ഓണാഘോഷം - ഒരു പിന്നാമ്പുറക്കാഴ്ച :: അനിത ശരത്

Views:
 
അനിത ശരത്

തുമ്പകള്‍ പൂക്കും തൊടിയില്‍ നിന്നും
ഓണം കാണാനൊരു മുത്തി
കനവുകള്‍ തിങ്ങും കരളും പേറി
കനകക്കുന്നില്‍ കാല്‍ വച്ചു

തെറ്റിപ്പൂവും മല്ലിപ്പൂവും
തുളസിപ്പൂവും മുക്കുറ്റീം
കാക്കപ്പൂവും കനകാംബരവും
കണികണ്ടുണരും മുത്തശ്ശി

താഴമ്പൂവും താമരമൊട്ടും
താലോലിക്കും മുത്തശ്ശി
കണ്ണുകളഞ്ചും പൂക്കള്‍ തന്നുടെ
പൂരപ്രഭയില്‍ അന്തിച്ചു

'ഓര്‍ക്കിഡ്‌' എന്നൊരു ബോര്‍ഡിനു കീഴില്‍
നഗരപ്രൌഢിയുമായൊരു പൂ
പ്ലാസ്റ്റിക്കിന്റെ പകിട്ടും പേറി
പാവം മുത്തിയെ നോക്കുന്നു

പാളക്കീറില്‍ ചായം പൂശി
കമുകിന്‍ പൂക്കുലയൊട്ടിച്ച്
ചേമ്പിന്‍ തണ്ടില്‍ നാട്ടിയപോലെ
വേറൊരു പൂവ് ചിരിക്കുന്നു

പളപള മിന്നും പട്ടുടയാടയിൽ
പറ്റിയ പൂമ്പൊടി തട്ടിച്ച്
"ആന്തൂറിയമാണാ"ന്റികളാരോ
അര്‍ഥം വച്ച് സമർഥിച്ചു

"ഓണം കേറാ മൂലയില്‍ നിന്നും
ഓരോന്നോടിക്കേറീട്ട്
കാശിത്തുമ്പേം കണ്ണമ്പൂവും
പരതിപ്പരതി നടക്കുന്നോ "

മമ്മിയിലോരുവൾ വീശിയ വാക്കിൻ
വാൾമുന കൊണ്ടു മുറിഞ്ഞപ്പോൾ
അറ്റത്തൊരു മുള്‍ച്ചെടിയുടെ കൊമ്പിൽ
അറിയാതമ്മ പിടിച്ചേ പോയ്‌

മുമ്പില്‍ കാണും പൂക്കളിലെല്ലാം
കണ്ണീര്‍ വീഴ്ത്തി നനയ്ക്കാതെ
വെക്കം മകളുടെ കയ്യില്‍തൊട്ട്
വെളിയിലിറങ്ങീ മുത്തശ്ശി

പെട്ടന്നയ്യോ എന്ന് കരഞ്ഞു
താഴെ നോക്കി മുത്തശ്ശി
കാലടി മേലെ വീണതു കൊണ്ടൊരു
തുമ്പത്തയ്യു കലമ്പുന്നു

വാരിയെടുത്തു കുഞ്ഞിപ്പൂവിന്‍
നെറുകിൽ മുകര്‍ന്നൂ മുത്തശ്ശീ
മടിയില്‍ തിരുകി മടങ്ങും നേരം
മകളെ പോലെ വളർത്തീടാൻNo comments: