Jitha Jayakumar :: മരണമേ.. നന്ദി

Views:
 
Jitha Jayakumar


കാലമാം ശില്പി എനിയ്ക്കായി ഒരു മുറി
പണിയുന്നുണ്ട്.
അനന്തഭദ്രമായ, ആർഭാടങ്ങളില്ലാത്ത
ഒറ്റമുറി.
താക്കോൽ ദാനത്തിന് സമയമായി
എല്ലാവരും എത്തിച്ചേർന്നു..

വല്ലാത്ത നിശ്ശബ്ദത.
കത്തുന്ന ചന്ദനത്തിരിയിൽ
മരണത്തിന്‍റെ മാസ്മരഗന്ധം.
പുഷ്പ ചക്രങ്ങൾ, കോടിമുണ്ടുകൾ
എന്തൊരലങ്കാരചമയങ്ങൾ...
        
കത്തുന്ന നിലവിളക്കിന്‍റെ
ആളുന്ന നാളം
അണയാതിരിക്കാൻ പണിപ്പെടുന്ന
മരുമകൾ...

ഇത്ര നാളും ഒരു നോക്ക് കാണാനെത്താത്ത മക്കൾ...
അവർ ഇനി കുറച്ചു സുന്ദര ദിനങ്ങൾ
ഈ  പൂമുഖം  ശബ്ദമുഖരിതമാക്കും
കൂട്ടത്തിൽ  കുത്തിനോവിച്ച വ്യാജസൗഹൃദങ്ങൾ 
പരിഹസിച്ച   പല ജനങ്ങൾ
വ്യഥയുടെ ചില  മുഖങ്ങൾ
എന്തൊരാദരവാണാ വദനങ്ങളിൽ

പലർക്കും തിടുക്കമായി..
എപ്പോഴാണീ ശരീരമൊന്നു പുറത്തെടുക്കുക
ആഘോഷങ്ങളോടെ അകമ്പടി സേവിയ്ക്കാൻ  
വലിയൊരു പുരുഷാരം..
എനിയ്ക്ക് കിട്ടാവുന്നതിലേറെയാണീ
സ്വീകരണ ചടങ്ങുകൾ.
മരണമേ. അങ്ങേയ്ക്ക് നന്ദി.....
--- ജിത  ജയകുമാർ,
പാലോട്.



No comments: