ക്രിക്കറ്റു ദൈവം

Views:
ക്രിക്കറ്റു ലോകത്തില്‍ ദൈവമായ്‌ തീര്‍ന്നൊരു
സച്ചിന്‍മയാ'യിന്നു നീയെത്ര ധന്യന്‍.
ആരാധകരുടെ കണ്ണും കരളും നീ-
യാദിമുതലെ കവര്‍ന്നെടുത്തു.

ക്രിക്കറ്റില്‍ നിന്നു നീയിന്നു പിരിയുമ്പോള്‍
ആരാധകരെല്ലാമാധിയിലായിടും.
നീയേകും ശൂന്യത മഹാമേരുവായിടും
ആ നഷ്ടം നിത്യമാം നഷ്ടവുമായിടും.

ക്രിക്കറ്റു മേലിലും മുന്നോട്ടു പോകിലും
സച്ചിനില്ലാത്തതാം ക്രിക്കറ്റായ്‌ത്തീരിലും
ക്രിക്കറ്റിലെന്നുമാ പേരു മുഴങ്ങീടും
ആ പേരു തങ്കലിപിയാലെഴുതിടും 
 
റണ്ണുകളൊത്തിരി നീ വാരിക്കൂട്ടുമ്പോള്‍
ഒത്തിരി വിക്കറ്റു നീയെടുത്തീടുമ്പോള്‍
വിനയാന്വിതനായി നീയണഞ്ഞീടുമ്പോള്‍
നിന്നിലെ നിന്നെയറിയുന്നു കാണികൾ.

നീണ്ടയിരുപത്തിനാലുകൊല്ലത്തില്‍ നീ-
യിരുനൂറു ടെസ്റ്റു കളിച്ചു കഴിഞ്ഞിട്ടും
സച്ചിനില്ലാത്തൊരു ക്രിക്കറ്റിനേയാരു-
മംഗീകരിക്കില്ല സത്വരം നിര്‍ണയം.

കത്തിജ്ജ്വലിച്ചു കളിക്കുമ്പോള്‍ നീയൊരു
കത്തുന്ന സൂര്യനാണെന്നു തോന്നും
പ്രകടമാം ശാന്തതയ്ക്കുടമയാം നീയൊരു
കുളിരൊളി തൂകുന്ന ചന്ദ്രനാകും.

വിനീത വിധേയനായീടുമ്പോളോമന
കണ്‍മണിയായി നീ മാറുമല്ലോ.
വാത്സല്യ വാരിധിയായിടും കാണികള്‍
ആവോളം വാത്സല്യം കോരി നല്‍കും.

ഈ ചെറുപ്രായത്തില്‍ സച്ചിന്‍ നീയിപ്പോള്‍
ഭാരതരത്നജേതാവുമായി.
കീര്‍ത്തിമാനായി നീയുന്നതനാകവേ
നിന്‍നാമമീലോകമാകേ നിറഞ്ഞീടും.

സച്ചിന്റെ ജയത്താല്‍ ധന്യമായീ രാജ്യം
സച്ചിന്‍മയമായിത്തീര്‍ന്നിതു ക്രിക്കറ്റും.
നിന്നുടെ മാഹാത്മ്യമോതുവാനായിന്ന്
പുത്തന്‍ പദാവലി തേടിയലയണം.

ക്രിക്കറ്റിനായീ സമര്‍പ്പിതമായ നിന്‍
മുന്നിലെ ദീര്‍ഘമാം ഭാവികാലം
സ്വച്ഛന്ദസുന്ദരമായീഭവിക്കട്ടെ-
യേകട്ടേയായുരാരോഗ്യവുമീശ്വരന്‍.
ശ്രീകൃഷ്‌ണവിഹാര്‍ 
റ്റി. സി. 4/1956, 
T C W A 

E 6, പണ്ഡിറ്റ് കോളനി
കവടിയാര്‍ പി ഒ 
തിരുവനന്തപുരം695003

ബി ശാരദാമ്മ