ഈ നാടമ്മ, മക്കള്‍ നാം....

Views: 


ഈ നാടമ്മ, മക്കള്‍ നാം - ഇതു
    സ്വര്‍ഗത്തേക്കാള്‍ പ്രിയതരവും
പാടുന്നൂ കടലലയും മാമല മുടിയും
    ഭാരത ജനതതിയും

സാഗരതരളാന്ദോളിത തിരകള്‍
    കാല്‍ കഴുകിക്കും ഭൂമി
പദതാരിണയില്‍ കന്യാദേവി
    തപസ്സിരിക്കും ഭൂമി
ഗംഗാ യമുനാ സരയൂ നദികള്‍
    തീര്‍ത്ഥമൊരുക്കും ഭൂമി
പ്രപഞ്ചരക്ഷയ്ക്കായി മഹത്താം
    യജ്ഞം തുടരും ഭൂമി

യുഗയുഗ യാത്രാമദ്ധ്യേ പലപല-
    ജനതയ്ക്കഭയം നല്‍കീ നാം
ഒരമ്മപെറ്റോരുറ്റവരായുട-
    നവരെയുമകമേ ചേര്ത്തൂ നാം
ഒരൊറ്റ നൂലില്‍ നറുമണമലരുക-
    ളനവധി കോര്‍ക്കും ഹാരം നാം
മാതാവിന്‍ തിരു നടയില്‍ പ്രാണനു-
    മാഹുതിയേകും മക്കള്‍ നാം.

ലോകം നമ്മുടെ മുന്നില്‍ നമിക്കും
    കാലം വീണ്ടുമണഞ്ഞീടും
അറിവിന്‍ കതിരുകള്‍ ചൊരിയും പുലരിക-
    ളൊഴിയാതെന്നുമുദിച്ചീടും
ശാന്തി ഹിമാലയ നിറവില്‍ നിന്നും
    ഭാഗീരഥിയായെത്തീടും
അഹിംസയേകും വരബലമൊരുനവ-
    മാനവചരിതം സൃഷ്ടിക്കും.


No comments: