സര്‍ഗ്ഗാത്മകമായി സഹകരിക്കുക 9995361657@upi 
Subscribe malayalamasika Youtube Channel 

Sidheekh Subair :: ആദ്യാനുരാഗം

Views:


കവിത
ആദ്യാനുരാഗം :: സിദ്ദീക്ക് സുബൈർ

വാസന്ത രാവിലെ പൂർണേന്ദു പോലെ
വാസന പൂവിടും രാഗനിലാവേ,
വാരിജരാജി തുടുത്തവളേ,
വാരിളം തെന്നലായ് വീശിയോളേ...

അന്നു നാം കണ്ടതും കൂടെ നടന്നതും
അപ്പുറമിപ്പുറം തേടും മിഴികളാൽ
അറിയാതെ തമ്മിൽ നാം ഒളികണ്ണെറിഞ്ഞതും
ആയിരം വിസ്മയപ്പൂക്കളാണോർമയിൽ.

വാക്കില്ലാനോട്ടങ്ങൾ ആശയത്തേരേറി
വാനവും ഭൂമിയും പൂവിട്ടു പ്രണയവും
വായന തീരാത്ത സ്നേഹവും ഭാവവും
വാടാത്ത ജീവിതത്താളുകൾ തീർത്തു നീ

അകലം കുറഞ്ഞൊന്നടുപ്പം തളിർത്തതും,
അഴകായ് വിരിഞ്ഞതും എത്ര വേഗം.
അമ്പലവഴിയിലും അരയാൽ ചുവട്ടിലും
അന്നെത്ര നേരം നാം തങ്ങി നിന്നു..

നിറയാതെ മറയേണ്ടൊരുറവയാമെന്നെ നീ,
ലവണത്തിരകളാൽ ചേർത്തണച്ചു...
വെൺമതൻ ശാലീന സൗന്ദര്യ സാരമേ
പ്രണയമായ് നിന്നെ ഞാനന്നറിഞ്ഞു...

നീണ്ടു കറുത്ത മുടിയഴകിൽ,
ഇറ്റിറ്റു വീഴും കുളിർമയാകാൻ,
തുളസിക്കതിരൊന്നു ചൂടി നിൽക്കാൻ
മൽപ്രിയേ ഞാനും കൊതിച്ചിടുന്നു...

വല്ലാത്ത മോഹമായ് നിന്നവൾക്ക്
വെള്ളിക്കൊലുസും പുളകമേകി,
വല്ലായ്മ മാറ്റിടും താളമായ്
നൂപുരനാദവും തീവ്ര രാഗം.

നിൻ കാലു പതിയുന്ന മൺതരിയായ്
നിൻ മൃദുസ്പർശന ലഹരി നേടാൻ
കോരിത്തരിക്കുമെന്നുള്ളിലുണ്ട്
തീരാത്ത മോഹം വളർന്ന ദാഹം...

ചാറ്റൽ മഴ പെയ്തു നാം നനഞ്ഞു,
വയൽ വരമ്പിൽ, നീണ്ട വഴിയിലൂടെ
ചേർന്നൊന്നായ് ഒറ്റക്കുടയുമായി
അനുരാഗ പക്ഷികൾ കൂടുതേടി.

കാറ്റിന്റെ കൊഞ്ചലായ് ഓടിയെത്തും
നിൻ നാദവൈഭവം കോർത്തു നമ്മെ,
ചേലെഴും മാലപോൽ ചേർന്നിടുന്നു,
ഓർത്തു നാം പ്രണയം തുടർന്നിടുന്നു.

നിൻ നാണമാഴത്തടാകങ്ങളിൽ
നിത്യം നുണക്കുഴിച്ചുഴികൾ തീർക്കെ,
ഭാവന വന്നെന്നെ മൂടി നിൽക്കും
ചാരു വരികളായ്  കവിത മൂളും

ആരോരുമറിയാ രഹസ്യമൊക്കെ
തേൻമൊഴിയാളന്നു കാതിലോതി,
നീളിടും അളകനിരകൾ മെല്ലെ
തഴുകും ലഹരിയിൽ ഞാനലിഞ്ഞു...

ആദ്യ പ്രണയമേ നിന്നെയോതാൻ
നാവില്ലെൻ കവിതയ്ക്കുമാവുകില്ല
കണ്ണീർ ചൊരിയാതെ ഓർക്കവയ്യ
കണ്ണിന്‍റെ കാതലായ് കാത്തവളേ...
No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)