Views:
നീ കടലാഴങ്ങളിൽ കാമനയുടെ കരുത്തായി
ഇരുളിൻ നറുനിലാവെട്ടമായ്, ആയിരം
സ്വപ്നസാനുക്കളെ തൊട്ടുതലോടി
നാടിന്റെ നന്മയെ കണ്ടറിഞ്ഞോൻ
നീ പ്രണയചന്ദ്രികയുടെ മധുപാത്രം നുകർ-
ന്നുന്മത്തനായലിഞ്ഞു തീർന്നവൻ
ആകാശനീലിമയെ പ്രണയിച്ച്
അനന്തതയിലവിരാമം സ്വയം മറന്നോൻ
വിനയചന്ദ്രിക പ്രഭയാർന്നുണരവെ
മനസ്സിലായിരം തുടികൊട്ടിയുറഞ്ഞവൻ
മണ്ണിനെയറിഞ്ഞവൻ- മാരിയെ പുണർന്നവൻ
വ്രണിത മോഹങ്ങൾക്ക് താരാട്ടുപാടിയോൻ
കണ്ണിലുറക്കം കനംതൂങ്ങിയെത്തവേ-
യകക്കണ്ണിനെ ജ്വലിപ്പിച്ചുണർത്തിയോൻ
നഗരപ്രദക്ഷിണം ദിനചര്യയാക്കവേ
നാട്ടിടവഴികളെ മറക്കാതിരുന്നവൻ
അകക്കാമ്പിലെരിയുന്നൊരനാഥത്വവും പേറി
എങ്ങെങ്ങുമേ വീടുതേടിയലഞ്ഞവൻ
വാക്കായെരിഞ്ഞവൻ കൂട്ടുകാരിയുടെ
പാട്ടുകേട്ടെന്നുമുറങ്ങാൻ കൊതിച്ചവൻ
കൂടുവിട്ടെങ്ങോ മറഞ്ഞു നീ പോകിലും
കൂട്ടുകാരാ നിന്റെ പാട്ടു ഞാൻ കേൾക്കുന്നു
നിന്റെ വാക്കർക്കനായ് മുൻപേ നടക്കട്ടെ
കാടുണർത്തുന്നൊരാ തോറ്റമായ് തീരട്ടേ.
![]() |
അനൂപ് വല്യത്ത് |
No comments:
Post a Comment