Jyothiraj Thekkuttu :: നോവേറ്റിപ്പടർന്ന അടയാളവാക്കുകൾ

Views:

നോവേറ്റിപ്പടർന്ന അടയാളവാക്കുകൾ
ജ്യോതിരാജ് തെക്കൂട്ട്


ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം.


സംസ്കാരത്തിന്റെയും, കലയുടെയും, സാഹിത്യത്തിന്റെയും, ഭാഷയുടെ തന്നെ മേഖലയെ വർഗ്ഗീയവത്ക്കരിക്കാനുള്ള കുത്സിത പ്രവർത്തനങ്ങളെ പ്രതിരോധിക്കുവാൻ മാനവികതയുടെയും, സർഗ്ഗാത്മകതയുടെയും ദാർശനിക തലങ്ങളുടെ ആന്തരിക ചോദനകളെ ചലനാത്മകമാക്കേണ്ടതുണ്ട്.

ഈയിടെ രജി ചന്ദ്രശേഖർ മാഷിന്റെ മഞ്ചാടി എന്ന കവിത വായിക്കുവാനിടയായി. മൂർച്ചയുള്ള വാക്കുകൾ കൊണ്ട് ചെത്തിയൊരുക്കി അനായാസ സംവേദനത്തിനു അനുയോജ്യമായ ഭാഷാശൈലിയിൽ വേദനകളെ പോലും കാവ്യവത്ക്കരിച്ച വൈകാരിക ഭാഷയുടെയും, ഭാവനയുടെയും വിശുദ്ധ സങ്കലനം അടയാളപ്പെടുത്തിയ കവിത.

സംഘർഷഭരിതമായ കാലത്തിന്റെ വറ്റാത്ത ജീവിതാനുഭവങ്ങളുടെ വരണ്ട മണ്ണിനെ ആർദ്രമാക്കുന്നതിന് എഴുത്തിന്റെയും, വായനയുടെയും നടവഴികളെ നൈതിക ജാഗ്രതയോടെ, മൂല്യപുഷ്ടിയോടെ വിനിയോഗിക്കേണ്ടതുണ്ട്. ഉള്ളിൽ ലയിച്ച് രചിച്ചാലെ കവിത സാന്ദ്രമാവുകയുള്ളു. തനതായ താളവും ലയവും വന്നു ചേരുകയുള്ളു. ഇങ്ങനെ സമഗ്രമായൊരു ഭാവശില്പം ഉൾകൊണ്ട കവിതയാണ് മഞ്ചാടി.

നോവേറ്റിപ്പടരുന്ന ഈ കവിത വേട്ടയാടപ്പെടുന്നവരെ അടയാളപ്പെടുത്തുന്നു. മഞ്ചാടിക്കുരു പോലെ ചിതറിത്തെറിച്ച ചോരത്തുള്ളികൾ ഹൃദയമില്ലാത്ത ലോകത്തിന്റെ അസ്ഥിമാടങ്ങളായി ഏകാന്ത സന്ധ്യകളെ പോലും ദുഃഖമയമാക്കുന്നു.

പാണന്റെ പാട്ടും കടുന്തുടിത്താളവും

വീണയും വേടനും വാടിയ പൂക്കളും

നോട്ടം വിറയ്ക്കുന്ന വാക്കും വിതുമ്പുന്നു

ദുഃഖമാണേകാന്ത സന്ധ്യകൾ.

എന്ന വരികൾ, രക്തക്കുഴലുകൾ മറിഞ്ഞു പോയ ഒരു കാലത്തിന്റെ, ജീവിതത്തിന്റെ നേർസത്യങ്ങളുടെ മർമ്മത്തിലേക്കു  നോക്കുവാനുള്ള കവിയുടെ നിരീക്ഷണ പാടവം എടുത്തു കാണിക്കുന്നു.

തെരുവിലേക്കു വലിച്ചെറിയപ്പെട്ട വൃദ്ധജനങ്ങളുടെ ദുഃഖനിമഗ്നമായൊരു ചരിത്രവും വഴിതെറ്റിയലയുന്ന ബാല്യത്തിന്റെ ദയനീയ ചിത്രവുമുണ്ടിതിൽ. സ്ത്രീകളും, കുട്ടികളും സുരക്ഷിതരല്ലയെന്ന് നിരന്തരം വിളിച്ചു പറയുന്ന കവിത പ്രതിഷേധത്തിന്റെയും, ധാർമ്മിക ബോധത്തിന്റെയും പ്രതീകമാകുന്നു.

ആധുനിക നാഗരിക ജീവിതത്തിന്റെ വ്യഗ്രതയും, അശാന്തിയും യാഥാർത്ഥ്യമാകുമ്പോൾ വേദനയുടെ ആത്മീയത അന്വേഷിക്കുന്ന വിചാരങ്ങൾ അപരന്റെ ദുഃഖത്തെ കുറിച്ചുള്ള കരുതലായി മനുഷ്യന്റെ സ്വപ്നങ്ങളേയും, ചിന്താമണ്ഡലങ്ങളേയും, പ്രചോദനങ്ങളേയും ഈ കവിത പ്രലോഭിപ്പിക്കുകയും, പ്രകോപിപ്പിക്കുകയും ചെയ്യുന്നു.

വഞ്ചിച്ചു പൊട്ടിച്ചിരിക്കുന്ന കൂട്ടരും

കള്ളന്റെ കാവലും കാടും കുടികളും

വെള്ളം കുതിർക്കാത്തൊരുച്ഛിഷ്ട ഭാരവും

വേഗവും വാശിയും വല്ലാതെ വിങ്ങുന്നു

വ്യാർത്ഥമാണാർത്തിക്കുതിപ്പുകൾ.

എന്ന വരികളിൽ ഇത് സ്പഷ്ടമാണ്.

എല്ലാ പ്രശ്നസങ്കീർണ്ണതകൾക്കിടയിലും ധന്യതീർത്ഥം തളിക്കുവാൻ, കനത്ത അന്ധകാരത്തെ കനൽത്തരി പോലെ പ്രേമോജ്ജ്വലമാക്കുവാൻ കവി തന്റെ ഉള്ളിന്റെയുള്ളിൽ സ്വയം സൂര്യതേജസ്സാവുകയും ചുറ്റുമുള്ളവരെ പ്രകാശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

അടയാത്ത കണ്ണുകൾ അസ്തമിക്കാത്ത നക്ഷത്രങ്ങളായി സാമൂഹ്യ പ്രതിബദ്ധതക്കൊരു മുതൽക്കൂട്ടാകുന്ന ഇത്തരം കവിതകൾ ഇനിയുമിനിയും രജി മാഷിന്റെ തൂലികയിൽ നിന്നും അനർഗ്ഗളമായി ഒഴുകട്ടെയെന്ന് ഹൃദ്യമായി ആശംസിക്കുന്നു.

ശക്തമാണാർഷഗംഗോത്രികൾ

ധന്യമാം തീർത്ഥം തളിക്കുവാൻ

മഞ്ചാടി പോലെന്റെ കൈവെള്ളയിൽ

നിത്യസത്യം തുടിക്കുന്നു

ജ്യോതിരാജ് തെക്കൂട്ട്

എഴുത്തുകാരി, പത്രപ്രവർത്തകManchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...No comments: