K V Rajasekharan :: കോൺഗ്രസ്സ്: 'വഞ്ചി തിരുനക്കരെത്തന്നെ'

Views:


സോണിയ വീണ്ടും കോൺഗ്രസ്സ് അദ്ധ്യക്ഷ!  'വഞ്ചി തിരുനക്കരെത്തന്നെ'! അവിടെ കിടക്കട്ടെ.  ഏലിച്ചേടത്തിയുടെ കഥയൊന്നു കേട്ടിട്ട് നോക്കാം വഞ്ചി ഇനിയും അനങ്ങുമോയെന്ന്.

ഏലി ഒരു കോലമാകും  വരെ ആരെയും താക്കോൽ ഏൽപ്പിച്ചില്ല. ഏലിയുടെ അമ്മായിയമ്മയുടെ മൂക്കും മുഷ്കും നാക്കും നോട്ടവും ഉള്ള മോളെ ഏൽപ്പിക്കുമെന്നു നോക്കിയിരിപ്പായിരുന്നു ഇടവകക്കാരെല്ലാം.  അടിച്ചു പൊളിക്കാനുള്ള അവരുടെ മോഹം!
ഏലിയുടെ പേടി അതല്ലായിരുന്നു. മോടെ കെട്ടിയോൻ ആളു പിശകാണ്. ആർത്തി പെരുത്തവനാണ്, കമിഴ്ന്നു വീണാൽ കാൽപണം കൊണ്ടേ പൊങ്ങൂയെന്നാണ് നാട്ടുകാർ പറയുന്നത്.  അതല്ല പ്രശ്നം, അതിൽ ഏലിക്കൂ പരാതിയുമില്ല. മരുമകന്റെ അപ്പനും അനിയനും എങ്ങനെയാ ചത്തതെന്ന് ആളുകൾ പലതും പറയുന്നു. അത് ഓർക്കുമ്പോൾ ഉള്ളിൽ ഒടുങ്ങാത്ത പേടി.
 മറ്റൊന്ന് മോനാണ്. അവിടെയും പ്രശ്നം! .
അവൻ എങ്ങനെ പോകുന്നു, എതിലേ പോകുന്നു, പുറത്തു പറയാൻ കൊള്ളില്ല. നാലാളറിഞ്ഞ് കെട്ടിയിട്ടില്ല. കാണിക്കാനൊരൂ കെട്ടിയോളുമില്ല.  കാണാമറയത്ത് കണ്ണെത്താദൂരത്ത് ചുറ്റിക്കളിയാണ് പണി എന്നത് അറിയാനിനി ആരും ബാക്കിയില്ല. 
കൂടുതൽ ആലോചിച്ചിട്ടു കാര്യമില്ല. ഇനി അവനാകട്ടെ കുടുംബം നടത്തുന്നതെന്ന്  ഏലി രണ്ടും കൽപ്പിച്ചു തീരുമാനിച്ചു.

എന്തായാലും കാര്യമായ പണിയൊന്നും ബാക്കിയില്ലാ എന്നതായിരുന്നു സമാധാനം.  ചാകാൻ നേരം നോക്കി കിടക്കുന്ന വല്ല്യപ്പനേ കുഴിയിലേക്കെടുക്കുന്ന പണി നടത്തണം..  ഏലി നോക്കിയിട്ടിതുവരെ നടക്കാത്ത കാര്യമാണ്! മോനത് സാധിക്കുമെന്ന തോന്നലുണ്ടായിരുന്നു.  കുറ്റം പറയരുതല്ലോ അടുത്ത് എത്തിയപ്പോഴൊക്കെ മുട്ടിയും തട്ടിയും പട്ടിണിക്കിട്ടും അവനും ശ്രമിച്ചു.  പക്ഷേ എന്തു ചെയ്യാൻ! പണ്ട് ഉണ്ടത് പാഴല്ലാതിരുന്നതുകൊണ്ട് കിളവൻ ചത്തുമില്ല, കട്ടിലൊഴിഞ്ഞതുമില്ല.

പക്ഷേ മോനാരാ മോൻ!  വല്ല്യപ്പന് ഇനി കാലം ഏറെയില്ലായെന്ന് അവനുറപ്പാക്കി.  ഇനി അന്ത്യക്കൂദാശ കൊടുക്കാൻ അച്ചനെ വിളിച്ചാൽ മതിയെന്ന നിലയിലവൻ എത്തിച്ചൂ. അവിടെയാണു പ്രശ്നം!
ആരുവേണമെങ്കിലും ആയിക്കൊള്ളൂ എനിക്കിനി ഈ പണി പറ്റില്ലായെന്ന് അവൻ തീർത്തു പറഞ്ഞു. 
അവനെ കുറ്റം പറയാനും പറ്റില്ല.  ചുറ്റിക്കളിച്ചു നടന്ന ചെറുക്കനല്ലേ? എത്ര കാലം ഇങ്ങനെ വല്ല്യപ്പനേം നോക്കി ഇരിക്കാനാകും? തന്നെയല്ല. കിളവൻ തട്ടിപ്പോയാൽ കാലപ്പഴക്കം കൊണ്ടും കയ്യിലിരുപ്പുകൊണ്ടും ആണെന്നാണ് പൊതുധാരണയെങ്കിലും അതിൽ  ചെറുക്കന്‍റെ കൈക്രിയയും ഉണ്ടെന്ന് അറിയാവുന്നവരാരെങ്കിലും പോസ്റ്റുമാർട്ടം വേണമെന്നായാൽ ചെറുക്കന്‍ കുടുങ്ങും. 

ഇട്ടിട്ടു പോകും വഴി അവൻ  പറഞ്ഞ് കൃത്യം: "മരണം കാത്തു കിടക്കുന്ന കിളവന്റെ അന്ത്യക്കൂദാശ കൂടി  ചെയ്യിക്കാൻ എന്നെ കിട്ടില്ല. എന്റെ പുറകെ ആരും വിളിച്ചു കൂവി വരുകയും വേണ്ട.  ആരു വേണേൽ ചെയ്തോ. പക്ഷേ ആ പണി എന്റെ അമ്മയേം പെങ്ങളേം ഏൽപ്പിക്കരുത്".

അവൻ ഉള്ള കാര്യമാ  പറഞ്ഞത്. പക്ഷേ ഇടവകക്കാർ പിന്നേം പുറകെ!  അവൻ തന്നെ വേണമെന്നാണ് വലിയ വായിൽ നിലവിളിക്കുന്നത്.  പക്ഷേ യഥാർത്ഥത്തിൽ മോളെയാണ് അവന്മാർക്കു വേണ്ടത്. ചില അവന്മാരൊക്കെ അങ്ങനെ തന്നെ  പറയുന്നുമുണ്ട്. അതുപിന്നെ അങ്ങനെയല്ലേ വരൂ. അവളാകുന്നതല്ലേ അവന്മാർക്കും ഒരിത്. മോനത് അറിഞ്ഞുകൊണ്ടു തന്നെയാണ് അവളെ  പോയിട്ട് എന്നെ പോലും ആ പണി ഏൽപ്പിക്കരുതെന്ന് പ്രത്യേകം പറഞ്ഞത്.

പകരം ആരാണെന്ന ചോദിച്ചപ്പഴേ ഞാൻ അടുക്കളയിലും തോട്ടത്തിലും തൊടിയിലും പണിയെടുക്കുന്ന പറഞ്ഞാൽ കേക്കുന്ന, തിരിച്ചു പറയാത്ത, വിശ്വസിക്കാൻ കൊള്ളാവുന്ന, വേലക്കാരെ ആരെയെങ്കിലും ആകാമെന്നു പറഞ്ഞതാണ്.  പക്ഷേ ഇടവകയിൽ പലർക്കും എതിർപ്പ്. തടിയുള്ളവരും മിടുക്കുള്ളവരും പ്രായം കുറഞ്ഞവരും വേറെയുണ്ടുപോലും! അവനെയൊക്കെ താക്കോൽ ഏൽപ്പിച്ചാൽ ചെറുക്കനെന്നെങ്കിലും തിരിച്ചുവരുമ്പോൾ എന്നായെടുത്ത് കൊടുക്കും?

വേല കയ്യിലിരിക്കട്ടെ,  ഏലി ഇനം വേറെയാണ്. തത്കാലം  ഏലി ആ താക്കോൽ എളിയിൽ തന്നെ വെക്കുകാ!  ഇടവക കമ്മിറ്റി കൂടിയപ്പോൾ ഏലിയുടെ ഉള്ളറിഞ്ഞ് അങ്ങനെ തീരുമാനിച്ചു.   പുത്തനുടുപ്പിട്ടു വന്നവന്മാരുടെ താടിക്ക് തട്ടിയവർക്ക് ഏലി എന്നും അന്നവും കൊടുക്കും  ആശ്രയവും കൊടുക്കും. അവരെ ആ വഴിയിലെത്തിച്ച അന്തോണിച്ചേട്ടൻ കമ്മറ്റിയിൽ എന്നുമുണ്ടാകുമെന്ന് ഏലിയുടെ ഉറപ്പുമുണ്ട്.

ഇനി കോൺഗ്രസ്സ് വഞ്ചിയിലേക്കാകാം നോട്ടം.  2019ലെ തെരഞ്ഞെടുപ്പിൽ തോറ്റു തകർന്ന കോൺഗ്രസ്സിന്  രാഹുൽ ഏറ്റവും നല്ല ഒരവസരമാണ് നൽകിയത്. ഇൻഡ്യൻ ജനാധിപത്യത്തിന്റെ  ശോഭനമായ ഭാവി ഉറപ്പാക്കുവാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന് ശ്രമിച്ചു നോക്കാവുന്നതാണ്. ഒരു വെല്ലുവിളി നിലവിലുണ്ട്. ഒരു സാദ്ധ്യത ഒളിഞ്ഞിരിക്കുന്നുമുണ്ട്.

പാർട്ടിയുടെ തലപ്പത്ത് നിന്നും സോണിയ കുടുംബം മാറണം.  
ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്ന് പ്രവർത്തകർ വളർന്നുവന്ന് ദേശീയതലത്തിലും സ്വാഭാവിക നേതൃത്വം വളർന്നു വരണം.  അതൊരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന് ഇടവരുത്തണം. മറ്റു പാര്‍ട്ടികൾക്കും മാതൃകയാകണം. അങ്ങനെ സംഭവിച്ചാൽ  ഭാരതത്തിനു നല്ലത്, ജനാധിപത്യത്തിന്റെ നല്ലത്, ലോകത്തിനും നല്ലത്.
അങ്ങനെ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകാൻ സോണിയയെയോ രാഹുലിനെയോ പ്രിയങ്കയയെയോ രാഷ്ട്രീയ തട്ടകത്തിനു പുറത്താക്കേണ്ടതുമില്ല.  അവർക്കും സക്രിയമായി തുടരാം.
ലോകസഭാ അംഗത്വം ഉൾപ്പെടെ എല്ലാ പദവികളിൽ നിന്നും മാറി നിൽക്കുക. അനധികൃതമായി കയ്യിലെത്തിയ മുഴുവൻ സമ്പാദ്യവും പാർട്ടിക്കും സമാജത്തിനും രാജ്യത്തിനുമായി സമർപ്പിക്കുക.  തങ്ങൾക്ക് എതിരെയുള്ള കേസുകളിൽ നാഷണൽ ഹെറാൾഡു പോലെ തെറ്റു ചെയ്തിട്ടുള്ള കേസുകളിൽ കുറ്റം ഏറ്റു പറഞ്ഞ് പെട്ടെന്നു തീർപ്പാക്കുവാൻ നോക്കുക. മറ്റുള്ളവയിൽ പ്രതിരോധിക്കണമെങ്കിൽ അങ്ങനെയാകാം.
കഴിഞ്ഞില്ല.
സർക്കാർ ബംഗ്ളാവുകൾ ഒഴിയുക.  അദ്ധ്വാനിച്ചുണ്ടാക്കിയതോ അവകാശമായി കിട്ടിയതോ ആയ പണം കൊടുത്ത് വീടു  വാങ്ങി അമ്മയും മകനും മകളും താമസം അങ്ങോട്ട് മാറ്റുക. കൂടെ താമസിക്കേണ്ടവരാരെങ്കിൽ നാലാളറിഞ്ഞ് കൂടെ താമസിപ്പിക്കുക.  ബിനീഷ് കോടിയേരിയുടെ ഗതി വരാതിരിക്കും. ഇടയ്ക്കിടെ ആരോടും പറയാതെ വിദേശത്തേക്ക് പോകുന്നതും ഒഴിവാക്കാം.
ധൈര്യമുണ്ടെങ്കിൽ ഇത്രയൊക്കെ ചെയ്താൽ പുതിയ ഒരൂ ജീവിതം നിങ്ങളെ കാത്തിരിക്കും.  ഇത്രയൊക്കെ ചെയ്താലും അവരെ വീണ്ടും വേട്ടയാടാനും മാത്രം കല്ലു പോലെയുള്ള മനസ്സല്ല നരേന്ദ്ര മോദിക്കും കൂടെയുള്ളവർക്കും ഉള്ളത്.  തെറ്റ് തിരുത്തിയാലും തെരുവിലിറക്കുന്നതല്ല ഭാരതത്തിന്റെ സംസ്കാരം.

ഇത്രയും കഴിഞ്ഞാൽ രണ്ടാം ഘട്ടമാകാം.

പേരിലെ തട്ടിപ്പ് നിർത്തുക. ഗാന്ധിയെന്ന വാല് മുറിക്കുക
രാഹുലാണെങ്കിൽ അങ്ങനെ റൗൾ വിൻസിയാണെങ്കിൽ അങ്ങനെ, ഏതെങ്കിലും ഒന്നു മതി. മറ്റുപൗരത്വം പരസ്യമായി ഉപേക്ഷിക്കുക. ഒന്നിലധികം പാസ്പോർട്ടും വേണ്ട.  ഒഴിവാക്കി ലോകത്തെ അറിയിക്കുക.
ഇനിയാണ് യഥാർത്ഥ അവസരം.

മഹാത്മാ ഗാന്ധിയുടെ വഴി സ്വീകരിക്കുക. 
അധികാരത്തോട് അകലം പ്രാപിച്ചുകൊണ്ട് ജനങ്ങൾക്ക് വേണ്ടി പോരാടുന്നവർക്ക് വഴികാട്ടിയാകുക, സഹയാത്രികനാകുക.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ഒരു മഹാത്മാവിനെ ലഭിക്കും. ഒരു രാഷ്ട്രപതിയ്ക്കൊ പ്രധാനമന്ത്രിക്കൊ എത്തിപ്പെടാൻ കഴിയുന്നതിനപ്പുറം ചരിത്രം നിങ്ങളെ എത്തിക്കും.
കഴിയുമെങ്കിൽ ശ്രമിച്ചു നോക്ക്.  അല്ലെങ്കിൽ

"വഴി മാറൂ മുണ്ടയ്ക്കൽ ശേഖരാ"!

No comments: