K V Rajasekharan :: രമേശിനെ വീഴ്ത്തിയവർ സതീശനെ വാഴ്ത്തുമോ?

Views:
രമേശിനെ വീഴ്ത്തിയവർ സതീശനെ വാഴ്ത്തുമോ?
കെ വി രാജശേഖരൻ

കെ വി രാജശേഖരന്‍
+91 9497450866


തുടരെ തുടരെ ദേശീയതലത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും പരാജയത്തിന്‍റെ പടുകുഴിയിൽ വീണിട്ടും പ്രകാശ് കാരട്ടോ സീതാറാം യച്ചൂരിയോ രാജിവെച്ചിട്ടില്ല. കേരളത്തിലാണെങ്കിൽ 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട് നാണം കെട്ടിട്ടും കൊടിയേരി ബാലകൃഷ്ണനോ പിണറായി വിജയനോ രാജിവെച്ചിട്ടില്ല.  2014ലും 2019ലും പരാജയപ്പെട്ട് ഔദ്യോഗിക പ്രതിപക്ഷ നേതാവിന്‍റെ പദവി പോലും നഷ്ടപ്പെട്ട കോൺഗ്രസ്സിന്‍റെ സോണിയയും രാഹുലും പ്രിയങ്കയും അടങ്ങുന്ന ഹൈക്കമാൻഡും പണി മതിയാക്കി വഴിമാറിയിട്ടില്ല.  
പക്ഷേ കേരളത്തിലെ തിരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്ന  സീറ്റുകളിൽ ഒരെണ്ണം കുറഞ്ഞെങ്കിലും  വോട്ടിന്‍റെ ശതമാനം ഒട്ടും  കുറഞ്ഞിട്ടില്ലാത്ത വലതു വർഗീയ മുന്നണിയിൽ കണ്ടത് വേറൊരു രീതിയാണ്.  
പേരിന്  പ്രതിപക്ഷ നേതാവായിരുന്നെങ്കിലും മുന്നണി ജയിച്ചാൽ മുഖ്യമന്ത്രിപദം രമേശിനല്ലാ ഉമ്മൻ ചാണ്ടിയ്ക്കായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തൂണും ചാരി നിക്കുന്നവൻ പെണ്ണും കൊണ്ടു പോകുമെന്നതിൽ സംശയമില്ലായിരുന്നു.  എന്നിട്ടും മുന്നിൽ നിന്ന് പട പൊരുതിയ രമേശ് ചെന്നിത്തലയെ തോൽവിയുടെ പേരിൽ പടിക്ക് പുറത്താക്കിയിരിക്കയാണ്.  
ആരാകണം പുതിയ പ്രതിപക്ഷ നേതാവെന്ന ആലോചനയ്ക്കിടയിൽ, കയ്യിലുണ്ടായിരുന്ന 18 സീറ്റിൽ നിന്ന് 14സീറ്റിലേക്ക് താഴ്ന്നുവെങ്കിലും മുന്നണിയുടെ മുഖ്യധാരയായ മുസ്ലീം ലീഗ് തങ്ങളുടെ മുഖപത്രം ചന്ദ്രികയിലൂടെ നേതൃത്വ മാറ്റം ആവശ്യപ്പെട്ട സ്ഥിതിക്ക് ഇരുപത്തിനാലു മണിക്കൂർ പോലും കാത്തിരിക്കാതെ പുതിയ നേതാവിനെ പ്രഖ്യാപിക്കാതെ നിവർത്തിയില്ലായിരുന്നു എന്നത് ശരിതന്നെ.  അത് മുസ്ലീം ലീഗിന്‍റെ കടും പിടിയിൽ തുടരുന്ന കോൺഗ്രസ്സിന്‍റെ രാഷ്ട്രീയ ഗതികേട്!  ലീഗിന് രമേശ് അനഭിമതനായതോടെ പാർട്ടിക്കുള്ളിൽ താക്കോൽ സ്ഥാനങ്ങൾക്കു വേണ്ടി തമ്മിൽ തല്ലി തലകീറുന്ന  കേരള നേതാക്കളും  രാഹുലിനെക്കാൾ കഴിവുള്ള നേതാക്കളെ കണ്ടാൽ ഭയമുള്ള ഹൈക്കമാൻഡും ഒത്തു ചേർന്ന് അദ്ദേഹത്തെ പടിക്ക് പുറത്തേക്ക് പിടിച്ചിറക്കി.

ഇവിടെ ഉയരുന്ന സ്വാഭാവിക ചോദ്യം ഹിന്ദുവിരുദ്ധ വർഗീയതയുടെ രാഷ്ട്രീയത്തിന് മുന്നിൽ തന്‍റെ രാഷ്ട്രീയ ജീവിതം തന്നെ അടിയറവു പറഞ്ഞ രമേശ് ലീഗിനെങ്ങനെ അനഭിമതനായി എന്നതാണ്.  ഹൈന്ദവ സ്ത്രീകളെ അവഹേളിക്കുന്ന 'മീശ' നോവലിന് പ്രസാധകരില്ലെങ്കിൽ താനതിന് തയാറാണെന്നു പറയാൻ കാണിച്ച ആവേശം.  രാഷ്ട്രീയ സ്വയം സേവക സംഘത്തെയും ഭാരതത്തെയും നരേന്ദ്രമോദിയിയെയും ധിക്കാരത്തിന്‍റെ ഭാഷയിൽ നുണകൾ പറഞ്ഞ് കടന്നാക്രമിച്ച് ഭാരതീയ ദേശീയതയുടെ എതിർ പക്ഷത്തിന്‍റെ നേതൃത്വം കളയാതെ സൂക്ഷിച്ച കൈമിടുക്ക്.   അതൊക്കെ അപ്രസക്തമാക്കിക്കൊണ്ട് പാണക്കാട് പടിപ്പുരയിലെയും സഭാ മേലദ്ധ്യക്ഷന്മാരുടെയും വിനീത വിധേയന് വീഴ്ച പറ്റിയതെവിടെയാണ്?

 കാര്യങ്ങളെ സമഗ്രമായി നിരീക്ഷിക്കുന്നവർക്ക് ഉത്തരം കണ്ടെത്താൻ ഒരു വിഷമവുമില്ല.

ഭാരതീയ ജനതാ പാർട്ടി പിണറായി സർക്കാരിനെതിരെ ഉയർത്തിയ കള്ളക്കടത്താരോപണം ഏറ്റു പിടിച്ച് ഒരു രാഷ്ട്രീയ പോരാട്ടത്തിന്  ഇറങ്ങിയിടത്താണ് രമേശിന്‍റെ വീഴ്ചയിലെത്തിച്ച രാഷ്ട്രീയ വഴിത്തിരിവിന് തുടക്കമായത്.  
സ്പ്രിംഗ്ളർ അടക്കമുള്ള ഏത് അഴിമതിയാരോപണം രമേശ് ഉയർത്തിയതിലും കോൺഗ്രസ്സ് ഹൈക്കമാൻഡിനോ മുസ്ലീം ലീഗിനോ ഒരെതിർപ്പുമില്ലായിരുന്നു.  വലതു വർഗീയ മുന്നണിക്ക് കസേര തിരിച്ചു പിടിക്കാൻ അങ്ങനെയും ചില ചുവടുവെപ്പുകൾ എടുത്തത്  അവരെയും  ആവേശ ഭരിതരാക്കി.  പക്ഷേ, സ്വർണ്ണ കള്ളക്കടത്ത് ഉയർത്തിയൊരു കടന്നാക്രമണത്തിന് ബിജെപി തയാറായപ്പോൾ സമാന്തരമായിട്ടാണെങ്കിലും അക്കാര്യത്തിൽ ഒരു പോർമുഖം തുറന്നത് രമേശിന്‍റെ ഭാഗത്തു നിന്നും  വലതു വർഗീയ മുന്നണിക്ക് ഇടവരുത്തിയ ആത്മഹത്യാപരമായ അനർത്ഥമായിപ്പോയി.  കള്ളക്കടത്തിൽ അന്വേഷണം നടന്നാൽ പിണറായി വിജയനും സഖാക്കളും  കുടിക്കുന്നതിലധികം വെള്ളം യുഡിഎഫിലും മുസ്ലീം ലീഗിലും ഉള്ള ശക്തികളും കൂടിക്കേണ്ടി വരുമെന്നത് ചെന്നിത്തല കാണാതെ പോയി.  

ഭാരത ഭരണത്തിൽ നിന്ന് ജനം ചവിട്ടി പുറത്താക്കിയ കോൺഗ്രസ്സും സോണിയാ കുടുംബവും നേരിടുന്ന വെല്ലുവിളികളും രമേശ് കണക്കിലെടുത്തില്ല. അഴിമതിക്കുള്ള അവസരങ്ങൾ നഷ്ടപ്പെട്ടു.   ഡീമോണിട്ടൈസേഷൻ പോലെ കള്ളപ്പണത്തിന് കടിഞ്ഞാണിടാൻ മോദി സർക്കാർ എടുത്ത ഫലപ്രദമായ നടപടികളിൽ  വലഞ്ഞു.  ഒരു ഗതിയും പരഗതിയും ഇല്ലാതെ കള്ളക്കടത്തും ഹവാലയുമൊക്ക വഴി ഇസ്ലാമിക തീവ്രവാദികളും ഹിന്ദുവിരുദ്ധവർഗീയതയുടെ രക്ഷകർത്താക്കളായ വൈദേശിക ശക്തികളും എറിഞ്ഞു കൊടുക്കുന്ന കുഴൽപ്പണ ഒഴുക്കിലൂടെ അധികാരം തിരിച്ചു പിടിക്കാൻ അവസരം കണ്ടെത്തി  പരിശ്രമിക്കുകയായിരുന്നു ഹൈക്കമാൻഡ്.  ആ സാഹചര്യത്തിലാണ് രമേശ് കള്ളക്കടത്തു  വിഷയത്തിൽ ബിജെപിക്ക് പിന്നാലെ പോർമുഖത്തിറങ്ങിയത് .  അതു തന്നെയാണ് ലീഗിനെയും സോണിയാ കൂടുംബത്തെയും  ഒരുപോലെ ചൊടിപ്പിച്ചതും.

ശരിയാണ്,  അക്കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമൊന്നും രമേശ് ആവശ്യപ്പെട്ടിരുന്നില്ല.   കേരളത്തിലൊതുങ്ങുന്ന ഒരു ജുഡീഷ്യൽ അന്വേഷണമൊക്കെയേ അദ്ദേഹം ആവശ്യപ്പെട്ടുള്ളു.  പക്ഷേ ഉപ്പു തിന്നവനാണെങ്കിലും താൻ വെള്ളം കുടിക്കാനൊന്നും പോകുന്നില്ലെന്ന അമിതവിശ്വാസത്തിൽ  ഏതന്വേഷണം  നേരിടാനും തയാറാണെന്ന് മൂഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തെഴുതി.  അതിന്‍റെ പേരിലൊന്നുമല്ല കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വഴിയൊരുക്കിയതെങ്കിലും അന്വേഷണം ആ വഴിയെ നീങ്ങിയതോടെ  കാര്യങ്ങൾ കൈവിട്ടുപോയി. 
  കള്ളക്കടത്ത് കേസിൽ  പിടിയിലാകുവാൻ കെണി ഒരുങ്ങിക്കഴിഞ്ഞുയെന്ന അപകടം മണത്ത കമ്യൂണിസ്റ്റ് സഖാക്കളും ഇടതുവലതു വർഗീയ മുന്നണികളിലെ അധോലോക ശക്തികളും ഒന്നിച്ച് കേരളത്തിലെ ഭരണത്തുടർച്ചയ്ക്ക് കാശുമുടക്കി, കരുക്കൾ നീക്കി.  ഫലമോ മുസ്ലീം ലീഗിന്‍റെ എംഎൽഎമാരുടെ സംഖ്യ പതിനെട്ടിൽ നിന്ന് പതിനാലായി കുറഞ്ഞു.   ഇസ്ലാമിക വോട്ടുകൾ നിർണ്ണായകമായ മറ്റു മണ്ഡലങ്ങളിലൊക്കെ ഇടതുവർഗീയ മുന്നണി നേട്ടം കൊയ്തു.  

മറുഭാഗത്ത് യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന്  ബന്നി ബഹനാനെ മാറ്റി എംഎം ഹസ്സനെ ഇരുത്തി ലീഗിന്‍റെ ബിനാമി നേതൃത്വം അവിടെ ഉറപ്പാക്കി.  സമാന്തരമായി കുഞ്ഞാലിക്കുട്ടി കേരള നേതൃത്വത്തിലേക്ക് തിരിച്ചുവന്ന് ഭരണം  മാറിയാൽ മുഖ്യമന്തിയോ ഉപമുഖ്യമന്ത്രിയോ ആകാനുള്ള കളികൾ തുടങ്ങി.  അതോടൊപ്പം തന്നെ 'സൗരോർജ്ജത്തിൽ' നെഞ്ചു പൊള്ളി,  പ്രതിപക്ഷ നേതൃസ്ഥാനവും ഉപേക്ഷിച്ച് പിണറായി വിജയന്‍റെ മുമ്പിൽ പെടാതെ മുങ്ങി നടന്നിരുന്ന  ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, ലീഗ്-ഹൈക്കമാൻഡ് ശക്തികളുടെ കണ്ണിലെ കരടായി മാറിയ രമേശിനെ ഒഴിവാക്കി, യുഡിഎഫ് നേതൃത്വം തരപ്പെടുത്തി. 'ഒരുവട്ടം കൂടിയാ കൊടിവെച്ച കാറിന്‍റെ പുറകിൽ കിടക്കുവാനുള്ള' മോഹത്തോടെ 'അതിവേഗം ബഹുദൂരം' ഓടുവാൻ തുടങ്ങി.  ആ ഓട്ടത്തിൽ മുഖമടിച്ച വീണ ഉമ്മൻ ചാണ്ടിക്കു പകരം കൂടെ ആവേശം കുറയാതെ ഓടി സഹായിച്ച രമേശ് വീഴ്ചക്ക് ഉത്തരം പറയണമെന്ന വിചിത്രവാദമാണ് ദഹിക്കാൻ ബുദ്ധിമുട്ടുള്ളത്.

പക്ഷേ അങ്ങനെയൊരു മാറ്റത്തിൽ നിന്ന് രമേശിനെ രക്ഷിക്കാൻ  ഉമ്മൻ ചാണ്ടി ചാടിയിറങ്ങിയതിന്‍റെ പിന്നിലെ അജണ്ടയാണ് കൗതുകകരമാകുന്നത്.  തന്‍റെ ഗ്രൂപ്പിലെ രണ്ടാമന്‍റെ തലത്തിലേക്ക് ഒരുവനെയും വളരുവാനനുവദിച്ചിട്ടില്ലാത്ത ഉമ്മൻ ചാണ്ടി എതിർ ഗ്രൂപ്പ് തലവൻ രമേശിനെ വീണ്ടും പ്രതിപക്ഷ നേതാവാക്കാൻ പണിയെടുത്തു.  വി ഡി സതീശന്‍റെ പേര് ആദ്യം കേട്ടപ്പോൾ തിരുവഞ്ചൂരിനെ പകരം നിർദ്ദേശിച്ചു.  അതേ തിരുവഞ്ചൂർ തന്‍റെ മന്ത്രി സഭയിലെ പ്രഗത്ഭനായ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ തനിക്ക് രണ്ടാമനായി വളരുമെന്ന് കണ്ടപ്പോൾ 'ചങ്ങനാശ്ശേരി നിർദ്ദേശം' ചോദിച്ചു വാങ്ങി, രമേശ് ചെന്നിത്തലയ്ക്ക് വഴിയൊരുക്കാനെന്നും പറഞ്ഞ് തരം താഴ്ത്തിയ ചരിത്രം കേരളം ഓർക്കുന്നുണ്ട്. 

അതേ ഉമ്മൻ ചാണ്ടിയാണ് ഇപ്പോൾ 65കാരൻ ചെന്നിത്തലയെ മാറ്റുകയാണെങ്കിൽ 71 കാരൻ തിരുവഞ്ചൂരിനെ പകരക്കാരനാക്കുകയെന്ന നിർദ്ദേശം വെച്ചത്. അതും നടക്കില്ലായെന്നു വന്നപ്പോൾ 77കാരനായ ഞാൻ തന്നെ ആ കസേരയിലിരിക്കാമെന്നും പറഞ്ഞ് മുന്നോട്ടു വരികയും ചെയ്തു.  
എന്തായിരിക്കാം വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുന്നതിനെ ഉമ്മൻ ചാണ്ടി ഭയപ്പെടാൻ കാരണം.   
ആ ചോദ്യം ഓർമ്മപ്പെടുത്തുന്നത് 1996ൽ ഇടതു മുന്നണി ജയിച്ചിട്ടും മാരാരിക്കുളത്തുനിന്നും മാക്സിസ്റ്റുകാർ തോൽപ്പിച്ച പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വി എസ്സ് അച്ചുതാനന്ദന് പകരക്കാരനെ തിരഞ്ഞെടുക്കേണ്ട സാഹചര്യത്തിൽ കണ്ട രാഷ്ട്രീയ തന്ത്രമാണ്. മുഖ്യമന്ത്രിപദത്തിലേക്ക് സ്വന്തം ഗ്രൂപ്പിൽ പെട്ട സുശീലാ ഗോപാലനെ ഒഴിവാക്കി എംഎൽഎ പോലുമല്ലായിരുന്ന ഇ.കെ. നായനാരെ പിന്തുണക്കുകയാണ് അന്ന്  അച്ചുതാനന്ദൻ ചെയ്തത്.   പ്രഗത്ഭയായ വനിതാ നേതാവും തന്നെ പോലെ  ഈഴവ സമുദായ അംഗവും ആയിരുന്ന സുശീലാ ഗോപാലൻ മുഖ്യമന്ത്രിയായാൽ തനിക്ക് ആ പദവി എന്നും ബാലികേറാമലയാകുമെന്ന ഭയമായിരുന്നിരിക്കാം   അച്ചുതാനന്ദനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.  അതിന് സമാനമാണ് ഭാവിയെ കണക്കാക്കി ഇപ്പോൾ ഉമ്മൻ ചാണ്ടിയെടുത്ത കൗതുകകരമായ നിലപാട്.

നിലവിലെ സാഹചര്യത്തിൽ 2026ൽ നടക്കേണ്ട അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പാകണം ഉമ്മൻ ചാണ്ടിയെ കണക്ക് കൂട്ടാനും കുറയ്ക്കാനും പ്രേരിപ്പിച്ചത്. അതോടെ എൺപതുകഴിയുന്ന ഉമ്മൻ ചാണ്ടിയെയോ എഴുപത് കഴിയുന്ന രമേശിനെയോ എഴുപത്തഞ്ചു കഴിയുന്ന തിരുവഞ്ചൂരിനെയോ മൂഖ്യമന്ത്രി കസേരയിൽ കാണുന്നതിനെ കേരളം ഇഷ്ടപ്പെടില്ലെന്നത് വ്യക്തമാണ്.  അവിടെ ഇടം തേടാൻ തന്‍റെ മകൻ ചാണ്ടി ഉമ്മന് കളം ഒരുക്കുവാനല്ലേ ഉമ്മൻ ചാണ്ടി തന്ത്രപൂർവ്വം ശ്രമിച്ചു നോക്കിയതെന്ന്  പരിശോധിക്കുമ്പോളാണ് അദ്ദേഹം വി ഡി സതീശന്‍റെ വഴിമുടക്കാൻ നോക്കി സ്വയം ചെറുതായതിന്‍റെ രഹസ്യം വെളിപ്പെടുന്നത്.  സതീശൻ കോൺഗ്രസ്സ് നേതൃത്വത്തിലെ തലമുറമാറ്റത്തിന്‍റെ പ്രതീകമാണ്.  2026വരെ പാർട്ടിയെ ഫലപ്രദമായി നയിച്ചാൽ ഇന്ന് പാർട്ടിയിലുള്ള ഒരാൾക്കും സതീശന്‍റെ വളർച്ച തടയാനാകില്ല.  അതിനുള്ള വഴിയാണ് ഉമ്മൻ ചാണ്ടി തേടിയിറങ്ങിയത്.  അതിൽ  വിജയിച്ചില്ലെങ്കിലും രമേശും സതീശനും രാധാകൃഷ്ണനും തമ്മിൽ തല്ലു കൂടാൻ വേണ്ട വേലകൾ ഇറക്കുന്നതിൽ അദ്ദേഹം വിജയിച്ചുയെന്നു തന്നെ വിലയിരുത്താം.  പിണറായിയുടെ മരുമകൻ സ്നേഹം പോലെ ഉമ്മൻ ചാണ്ടിയുടെ ഉള്ളിലെ മകൻ സ്നേഹമാണ് കേരളം കണ്ടതെന്നതാണ് അവിടെ മനസ്സിലാക്കേണ്ടത്.

പക്ഷേ രമേശിനെ  വീഴ്ത്തിയവർ  സതീശനെ വാഴ്ത്തുമോ?  
വിജയ വഴിയാണ് ലക്ഷ്യമെങ്കിൽ സതീശൻ ചിലതൊക്കെ തിരിച്ചറിയേണ്ടതുണ്ട്.  പട്ടം താണുപിള്ളയേയും  ആർ ശങ്കറിനെയും വയലാർ രവിയെയും വിഎം സുധീരനെയും രമേശിനെയും ഒതുക്കിയവരോട്  കെ കരുണാകരനു മാത്രമേ പോരാടി പിടിച്ചു നിൽക്കുവാൻ കഴിഞ്ഞിട്ടുള്ളു. നിലയ്ക്കലൊഴികെയുള്ള വിഷയങ്ങളിൽ പൊതുവേ ഹിന്ദുവിനെ അകറ്റി നിർത്താതെ കൃസ്ത്യാനിയിലേക്കും മുസ്ലീമിലേക്കും കരുണാകരൻ കടന്നു ചെന്നതായിരുന്നു അതിന് കാരണം.  കമ്യൂണിസ്റ്റ് വിരുദ്ധമായ കേരളസമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ നിശ്ശബ്ദമെങ്കിലും നിലനിൽക്കുന്ന രാഷ്ട്രീയ ബോദ്ധ്യത്തെയും അദ്ദേഹം ആയുധമാക്കി.  അദ്ദേഹത്തിന്റെ കാലത്ത് അസംഘടിതരായ ഹിന്ദുവിനെ ഇടയ്ക്കൊക്കെ അവഹേളിച്ചാലും അവഗണിച്ചാലും പിടിച്ചു നിൽക്കാനാകുമായിരുന്നുയെന്നത് മറ്റൊരു കാര്യം.  അവിടെയാണ് ഹിന്ദു വിരുദ്ധ വർഗീയതയോടൊപ്പമാണ് താനുമെന്ന് കാണിക്കുവാൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുത്തപ്പോൾ പോലും സതീശൻ പ്രകടമാക്കിയ അമിതാവേശം അപകടം വിളിച്ചുവരുത്തുമെന്ന് സൂചിപ്പിക്കേണ്ടിവരുന്നത്.  തീരെ കുറഞ്ഞത് ഇനിയുമെങ്കിലും ഹിന്ദുവിരുദ്ധ മനോഭാവം അവസാനിപ്പിക്കാൻ ഉള്ള ജനാധിപത്യ ബോധം കാട്ടണം. ഇല്ലെങ്കിൽ രമേശിന് സംഭവിച്ചത് പോലെ അടവൊന്നു പാളി വർഗീയവാദികളുടെ അപ്രിയത്തിന് ഇടയായാൽ  തെരുവിനും വീടിനും വേണ്ടാത്ത അവസ്ഥയാകും എന്നത് പറയാതിരിക്കാനാവില്ല.  

ചുരുക്കത്തിൽ ഇപ്പോൾ കൂടെയുള്ള ഹിന്ദുവിരുദ്ധ വർഗീയതയുടെ മൃദുപക്ഷമായ മുസ്ലീം ലീഗിനും കേരള കോൺഗ്രസ്സിനും പുറമേ  തീവ്രപക്ഷമായ എസ്സ്ഡിപി ഐ, പോപ്പുലർ ഫ്രണ്ട്, പിഡിപി, തുടങ്ങിയവരെയും കൂട്ടിച്ചേർത്ത് മുഖ്യമന്ത്രിയാകാനാണ് പദ്ധതിയെങ്കിൽ വിഡി സതീശനും വീഴും.  
ഹിന്ദുവിനെ അരികുവത്കരിക്കുന്നവരെ അകറ്റി നിർത്തുവാൻ പടയ്ക്കൊരുങ്ങുന്ന മാറുന്ന കേരളത്തിന്‍റെ പൊതു ബോധത്തെ അടുത്തറിയുന്നതിൽ തെറ്റുവരുത്തിയാൽ തിരുത്താൻ മറ്റൊരവസരം കിട്ടണമെന്നുമില്ല.
വീണുപോയ രമേശിനും ചില വീണ്ടുവിചാരങ്ങളാകാം.  വിലയിരുത്തലുകൾ നടത്താം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യാദവകുലം തകർന്നതു പോലെ ദേശീയതയുടെ പക്ഷം ഇല്ലാതാകുമെന്നായിരുന്നില്ലേ ചെന്നിത്തലയുടെ പ്രവചനം?  ഇനിയുമൊരു പ്രവചനത്തിനുള്ള ബാല്യം തിരിച്ചു കിട്ടട്ടെയെന്ന്  ആശംസിക്കുമ്പോൾ തന്നെ ചവിട്ടി നിന്ന മണ്ണ് ഒലിച്ചു പോയത് എങ്ങനെയാണെന്ന് ഒറ്റയ്ക്കിരുന്നാലോചിക്കാൻ കിട്ടുന്ന ഇഷ്ടം പോലെയുള്ള അവസരം വേണ്ടത്ര പ്രയോജനപ്പെടുത്തണം.  സോണിയയെക്കാളും രാഹുലിനെക്കാളും കോൺഗ്രസ്സിൽ സീനിയോറിട്ടിയുള്ള രമേശിന് ദേശീയ നേതൃത്വത്തിൽ അർഹമായ പങ്ക് നേടിയെടുക്കുന്നതിനുള്ള ഉൾപാർട്ടി പോരാട്ടത്തിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യാം.  സർ സി ശങ്കരൻ നായർക്കു ശേഷം അഖിലേന്ത്യാ അദ്ധ്യക്ഷ പദവിയിലേക്ക് കേരളത്തിന് ലഭിക്കാത്ത അവസരം ചോദിച്ചു വാങ്ങാം.  വാങ്ങണം.  അത് നിഷേധിച്ചാൽ അവിടെ ഉൾപാർട്ടി ജനാധിപത്യം ഇല്ലെന്ന് തിരിച്ചറിഞ്ഞ് എല്ലാ മോഹങ്ങളും ഉപേക്ഷിച്ച് നേരിന്‍റെ പക്ഷത്തേക്ക് നടന്നുയരണം.  ഭാരതീയ ദേശീയതയുടെ ഉദാത്ത കർമ്മ മേഖലയിൽ തനിക്കും സാർത്ഥകമായ, സകാരാത്മകമായ, ഒരു പങ്കുള്ളതിനെ സ്വയം സ്വീകരിക്കുക തന്നെയുമാകാം.



No comments: