കണ്ണാ നീ വരില്ലെ :: ബി കെ സുധ നെടുങ്ങാനൂർ

Views:

കണ്ണാ നീയെന്‍ കിനാവിലെ കാമുകന്‍ 
എന്റെ സ്ത്രീത്വം 
ത്രസിപ്പിച്ചു ചോര്‍ത്തിയോന്‍ 

എന്റെ ശരീരത്തെ കീഴടക്കാതെ 
ഹൃദയത്തെ തടവിലാക്കാതെ 
ആത്മാവില്‍ നുരഞ്ഞു നിറഞ്ഞ 
പ്രണയം മുഴുവനും സ്വീകരിച്ചവന്‍ 

സത്യത്തിന്റെ മൂടുപടം നീക്കി 
ഭൂവിലെ ജീവിതത്തിലെന്‍ 
സഹയാത്രികനായ്‌ 
ഒരു നാള്‍ കണ്ണാ നീ വരില്ലെ 

തോരാതെ പെയ്യുമെന്‍ 
നൊമ്പരങ്ങള്‍ക്കുമേലെ 
മറ്റൊരു ഗോവര്‍ദ്ധനമായ്‌ 
നിന്‍പ്രണയക്കുട നിവര്‍ത്തുകില്ലെ 

എന്റെ പ്രതീക്ഷകളെ നട്ടുനനച്ച്‌ 
ചിന്തകളില്‍ പൂക്കാലം വിരിയിച്ച്
കണ്ണീരിന്‍ നനവ്‌ പങ്കുവച്ച്‌ 
ദുര്‍ഘട വീഥികള്‍ താണ്ടുവാന്‍ 

കരുണയുടെ കരങ്ങളാല്‍ എന്നെ 
നെഞ്ചോടു ചേര്‍ത്ത്‌ ഒപ്പം നടക്കുവാന്‍ 
കല്പനയുടെ മേഘരഥം വെടിഞ്ഞ്‌ 
ഒരു നാള്‍ നീ വരില്ലെ 

നിലയ്‌ക്കാത്ത സ്നേഹ പ്രവാഹമായ്‌ 
നിന്‍ ഹൃദയമാം ക്ഷീര സാഗരത്തില്‍ 
ഒഴുകി നിറയാന്‍ 
എന്നെ നീ അനുവദിക്കില്ലെ ദേവാ 
അതിനായൊരിക്കല്‍ 
ഒരിക്കല്‍ മാത്രം 
കണ്ണാ നീ വരില്ലെ.
http://malayalamasika.in