വിനയദശകം :: അനൂപ് വല്യത്ത്

Views:


നീ കടലാഴങ്ങളിൽ കാമനയുടെ കരുത്തായി
ഇരുളിൻ നറുനിലാവെട്ടമായ്, ആയിരം
സ്വപ്നസാനുക്കളെ തൊട്ടുതലോടി
നാടിന്റെ നന്മയെ കണ്ടറിഞ്ഞോൻ

നീ പ്രണയചന്ദ്രികയുടെ മധുപാത്രം നുകർ-
ന്നുന്മത്തനായലിഞ്ഞു തീർന്നവൻ
ആകാശനീലിമയെ പ്രണയിച്ച്‌
അനന്തതയിലവിരാമം സ്വയം മറന്നോൻ

വിനയചന്ദ്രിക പ്രഭയാർന്നുണരവെ
മനസ്സിലായിരം തുടികൊട്ടിയുറഞ്ഞവൻ
മണ്ണിനെയറിഞ്ഞവൻ- മാരിയെ പുണർന്നവൻ
വ്രണിത മോഹങ്ങൾക്ക്‌ താരാട്ടുപാടിയോൻ

കണ്ണിലുറക്കം കനംതൂങ്ങിയെത്തവേ-
യകക്കണ്ണിനെ ജ്വലിപ്പിച്ചുണർത്തിയോൻ
നഗരപ്രദക്ഷിണം ദിനചര്യയാക്കവേ
നാട്ടിടവഴികളെ മറക്കാതിരുന്നവൻ

അകക്കാമ്പിലെരിയുന്നൊരനാഥത്വവും പേറി
എങ്ങെങ്ങുമേ വീടുതേടിയലഞ്ഞവൻ
വാക്കായെരിഞ്ഞവൻ കൂട്ടുകാരിയുടെ
പാട്ടുകേട്ടെന്നുമുറങ്ങാൻ കൊതിച്ചവൻ

കൂടുവിട്ടെങ്ങോ മറഞ്ഞു നീ പോകിലും
കൂട്ടുകാരാ നിന്റെ പാട്ടു ഞാൻ കേൾക്കുന്നു
നിന്റെ വാക്കർക്കനായ് മുൻപേ നടക്കട്ടെ
കാടുണർത്തുന്നൊരാ തോറ്റമായ്‌ തീരട്ടേ.
അനൂപ് വല്യത്ത്


Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


ദേശഭക്തിഗീതങ്ങള്‍

Popular Posts (Last Week)