Jagan :: ചെറുകിട വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ "മുതലാളിമാർ" അല്ല.

Views:


സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തിന്റെ തൊണ്ണൂറു ശതമാനത്തോളം വരുന്ന തുക സർക്കാരിൽ നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെ, എന്നാൽ, അക്ഷരാർത്ഥത്തിൽ ഭീഷണികളും പീഡനവും ഏറ്റുവാങ്ങിക്കൊണ്ടു തന്നെ, പൊതുജനങ്ങളിൽ നിന്നും വിൽപ്പന നികുതി  (ഇപ്പോൾ ജി.എസ്.ടി) ഇനത്തിൽ പിരിച്ച് നൽകുന്ന ചെറുകിട വ്യാപാരികൾക്ക് ചെറിയ ഒരാശ്വാസം പകരുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവ്.

നാമമാത്രമായ കർഷക പെൻഷൻ ലഭിക്കുന്നതിന്റെ പേരിൽ വ്യാപാരി ക്ഷേമനിധിയിൽ നിന്നും ലഭിക്കുന്ന ക്ഷേമനിധി പെൻഷൻ നിഷേധിച്ച സർക്കാർ നടപടി തെറ്റെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചു. നാമമാത്ര കർഷകർ ഉപജീവനത്തിന് മറ്റൊരു തൊഴിലിലും ഏർപ്പെടരുതെന്ന് സംസ്ഥാനത്ത് നിയമം നിലവിൽ ഇല്ലെന്ന് കമ്മിഷന്റെ ഉത്തരവിൽ പറയുന്നു. നാമമാത്ര കൃഷി, ചെറുകിട വ്യാപാരം എന്നിവയിൽ നിന്ന ലഭിക്കുന്ന തുച്ഛമായ വരുമാനം ഒന്നുകൊണ്ടു മാത്രം ശരാശരി കുടുംബങ്ങൾക്ക് ജീവിക്കാനാവില്ലെന്നും ഉത്തരവിൽ ഉണ്ട്........!

ഈ ഉത്തരവ് സർക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
വ്യാപാരി ക്ഷേമനിധിയിൽ നിന്നും തുച്ഛമായ തുക പെൻഷൻ വാങ്ങുന്ന വ്യാപാരികൾ മറ്റ ക്ഷേമ പെൻഷനുകൾ ഒന്നും തന്നെ കൈപ്പറ്റാൻ പാടില്ല എന്ന നയമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് ........!

ചെറുകിട വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ  "മുതലാളിമാർ" അല്ല.
സർക്കാർ തൊഴിൽ നൽകാത്തതിനാൽ ഉപജീവനത്തിനായി കച്ചവടം തൊഴിൽ ആയി അവർ തെരഞ്ഞെടുത്തെന്നു മാത്രം.
കമ്മിഷന്റെ മേൽ വിവരിച്ച ഉത്തരവിൽ പറയുന്നത് പോലെ ഉപജീവനത്തിനായി ചെറുകിട വ്യാപാരം തെരഞ്ഞെടുത്തവർക്ക് കൃഷി,തയ്യൽ, കെട്ടിട നിർമ്മാണം, കശുവണ്ടി മേഖല, പശുവളർത്തൽ തുടങ്ങിയ മറ്റു തൊഴിൽ മേഖലകളിൽ കൂടി പണിയെടുത്ത് കുടുംബം പോറ്റാൻ പാടില്ല എന്ന് സംസ്ഥാനത്ത് ഒരു നിയമവും നിലനിൽക്കുന്നില്ല എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം.
മറ്റൊരു തരത്തിൽ ചിന്തിച്ചാൽ ഒന്നിൽ കൂടുതൽ ചെറുകിട തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാൻ തയ്യാറാകുന്നവർ സംസ്ഥാനത്തിന്റെ ഉൽപാദന മേഖലയ്ക്ക് തനേറെതായ അധിക സംഭാവന നൽകി ആ മേഖലയെ പുഷ്ടിപ്പെടുത്തുകയല്ലേ ചെയ്യുന്നത് ............?

അത്തരം വ്യക്തികളെ കണ്ടെത്തി ക്ഷേമപെൻഷൻ അയാൾ അപേക്ഷിക്കാതെ തന്നെ സ്വമേധയാ സൗജന്യമായി നൽകി പ്രോൽസാഹിപ്പിക്കുകയല്ലേ ദിശാബോധമുള്ള സർക്കാരുകൾ ചെയ്യേണ്ടത്..........?

അതിനു പകരം, കൂടുതൽ പണിയെടുക്കാൻ ഉൽസാഹം കാണിക്കുന്ന കഠിനാദ്ധ്വാനികളെ അവരുടെ ന്യായമായ ആനുകുല്യങ്ങൾ കൂടി നിഷേധിച്ച്, നിരുൽസാഹപ്പെടുത്തുന്ന തലതിരിഞ്ഞ, പിൻതിരിപ്പൻ നയം ഇനിയെങ്കിലും സർക്കാർ പുന:പരിശോധിക്കേണ്ടതാണ്.

ഇനി മറ്റൊരു വസ്തുത കൂടി നാം ഓർക്കണം.
വ്യാപാരി ക്ഷേമനിധി പെൻഷൻ, ചെറുകിട വ്യാപാരികൾക്ക് സർക്കാർ സൗജന്യമായി നൽകുന്നതല്ല...........!
ചെറുപ്പത്തിൽ  വ്യാപാര രംഗത്ത് വരുന്ന ഒരു യുവാവ് 60 വയസ്സ് ആകുന്നതു വരെ, അയാളുടെ വാർഷിക വിറ്റുവരവിന് ആനുപാതികമായിട്ടുള്ള തുക വാർഷിക വരിസംഖ്യ ആയി ക്ഷേമനിധി ബോർഡിൽ കൃത്യമായി, മുടക്കമില്ലാതെ ഒടുക്കിയാൽ മാത്രമേ, അറുപത് വയസ്സിന് ശേഷം പെൻഷൻ ലഭിക്കാനുള്ള അർഹത പോലും നേടുകയുള്ളൂ.
മിനിമം പെൻഷൻ തുക 1100 രുപ മാത്രമാണുതാനും....... !!

ഗുണഭോക്താവിൽ നിന്നും വരിസംഖ്യ വാങ്ങിയിട്ട് നിശ്ചിത കാലയളവിന് ശേഷം പെൻഷൻ ആയി മടക്കി നൽകുന്ന ഈ പദ്ധതിയെ സർക്കാർ നൽകുന്ന        'സൗജന്യ'  ക്ഷേമ പെൻഷൻ എന്ന ശ്രേണിയിൽ എങ്ങനെയാണ് പെടുത്താനാകുക........!?

ഏകദേശം, ലൈഫ് ഇൻഷുറൻസ്, പബ്ളിക് പ്രോവിഡന്റ് ഫണ്ട് മുതലായവയ്ക്ക് സമാനമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ.

സർക്കാർ സൗജന്യമായി നൽകുന്ന വാർദ്ധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള മറ്റു ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട് എന്ന കാരണത്താൽ മേൽ വിവരിച്ചതരത്തിൽ ലഭിക്കുന്ന വ്യാപാരി ക്ഷേമനിധി പെൻഷൻ നിഷേധിക്കാൻ പാടില്ല തന്നെ.

സംസ്ഥാന മനഷ്യാവകാശ കമ്മിഷന്റെ മേൽപ്പറഞ്ഞ ഉത്തരവിൽ ഒരു കർഷക പെൻഷൻ ഗുണഭോക്താവിന്റെ പരാതി മാത്രമാണ് പരിഗണിച്ചിട്ടുള്ളത്, പരാമർശിച്ചിട്ടുള്ളത്.

ഈ ഉത്തരവിന്റെ വെളിച്ചത്തിൽ മറ്റ് ക്ഷേമ പെൻഷനുകൾ വാങ്ങുന്ന ചെറുകിട വ്യാപാരികൾക്കു കൂടി പ്രസ്തുത ഉത്തരവിൻ പ്രകാരമുള്ള പരിരക്ഷ ലഭിക്കുന്നതിനു വേണ്ട നടപടി സർക്കാരിൽ നിന്നും ഉടൻ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ആണ് ലേഖകൻ.

- പത്രാധിപർ


No comments: