അഭയരഥം

Views:

 


പാമ്പിനുമമ്മേ പാലുകൊടുക്കും
    പാവന പാരമ്പര്യം
പോറ്റി വളര്‍ത്തിയൊരത്ഭുത ജനതതി
    പോരുവെടിഞ്ഞൊരു നാട്.

സ്വര്ണ്ണം രത്‌നം ധനധാന്യപ്രഭ
    വര്‍ണ്ണം വിതറിയ നാട്.
നാനാശാസ്ത്രപഥങ്ങള്‍ ജീവിത-
    നാദമുണര്‍ത്തിയ നാട്.

എന്നും വരദാനത്തിന്‍ പൊരുളുകള്‍
    മിന്നും സുരഭില നാട്.
വിശ്വനഭസ്സിലുമഭയക്കൊടിയുടെ
    രഥമുരുളുന്നൊരു നാട്

സ്വന്തം ജീവനുമേകി ജഗത്തിനു
    സാന്ത്വനമരുളും നാട്
വെല്ലുവിളിക്കും തിമിരാന്ധതയെ
    മെല്ലെ മെരുക്കും നാട്

വിഷഫണമുകളില്‍ ദ്രുതപദതാളം
    ബാലകരാടും നാട്
ആയിരമര്‍ക്കക്കതിരൊളി ചിന്നും
    വാത്സല്യത്തിരു നാട്

അഖണ്ഡഭാരത സങ്കല്പത്തില്‍
    തപസ്സു ചെയ്യും നാട്
വന്ദേമാതര ശംഖൊലി നിത്യം
    പള്ളിയുണര്‍ത്തും നാട്.


No comments: