ഋതു സംക്രമപ്പുഴ :: രാമകൃഷ്ണന്‍ കണ്ണോം

Views:

രാമകൃഷ്‌ണന്‍ കണ്ണോം
10/2013, malayalamasika.in
 
ഋതു സംക്രമപ്പുഴ ഗതിമാറിയൊഴുകുന്നു
കാലമോ സങ്കടക്കടലിലേക്കാഴുന്നൂ...

വര്‍ഷമേഘങ്ങള്‍ക്ക്‌ കണ്ണുനീര്‍ക്കണമില്ലിന്ന്‌
ഹൃദയ നീരുറവയും വറ്റി വരണ്ടു വസുധയും
വാ പിളര്‍ന്നു കേഴുന്നു നിത്യം വിമൂകമായ്‌..

ശ്രാവണപ്പൂക്കള്‍ക്ക്‌ ചിരിയില്ല, ചൊടിയില്ല, ചെടിയുമില്ല-
തമിഴകത്തൊടിയിലെ കീടനാശിനിയില്‍ കുളിച്ച
പൂമണം പേറും കാറ്റല ഈ മലനാട്ടിലേക്കെത്തീടുന്നു

അവിടുത്തെ കായ്‌കറിക്കലവറ
വിഷമയ വിഭവങ്ങളൊരുക്കീടുന്നു.

മാവേലിയില്ലിന്ന്‌ വേലികള്‍- മുള്ളുവേലികളുണ്ടെങ്ങും
പോയ്‌പ്പോയൊരോണത്തിന്‍ നേര്‍ത്തുള്ളൊരീണമായ്‌
ഓര്‍മ്മതന്‍ തിരുശേഷിപ്പു മാത്രമായിന്നേറും
വിപണന മഹാമഹം - സര്‍വ്വ വാണിഭ സഞ്ചയം.
വിശ്വ വാണിഭ വലയില്‍ വീഴ്‌ത്തിയും
ആഗോളഗ്രാമ മിഥ്യകള്‍ വാഴ്‌ത്തവേ

മമ ഗ്രാമ ഗ്രാമാന്തര സീമകളില്‍ നില്‌ക്കും
അത്യുഷ്‌ണ ശാഖികളില്‍ പൂക്കും
രുധിര സന്ധ്യകളുടെ വിഷാദ മണ്‌ഡലത്തെ തേടി
അന്ധകാരത്തിനഹന്ത കൂടണയുമ്പോള്‍-

നാട്ടുചെമ്പകവുമതിന്‍ സാന്ത്വനത്തറകളും
നഷ്‌ട ബാല്യങ്ങള്‍ക്ക്‌ മാമ്പഴം നീട്ടിത്തന്ന
വീട്ടുകയ്യാലയ്‌ക്കലെ മുതുമുത്തച്ഛന്‍ മാവും
മാഞ്ചുവട്ടിലെ കൊച്ചു കളി വീടുകളും
നന്മയുടെ പൊന്‍കണി തീര്‍ക്കാനുണരുന്ന
കനവിന്റെ കര്‍ണ്ണികാരപ്പൂക്കളും
പഴമയുടെ പൂങ്കിളികളൂയലാടു-
ന്നിളം തെങ്ങോലത്തുമ്പുകളുരുവിടും
ശാന്തി മന്ത്രങ്ങളും

സമൃദ്ധിയുടെ നെന്മണിക്കതിര്‍ക്കുലകള്‍ നെഞ്ചേറ്റും
പുഞ്ചവയലേലയും തത്തമ്മകളമൊഴിയും
പച്ചനിറപ്പായല്‍ക്കുളത്തിന്‍ പൊട്ടിപ്പൊളിഞ്ഞുള്ളതാം
പൈതൃകപ്പടവുകളും പൂത്താലിപ്പൂനിരയും
മറയുന്നുവേതോ മൃതിഭാവമായ്‌
മാറുന്നുവേതോ സ്‌മൃതി ചിത്രമായ്‌.
No comments: