഹൻ എ.

ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം. കവിതയിൽ സ്വപ്നക്കൂടൊരുക്കി അതിലേയ്ക്ക് നന്മയുടെ പൂമ്പൊടി ചാർത്തി ആസ്വാദകരുടെ ഉള്ളം സുകൃതമാക്കുന്ന കവിതകളാണ് രജി ചന്ദ്രശേഖർ എന്ന കാവ്യപ്രതിഭയുടെ കൃതികൾ. കവിതയിൽ വിതയുണ്ട് എന്ന് സഹൃദയന് തോന്നണമെങ്കിൽ അവയ്ക്കൊരു ജീവനുണ്ടാകണം .അദ്ദേഹത്തിന്‍റെ കവിതകളിലൊരു ജീവനുണ്ട്, ആത്മാവും പുനർജന്മവുമുണ്ട്. ഒട്ടേറെ കവിതകളുടെ വസന്തകാലം അദ്ദേഹത്തിന്‍റെ കാവ്യശ്രേണിയിൽ ഉണ്ട്. അതിലൊരു സിന്ദൂരപ്പൊട്ടായി മാറുന്ന കൃതിയാണ് മഞ്ചാടി.

മഞ്ചാടിയുടെ ചുവപ്പിലൂടെ ജീവിതത്തിന്‍റെ വ്യത്യസ്ത മാനങ്ങളിലേക്ക് നമ്മുടെ മനസ്സിനെ യാത്രയാക്കുകകയാണ് കവി. സുഖവും ദുഃഖവും കോപവും വഞ്ചനയും അടങ്ങിയ വ്യത്യസ്ത ഭാവങ്ങൾ കവിതയിൽ ലയിച്ചിരിക്കുന്നു. സിന്ദൂരത്തിന്‍റെ ചുവപ്പിൽ ദാമ്പത്യത്തിന്‍റെ ദൃഢതയും സന്ധ്യയുടെ ചുവപ്പിൽ പ്രകൃതിയുടെ ലാവണ്യവും കാണാം.

ജീവിതത്തിലെ സത്യത്തിന് ചുവന്ന വർണ്ണമാണെന്നും എപ്പോഴും പരിഗണന ആഗ്രഹിക്കുന്ന ദാമ്പത്യബന്ധങ്ങൾക്ക് പരസ്പരം തിരിച്ചറിയുന്ന ഒരു നോട്ടം മതി അതിലെ ഉണ്മ നിലനിർത്താൻ എന്നും കവി എടുത്തുപറയുന്നു.. ദുഃഖങ്ങൾ പ്രകൃതിയുടെ താളത്തിൽ വിസ്മൃതമായി പോകുന്നതായും, നമ്മുടെ സംസ്കാരത്തിന്‍റെ ഈടുവയ്പുകൾ വീണ്ടും അതിന്‍റെ നഷ്ടബോധമുണർത്തുന്നതായും കവി ചിന്തിക്കുന്നു.
പാണന്‍റെ പാട്ടും കടുന്തുടിത്താളവും
വീണയും വേടനും വാടിയ പൂക്കളും...
ഈ വരികളിൽ കവിയുടെ മാനസിക സംഘർഷത്തിന്‍റെ ധ്വനി കാണാം. വരികളിടെ ആവർത്തനത്തിൽ ജീവിതത്തോടുള്ള പ്രേമഭാവവും പ്രതീക്ഷയും തെളിയുന്നു.

തുടർന്നുള്ള കാവ്യയാത്രയിൽ വാർദ്ധക്യം മരണ മുനമ്പിലേക്ക് കൊണ്ടുപോകുമ്പോഴും സ്വപ്നങ്ങൾ കാണുകയാണ്. അവന്‍റെ മോഹങ്ങൾക്ക് അവസാനമില്ല .
നാണയത്തുട്ടിനായ് നീട്ടിയ കൈകളും
നാണം മറയ്ക്കാത്ത വൃദ്ധനും വൃദ്ധയും
നാളെകളെന്നോ കരിഞ്ഞ കിനാക്കളായ്...
സ്വപ്നങ്ങൾ നഷ്ടപ്പെട്ടിട്ടും യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു ദിനങ്ങൾ സന്തോഷപ്രദമാക്കുന്നവരുമുണ്ട്. ജീവിതത്തോട് പോരടിച്ച് എങ്ങുമെത്താതെ പോയ അനേകം മനുഷ്യരുടെ വേദനകളും നഷ്ടപ്പെട്ട പ്രതീക്ഷകളും വരികളിലൂടെ വാങ്മയ ചിത്രമായി വരച്ചു കാണിക്കുകയാണ് കവി.

സത്യത്തിന്‍റെ വഴികളെക്കാൾ വഞ്ചനയുടെ വഴി സ്വീകരിക്കുന്ന മനുഷ്യരും ലഹരിയുടെ വഴികളിലേക്ക് ഓടിയൊളിക്കുന്ന വ്യക്തിത്വങ്ങളും ഉണ്ട്. വീറും വാശിയും എല്ലാം കൂടെ കൂട്ടിയാലും മരണം എന്ന സത്യത്തിനു മുൻപിൽ എല്ലാ കുതിപ്പും അവസാനിക്കുന്നു എന്ന് കവി സൂചിപ്പിക്കുന്നു.

കവിതയുടെ മറ്റൊരു ഭാഗത്തേക്ക് കടക്കുമ്പോൾ, ഈ കുതിപ്പ് വ്യർത്ഥമാണെന്നറിഞ്ഞിട്ടും കാവ്യസത്യം വരികളിൽ സുരക്ഷിതമാക്കി, പ്രിയതമയുടെ നെറ്റിയിലെ പൊട്ടുപോലെ സൗന്ദര്യം നൽകുന്നതാണെന്നും അവളുടെ പുഞ്ചിരിയിൽ ചക്രവാളത്തിലും ചെമ്പനീർ പൂവിലും ഈ പ്രണയം കാണാൻ സാധിക്കുമെന്നും കവി കൂട്ടിച്ചേർക്കുന്നു.

തിരികെട്ടൊരോട്ടു നിലവിളക്ക് മൂല്യബോധച്യുതിയാണ് ചൂണ്ടികാണിക്കുന്നത്. മനുഷ്യർക്ക് അക്ഷരങ്ങളുടെ വില അറിയാതെ പോയിരിക്കുന്നു. എല്ലാം സ്വാർത്ഥചിന്തയിൽ മുഴുകി കിടക്കുകയാണ്. എല്ലാവരും മുഖംമൂടി അണിഞ്ഞ് നടക്കുന്നു. കാരുണ്യസേവനത്തിൽ പോലും പേവിഷം ബാധിച്ചിരിക്കുന്നതായും മനുഷ്യന്‍റെ മനസ്സിൽ പാമ്പിനേക്കാൾ വിഷം വമിക്കുന്നതായും പറഞ്ഞ് രോഷാകുലനാവുന്ന കവി, അവരുടെ സ്വഭാവ വൈകൃതം മാറ്റാൻ നമ്മുടെ സംസ്കൃതി ശക്തമാണെന്ന് കൂടി എടുത്തുപറയുന്നു.

ആരണ്യമന്ത്രങ്ങൾ, അരുണോദയം, സൂര്യഗായത്രികൾ, ജ്ഞാനപ്രകാശം ഇവയെല്ലാം തന്നെ മൂഢ സംസ്കാരങ്ങൾക്കിടയിലും ശാന്തിയുടെ ഗായത്രി മന്ത്രം ഉയരുകതന്നെ ചെയ്യുമെന്ന പ്രതീക്ഷ ഉറപ്പിക്കുന്നു. ഈ മന്ത്രങ്ങളാൽ അല്ലെങ്കിൽ ഇത്തരത്തിലുള്ള ചര്യകളാൽ നമ്മുടെ മനസ്സിൽ നന്മ തെളിയിക്കുവാൻ കാലത്തിനു സാധിക്കുമെന്നും ഈ നിത്യസത്യം എന്നും തുടിച്ചു നിൽക്കുമെന്നും അതിന്‍റെ തുടിപ്പ് കവിയിൽ എന്നും രാഗം പകരുമെന്നും പ്രത്യാശിക്കാം.

ഈ കാവ്യത്തിൽ അർത്ഥതലങ്ങൾ മാത്രമല്ല, താളബോധവും ഒഴുകുന്നതായി നമുക്ക് കാണാം. ആധുനിക കവിതകൾ ചിലത് താളത്തിനുള്ള ചലനശേഷി ഇല്ലാത്തവയായപ്പോൾ തന്‍റെ കാവ്യങ്ങളിൽ പഴയ ശീലുകൾ നാഴികക്കല്ലു പോലെ സൂക്ഷിക്കാൻ കവിക്ക് സാധിച്ചിട്ടുണ്ട്. പി യുടെ കാവ്യങ്ങളിൽ കാണുന്ന വ്യത്യസ്ത ജീവിതഭാവങ്ങൾ ഈ കവിയുടെ വരികളിലും നിറഞ്ഞിരിക്കുന്നു. സഹൃദയനു മാത്രമല്ല ഏതൊരു എഴുത്തുകാരനും വെട്ടം പകരുന്നതാണ് അദ്ദേഹത്തിന്‍റെ കാവ്യമൊഴികൾ.

കാവ്യജീവിതത്തിൽ പുതിയ പാരമ്പര്യം സൃഷ്ടിക്കാൻ കഴിയുന്ന, സാഹിത്യലോകത്തെ വസന്തകാലമായി ഈ വരികളും ഗണിക്കപ്പെടും

അക്ഷര മോഹൻ എ.
അധ്യാപിക
എസ്. എൻ. എം. എച്.ച് എസ്. എസ് ചാഴൂർ

Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...1 comment:

Unknown said...

മാഷിൻ്റെ കവിതയ്ക്കൊരു ആസ്വാദനകുറിപ്പ് എഴുതാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം