Vidhu Prakash :: പരമേശ്വർ ജി

Views:

പരമേശ്വർ ജി.
*************
വർഷങ്ങൾക്കു മുൻപ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ യാദൃശ്ചികമായെത്തിയതായിരുന്നു ഞാൻ.
പരമേശ്വർ ജി സ്ഥലത്തുണ്ടെന്നറിഞ്ഞു.
വിചാര കേന്ദ്രത്തിന്റെ വർക്കിൽ അത്ര സജീവമല്ലാതെ നിൽക്കുന്നതിന്റെ ജാള്യതയിൽ പരമേശ്വർ ജിയെ കാണാനേ ആഗ്രഹിച്ചിരുന്നില്ല.
പക്ഷേ അതാ വരുന്നു... രണ്ടാം നിലയുടെ ഗോവണിയിറങ്ങി വിചാര കേന്ദ്രം ഡയറക്ടർ .
മുകളിൽ ഓഫീസിൽ നിന്നും താഴെ അടുക്കള ഭാഗത്ത് ഊണ് കഴിക്കാനുള്ള വരവാണ്.
എന്നെക്കണ്ടതും ചോദ്യഭാവത്തിൽ നോക്കി.
എന്താ .. എന്നു ചോദിച്ചു.

വെറുതേ... ലൈബ്രറി ഭാഗത്തേക്ക് പോവുകയാണെന്ന് ഞാൻ വിനയാന്വിതനായി വഴിയൊതുങ്ങി നിന്ന് പരമേശ്വർ ജിയോട് പറഞ്ഞു.

ഒരു നിമിഷം നോക്കി നിന്നിട്ട് ''വരൂ .." എന്ന് പറഞ്ഞ് അദ്ദേഹം തിരികെ പടിക്കെട്ടുകൾ ചവിട്ടിക്കയറി. പിന്നാലെ ഞാനും. വന്ന ദൂരമൊക്കെത്താണ്ടി വാർദ്ധക്യ ക്ലേശശരീരനായ അദ്ദേഹം വീണ്ടും ഓഫീസ് മുറിയിലേക്ക് എന്നേയും കൂട്ടി നടക്കുകയാണ്.
ഞാൻ വല്ലാത്തൊരങ്കലാപ്പിലും..

കസേരയിലിരുന്ന് എനിക്ക് ഇരിപ്പിടവും ചൂണ്ടി അദ്ദേഹം കാര്യത്തിലേക്ക് കടന്നു.

''ഉഴുത് പരുവപ്പെടുത്തിയിരിക്കുകയാണ്.
എല്ലാം പാകത്തിൽ.... വിത്തെറിഞ്ഞ് പ്രവർത്തനമാരംഭിച്ചു കൂടെ.
ഇനിയും കാത്തിരിക്കണോ?''

അര മണിക്കുർ സമയം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പുത്തൻ പ്രവണതകളെപ്പറ്റി ലളിതസുന്ദര വാക്കുകളിൽ, പതിഞ്ഞതും മുഴക്കമുള്ളതുമായ ശബ്ദത്തിൽ ഒരു 'ബൗദ്ധിക്''

കാലം തെറ്റി വിചാര കേന്ദ്രം സംസ്കൃതി ഭവനിൽ വന്നു കയറിയ വെറും നിസ്സാരനായ ഒരു വിദ്യാർത്ഥിക്ക് വേണ്ടി ഉച്ചയൂണിന്റെ സമയവും ഇറങ്ങി വന്ന കയറ്റവും ലാഘവത്തോടെ പിൻതളളാൻ മടിയില്ലാത്ത വ്യക്തിത്തം....സാധ്യതയുടെ തുരുമ്പു പോലും കരുതലോടെ എടുത്തു വെച്ച് പരിപാലിച്ച അങ്ങേയറ്റത്തെശുഭാപ്തി വിശ്വാസി..... അതായിരുന്നു പരമേശ്വർ ജി.

അന്ന് തിരികെപ്പോരുമ്പോൾ പരമേശ്വർ ജി യുടെ സന്തത സഹചാരിയായ സുരേന്ദ്രൻ ചേട്ടനോട് യാത്ര പറയാൻ അടുക്കള ഭാഗത്തെത്തി.

പരമേശ്വർ ജി ഊണുകഴിക്കുന്നതിന്റെ അവസാന ഭാഗം.

''ഊണ് കഴിച്ചിട്ട് പോകാം..... ''

ഞാൻ കഴിച്ചു പരമേശ്വർ ജി....

'' എന്നാൽ പായസം കഴിക്കാം.... "

അദ്ദേഹം കഴിക്കാതെ മാറ്റി വെച്ച പായസം അടുത്തിരുന്ന് കഴിക്കുമ്പോൾ ഒരു അപ്പൂപ്പന്റെ വാത്സല്യം നോട്ടത്തിലൂടെയും ഭാവത്തിലൂടെയും പുൽകുന്നത് നമ്മളറിയും.

കേരളത്തിലെ ഏറ്റവും മുതിർന്ന സംഘ പ്രചാരകനോടൊപ്പമാണിരിക്കുന്നതെന്നെ ചിന്ത ഒരിക്കൽ പോലും നമ്മെ ജാഗ്രതപ്പെടുത്തില്ല.

മാറി നിന്ന് കണ്ടു പഠിക്കാൻ കഴിയുന്ന മികച്ച ഒരു വ്യക്തിത്വത്തിന്റെ ഭാഷയായിരുന്നു പരമേശ്വർ ജി.

- വിധു പ്രകാശ്No comments: