Dr P Santhosh Kumar :: മഞ്ചാടി മനസ്സിലെ നിണപ്പകർച്ചകൾ

Views:

 

മഞ്ചാടി മനസ്സിലെ നിണപ്പകർച്ചകൾ


ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം.


 ഹൃദയം ചോരുമ്പോഴാണ് കവിതയിൽ ചോര പടരുന്നത്.

അഴകൊഴുക്കുള്ള മനസ്സിന്റെ ഉള്ളറകളിൽ ഇറ്റുവീഴുന്ന നിണത്തുള്ളികളുണ്ട്. അവ സ്നേഹത്തിൽ നിന്നും ദൗഷ്ട്യത്തിലേക്കുള്ള ദൂരങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും. രക്തബന്ധങ്ങൾ രക്തരൂക്ഷിതമാകുന്ന കാലപ്പകർച്ച.

ചോരയുടെ അർത്ഥാന്തരന്യാസമാണ് രജി ചന്ദ്രശേഖറിന്റെ മഞ്ചാടി. ചോര ജീവബിന്ദുവാണ്. അതിന് സ്നേഹരസം നഷ്ടമാകുമ്പോൾ കാലം കെടാൻ തുടങ്ങും. ജീവനൊടുങ്ങുകയും ചോര ചിതറുകയും ചെയ്യും.

ഹൃദയത്തിലെ ചോരപ്പൊടിപ്പുകൾ പ്രിയപ്പെട്ടവളുടെ നെറ്റിയിലെ സിന്ദൂരമാണ്. ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത്തുടിപ്പാണ്. ചെമ്പരത്തിയിലും ചെമ്പനീർ പൂവിലും അംഗരാഗമാണ്. പടർന്നു നിറയുന്ന സ്നേഹത്തിന്റെ ചോരയോട്ടം. അത് വ്യക്തിഗതവും കേവലവുമല്ല. സാർവ്വലൗകികമാണ്. മനസ്സുകളിൽ നിന്ന് സ്നേഹം പ്രപഞ്ചത്തിലേക്കൊഴുക്കുന്ന ചോര നീരാക്കലാണത്.

അനുഭവങ്ങളുടെ ചില ആഴക്കയങ്ങളുണ്ട്. അതിൽ അഭിരമിക്കുകയോ വിട്ടൊഴിയാതെ മുങ്ങിത്താഴുകയോ ചെയ്യുന്ന വൈകാരികാനുഭൂതികൾ. അത് കാല്പനിക ഭാവം മാത്രമല്ല. ഒരു കവിയുടെ ജീവിതത്തോടുള്ള പ്രണയവും കൂടിയാണ്.

'കടക്കണ്ണൊളികളിലെ ജന്മസാഫല്യം', 'പുഞ്ചിരിച്ചെണ്ടു നീട്ടുന്ന കൊച്ചുപൂവ്, 'പൂന്തേൻ നുകരാനെത്തുന്ന തുമ്പി', 'പാണന്റെ പാട്ട്', 'കടുന്തുടി താളം' ഇങ്ങനെ ''വിസ്മയം പോലെ ലഭിക്കും നിമിഷങ്ങളെ അർത്ഥം കൊടുത്തു പൊലിപ്പിക്കുന്ന" (വൈലോപ്പിള്ളി) ഒരിക്കലും വാടാത്ത അനുഭവങ്ങൾ.

അപ്പോഴും ചോര കത്തുന്ന ദുരിത യാഥാർത്ഥ്യങ്ങൾ ചുറ്റിലുമുണ്ട്. പാദം പുതയും തിളയ്ക്കുന്ന ടാറും ഉള്ളിലെ തീച്ചൂളയും നീറുന്ന സൂര്യ കിരണങ്ങളുടെ ചൊല്ലിയാട്ടവും കവി കാണുന്നു.

ചോരയോട്ടം നിലച്ച, ഇരുണ്ട, ഒറ്റപ്പെട്ട ദ്വീപുകൾ കവിക്ക് ചുറ്റും രൂപംകൊള്ളുന്നു.

ദുഃഖമാണേകാന്ത സന്ധ്യകൾ  

തപ്തമെന്നുള്ളം പിടയ്ക്കുന്നു

'ചോരയും ചോറും മറക്കുന്ന'വരുടെ (നന്ദികേടിന്റെ) കാലമാണിത്. ചോരനീരാക്കിയവർ, കിനാവു കരിഞ്ഞ് ഒടുങ്ങാത്ത ദാഹവും വിശപ്പും ശാപവുമായി അർദ്ധരാത്രിയിലെ വണ്ടിക്ക് തല വച്ചൊടുങ്ങുന്ന കാഴ്ച ഭീതിദമാണ്. നാണയത്തിന് കൈനീട്ടുന്നവർ, നാണംമറയ്ക്കാൻ പോലുമാകാത്ത വൃദ്ധർ, വഞ്ചിച്ച് പൊട്ടിച്ചിരിക്കുന്നവർ, കള്ളന്റെ കാവൽ, വെള്ളം കുതിർക്കാത്ത ഉച്ഛിഷ്ട ഭാരം - ആർത്തിക്കുതിപ്പുകൾക്കിടയിൽ കവിമനസ്സ് കത്തിക്കലമ്പുന്നു. നോട്ടം വിറച്ച് വാക്കുകൾ വിതുമ്പുന്നു.

മഞ്ചാടി പോലെ കൈവെള്ളയിലിറ്റു വീണ ചോരത്തുള്ളികൾ ചോരച്ചൊരിച്ചിലായി മാറുമ്പോൾ, സ്നേഹബന്ധങ്ങൾ ചോരക്കണക്ക് പറയാൻ തുടങ്ങും. 'അക്ഷരം കുത്തി കുടലെടുക്കും തീക്ഷ്ണ പക്ഷപാതം', സ്വാർത്ഥ ചിന്ത, 'വലക്കണ്ണിയുന്മാദക്കൂത്തിൽ കുടുക്കി വലയ്ക്കുന്ന

കൗമാര ബുദ്ധി' (ഇന്റർനെറ്റിൽ പെട്ടു പോയ കൗമാരം) മ്ലേച്ഛ മതാന്ധത, 'പേവിഷം ചാലിച്ച കാരുണ്യ സേവ', പാമ്പിന്റെ പത്തിയും പശയിട്ട തോലും ചെരുപ്പുമായി (അഭിനവ രാഷ്ട്രീയക്കാർ) ഇടതിങ്ങി വീർക്കുമ്പോൾ തിരികെട്ട ഒരു ഓട്ടുവിളക്ക് കണ്മുന്നിൽ തകരുന്നുണ്ട്.

കാലം ശവപ്പറമ്പ് തുറക്കുമ്പോഴും കിനാവുകൾ കൈവെള്ളയിലൊതുക്കി കവി കാത്തിരിപ്പുണ്ട്. മഞ്ചാടി പോലെ

'ജ്വലിച്ച സ്നേഹ സ്വപ്നം', ഭൗമതാപമായി' പരിണമിക്കുകയും

'നിത്യ സത്യമായി' തുടിയ്ക്കുകയും ചെയ്യുന്നു. ദുരന്തങ്ങൾ കൈകോർത്തു നിൽക്കുമ്പോഴും പ്രതീക്ഷകൾ ആഴത്തിൽ ചരട് ബന്ധിക്കുന്നു. 'ജ്ഞാനപ്രകാശവും' 'ശാന്തി സംസ്കൃതിയും' സൃഷ്ടിക്കുന്ന ചക്രവാളങ്ങൾ അരികത്ത് തന്നെയുണ്ടെന്ന് കവിക്കറിയാം.

ഒറ്റ മഞ്ചാടിയുടെ ചുമപ്പഴക് രക്തപ്പുഴയാകുന്ന, ഒരു വാക്കിൽ ആകാശമാകെ തുറന്നു വയ്ക്കുന്ന രചനാവിശേഷം ഈ കവിതയ്ക്കുണ്ട്. മഞ്ചാടി ചോപ്പ് മലയാളത്തിന്റെ അഴകുള്ള കാവ്യബിംബമാണ്. മലയാളകവിതയ്ക്ക് കുറി ചാർത്തുമ്പോൾ തൊട്ടു വയ്ക്കാവുന്ന സൗന്ദര്യ മുദ്ര. പടർന്നു നിറയുന്ന ചുമപ്പും കൈവെള്ളയിലെ  കൈയടക്കവും ഒന്നു ചേരുമ്പോൾ മഞ്ചാടിമണികൾ മനം നിറയ്ക്കും.

ഡോ. പി. സന്തോഷ് കുമാര്‍

Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...



No comments: