കിളിക്കുട്

Views:

സൗമ്യ സോമൻ
ആ നവദമ്പതികളുടെ ഹണിമൂണ്‍ യാത്രയുടെ അവസാനദിനം. 
ആ തിരക്കേറിയ മറീന ബീച്ചിൻറെ തീരങ്ങളിലൂടെ അയാളുടെ കൈ പിടിച്ചു നടക്കുമ്പോള്‍ അവള്‍ ഓര്‍ത്തു, 
തൻറെ ഭര്‍ത്താവിനെ തൻറെ അച്ഛനെപ്പോലെ തനിക്ക് സ്നേഹിക്കാന്‍ കഴിയുമോ! 
അവളുടെ ജീവിതത്തില്‍ എല്ലാം അച്ഛനായിരുന്നു. കുഞ്ഞുന്നാളിലേ അമ്മ മരിച്ചുപോയിട്ടും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കാത്തത് തനിക്ക് വേണ്ടിയായിരുന്നു. അച്ഛൻറെ സ്നേഹം പങ്കു വെക്കപ്പെടതിരിക്കാന്‍. 

ഇല്ല, അച്ഛന്‍ കഴിഞ്ഞിട്ടേ ഉള്ളു തനിക്കാരും. തൻറെ കഴുത്തില്‍ താലി കെട്ടിയ ആള്‍ പോലും. അവളുടെ ഭര്‍ത്താവു അവളെ സ്നേഹം കൊണ്ട് മുടുമ്പോഴും ആ സ്നേഹത്തില്‍ നിന്ന് അവള്‍ അകന്നു നിന്നു. കല്യാണം കഴിഞ്ഞ ആദ്യ നാള്‍ മുതല്‍ അവള്‍ അച്ഛനെയും അയാളെയും താരതമ്യം ചെയ്തു കൊണ്ടിരുന്നു. 

അയാളും അച്ഛനും അവളെ "മോളെ"എന്ന് വിളിക്കുന്നതൊഴിച്ചാല്‍, അവര്‍ തമ്മില്‍ ഒരു സാമ്യവും ഇല്ല എന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. എന്നിട്ടും താന്‍ എന്തിനാണ് അയാളെ വിവാഹം ചെയ്തത് തൻറെ അച്ഛനെ തനിച്ചാക്കിയത്. ഒരു പക്ഷെ,അയാൾക്കും അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ടാവും. 

ആ കടല്‍ തീരങ്ങളിലെ തിരകൾക്കൊപ്പം കൈകോര്‍ത്ത് നടക്കാന്‍ അയാള്‍ അവളെ ക്ഷണിച്ചു. 
അവള്‍ അത് നിരസിച്ചു. 
ഒരുപക്ഷെ താന്‍ തൻറെ അച്ഛനെക്കാള്‍ അയാളെ സ്നേഹിച്ചു തുടങ്ങിയാലോ എന്നവള്‍ ഭയപ്പെട്ടിരുന്നു, 

മുത്തുകള്‍ പതിപ്പിച്ച സാരികള്‍, കമ്മലുകള്‍, ഹാന്‍ഡ്‌ ബാഗുകള്‍. കടല്‍ കാറ്റിന്റെ ശബ്ദം വരുത്തുന്ന വെള്ള ശംഖുകള്‍. എല്ലാം അയാള്‍ അവള്‍ക്കായി വാങ്ങി, അവള്‍ അതെല്ലാം തിരികെ കടക്കാരന് കൊടുത്തു കൊണ്ട് പറഞ്ഞു, 
വേണ്ട, എല്ലാം എനിക്ക് അച്ഛന്‍ വാങ്ങി തന്നിട്ടുണ്ട്. 
അയാള്‍ക്ക് മടുത്തു തുടങ്ങിയിരുന്നു. 

രണ്ടു ഐസ്ക്രീം വാങ്ങി അവളെയും കൂട്ടി കുറച്ചു മാറി അയാള്‍ ഇരുന്നു. 
അവരുടെ കാലുകളെ പാഞ്ഞടുക്കുന്ന തിരകള്‍ നനച്ചുകൊണ്ടിരുന്നു. 
 ചെറുതായി മഴ ചാറിത്തുടങ്ങി.. 
അസ്തമയ സുര്യന് മടങ്ങാന്‍ സമയമായി, അവളുടെ ഭര്‍ത്താവിനും. 
ഇന്ന് അയാള്‍ക്ക് ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടതാണ്. ആ കണ്ണുകളില്‍ തൻറെ പ്രിയതമയെ പിരിയേണ്ട വിഷമം. അയാള്‍ അവളുടെ പേര് ആ തീരങ്ങളില്‍ എഴുതുകയും തിരകള്‍ അത് മായ്ച്ചും കൊണ്ടിരുന്നു, 

താന്‍ എന്താ ആലോചികുന്നത് 
അച്ഛന്‍ ഇപ്പോള്‍ വീട്ടില്‍ തനിച്ചാവും. 
അയാള്‍ വെറുതെ മുളി. പെട്ടന്നാണ് അവള്‍ കണ്ടത് ഒരു കച്ചവടക്കാരന്‍ മനോഹരമായ കുറെ കിളികുടുകള്‍ കൊണ്ട് പോകുന്നു. 
എനിക്കത് വേണം അവള്‍ പറഞ്ഞു 
'ആ കിളിക്കൂടോ താനെന്താ കൊച്ചു കുട്ടിയാണോ? തനിതെന്തൊരു പെണ്ണാണ്‌, വേറൊന്നും തനിക്ക് വേണ്ടേ, തൻറെ അച്ഛന്‍ ആണ് തന്നെ ഇങ്ങനെ വഷളാക്കുന്നത്. 
 അയാള്‍ നീരസത്തോടെ എഴുനേറ്റു നടന്നു അയാള്‍ക്കൊപ്പം ഏത്താന്‍ അവള്‍ക്ക് ഓടേണ്ടി വന്നു. 
തൻറെ അച്ഛന്‍ ഇപ്പോള്‍ ഉണ്ടാരുന്നേല്‍ തൻറെ ഏതാഗ്രഹവും സാധിച്ചു തന്നേനെ. 

ട്രെയിനിൻറെ ചുളം വിളി ഉയര്‍ന്നു .......... 

യാത്ര പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞത്‌, അവള്‍ ബോധപുർവം മറന്നു, 
"എന്നെ പിരിഞ്ഞിരിക്കുവാന്‍ മോള്‍ക്ക് കഴിയുമോ" അയാള്‍ ചോദിച്ചു. 
തൻറെ അച്ഛനെ പിരിഞ്ഞു താന്‍ ഇരിക്കുന്നില്ലെ, അവള്‍ പക്ഷെ മറുപടി പറഞ്ഞില്ല ഒരു മാസം കഴിഞ്ഞിരിക്കുന്നു. 
ഇന്നവളുടെ പിറന്നാള്‍ ആണ്. അച്ഛനാണ് ആദ്യം പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അമ്പലത്തില്‍ പോയി അവര്‍ രണ്ടുപേര്ക്കും വേണ്ടി വഴിപാട്‌ കഴിപ്പിച്ചിരിക്കുന്നു. 
എങ്കിലും അവളുടെ മനസ്സ് എന്തോ തേടിക്കൊണ്ടിരുന്നു. അവള്‍ കല്യാണ ആല്‍ബം മറിച്ചു കൊണ്ടിരുന്നു, 
ഒരുപഷേ അയാള്‍ക്ക് അറിയില്ലായിരിക്കും ഇന്നവളുടെ പിറന്നാള്‍ ആണെന്ന്. തൻറെ അച്ഛനെ പോലെ ആവില്ലല്ലൊ അയാള്‍. 
ഹോസ്റ്റലിലെ ഹൌസ്കീപിംഗ് ബോയ്‌ വന്നു അവളെ വിളിച്ചു, ഒരു കവര്‍ കൊടുത്തു  "ദീദിക്ക്"  ഒരു പോസ്റ്റ്‌ ഉണ്ട്. 
അവള്‍ അത് തുറന്നു നോക്കി. 
അന്ന് അവള്‍ ഒരുപാടു മോഹിച്ച, സ്വന്തമാക്കാന്‍ കൊതിച്ച ആ "കിളിക്കുട്". 
അതിനു ചുവട്ടില്‍ അവളുടെ ഭര്‍ത്താവിൻറെ കൈപ്പട. 
 "എന്റെ മോള്‍ക്ക് ഏട്ടൻറെ പിറന്നാള്‍ സമ്മാനം, മോള്‍ക്ക് ഞാന്‍ ഉണ്ട്, അച്ഛനുണ്ട്‌. പക്ഷെ എനിക്ക് മോള്‍ മാത്രമേ ഉള്ളു ." 
അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. കാരണം അവളുടെ അച്ഛനും അവളുടെ ഭര്‍ത്താവിനും അവളുടെ മനസ്സില്‍ അപ്പോള്‍ ഒരേ മുഖമായിരുന്നു


---000---