എൻഡോസൾഫാൻ :: പി വി മധുസൂദനൻ കൂത്തുപറമ്പ്

Views:
പി വി മധുസൂദനൻ കൂത്തുപറമ്പ്
10/2013,malayalamasika.in
ഇന്ത്യതന്‍ പ്രതിരോധസേനയ്‌ക്കായിനി നമ്മ-
ളെന്തിനായന്യദേശ യുദ്ധക്കോപ്പിറക്കണം
എന്തിനും തികയുന്നൊരായുധമതാണല്ലോ
എന്‍ഡോസള്‍ഫാനെന്നുള്ള മാരകവിഷമോര്‍ത്താല്‍

ശത്രുക്കള്‍മേലെ വര്‍ഷിച്ചീടിലോ അവരുടെ
ശത്രുതയ്‌ക്കൊപ്പംതന്നെ രാജ്യവും നശിച്ചീടും
അണുവായുധംപോലെ മാരകമല്ലോ ശത്രു
പിണമായ്‌ത്തീരുംസര്‍വ്വം നി്‌ശബ്‌ദം നിസ്സംശയം

കേരളമല്ലാതെങ്ങും കണ്ടില്ലേ പരീക്ഷണ-
കേളികള്‍ നടത്തീടാന്‍ പറ്റിയ സ്‌ഥലം നിങ്ങള്‍
നിര്‍ത്തുകീ കരാളതപൂട്ടുകീ കൊടും വിഷം-
നിര്‍മ്മിക്കും പണിശ്‌ശാലയൊക്കെയുമുടനടി

കൊച്ചുകേരളത്തിന്റെ ശിരസ്സാം കാസര്‍ക്കോട്ടില്‍
കൊച്ചുങ്ങളിഴജന്തുമാതിരിയലയുമ്പോള്‍അല്‍പവും
കനിവിന്റെ നിഴലോ ദയാവായ്‌പോ
കെല്‍പ്പെഴും നേതാക്കളേ നിങ്ങള്‍ക്കു തോന്നുന്നില്ലേ
നിങ്ങള്‍തന്‍ കുടുംബങ്ങള്‍ക്കീവിധം ദുരവസ്‌ഥ
വന്നാലേ പാഠം നിങ്ങള്‍ പഠിക്കുവെന്നാണെങ്കില്‍
ഭാരതതലസ്‌ഥാന’മെന്‍മകജെ’യാക്കീടൂ
പോരുക സകുടുംബമിവിടെ കുടിയേറൂ

നേരിട്ടൊന്നറിയുക, ക്രൂരമാം കരാളത
ആരിലും ഭയം ചേര്‍ക്കും ബീഭത്സനിഗൂഢത
നോവിന്റെ കരിനിഴല്‍ വീഴുമീ മണ്ണിന്‍മാറില്‍
ഭാവിയില്ലാതെ നില്‍പൂ വര്‍ത്തമാനമാം കാലം
ഈ വിഷപര്‍വ്വം താങ്ങാന്‍ കെല്‍പ്പില്ലാതുഴലുന്നു
ജീവിതം, മണ്ണും വിണ്ണും വിഷലിപ്‌തമായ്‌ മാറി

തേങ്ങുന്നൂ ചന്ദ്രഗിരിപ്പുഴയും കാര്യങ്കോടും
മൊഗ്രാലും ചിത്താരിയും മറ്റൊരു കാളിന്ദിയായ്‌
അമ്മിഞ്ഞപ്പാലില്‍പോലും വിഷമാണിവിടത്തില്‍
അമ്മമാര്‍ക്കാരുനല്‍കും പൂതനാമോക്ഷം കൃഷ്‌ണാ

കണ്‍തുറക്കുക കൊല്ലാക്കൊലചെയ്‌തിടും നാടിന്‍
കണ്‍മണികള്‍തന്‍ നോവില്‍ പങ്കുചേരുക നമ്മള്‍

No comments: