Anu P Nair :: "പുതിയ തലമുറ വായിക്കുന്നില്ല "

Views:

Photo by Nicole Honeywill on Unsplash

"ഇപ്പോഴത്തെ പിള്ളേരൊന്നും വായിക്കത്തില്ല "

"ആരാ ഇപ്പോ വായിക്കുന്നത് "
സ്ഥിരം കേൾക്കുന്ന ചില ഡയലോഗുകളാണ് .

പണ്ഡിതന്മാർ മുതൽ പാമരന്മാർ വരെ ഡയലോഗടിച്ചവരിലുണ്ട് .
ചിലർ അങ്ങനെയാണ് . അവർക്കു "ഞാൻ അല്ലേൽ എന്റെ മക്കൾ " ആയിരിക്കും ലോകം . അതിൽ നിന്നുകൊണ്ട് മാത്രമേ എന്തിനെയും പറ്റി സംസാരിക്കൂ .

വായിക്കാൻ പുതിയ തലമുറ മിനക്കെടുന്നില്ല എന്ന് അഭിപ്രായമുള്ളവരോട് രണ്ടു സംഭവങ്ങൾ പറയാം .

ഇ കഴിഞ്ഞ ജൂണിൽ പതിനെട്ടു പ്ലസ് ടു (സയൻസ് ) വിദ്യാർത്ഥികൾക്കൊപ്പം ഞാൻ ജീവിച്ചു . എന്ന് പറഞ്ഞാൽ ഊണും ഉറക്കവും ഉൾപ്പെടെ 24 മണിക്കൂറും അവർ എന്നോടൊപ്പമോ ഞാൻ അവർക്കൊപ്പമോ ഉണ്ടായിരുന്നു .
ഈ കുട്ടികൾ വർഷം 11 ലക്ഷം രൂപവരെ കൊടുത്താണ് പഠിക്കുന്നത് എന്നറിഞ്ഞാലേ അവരുടെ സാമ്പത്തിക ചുറ്റുപാട് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുള്ളു .മിക്കവരും എൻ ആർ ഐ ക്കാരാണ് .

ഈ കുട്ടികൾ "ഗുരുകുലം" എന്നറിയപ്പെടുന്ന അവരുടെ ഹോസ്റ്റലിൽ എത്തുന്നത് ഒരു കെട്ടു പുസ്തകങ്ങളുമായിട്ടാണ് . പഠിക്കാനുള്ള പുസ്തകങ്ങളല്ല . വെറും ഫിക്ഷനുകൾ . ചേതൻ ഭഗത് മുതൽ പൗലോ കൊയ്‌ലോ വരെയുള്ളവരുടെ പുസ്തകങ്ങൾ . വെറുതെ കെട്ടിച്ചുമന്നു കൊണ്ടുവരലല്ല . വായിക്കുന്നുമുണ്ട് . ഞാനും അൽപ്പമൊക്കെ വായിക്കുമെന്ന് മനസ്സിലാക്കിയപ്പോൾ അവർ വായിച്ച പുസ്തകങ്ങളെക്കുറിച്ചു അഭിപ്രായങ്ങളും എന്നോട് പറഞ്ഞു . ഞായറാഴ്ചകളിൽ ഞങ്ങളൊത്തുകൂടി അവ ചർച്ച ചെയ്തു .

വർക്കലയിൽ നല്ലൊരു പുസ്തകാലയമുണ്ട് . ഇംഗ്ലീഷിലേയും മലയാളത്തിലെയും നല്ല പുസ്തകങ്ങൾ ലഭിക്കുന്ന
ക്യാപിറ്റൽ ബുക്സ് . അതിന്റെ ഉടമ എന്നോട് പറഞ്ഞു എംജിഎം സ്കൂളിലെയും ശിവഗിരി സെൻട്രൽ സ്കൂളിലെയും കുട്ടികൾ പതിവായി വന്നു പുസ്തകങ്ങൾ വാങ്ങാറുണ്ടെന്നു .

ഇനി പറ ആരാ വായിക്കത്തെ ?

  • മെഗാ സീരിയലുകൾക്കു മുൻപിൽ അടയിരിക്കുന്ന അമ്മയും മുത്തശ്ശിയും മുത്തശ്ശനുമുള്ള വീട്ടിലെ പിള്ളേർ .
  • പത്രം പോലും വായിക്കാത്ത അച്ഛന്റെ മക്കൾ .

ഈ കുട്ടികൾ വായിക്കണമെന്നു നമുക്കെങ്ങനെ വാശിപിടിക്കാനാകും ?
അവർ വായന കാണുന്നില്ലല്ലോ ?
കാണുന്നതിനെയാണ് കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുക
നേരത്തെ പറഞ്ഞ സ്കൂളുകളിലെയൊക്കെ വിദ്യാർത്ഥികളുടെ അച്ഛനമ്മമാർ വിദ്യാസമ്പന്നരും തിരക്കുള്ളവരും ആണ് . അവർ മെഗാ സീരിയലുകൾ കാണില്ല. എന്നാൽ എത്ര തിരക്കിനിടയിലും വായിക്കാറുമുണ്ട് . അത് ഈ കുട്ടികൾ കാണും.
അതുകൊണ്ട് കുട്ടികൾ വായിക്കും .

നമുക്ക് വെറുതെ കുട്ടികളെ കുറ്റം പറയാനല്ലേ അറിയൂ ..!!!!
മാതൃക കാട്ടാൻ നേരമില്ലാത്ത വെറും സാധാരണക്കാരല്ലേ നമ്മൾ

--- നെല്ലിമരച്ചോട്ടില്‍



No comments: