വിഷമവൃത്തം :: അനൂപ് വല്യത്ത്

Views:

വിശപ്പിൻ വിളി കേട്ടുണരുന്ന ചിത്തമേ
വിശന്നു കരയുമാ കുഞ്ഞിനെ കണ്ടുവോ
വിശ്വമാകെയും വികസന സങ്കൽപ്പം
പാടിപ്പതിയുമീ പുതു നൂറ്റാണ്ടിലും
പാവങ്ങൾ പട്ടിണിയാൽ നട്ടം തിരിയുമ്പോൾ
അഭയമില്ലാതലയുന്ന കാഴ്ച നീ കണ്ടുവോ?

നമ്മളീ ദൈവത്തിൻ നാട്ടിലിന്നെത്രയോ
മെച്ചമാം ജീവിത സൌഖ്യം നുകരവേ
ശാസ്ത്രമനുദിനം വിസ്മയക്കാഴ്ച്ചകൾ
തീർത്തു നമുക്കേറ്റമാനന്ദമേകവേ
കാണാതെ പോകുന്നു നമ്മളാക്കാഴ്ചകൾ
സങ്കടപ്പെരുമഴ തിമിർക്കുന്ന നാടുകൾ.

കലാപങ്ങൾ അനാഥമാക്കിയ ബാല്യങ്ങൾ
ചോരക്കൊതിയൊടുങ്ങാത്ത ഭരണയന്ത്രങ്ങൾ
ഐശ്വര്യമൊക്കെയും പടിയിറങ്ങിട്ട -
ദൃശ്യരായ് തീരുന്ന സംസ്കാരരഥ്യകൾ
കാണാതെ പോകുന്നു നമ്മളാക്കാഴ്ചകൾ
സങ്കടപ്പെരുമഴ തിമിർക്കുന്ന നാടുകൾ

ഏറെ പുരോഗതി നേടി നാം മാനുഷർ
ഊറ്റം കൊള്ളുവാനേറെയുണ്ടെങ്കിലും
തങ്ങളിൽ കൊല്ലുന്ന ജന്തുക്കൾ നമുക്കത്ര-
മേൽ മേനി നടിക്കുവാനാകുമോ

കറുപ്പും വെളുപ്പും ഇടകലർന്നുറയുന്നോ -
രധിനിവേശത്തിന്റെ അന്തപ്പുരങ്ങളിൽ
പിടഞ്ഞോടുങ്ങീടുന്നെത്രബലരാം മർത്ത്യർ
കുടിലതയെന്തെന്നറിയാത്ത കുഞ്ഞുങ്ങൾ.

ഓരോ പുലരിയും കണ്‍തുറന്നെത്തവേ
കേട്ടുണരുന്നെത്ര ദുഃഖവാർത്തകൾ
കാണുന്നതേറെയും അശുഭമാം കാഴ്ചകൾ
ശുഭദിനം നേരുന്നതെങ്ങനെനാമിനി?അനൂപ് വല്യത്ത്No comments: