K V Rajasekharan :: ഗോഡ്സെ: വ്യാജ ഗാന്ധിയൻമാർക്കും സഖാക്കൾക്കും ദൈവം

Views:"അണ്ടനടകോടൻ എമ്മനും തൊമ്മനും 
യൂത്തിന്‍റെ മൂത്തൊരു കരിങ്കാലിക്കരുണനും 
അമ്മിണിയമ്മേടെ അമ്മായിയപ്പന്‍റെ 
പുന്നാരപ്പൊന്നുമോൻ അച്യുതമേനോനും …..". 

മാക്സിസ്റ്റുകളുടെ സുവർണ്ണകാലഘട്ടത്തിൽ, ഇളംകുളത്തു മനയ്ക്കലെ ശങ്കരൻ നമ്പുതിരിപ്പാട് ഒന്നു തീരുമാനിച്ചു.
ഏതു ചെകുത്താനെ കൂട്ടുപിടിച്ചിട്ടായാലും കോൺഗ്രസ്സെന്ന ബൂർഷ്വാ പാർട്ടിയെ കെട്ടുകെട്ടിക്കും
ശുദ്ധ ആഢ്യൻ നമ്പൂതിരിയായ സഖാവ് നോം തന്നെ അടുത്ത കേരള മുഖ്യമന്ത്രി!  പിന്നെ നാട്ടിൽ കണ്ട അണ്ടനടകോടൻമാരെയും അവരുടെ രാഷ്ട്രീയ പാർട്ടികളെയും വട്ടമിട്ടു പിടിച്ച് കൂടെ കൂട്ടി സപ്ത കക്ഷി മുന്നണിയുണ്ടാക്കി. നമ്പൂതിരി സഖാവ് 1967 ൽ മുഖ്യമന്ത്രിയുമായി.

കസേരകിട്ടിയതും നമ്പൂതിരിപ്പാടിന് ഇരിക്കപ്പൊറുതിയില്ലാതായി.
അല്ലാ, എന്തായാലും തൊട്ടാലും തീണ്ട്യാലും അശുദ്ധ്യാക്കുന്ന ഏഭ്യന്മാരോടോപ്പം എത്രനേരമെന്നു വെച്ചാ പിടിച്ചിരിക്ക്യ? തമ്മിലടിയായി. 
നമ്പൂതിരിക്കൂട്ടരുടെ ആട്ടും തുപ്പും സഹിക്കാൻ വയ്യാതായി, മാക്സിസ്റ്റ് ഇല്ലത്തുനിന്നും പുറത്തു ചാടിയ എല്ലാവരെയും തക്കം നോക്കിയിരുന്ന കോൺഗ്രസ്സും കരുണാകരനും കൂടെ കൂട്ടി. 1969 ൽ അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി പുതിയ മന്ത്രിസഭയുണ്ടാക്കി.

നമ്പൂതിരിയെ മാറ്റി മേനോനെ മുഖ്യമന്ത്രിയാക്കിയ ഏഭ്യന്മാരുടെ കൂട്ടുകെട്ടിൽ പെട്ടവരെ പെരുവഴിയിൽ വലിച്ചലക്കുവാൻ മാക്സിസ്റ്റുകളായ നാലു പേർ കൂടുന്നിടത്തൊക്കെ കൂകിവിളിച്ച ഭരണിപ്പാട്ടിൽ എതിരാളികളെ ചേർത്തു പറഞ്ഞ വരികളാണ് ഞാൻ ആദ്യം എഴുതിയത്.

പിന്നീട് കേരളം കണ്ടത് അപ്പറഞ്ഞ അണ്ടനടകോടന്മാരും ചെകുത്താൻമാരും തക്കം നോക്കി, തരം നോക്കി, അങ്ങോട്ടും ഇങ്ങോട്ടും, മാറിയും മറിഞ്ഞും  രണ്ടുമുന്നണികളുടെയും ലേബലിൽ  കേരളത്തെ ഭരിച്ചുമുടിച്ച ചരിത്രമാണ്.
 • കൃസ്ത്യൻ മുസ്ലീം വർഗീയതയുടെ ശക്തികളും ചില ജാതിസംഘടനകളുടെ നേതാക്കളും  രാഷ്ട്രീയത്തിലഴിഞ്ഞാടിയ കാലം. 
 • ശുദ്ധ വർഗീയ പാർട്ടികളായ കേരളാ കോൺഗ്രസ്സുകളും മുസ്ലീം ലീഗും തങ്ങളുടെ വർഗീയതയുടെ അജണ്ട വീറോടെ നടപ്പിലാക്കി.  
 • കോൺഗ്രസ്സിലെ എ ഗ്രൂപ്പാണെങ്കിൽ കൃസ്ത്യൻ വർഗീയ അജണ്ട മൂടിപ്പൊതിഞ്ഞും നടപ്പിലാക്കി. 
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായ കമ്യൂണിസ്റ്റും കോൺഗ്രസ്സും എന്നും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിൽ രാഷ്ട്രീയ ലാഭം കൊയ്യുന്നത് തുടർന്നു.
നമ്പുതിരിപ്പാടിന്‍റെ മാക്സിസ്റ്റ് പാർട്ടി ഒരിക്കൽ മാത്രം ഒന്നു മാറി ചിന്തിച്ചു.  
 • നിലയ്ക്കൽ പ്രക്ഷോഭത്തിൽ ഹിന്ദുവിന്‍റെ പക്ഷം വിജയം വരിച്ചപ്പോളുണ്ടായ ആവേശകരമായ അവസരത്തിന്‍റെ രാഷ്ട്രീയ ലാഭം കൊയ്യാൻ ഹിന്ദുപക്ഷത്തുള്ളവരുടെ രാഷ്ട്രീയ സംഘടനാശക്തി നേടിയിട്ടില്ലാതിരുന്ന സാഹചര്യം മുതലെടുക്കുവാൻ കുശാഗ്രബുദ്ധിയായിരുന്ന നമ്പുതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള മാക്സിസ്റ്റു പാർട്ടിക്ക് ഒരു മടിയുമില്ലായിരുന്നു.  
 • 1957 ലും അവഗണിക്കപ്പെട്ട ഹിന്ദുവിന്‍റെ പിന്തുണ തെക്കൻ കേരളത്തിലും ആക്രമിക്കപ്പെട്ട ഹിന്ദുവിന്‍റെ പിന്തുണ വടക്കൻ കേരളത്തിലും തേടി രാഷ്ട്രീയ വിജയം സ്വന്തമാക്കി കമ്യൂണിസ്റ്റു ഭരണം സാധിച്ചെടുത്തതാണ് ചരിത്രം. 
ആ രണ്ടു സന്ദർഭങ്ങളൊഴിച്ചാൽ ഹിന്ദുവിനെ അവഗണിക്കയും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കയും ചെയ്യുന്ന രാഷ്ട്രീയ നെറികേടാണ് കമ്യൂണിസ്റ്റു പക്ഷത്തുനിന്നും  കേരളം ഇതുവരെ കണ്ടത്.
അങ്ങനെ മതനിരപേക്ഷതയുടെയും സർവ്വമത സമഭാവനയുടെയും എല്ലാ രാഷ്ട്രീയ-സാമൂഹിക മൂല്യങ്ങളും കുഴിച്ചു മൂടി ഹിന്ദുവിനെ പാർശ്വവത്കരിക്കയും അരികുവത്കരിക്കയും ചെയ്യുന്ന രാഷ്ട്രീയമാണ് കേരളം ഇടതു വലതു മുന്നണികളുടെ മാറി മാറിയുള്ള ഭരണത്തിൽ കണ്ടറിഞ്ഞതും അനുഭവിച്ച് തകർന്നതും.
ഇതിനിടെ സോണിയ കോൺഗ്രസ്സിൽ പ്രമുഖയായതോടെ അവരുടെ മതം ഉൾപ്പടെയുള്ള ന്യുനപക്ഷങ്ങളോടുള്ള പ്രീണനം പുതിയ തലങ്ങളിലേക്കുയരാൻ തുടങ്ങി. കമ്യൂണിസ്റ്റു പാർട്ടികളും ന്യൂനപക്ഷ പ്രീണനത്തിന് ആവേശപൂർവ്വം പുതുവഴികൾ തേടി.
സോവിയറ്റു സഹായത്തിന്‍റെ ഉറവ വറ്റിയതോടെ ഉണ്ണാനും ഉടുക്കാനും ഇസ്ലാമിക തീവ്രവാദികളുടെ പാളയങ്ങളിൽ കാത്തു നിൽക്കേണ്ടി വന്ന ഗതികേടാണ് കമ്യൂണിസ്റ്റു പാർട്ടികളെ അങ്ങനെയൊരു സമീപന രീതിയിലേക്ക് അടുപ്പിച്ചത്.   
കഴിഞ്ഞ കാലത്ത് ഹിന്ദുവിനെ അവഗണിക്കയാണ് ചെയ്തതെങ്കിൽ ഇന്ന് ഹിന്ദുവിരുദ്ധവർഗീയ അജണ്ടയാണവർ സ്വീകരിച്ചിരിക്കുന്നത്.
ദേശീയ തലത്തിൽ ഈ രണ്ടു പാർട്ടികളും അപ്രസക്തരാകുകയും ദേശീയതയുടെ പക്ഷം പ്രഭാവശാലിയായി മാറുകയും ചെയ്തു. 
പിടിച്ചു നിൽക്കാൻ വേണ്ടി പാക്കിസ്ഥാനും ചൈനയും പടിഞ്ഞാറൻ രാജ്യങ്ങളുമായി രഹസ്യബന്ധങ്ങളിലേക്ക് നീങ്ങിയതോടെ, ദേശവിരുദ്ധ രാഷ്ട്രീയമായി അവരുടെ നിലനിൽപ്പിന്‍റെ ഊർജ്ജശ്രോതസ്സ്. അതേ സമയം ഹിന്ദുവിരുദ്ധവർഗീയതയും  ദേശവിരുദ്ധ രാഷ്ട്രീയവും ദേശീയതലത്തിൽ സജീവമാക്കുന്ന ശക്തികളായി ഒന്നിച്ചു നിൽക്കുന്ന കമ്യൂണിസ്റ്റുകളും കോൺഗ്രസ്സുകാരുമാണ് കേരളത്തിൽ പരസ്പരം അധികാരക്കസേരയ്ക്കുവേണ്ടി പൊരുതുന്നതെന്ന അവസ്ഥയുമുണ്ടായി.

കേരളത്തിന്‍റെ ഈ ദൗർഭാഗ്യകരമായ രാഷ്ട്രീയ പ്രതിസന്ധിയുടെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ കഴിവുള്ള തിരുത്തൽ ശക്തിയായി ഭാരതീയ ദേശീയതയുടെ ശക്തികൾ പടർന്നു പന്തലിക്കുന്ന മാറ്റത്തെയാണ് പൊതുസമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.  
 • 2014 ൽ ദേശീയതലത്തിലുണ്ടായ രാഷ്ട്രീയമാറ്റം ഭാരതത്തിൽ ജനിച്ച ഹിന്ദു, കൃസ്ത്യൻ, മുസ്ലീം തുടങ്ങിയ വ്യത്യസ്ഥ മതവിഭാഗങ്ങളിൽ പെടുന്ന ജനസമൂഹത്തെ മൊത്തം വിശാലമായ സാംസ്കാരിക ദേശീയതയൂടെ പൊതുപൈതൃകത്തിന്‍റെ തുല്ല്യാവകാശികളായി കണക്കാക്കുന്ന സകാരാത്മക സമീപനത്തിന്‍റെ വിജയമാണ് കുറിച്ചത്.  
 • 2019 ൽ ആ രാഷ്ട്രീയ മാറ്റത്തിന്‍റെ അംഗീകാരം ജനാധിപത്യ ഭാരതം അരക്കിട്ടുറപ്പിച്ചു. ചരിത്രനേട്ടത്തോട് വിനയപൂർവ്വം പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹം അന്നുവരെ ജനങ്ങൾക്ക് നൽകിയിരുന്ന സബ്കാ സാഥ്, സബ്കാ വികാസ് (എല്ലാരോടും ഒപ്പം, എല്ലാവരുടെയും വികസനം) എന്ന വാഗ്ദാനത്തോടൊപ്പം  സബ്കാ വിശ്വാസ് (എല്ലാവരുടെയും വിശ്വാസവും) കൂട്ടിച്ചേർത്തു. 
മോദിയുടെ ആദർശശ്രോതസ്സായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ സർസംഘ് ചാലക് ഡോക്ടർ മോഹൻജി ഭാഗവത് ഈ ഗുണപരമായ പരിവർത്തനത്തിന്‍റെ അമരത്തിരുന്നുകൊണ്ട് ഭാരതത്തെ മുന്നോട്ടു നയിക്കുവാനുള്ള പരിശ്രമങ്ങൾക്ക് കൃത്യമായ ദിശയും കാലം ആവശ്യപ്പെടുന്ന വേഗതയും നൽകുകയാണ്.  വ്യക്തമായ ആ സമീപനത്തിന്‍റെ ഭാഗമായിട്ടാണ് മഹാത്മജിയുടേ ജീവിത വീക്ഷണത്തിന്‍റെ പ്രസക്തിയിലേക്ക് നൂറ്റിയമ്പതാം ഗാന്ധിജയന്തിക്കു മുന്നോടിയായി ലോകത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകൾ പൊതുമാധ്യമങ്ങൾ ഭാരതത്തിനകത്തും പുറത്തും ആവേശപൂർവ്വം പൊതുജനങ്ങളിലേക്കെത്തിച്ചു.
കേരളത്തിൽ മാതൃഭൂമി ദിനപ്പത്രം സർസംഘ് ചാലകിന്‍റെ ആശയങ്ങൾ ഗാന്ധിജയന്തി ദിനത്തിൽ പ്രസിദ്ധീകരിച്ചതാണ് ഇവിടെ സജീവമായ ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും കുതന്ത്രങ്ങളുടെ പ്രയോക്താക്കളൂടെ ഉറക്കം കെടുത്തിയത്.  
മാതൃഭൂമി അവരിലാരെയും നിരാശപ്പെടുത്തിയില്ല. ബിനോയ് വിശ്വവും കാനം രാജേന്ദ്രനും പിണറായി വിജയനും സീതാറാം യച്ചൂരിയും വി ഡി സതീശനും എ കെ ആൻറണിയും എല്ലാം ഒരാഴ്ചയോളം മാതൃഭൂമിയുടെ പത്രത്താളുകളിൽ വിഷം നിറച്ചു.
സംവാദമെന്നാണ് ആ പത്രം അതിനെ വിശേഷിപ്പിച്ചത്.  അനുഭവത്തിൽ കണ്ടതോ സംഘത്തോടും രാഷ്ട്രത്തോടും ഒപ്പം നിൽക്കുന്നവരുടെ കാഴ്ചപ്പാടുകൾക്ക് തെല്ലും ഇടം നൽകാതെ നടത്തിയ ഏകപക്ഷ സംവാദ നാടകത്തിന്‍റെ വൃത്തികെട്ട വികൃതമുഖവും!
ഇനിയെഴുതുന്ന വരികളുടെ ലക്ഷ്യം  അവരിൽ നിന്നുയർന്ന അടിസ്ഥാനരഹിത ജല്പനങ്ങളെ പൊളിച്ചടുക്കുകയാണ്.

വലത് കമ്യൂണിസ്റ്റുകളുടെ നേതാവ് ബിനോയ് വിശ്വമാണ് ഹിന്ദുവിരുദ്ധ വർഗീയതയുടെ രണതന്ത്രത്തിനുതകും വിധം ദുർബലമെങ്കിലും ആശയപരമായ ചില സമസ്യകളുയർത്താൻ ശ്രമിച്ചു നോക്കിയത്.  അതിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടതു കാണുമ്പോൾ അഭിഭാഷകൻ എത്ര പ്രഗത്ഭനാണെങ്കിലും കേസ്സ് ദുർബലമാണെങ്കിൽ തോൽവി ഉറപ്പാണെന്നത് ആവർത്തിച്ചുറപ്പിക്കുന്നു.
 • ഗാന്ധിയൻ ദർശനങ്ങളോടും ഗാന്ധിയൻ രീതികളോടും തങ്ങൾക്ക് യോജിക്കാവുന്നിടത്തെല്ലാം യോജിക്കുക.  
 • വിയോജിക്കേണ്ടിടത്ത് വ്യക്തതയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാതെ മഹാത്മജിയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടു തന്നെ വിയോജിക്കുക. 
 • ഗാന്ധിയൻ ജീവിത വീക്ഷണത്തിലെ ശ്രേഷ്ഠ മാതൃകകളെ അറിഞ്ഞ് ഉൾക്കൊണ്ട് സ്വന്തം ജീവിതത്തിലേക്കു പകർത്തി പൊതു സമൂഹത്തിനു വഴി കാട്ടുക.  
ഈ സമീപനങ്ങളാണ് ഇക്കാര്യത്തിൽ സംഘം സ്വീകരിച്ചതെന്നത് ശത്രുക്കൾക്കു പോലും സ്പഷ്ടമാണ്.  അതുകൊണ്ടു തന്നെയാണ് ജീവിതത്തിൽ ഗാന്ധിയൻ മുഖമുദ്രയായ ലാളിത്യവും സഹജീവികളോടുള്ള കരുതലും സ്വദേശി പ്രതിബദ്ധതയും ഹിന്ദ് സ്വരാജിനോടും രാമരാജ്യത്തോടുമുള്ള ഉറച്ച നിലപാടുകളും ഉള്ളവരുടെ സംഖ്യ ഗണ്യമായ തോതിൽ ബാക്കിയുള്ളത് സംഘപരിവാറിൽ മാത്രമാണുള്ളതെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

പരിവാറിനപ്പുറം ഗാന്ധിയൻമാരുടെ കുറ്റിയറ്റു കഴിഞ്ഞപ്പോഴും സംഘമാണ് ഗാന്ധിയൻ ശരികളെ സ്വീകരിച്ച് മുന്നോട്ടു പോകുന്നതെന്ന വസ്തുത, ബിനോയ് നേതൃത്വം നൽകുന്ന, ഗാന്ധിയെ വെറുത്ത, പരിഹസിച്ച, വിലകുറഞ്ഞ വിളിപ്പേരുകൾ കൊണ്ട് അദ്ദേഹത്തെ നിരന്തരം അവഹേളിച്ച, സ്വദേശിക്കും സ്വദേശത്തിനും ദേശീയതയ്ക്കും എതിരെ എന്നും കലഹിച്ചു നിന്നിട്ടുള്ള കമ്യൂണിസ്റ്റ് പരിവാറിനെ ഭയപ്പെടുത്തിയിട്ടുണ്ടാകാം.
(കമ്യൂണിസ്റ്റു പരിവാർ എന്ന് പറയുമ്പോൾ ഇടതുവലത് കമ്യൂണിസ്റ്റു പാർട്ടികൾ, നാടൻ  നക്സലൈറ്റുകൾ, കാടൻ നക്സലൈറ്റുകൾ, ഇടതു വിഘടനവാദികൾ എല്ലാം ചേർന്നവരെയാണ് ഉദ്ദേശിക്കുന്നത്. സംഘപരിവാറുമായി പുലബന്ധം പോലുമില്ലാത്തവർ ചെയ്യുന്നതിനെല്ലാം സംഘം മറുപടി പറയണമെന്ന് വിളിച്ചു കൂകുന്നവർ സ്വന്തം തട്ടകത്തിൽ പെട്ടവരെയെല്ലാം കമ്യൂണിസ്റ്റു പരിവാർ എന്നു പറയുന്നതിനെ സന്തോഷപൂർവ്വം സ്വീകരിക്കുമെന്നാണ് ഇതെഴുന്നയാൾ പ്രതീക്ഷിക്കുന്നത്).
ഇവിടെ ബിനോയ് വിശദീകരണം നൽകേണ്ട അടിസ്ഥാനപരമായ ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു.
'ഗാന്ധി എന്താക്കി? ഇൻഡ്യയെ മാന്തിപ്പുണാക്കി' 
എന്ന് തോണ്ടപൊട്ടും വിധം എട്ടുദിക്കിലും വിളിച്ചു കേൾപ്പിച്ച ഇൻഡ്യൻ കമ്യൂണിസ്റ്റ് പൂർവ്വസൂരികളെ ബിനോയിയുടെ കമ്യൂണിസ്റ്റു തലമുറ വെറുത്തു തുടങ്ങിയോ?  അവരുടെ സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളെ വെട്ടിനിരത്തി മരച്ചീനി നട്ടിട്ടാണോ'ഉജ്ജ്വല പ്രഭയോടെ ജീവിച്ചിരിക്കുന്ന ഗാന്ധി ദർശനങ്ങൾ' എന്നൊക്കെ പരാമർശിക്കാനൊരുമ്പെടുന്നത്?

ഹിറ്റ്ലറുമായി പൊക്കിൾക്കൊടിബന്ധവും സംബന്ധവും എല്ലാമുണ്ടായിരുന്ന സ്റ്റാലിൻ ആ വഴിക്കു  നേടാൻ ശ്രമിച്ചതിന്‍റെ, എറിഞ്ഞെങ്കിലും കിട്ടാനിടയൂള്ള എച്ചിൽ കഷണങ്ങൾക്ക് വേണ്ടി വഴിയിലേക്ക് കണ്ണും നാട്ട് കാത്തിരുന്നവരുടെ വിഹിത/അവിഹിത ബന്ധങ്ങളുടെ രസതന്ത്രം ഗവേഷണം ചെയ്തിട്ടു പോരേ ആ പേരും പറഞ്ഞ് സംഘത്തിനെതിരെ വാളോങ്ങാൻ നോക്കുന്നത്.

പറഞ്ഞ്, പറഞ്ഞ്, ഡോ ബി.എസ്സ്. മുഞ്ചയെ ഡോ. കേശവ് ബലിറാം ഹെഗ്ഡേവറുടെ ഉത്തമ ശിഷ്യനുമാക്കി, ബിനോയ് വിശ്വം!

വസ്തുതകൾ പഠിച്ചെടുക്കാൻ മിനക്കെടാതെ കാര്യങ്ങളറിയാവുന്നവരുടെ മുമ്പിൽ സ്വയം ചെറുതാകാൻ ഇടയാക്കുന്ന ഒരു അബദ്ധ പ്രസ്താവനയ്ക്ക്  ബിനോയ് വിശ്വത്തെ പോലെ, രാഷ്ട്രീയ എതിരാളികൾ പോലും ഗൗരവപൂർവ്വം ചെവി കൊടുക്കുന്ന ഒരൂ കമ്യൂണിസ്റ്റ് ബുദ്ധിജീവി ഒരുമ്പെടാൻ പാടില്ലായിരുന്നു.
ഡോ. മുഞ്ചേ ഒരിക്കലും ഡോ. ഹെഗ്ഡേവാറിന്‍റെ ശിഷ്യനായിരുന്നില്ല, സ്വാതന്ത്ര്യ സമര രംഗത്തുൾപ്പടെ അദ്ദേഹത്തിന് മുമ്പേ നടന്ന വഴി കാട്ടിയായിരുന്നു.
ഡോ മുഞ്ചേ മുസ്സോളിനിയെ കണ്ടതാണല്ലോ ബിനോയ് വിശ്വത്തിന് സഹിക്കാൻ വയ്യാത്തത്.  ആ വിഷയം ഗൗരവം അർഹിക്കുന്ന ചർച്ചാ വിഷയമാണെന്ന് കണക്കിലെടുത്താൽ പരിഗണിക്കേണ്ട ചില വസ്തുതകളുണ്ട്.
 • ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ തന്നെ ഇൻഡ്യയും റഷ്യയും അടക്കം വിവിധ രാജ്യങ്ങളിൽ സാമ്രാജ്യത്വത്തിനും അടിച്ചമർത്തലിനും എതിരെ ജനകീയമുന്നേറ്റങ്ങളുടെ സാദ്ധ്യതകൾ ആരായുവാൻ ക്ഷുഭിത യൗവ്വനം വഴി തേടുകയായിരുന്നു.  
 • തന്‍റെ രാജ്യത്തെ സമരപോരാട്ടങ്ങളുടെ രണതന്ത്രം മെനയുവാൻ മറ്റു രാജ്യങ്ങളിലുള്ള സമാനസമരരീതികളുടെ അനുഭവങ്ങൾ സ്വായത്തമാക്കുവാൻ യുവ വിപ്ളവകാരികൾക്ക് സ്വാഭാവികമായ ആവേശം ഉണ്ടായിരുന്നു. 
 • ഓരോ സമരങ്ങളും നിയന്ത്രിച്ച പ്രത്യയശാസ്ത്രങ്ങളെയോ ആദർശങ്ങളെയോ പഠിച്ച് അപഗ്രഥിച്ച് യോജിക്കുന്നവരോടു മാത്രം ചേരുന്നതായിരുന്നില്ല അന്നവരുടെ രീതിശാസ്ത്രം.  
 • സ്വന്തം സമരങ്ങളുടെ പ്രഹരശേഷി വർദ്ധിപ്പിച്ച് ശത്രുപക്ഷത്തുള്ളവരുടെ പക്ഷം മുറിക്കുവാൻ ഉതകുന്നതായ സംഘടനാരീതികളും ശസ്ത്രങ്ങളും ശസ്ത്ര നിർമ്മാണവൈദഗ്ദ്ധ്യവും പഠിച്ചു പ്രയോഗിക്കുവാനായിരുന്നു വിവിധ രാജ്യങ്ങളിലെ സമരപോരാളികൾക്ക് ഉത്സാഹം.
ആ അന്തരീക്ഷത്തിലാണ് അന്ന് ലണ്ടനിൽ താമസിച്ച് വിദ്യാഭ്യാസം ചെയ്ത്
 • ഭാരതീയ സ്വാതന്ത്ര്യ സമരത്തിന് വഴി തേടുകയായിരുന്ന വീര വിനായക  സവർക്കറെ സന്ദർശിച്ച് ആശയവിനിമയം ചെയ്യുവാൻ, പിന്നീട് റഷ്യൻ വിപ്ളവനായകനായി മാറിയ വ്ളദ്മീർ ലെനിൻ പോലും നാലു തവണ എത്തിയത്. 
 • അവിടെ ലെനിൻ മാത്രമല്ല റഷ്യ, ടർക്കി, ഈജിപ്റ്റ്,  ഇറാൻ, അയർലൻഡ്, ചൈന, എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിപ്ളവകാരികളും സവർക്കറോട് സംവദിക്കാൻ അദ്ദേഹം താമസിച്ചിരുന്നിടത്ത് എത്തുമായിരുന്നു. 
 • അവിടം വിവിധ രാജ്യങ്ങളിൽ സമരപോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്ന യുവമനസ്സുകളുടെ പൊതുസംവാദ വേദിയായി മാറിയെന്നതാണ് വസ്തുത.
ഇതോടൊക്കെ ചേർത്തു വായിക്കേണ്ട സംഭവമാണ് 1907 ൽ ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ്സ് കോൺഫെറെൻസ്.  റഷ്യയിൽ നിന്ന് ലെനിനും റോസ് ലക്സംബർഗും ഉൾപ്പെടെ ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നും വിവിധ പ്രമുഖർ പങ്കെടുത്ത ആ സമ്മേളനത്തിലേക്ക് വീരസവർക്കരും ക്ഷണിക്കപ്പെട്ടിരുന്നുവെന്നും നേരിട്ടു പങ്കെടുക്കുവാൻ അസൗകര്യം ഉണ്ടായിരുന്നതു കാരണം  മാഡം ഭിക്കാജി കാമയെ അവിടേക്ക് നിയോഗിക്കുകയായിരുന്നുയെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ വീരസവർക്കർ രൂപം നൽകിയ ഭാരതത്തിന്‍റെ ദേശീയ പതാക മാഡം കാമാ ഉയർത്തിയതും മറക്കാതിരിക്കുക.

ഈ വക കാര്യങ്ങളെടുത്തു പറഞ്ഞത് അന്ന് ഓരോ രാജ്യങ്ങളിലെയും യുവ പോരാളികൾ പരസ്പരം ബന്ധപ്പെട്ടത്  പ്രത്യയശാസ്ത്രങ്ങളുടെ ബോദ്ധ്യപ്പെടലുകളിലൂടെ അല്ലായിരുന്നൂവെന്നും സ്വന്തം രാജ്യങ്ങളിലെ വിമോചന സമരങ്ങൾക്ക് അന്യ രാജ്യങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് അവയിൽ പ്രയോഗമക്ഷമമായതിനെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നൂവെന്നതും എടുത്തുകാണിക്കുവാൻ വേണ്ടിയാണ്.
അങ്ങനെ ഒരു ചരിത്ര പശ്ചാത്തലത്തിൽ ലെനിൻ സവർക്കറെ കണ്ടതോ ഡോ മുഞ്ചേ മുസ്സോളിനിയിൽ എന്തെങ്കിലും സ്വീകാര്യമായി കാണാൻ ശ്രമിച്ചതോ പ്രത്യയശാസ്ത്രത്തിന്‍റെ ഉരകല്ലിൽ ഉരച്ചു നോക്കി വിധികൽപ്പിക്കേണ്ട കാര്യമല്ലായെന്നേ യുക്തിപുർവ്വം ചിന്തിക്കുന്നവർ പറയൂ.
ഗുരുജി ഗോൾവാൾക്കറെയും വിചാരധാരയെയും പരാമർശിക്കുന്നിടത്തും ഹിറ്റ്ലറെയും ഫാസിസത്തെയും പരാമർശിച്ച് ആശയക്കുഴപ്പമുണ്ടാക്കുവാനും ബിനോയ് വിശ്വം ശ്രമിച്ചു നോക്കിയിരിക്കുന്നു,
 • ഹിറ്റ്ലറോടും ഫാസിസത്തോടും സഖ്യം ചെയ്ത് സാമ്രാജ്യ വികസനമോഹവുമായി രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ആരംഭത്തിനുപോലും തയ്യാറായ സ്റ്റാലിന്‍റെ ആരാധകരായ ഭാരതത്തിലെ കമ്യൂണിസ്റ്റു പരിവാറുകാർക്ക് തന്നെയാണ് ഹിറ്റ്ലറുടെയും ഫാസിസത്തിന്‍റെയും ഭീകരമുഖം കൂടുതൽ ഇണങ്ങുക.  
 • സ്റ്റാലിന്‍റെ കൂട്ടക്കൊലയുടെ ക്രൂരത വീണ്ടും ആവർത്തിച്ചുകൊണ്ടാണ് കമ്യൂണിസം ചെന്നയിടങ്ങളിലെല്ലാം കൂട്ടക്കോലയുടെ ഭീകര അനുഭവങ്ങൾക്കിടവരുത്തിയത്. 
ഇന്ദിരയെന്ന ജനാധിപത്യ ധ്വംസക നടപ്പിൽ വരുത്തിയ അടിയന്തിരാവസ്ഥയുടെ ഭരണകൂടശക്തി ഉപയോഗിച്ച് രാജനെ ഉരുട്ടിക്കൊല്ലുകയും വൈക്കം ഗോപകുമാറിനേ പോലെ അടിയന്തിരാവസ്ഥയ്ക്കെതിരെ പൊരുതിയവരെ ക്രൂരമായി കൊല്ലാക്കൊല ചെയ്യുകയും ചെയ്ത സഖാവ് അച്യുതമേനോന്‍റെ ഫാസിസ്റ്റു ഭരണം കേരളം മറന്നുകാണുമെന്നാണോ ബിനോയ് വിശ്വം കരുതിയിട്ടുണ്ടാകുക?  1959 ലെ വിമോചനകാലത്ത്
അച്യുതമേനോൻ അറുകൊലമേനോൻ അറുപതുപേരെ കൊന്നൊരു മേനോൻ 
എന്നൊരു മുദ്രാവാക്യം ജനാധിപത്യ കേരളത്തിന് കരളു പിളർക്കുന്ന വേദനയോടെ വിളിക്കേണ്ടി വന്നൂവെന്നും കൂടി ഓർത്തിട്ടാകട്ടെ രണ്ടു കാലിലും ഫാസിസ്റ്റ്മന്തുള്ള കമ്യൂണിസ്റ്റുകാർ മറ്റുള്ളവരിൽ ഇല്ലാത്ത മന്തുരോഗം ആരോപിക്കുന്നത്.

ബിനോയ് വിശ്വവും കാനം രാജേന്ദ്രനും പിണറായി വിജയനും സീതാറാം യച്ചൂരിയും ഗാന്ധിയേ കുറിച്ച് വല്ലാതങ്ങ് വാചാലരാകുന്നതിനു മുമ്പ് രണ്ടു മൂന്നു കാര്യങ്ങളിൽ വ്യക്തത വരുത്തണം.  അതല്ലെങ്കിൽ മഹാത്മജി ചർച്ച ചെയ്യപ്പെടുന്ന സംവാദ ഇടങ്ങളിൽ വിഷം പരത്താതെ സ്വയം പിൻവാങ്ങുന്നതിനുള്ള മാന്യത കാട്ടണം.
 1. സമൂഹത്തെ വർഗങ്ങളായി തിരിച്ച് വർഗ സംഘട്ടനത്തിന് ആക്കം കൂട്ടുകയാണല്ലോ കമ്യൂണിസ്റ്റു  പ്രത്യയശാസ്ത്രത്തിന്‍റെ കാതൽ. വർഗസമരത്തിൽ സ്വന്തം പക്ഷത്തെ വിജയിപ്പിക്കുവാൻ മറുപക്ഷത്തെ ഉന്മൂലനം ചെയ്യുമ്പോൾ ഒഴുകുന്ന ചോരച്ചാലിൽ നീന്തിക്കളിക്കാൻ ആവേശപൂർവ്വം കാത്തിരിക്കുന്നവരാണ് സഖാക്കൾ!  അങ്ങനെയുള്ള പ്രത്യയശാസ്ത്ര ഭീകരതയായ കമ്യൂണിസത്തെ അഹിംസയുടെ അപ്പോസ്തലനായ മഹാത്മജി എന്നും എതിർക്കുകയാണ് ചെയ്തിട്ടുള്ളത്. എന്താ, ബിനോയ് മുതൽ യച്ചൂരിയൂള്ളവർ വരെ കമ്യൂണിസം ഉപേക്ഷിച്ചിട്ടാണോ ഗാന്ധിജിയുടെ മാതൃകകളിൽ സ്വീകരിക്കേണ്ടത് സ്വീകരിച്ച്  സമാജത്തെ മുന്നോട്ട് നയിക്കുവാൻ കാലം കണ്ടെത്തിയ ഡോ മോഹൻ ഭഗവത്തിനെ മുന്നിൽ വന്നു കുത്തുവാൻ പണിയെടുക്കുന്നത്?
 2. ലോകം കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കോലപാതകി ചെഗുവേര!  ലോകമനസ്സാക്ഷിയെ മരവിപ്പിച്ച ക്രൂര കൊലപാതകങ്ങളിലൂടെ കോടികണക്കിനു ജനങ്ങളെ ഉന്മൂലനം ചെയ്ത  സ്റ്റാലിൻ, മാവോ സേതൂങ്ങ്, തുടങ്ങിയ കമ്യൂണിസ്റ്റു കൂട്ടക്കൊലപാതകികൾ! തലവെട്ടി താലപ്പൊലി നടത്തി ഭാരതത്തിലേക്ക് ചൈനയുടെ കടന്നുകയറ്റത്തിനു വഴി ഒരുക്കാൻ പരിശ്രമിക്കുന്ന നക്സലൈറ്റുകൾ!  വാടിക്കൽ രാമകൃഷ്ണനിൽ തുടങ്ങി ജയകൃഷ്ണൻ മാഷ് അടക്കം നൂറു കണക്കിന് രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്കിരയാക്കിയവർക്ക് കൂലിയും വേലയും കൂടിയ ക്രുരന്മാർക്ക് അധികാരക്കസേര വരെയും നൽകിയ കേരളത്തിലെ കമ്യൂണിസ്റ്റു നേതൃത്വം! , എതിരാളികളെ കൊന്നു തള്ളുന്നത് സ്ഥാപനവത്കരിച്ച ഇപ്പറഞ്ഞ കമ്യൂണിസ്റ്റു നരാധമന്മാർക്കു മുമ്പിൽ നാഥുറാം ഗോഡ്സേ വെറും ശിശുവല്ലേ?  ഇരയുടെ മഹത്വം ഒന്നു മാത്രമല്ലല്ലോ കൊലപാതകികളുടെ ക്രൂരതയുടെ അളവുകോൽ!
 3. പോരാട്ട ഭൂമിയിൽ ശത്രുവിനെ ഇല്ലാതാക്കാൻ കൊല്ലും.  പോരാട്ടം കഴിഞ്ഞാൽ നേടിയ നേട്ടങ്ങളുടെ വീതം കൊടുക്കുന്നതൊഴിവാക്കാൻ കൂടെ പൊരുതിയവരുടെയും പടനയിക്കുന്നതിൽ ഒപ്പം നിന്നിരുന്ന ട്രോട്സ്കിയെ പോലെയുള്ളവരുടെയും തലകൾ വെട്ടി എറിയും.   പോരാട്ടം കഴിഞ്ഞു ഭരണം കയ്യിൽ കിട്ടിയാൽ അന്നം കൊടുക്കേണ്ടവരുടെ എണ്ണം കുറയ്ക്കുവാനും കൊന്നു കുഴിച്ചു മൂടും. അങ്ങനെ ഹിംസയെ സ്ഥാപനവത്കരിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ആക്രമണസ്വഭാവം ജീവിതമാക്കിയവർക്ക് എന്ത് അഹിംസ? ഏത് ഗാന്ധി?.
ഗാന്ധി ഘാതകർ ഗാന്ധിയെ സ്വന്തമാക്കുവാൻ നോക്കുന്നൂവെന്നാണ് പിണറായി സഖാവിന്‍റെ പരാതി.  അങ്ങനെ പറയുന്നത് വസ്തുതകൾക്കും ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ലെന്ന് ഉപദേശകരാരെങ്കിലും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം.  
 • ആരോപിക്കപ്പെട്ട ഗാന്ധി ഘാതകർക്ക് ഭരണകൂട സംരക്ഷണം ഇല്ലായിരുന്നു. 
 • വൈര്യനിര്യാതന ബുദ്ധിയോടെ ഭരണകൂടം ആവേശപൂർവ്വം അവർക്കെതിരെ അന്വേഷണം നടത്തി.  
 • ശിക്ഷിക്കേണ്ടവരെ കോടതി ശിക്ഷിച്ചു. 
 • നേരം കളയാതെ നെഹ്രുഭരണകൂടം ശിക്ഷയും നടപ്പാക്കി. 
സ്വാഭാവികമായും അക്കൂട്ടത്തിലാരും ഇനി ഗാന്ധിയെ സ്വന്തമാക്കാൻ വരാനിടയില്ല.

മറിച്ച്, വാടിക്കൽ രാമകൃഷ്ണനെ കൽമഴുവിന് വെട്ടിക്കൊന്ന കേസിലാണെങ്കിൽ 
 • പ്രതികൾക്ക് ഭരണകൂടസംരക്ഷണം ഉണ്ടായിരുന്നു.  
 • കമ്യൂണിസ്റ്റു പാർട്ടിയുടെ സംരക്ഷണവുമുണ്ടായിരുന്നു. 
 • അന്വേഷണത്തിലും നടപടികളിലും ഭരണകൂടം അറിഞ്ഞ് ഇടപെട്ടതിന്‍റെ പേരിൽ ശിക്ഷിക്കാതെ രക്ഷപെട്ടവരുടെ കൈകളിലേക്ക് അധികാരത്തിന്‍റെ ചെങ്കോലെത്തിയിട്ടുണ്ടാകാം. 
 • അത് കമ്യൂണിസ്റ്റ് ക്രൂരതയുടെ അഴിഞ്ഞാട്ടം തുടരുന്നതിന് ഇടവരുത്തിയിട്ടുമുണ്ടാകാം. 
ആ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഗാന്ധി വധവുമായി ബന്ധപ്പെടുത്തി ഒരു തലതിരിഞ്ഞ ചിന്തയുമായയി പിണറായി വിജയൻ വരാൻ  പാടില്ലായിരുന്നു.
വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും എ.കെ. ആൻറണിയുമെല്ലാം 'മാതൃഭൂമി' രാഷ്ട്രീയ സ്വയംസേവക സംഘത്തെ ആക്രമിക്കുന്നവർക്കു വേണ്ടി ഒരുക്കിയ, എതിർ ടീമിനെ ഇറങ്ങാനനുവദിക്കാത്ത,  കളിക്കളത്തിലെ ഗോളിയില്ലാത്ത ഗോൾപോസ്റ്റിലേക്ക് ഗോളടിക്കുവാൻ കടന്നു വന്നു.

കേട്ടുമടുത്തതും  കാര്യവിവരം ഉള്ളവർ മറുപടി നൽകി മുനയൊടിച്ചതുമായ ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നതുകൊണ്ട് അവരാരും തന്നെ മറുപടി അർഹിക്കില്ലായെന്നതാണ് വസ്തുത.

വി.ഡി, സതീശൻ അതിനിടെ അരുതാത്ത ഒരു പ്രയോഗവും നടത്തി. 'ആരോ എഴുതിവെച്ച വാക്കുകൾ സ്വന്തം പേരിൽ കിട്ടിയതാണ് ഭാഗവത്……'. 
 • രാജീവ്, സോണിയ, രാഹുൽ, പ്രിയങ്ക, തുടങ്ങിയവരിലൊതുങ്ങുന്ന ഒരു കോൺഗ്രസ്സുകാരന്‍റെ പരിധിയിൽ നിന്ന് ചിന്തിച്ചാൽ ലോകം അംഗീകരിക്കുന്ന ശ്രേഷ്ഠവ്യക്തികളെ കുറിച്ചും അങ്ങനെയൊരു ധാരണയുണ്ടാകുന്നത് സ്വാഭാവികമാണ്.  
 • കേരളത്തിലാണെങ്കിൽ പണ്ട് പലരെയും എഴുതിക്കൊടുത്ത് നേരെ നിർത്തിയിരുന്നത് വയലാർ രവിയാണെന്ന് കേട്ടിട്ടുണ്ട്. 
 • ഇക്കാലത്ത് അതു ചെയ്യുന്നത് വിഡി സതീശനുമായിരിക്കും. 
അങ്ങനെയൊരു പരാമർശം സതീശനെപ്പോലെ, കോൺഗ്രസ്സുകാരുടെയിടയിലും അറിവുണ്ടായിട്ടും പിടിച്ചു നിൽക്കുന്ന, ഒരു നേതാവിൽ നിന്നുണ്ടായത് ഖേദകരമായിയെന്നത് വ്യക്തം.

എന്തായാലും അങ്ങനെ പറഞ്ഞുപോയ സ്ഥിതിക്ക് ശ്രീ സതീശൻ ഡോ മോഹൻജി ഭാഗവത്തുമായി കുറച്ചു സമയം നേരിട്ടു സംസാരിക്കുക.  അതിനുശേഷം സ്വയം തിരിച്ചറിയുന്ന സത്യം തുറന്നു പറയുകയും ആകാം. ഒരു കാര്യം എന്തായാലും കെ കരുണാകരനെന്ന കേരളത്തിന്‍റെ സ്വന്തം ലീഡർ ഒരു കൂടിക്കാഴ്ചയ്ക്ക് 'അനുവാദം' ചോദിച്ചപ്പോൾ ദില്ലിയിലെ കൊടും തണുപ്പത്ത് രണ്ടുമൂന്ന് ദിവസങ്ങൾ കാത്തുനിർത്തിയ സോണിയയുടെ ധിക്കാരം, സതീശൻ കാണാൻ ശ്രമിച്ചാൽ സർസംഘ് ചാലകിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലായെന്നത് ഉറപ്പാണ്.
ഗാന്ധിജിയുമായും കോൺഗ്രസ്സുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലേക്കും ചർച്ച വളരേണ്ടിയിരിക്കുന്നു.
മഹാത്മജി ഹൃദയത്തോടു ചേർത്ത ആദർശങ്ങൾ പൂർണ്ണമായും കോൺഗ്രസ്സ് ഇന്നു വരെ പാലിച്ചു പോന്നിട്ടുണ്ടോ?  ഉണ്ട് എന്ന ഉത്തരം നേരെ നിന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിൽ ഡോ മോഹൻ ഭാഗവത്തിനെ പോലെയുള്ളവർ ഗാന്ധിജിയുടെ ശരികളെ മാതൃകയാക്കാൻ പറയുമ്പോൾ അവരൊന്നും പൂർണ്ണ ഗാന്ധിയന്മാരല്ലായെന്നു പറഞ്ഞ് കടന്നാക്രമിക്കാൻ കോൺഗ്രസ്സുകാർക്ക്  എന്തവകാശം? എന്തധികാരം?
മദ്യ നിരോധനം, സ്വദേശി, ഗോവധനിരോധനം, ജീവിതലാളിത്യം, പൊതു ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും സുതാര്യതയും സത്യസന്ധതയും.  ഇതൊന്നും കോൺഗ്രസ്സുകാർ പാലിക്കണ്ടായെന്നും ഹിന്ദ് സ്വരാജും, രാമരാജ്യവുമൊന്നും കോൺഗ്രസ്സ് അജണ്ടയിൽ വേണ്ടായെന്നും ഏത് എഐസിസിയാണ് തീരുമാനിച്ചത്.
ന്യൂനപക്ഷപ്രീണനം നടത്തി ഭൂരിപക്ഷത്തെ അവഗണിച്ച് പാർശ്വവത്കരിക്കുന്ന  രീതി ഗാന്ധിജിയുടെ കാലത്തും തുടർന്നിരുന്നൂ എന്നതിനാൽ അക്കാര്യത്തിൽ പുതിയ കോൺഗ്രസ്സുകാർ നയ വ്യതിയാനം വരുത്തിയെന്ന് പറയാൻ കഴിയില്ലായിരിക്കും. 
 • പക്ഷേ ഹിന്ദുവിരുദ്ധവർഗീയതയുടെ അജണ്ടയുണ്ടാക്കി ഹിന്ദുവിനെ കടന്നാക്രമിച്ച് ന്യൂനപക്ഷത്തിന്‍റെ പ്രീതി പിടിച്ചു പറ്റാൻ തുടങ്ങിയത് ഗാന്ധിജി നൽകിയ വളരെ പരിമിതമായ പരിഗണന പോലും ഹിന്ദുവിന് നൽകാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചില്ലേ?   
 • 'മീശ' എന്ന ഹിന്ദുവിരുദ്ധ നോവൽ സ്വന്തം മകന്‍റെ പ്രസിദ്ധീകരണശാലയിൽ അച്ചടിച്ചിറക്കാമെന്ന വാഗ്ദാനവുമായി പ്രതിപക്ഷനേതാവ് ആവേശം കാട്ടിയത് ഹിന്ദു വിരുദ്ധ വർഗീയതയുടെ കാര്യത്തിൽ ഞങ്ങളാണ് മുന്നിൽ എന്ന സന്ദേശം ന്യൂനപക്ഷങ്ങൾക്ക് കൊടുത്ത് കിട്ടുന്ന കൂലി വാങ്ങാനുള്ള പരിശ്രമമായിരുന്നില്ലേ? 
 • ശബരിമലഭക്തജനങ്ങളുടെ സമരങ്ങളോട് മുഖം തിരിച്ചു നിന്നപ്പോൾ തന്നെ കോട്ടയത്തിനടുത്തുള്ള ഒരു പ്രാദേശിക പ്രാർത്ഥനാ ഹാളിനെതിരെ പിണറായി സർക്കാർ എടുത്ത തെറ്റായ നടപടിക്കെതിരെ സമരത്തിനിറങ്ങാൻ തീരുമാനിച്ച കോൺഗ്രസ്സ് നടപടിയും ഇവിടെ ശ്രദ്ധേയമല്ലേ?
 • ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങൾ ന്യൂനപക്ഷത്തിന് നൽകുന്ന തരത്തിൽ ഭരണഘടനയെ തരപ്പെടുത്തിയെടുത്തത് ഏത് ഗാന്ധിയൻ ചിന്തയുടെ  അടിസ്ഥാനത്തിലാണ്?
 • ഗാന്ധിജിയുടെ നിർദ്ദേശം അനുസരിച്ചാണല്ലോ ഡോ ഭീംറാവ് അംബേദ്കറെയും ഡോ ശ്യാം പ്രസാദ് മുഖർജിയേയും നെഹ്രു മന്ത്രിസഭയിലെടുത്തത്.  ഗാന്ധിജി ഇല്ലാതായ ശേഷം ചുരുങ്ങിയ കാലത്തിനുള്ളിൽ അവർക്കു രണ്ടു പേർക്കും പുറത്തേക്കുള്ള വഴിയൊരുക്കിയതും മഹാത്മജിയോടുള്ള ആദരം കൊണ്ടായിരുന്നോ? (ഡോ അംബദ്കറെ, അദ്ദേഹം തയ്യാറാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തുവാൻ നെഹ്രു തന്ത്രം മെനഞ്ഞെന്നതും മറക്കാൻ പാടില്ലാത്ത കാര്യം!)
 • 1947 ൽ പ്രധാനമന്ത്രിയായ നെഹ്രു അധികാരത്തിന്‍റെ കയറിയ ശേഷമെങ്കിലും സത്യവും സദാചാരവും ലളിതജീവിതവും സ്വീകരിച്ച് ഗാന്ധിശിഷ്യനാകാൻ ശ്രമിച്ചിട്ടുണ്ടോ? 
 • ഗാന്ധിയുടെ  ശിഷ്യനെന്നു പറയപ്പെടുന്ന നെഹ്രു ജനാധിപത്യത്തെ മാനിക്കാതെ, പട്ടേലിനെ തള്ളിമാറ്റി മൗണ്ട് ബാറ്റൻ കുടുംബത്തിന്‍റെയും മഹാത്മജിയുടെയും സഹായത്തോടെ പ്രധാനമന്ത്രിപദം പിടിച്ചു വാങ്ങിയതുതന്നെ ഗാന്ധിയൻ രീതിക്കു കടകവിരുദ്ധമായിരുന്നു. 
 • അതിലപ്പുറമാണ് പതിനേഴ് വർഷങ്ങൾ കഴിഞ്ഞ് മരണം വന്ന് വിളിക്കും വരെ ആ കസേരയിൽ വിടാതെ പിടിച്ചിരുന്നത്. 
 • സൗത്ത് ആഫ്റിക്കൻ പ്രസിഡന്റായി രണ്ടു തവണ ഇരുന്ന ശേഷം പുതിയ ആളുകൾക്കു വേണ്ടി വഴി  മാറിക്കൊടുത്ത നെൽസൻ മണ്ടേല പഠിച്ച ഗാന്ധിയൻ പാഠം നെഹ്രുവിന് വായിച്ചിട്ടും കൂടെ നടന്നിട്ടും പഠിച്ചെടുക്കാനാകാഞ്ഞതാണോ?
 • ഇൻഡ്യൻ ജനാധിപത്യത്തിന്‍റെ കടയ്ക്ക് കത്തി വെച്ചുകൊണ്ട് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും ഭരണഘടനയെയും നിയമസംവിധാനത്തെയും നോക്കു കുത്തിയാക്കിക്കൊണ്ട് അടിച്ചമർത്തലുകളും ഭരണകൂട കൊലപാതകങ്ങളും നടത്തിയതും ഗാന്ധിയൻ ദർശനത്തിലെ ഏതു പ്രമാണത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് പറയാൻ കോൺഗ്രസ്സുകാർക്ക് നാവുണ്ടോ? 
അന്ന് ജീവിച്ചിരുന്ന യഥാർത്ഥ ഗാന്ധിയന്മാർ ലോകനായക ജയപ്രകാശ് നാരായണന്‍റെയൂം ആചാര്യ കൃപലാനിയുടെയും നേതൃത്വത്തിൽ സമരപാതയിലേക്ക് വീണ്ടും ഇറങ്ങേണ്ട അവസ്ഥയൂണ്ടായി.
രാഷ്ട്രീയ സ്വയം സേവക സംഘം മുന്നിൽ നിന്ന് തനി ഗാന്ധിയൻ സമരരീതിയിൽ ധീരമായ ചെറുത്തു നിൽപ്പിനു തയ്യാറായതോടെ ഫാസിസ്റ്റ് ഇന്ദിരയ്ക്ക് മുട്ടു മടക്കേണ്ടി വന്നു.  ആ പോരാട്ട ചരിത്രം സംഘമാണ് ഗാന്ധിജിയുടെ ജീവിതവീക്ഷണത്തിനും ദർശനങ്ങൾക്കും മറ്റാരേക്കാളും അർഹതയുള്ള നേരവകാശികളെന്ന് സാക്ഷ്യപ്പെടുത്തുകയല്ലേ ചെയ്തത്.
സത്യാന്വേഷണമായിരുന്നു ഗാന്ധിജിക്ക് ജീവിതം. എന്നിട്ടും എന്തുകൊണ്ടാണ് 'ഗാന്ധി ശിഷ്യൻ' ജവഹർലാൽ നെഹ്രുവും 'ശിഷ്യ' ഇന്ദിരയും രാജീവും അടങ്ങുന്ന കോൺഗ്രസ്സ് പ്രധാനമന്ത്രിമാർ ഭരിച്ചുരമിച്ച കാലത്തു നടന്ന
 • ഗാന്ധിജിയുടെയും, ഇന്ദിരയുടെയും രാജീവിന്‍റെയും കൊലപാതകങ്ങളും, ഡോ ശ്യാമപ്രസാദ മുഖർജി, ലാൽ ബഹദൂർ ശാസ്ത്രി, ദീനദയാൽ ഉപാദ്ധ്യായ, സഞ്ജയ് ഗാന്ധി, മാധവ് റാവ് സിന്ധ്യ, രാജേഷ് പൈലറ്റ് തുടങ്ങിയവരുടെ ദുരൂഹമരണങ്ങളും എന്തേ ശരിയായി അന്വേഷിക്കപ്പടാതിരിക്കയോ അന്വേഷണം തന്നെ ഒഴിവാക്കപ്പെടുകയോ ചെയ്തത്.  
ശരിയായ അന്വേഷണം നടത്തിയില്ലെങ്കിലും മരിച്ചുവീണ മഹാത്മജിയുടെയും ഇന്ദിരയുടെയും രാജീവിന്‍റെയും പേരുപയോഗിച്ച് രാഷ്ട്രീയ അധികാരം കയ്യിലുറപ്പിക്കാൻ നെഹ്രുകൂടുംബം എന്നും മിടുക്ക് കാട്ടിയിട്ടുമുണ്ട്.

സത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പുലർത്തിയ ഗാന്ധിയോടുള്ള അടുപ്പം ഉപയോഗിച്ച് പ്രധാനമന്ത്രിപദം നേടിയെടുത്ത 
 • ജവഹർലാൽ നെഹ്രു മുദ്രാക്കേസ്സിൽ അഴിമതിയുടെ ആദ്യാക്ഷരം എഴുതി!!   
 • മകൾ ഇന്ദിര നഗർവാലാ വിഷയമുൾപ്പടെ നിരവധി കേസുകളിലൂടെ അഴിമതിയിൽ കലാതിലകമായി! 
 • കൊച്ചുമകൻ രാജീവാണെങ്കിൽ ബോഫോഴ്സ്! 
പുറത്തു നിന്ന് ഭരണം നിർവ്വഹിച്ച 
 • സോണിയയും രാഹുലും നാഷണൽ ഹെറാൾഡ് ഉൾപ്പടെയുള്ള കേസുകളിലൂടെ പാരമ്പര്യം  മുറിയാതെ കൂടുതൽ ആവേശപൂർവ്വം പിന്തുടർന്നുപോന്നു. 
ഗാന്ധിയെന്ന പേരു പോലും നാട്ടുകാരെ പറ്റിക്കാൻ വിദഗ്ധമായി ഉപയോഗിക്കുന്നവർ ഇപ്പോൾ മഹാത്മജിയുടെ പേരുപയോഗിക്കുന്നതിന്‍റെ പേറ്റന്റ് തങ്ങൾക്കു വേണമെന്നാണ് വിളിച്ചു കൂകുന്നത്.
 • കോൺഗ്രസ്സ് പക്ഷത്തു നിന്നും പ്രതികരിച്ച ഏറ്റവും സീനിയർ നേതാവ് എ.കെ. ആന്‍റണിക്ക് ഈ വൈകിയ വേളയിലെങ്കിലും അധികാരത്തോടുള്ള ബന്ധം ഉപേക്ഷിച്ച് എംപി സ്ഥാനവും കോൺഗ്രസ്സിലെ ഔദ്യോഗിക സ്ഥാനങ്ങളും  വേണ്ടെന്നു വെച്ച് കോൺഗ്രസ്സിനും രാജ്യത്തിനും ഒരു തിരുത്തൽ ശക്തിയായി നിന്നുകൂടേ?  
 • സോണിയക്ക് പടിയിറങ്ങി ഉൾപ്പാർട്ടി ജനാധിപത്യം വഴി കഴിവുള്ള ജനനേതാവിനുവേണ്ടി വഴി മാറി കൊടുത്തു കൂടേ?  
 • 70 കഴിഞ്ഞ ഉമ്മൻചാണ്ടിക്ക് 64 കാരൻ രമേശ് ചെന്നിത്തലയാകും അടുത്ത കേരള മുഖ്യമന്ത്രി മന്ത്രി സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ചുകൂടേ?  
 • എല്ലാ അർത്ഥത്തിലും അർഹതയുണ്ടായിട്ടും കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭ കാലത്ത് ജാതിയുടെ പേരിൽ പുറത്തു നിർത്തിയ വി ഡി സതീശന് ആ അവസ്ഥ ഇനി ഉണ്ടാകില്ലെന്നതുറപ്പ് വരുത്തരുതോ?  
ഇത്രയൊക്കെ ചെയ്ത് സ്വയം ചെറിയതോതിലെങ്കിലും ഗാന്ധിയൻ വഴിയേ യാത്ര ചെയ്തശേഷം വേണം ഡോ മോഹൻ ഭാഗവത്തിന് ഗാന്ധിജിയെ കുറിച്ച് പറയാനുള്ള അർഹത അളക്കുന്ന ജോലി സ്വയം ഏറ്റെടുക്കുന്നത്.

ഇവിടെ ഒരുകാര്യം  ഓർക്കണം. ആൻറണി മുതലുള്ളവർ ഗാന്ധിയൻ വഴിയെ കുറെയൊന്നു നടന്നു കഴിയുമ്പോൾ തിരിച്ചറിയും മഹാത്മജിയുടെ മുമ്പിൽ നമ്മളൊക്കെ എത്ര ചെറുതാണെന്ന്. അതോടെ മറ്റുള്ളവർക്ക് ഗാന്ധിജിയുടെ പേരിൽ മാർക്കിടുന്നത് ഇനി വേണ്ടായെന്നുള്ള തിരിച്ചറിവുണ്ടാകുന്നതിനും ഇടയുണ്ട്.

അമ്മൂമ്മ കൊച്ചുമകനെയും കൂട്ടി  ശ്രീരാമകൃഷ്ണ പരമഹംസന്‍റെ അടുത്തു ചെന്ന് കുഞ്ഞിനോട് ശർക്കര തിന്നരുതെന്ന് ഉപദേശിക്കാനാവശ്യപ്പെട്ടതും രണ്ടുമൂന്ന് ദിവസം പരിശ്രമിച്ച് സ്വയം ശർക്കര തീറ്റി നിർത്തിയ ശേഷം മാത്രം ഉപദേശിക്കാൻ അദ്ദേഹം തയാറായതും പുതിയകാല ഗാന്ധിയൻമാർക്കും പരീക്ഷിച്ച് നോക്കാം.

ഗോഡ്സെയുടെ പേരും പറഞ്ഞ് നിരന്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ സംഘത്തിനെതിരെ ഉയർത്തുന്നവരിൽ
 • കോൺഗ്രസ്സുകാരുണ്ട്.  
 • ആട്ടിയോടിച്ചാലും അടിച്ചകറ്റിയാലും നെഹ്രു കുടുംബത്തിന്‍റെ കാവൽക്കാരാകുവാൻ കാത്തു കിടക്കുന്ന കമ്യൂണിസ്റ്റുകാരും ഉണ്ട്. 
അടുത്തകാലത്ത് അവർക്കൊപ്പം
 • ഹിന്ദുവിരുദ്ധ വർഗീയവാദികളും ദേശവിരുദ്ധ രാഷ്ട്രീയക്കാരുമായ നക്സലൈറ്റുകളും 
 • ഇസ്ലാമിക തീവ്രവാദികളും 
 • അവർ കൂലിക്കെടുത്തിട്ടുള്ള കുബുദ്ധിജീവികളുമുണ്ട്. 
അവരെല്ലാവരും ഇനി ഉയർത്തുന്ന കാര്യങ്ങൾ ഗൗരവപൂർവ്വം പഠിച്ചു നോക്കേണ്ടിയിരിക്കുന്നു.
ഗോഡ്സെയുടെ പ്രവർത്തി മനസ്സാക്ഷിയുള്ളവർക്ക് യോജിക്കാനാകാത്തതാണ്. 
ആ പ്രവർത്തി സംബന്ധിച്ച് നെഹ്രുവിന്‍റെ സർക്കാർ വേണ്ട പോലെ അന്വേഷിച്ചിട്ടും കോടതി ശിക്ഷിച്ചവർക്കു പുറമേ ആരെങ്കിലും  ഗൂഢാലോചനയിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടില്ല. 
 • അങ്ങനെ കണ്ടെത്തുന്നതിന് സാദ്ധ്യതയില്ലായെന്ന് തുടക്കത്തിലേ ബോദ്ധ്യമായതുകൊണ്ടാണോ സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരും മുമ്പേ ഗോഡ്സയേ നെഹ്രുസർക്കാർ തൂക്കിലേറ്റി നിശ്ശബ്ദനാക്കിയത്?    
 • മുഖ്യപ്രതിയെ ഇല്ലാതാക്കിയതോടെ പുനരന്വേഷണത്തിനുള്ള സാദ്ധ്യതകളാണ് നെഹ്രു ഭരണകൂടം ഇല്ലാതാക്കിയത്. 
 • മറ്റൊരു സാദ്ധ്യത നെഹ്രുഭരണകൂടത്തിന്‍റെ വേണ്ടപ്പെട്ടവരാരെങ്കിലും ഗോഡ്സെയുടെ നീചപ്രവർത്തിക്ക് ഏതെങ്കിലും തരത്തിൽ വഴി ഒരുക്കിയിട്ടുണ്ടാകാമെന്നതാണല്ലോ?  
 • ആ വഴിക്ക് അന്വേഷണം ഭാവിയിൽ പോലും ഉണ്ടാകരുത് എന്ന മുൻകരുതലാണോ ഗോഡ്സെയെ ഇല്ലാതാക്കിയ നെഹ്രുഭരണകൂടത്തിന്‍റെ നടപടിക്കുപിന്നിൽ? 
 • നെഹ്രു ചൂണ്ടിക്കാണിച്ചവർക്കെതിരെ കള്ളപ്രചരണം നടത്തി നേട്ടങ്ങൾ കൊയ്യുന്നത് ഇന്നും തുടരുന്ന സഖാക്കൾ ഇക്കാര്യം നെഹ്രുവിനോടോ കൂടെ നിന്നവരോടോ അതുമല്ലെങ്കിൽ ഗോഡ്സേ കൃത്യം നടത്തുമ്പോൾ പ്രവർത്തിച്ചിരുന്ന ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷൻ നിർമ്മൽ ചാറ്റർജിയോടോ ചോദിച്ചിട്ടുണ്ടോ? 
 • ഗാന്ധി വധം മുതൽ ഗോഡ്സയെ തൂക്കിലേറ്റുന്നതുവരെ നിര്‍മ്മൽ ചാറ്റർജിക്ക് കൽക്കട്ടാ ഹൈക്കാടതി ജഡ്ജിയായി ഇരിക്കാനിടം കൊടുത്ത് സുരക്ഷിതനാക്കുകയും പിന്നീട് കമ്യൂണിസ്റ്റുകൾ അദ്ദേഹത്തെ ലോകസഭാ അംഗത്വം നൽകി പുനരധിവസിപ്പിക്കയും ചെയ്തല്ലോ?  
 • തീരെ കുറഞ്ഞത് നിർമ്മൽ ചാറ്റർജിയോടോ അദ്ദേഹത്തിന്‍റെ പുത്രനും പിന്നീട് മാക്സിസ്റ്റുകൾക്കും അവസാനം സോണിയക്കും പ്രിയങ്കരനായി മാറിയ സോമനാഥ് ചാറ്റർജിയോടോയെങ്കിലും ഈ വക ചോദ്യങ്ങൾ കമ്യൂണിസ്റ്റു സഖാക്കൾ ചോദിച്ചിട്ടുണ്ടോ?
കമ്യൂണിസ്റ്റുകാരോ, എ കെ ആൻറണിയോ ഗാന്ധിജി ഞങ്ങളുടേത് മാത്രമാണെന്ന് വിളിച്ചു കൂകുന്നവരോ ക്രൂരമായ കുറ്റം ചെയ്തയാളാണെന്ന് സ്വയം സമ്മതിക്കയും, കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണെങ്കിലും പിന്നീട് ഗോഡ്സെയേ ഇല്ലാതാക്കിയ രീതി ഗാന്ധിയൻ ദർശനത്തോട് നീതി പുലർത്തുന്നതാണോയെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

കൊലപാതകികളെപ്പോലും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നതിന് വേറിട്ടൊരു രീതി ശാസ്ത്രമല്ലേ മഹാത്മജി മുന്നോട്ടു വച്ചത്?
1925 ൽ ഒരു ഹിന്ദു സന്യാസിയായിപ്പോയതുകൊണ്ട് മാത്രം സ്വാമി ശ്രദ്ധാനന്ദയെ ക്രൂരമായി കൊലപ്പെടുത്തിയ മുസ്ലീം വർഗീയവാദിയെ തുടർന്നു നടന്ന ഗോഹട്ടി കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ച് തന്‍റെ സഹോദരനാണെന്നു പ്രഖ്യാപിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നത് നെഹ്രുവിന് അറിയില്ലായിരുന്നോ?

സ്വാമി ശ്രദ്ധാനന്ദയുമായുള്ള ഗാന്ധിജിയുടെ ആത്മബന്ധം പോലും കൊലപാതകിയോട് വെറുപ്പ് പ്രകടിപ്പിക്കുന്നതിലേക്ക് ഗാന്ധിജിയെ നയിച്ചില്ലെന്നത് ഗാന്ധി ശിഷ്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജവഹർലാൽ നെഹ്രു മറന്നു പോകാനിടയില്ലല്ലോ?

പക്ഷേ ഗാന്ധിയൻ അഹിംസയേയും നെഞ്ചേറ്റി, കുറ്റവാളികളോടു പോലും കരുണ കാട്ടിയിട്ടുള്ള ഗാന്ധിജിയുടെ രീതിയും നീതിയും ഉൾക്കൊണ്ടുകൊണ്ട് ഗോഡ്സെയുടെ വധശിക്ഷ ഒഴിവാക്കിയിരുന്നെങ്കിൽ, ഗോഡ്സെ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് ചെയ്യരുതാത്തതു ചെയ്തതിന് അയാൾക്ക് ആരുടെയെങ്കിലും പ്രോത്സാഹനമോ സഹായമോ ലഭിച്ചിട്ടുണ്ടെങ്കിൽ അതും ഗോഡ്സെയും കൂട്ടുകാരും മാത്രം ചെയ്ത പ്രവർത്തിതന്നെ ആയിരുന്നെങ്കിൽ അതും സത്യസന്ധമായി പുറത്തു പറയുവാൻ സാദ്ധ്യതയുണ്ടായിരുന്നു.
അങ്ങനെ സംഭവിക്കുന്നതിനെ ഭയപ്പെട്ടിട്ടാണോ ഗോഡ്സെ ഇനി ജീവിച്ചിരിക്കരുതെന്ന് നെഹ്രുഭരണകൂടം നിശ്ചയിച്ചത് ?

നെഹ്രുവിനോടൊപ്പം നിന്നവരിൽ ആർക്കെങ്കിലും പങ്കുണ്ടായിരുന്നുയെങ്കിൽ അവരെ രക്ഷിക്കാനോ അതല്ലാ ശിക്ഷിക്കപ്പെട്ടവരിലപ്പുറം ആരും ഗാന്ധിവധത്തിനുത്തരവാദികളല്ലായെന്ന സത്യം പുറത്തുവരുന്നതോടെ തന്‍റെ രാഷ്ട്രീയ പ്രതിയോഗികളായ ഹിന്ദു പക്ഷത്തെ എന്നും കടന്നാക്രമിക്കാനുതകുന്ന ഒരു കള്ളക്കേസ്സ് ഇല്ലാതാകുമെന്ന ഭയമാണോ ഗോഡ്സെയുടെ കാര്യത്തിൽ ഹിംസ തന്നെയാകട്ടെയെന്ന് ജവഹർലാൽ നിശ്ചയിക്കാനുണ്ടായ പ്രേരണ?.
ഡോ മോഹൻ ഭാഗവത്തിന്‍റെ വാക്കുകളും പ്രവർത്തികളും ഭാരതത്തിലെ പൊതുസമൂഹത്തിനും ലോകത്തിനും വ്യക്തമാണ്.  അവിടെയൊരു ആശങ്കയ്ക്കും ഇടമില്ല. 
1925 ൽ ഏത് ലക്ഷ്യത്തിനുവേണ്ടിയാണോ രാഷ്ട്രീയ സ്വയം സേവക സംഘം സ്ഥാപിച്ചത്, വിശ്വവിജയി ഭാരതം എന്ന ആ ഉദാത്തമായ യാഥാർത്ഥ്യത്തിലേക്കുള്ള മുന്നേറ്റം നിർണ്ണായകഘട്ടത്തിലെത്തിയിരിക്കുന്നു. ആ മുന്നേറ്റത്തിന്‍റെ ഇന്നത്തെ അമരക്കാരനായ സർസംഘ് ചാലക് തിരിഞ്ഞു നോക്കുമ്പോൾ ഭഗവദ്ധ്വജവുമേന്തി സംഘപഥത്തിൽ എന്നും  കുടെയുണ്ടായിരുന്നവരുണ്ട്, പരിഹസിച്ചവരുണ്ട്, പാലം വലിച്ചവരുണ്ട്, പാര പണിതവരുണ്ട്, പൂർണ്ണമായി എതിർത്തവരുണ്ട്, ഭാഗികമായി മാത്രം ശരിയെന്നു കരുതിയവരുണ്ട്, കൂടെ കൂടേണ്ടവരെന്നു കരുതി പിന്നാലെ ചെന്നിട്ടും നിസ്സംഗരായി സമയമായില്ലെന്ന മട്ടിൽ  കൗതുകംപൂർവ്വം കാഴ്ചക്കാരായി മാറി നിന്നവരുമുണ്ട്.

പണിയെടുക്കുമ്പോൾ ഒപ്പം നിൽക്കുന്നവരിലേക്കും കൂടെ നിന്ന് വേലയെടുക്കുന്നവരിലേക്കും സംഘത്തെ പരിമിതപ്പെടുത്തേണ്ടി വന്നിട്ടുണ്ടാകാം. പക്ഷേ പണി ഫലിക്കുമ്പോൾ ഗുണം പകരുവാൻ പന്തി തിരിക്കുന്നത് സംഘത്തിന്‍റെ രീതിയല്ല.  പണി മുടക്കുവാൻ പണിയെടുത്തവരും പണി കണ്ടു നോക്കിയിരുന്നവരും വിജയം കഴിയുമ്പോൾ പണിയെടുത്തവന്‍റെ മുന്നിൽ കയറി നിന്നാലും ഒരു പരാതിയും സംഘത്തിലുണ്ടാവില്ല.
വീട്ടമ്മ ആഹാരം തയാറാക്കിയാൽ അതിഥികളും വീട്ടുകാരും കഴിക്കുന്നത് കണ്ട് അവരുടെ തൃപ്തി കണ്ട് തൃപ്തിയടയുകയല്ലേ ചെയ്യുക?  
രാഷ്ട്രീയ സ്വയംസേവക സംഘം ഭാരതത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിടുന്നത് കേവലം സ്വയംസേവകരുടെയും സംഘത്തിന്‍റെ ബന്ധുക്കളുടെയും വികസനമല്ല. 

പ്രധാനമന്ത്രി നരേന്ദ്രമോദി സബ്കാ സാഥ് സബ്കാ വികാസ്,സബ്കാ വിശ്വാസ് (എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വികസനം ) എന്ന ലക്ഷ്യം പ്രഖ്യാപിച്ചപ്പോൾ സംഘത്തിന്‍റെ ആദർശം തന്നെയാണ് വ്യക്തമാക്കപ്പെട്ടത്.
അതുകൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘം ലക്ഷ്യമിടുന്ന പദവിയിലേക്ക് ഭാരതം എത്തിയാൽ,  അത് എല്ലാവരുടെയും ഭാരതമാകും. 
ഭൂതകാലത്തെ സംബന്ധിച്ച് മറക്കേണ്ടത്  മറന്നും പൊറുക്കേണ്ടത് പൊറുത്തും വർത്തമാനകാലത്തെ ശക്തിപ്പെടുത്തി ഭാവിയെ ഭദ്രവും ശോഭനവുമാക്കുവാനാണ് ദേശീയതയുടെ ശക്തികൾ സർവ്വവും സമർപ്പിച്ച് കർമ്മഭൂമിയിലേക്ക് കരുതി ഇറങ്ങിയിട്ടുള്ളത്.  
ആ പരിശ്രമങ്ങൾക്ക് സമാജത്തെയാകെ കൂടെകൂട്ടുന്നത് നിരന്തര പ്രക്രിയയാണ്. ലക്ഷ്യം നേടാനടുക്കുന്ന ഈ ഘട്ടത്തിലും മാറിനിൽക്കുന്നവരെ കൂടെ കൂട്ടാൻ വേണ്ടത് ചെയ്യുന്നതാണ് സംഘരീതി. അല്ലാതെ നേട്ടം ദൃശ്യമാകുമ്പോഴെ കൂടെയുള്ളവരേ പോലും കൊന്നൊടുക്കി നേട്ടം ചുരുക്കം ചിലരുടെ കൈപ്പിടിയിലൊതുക്കുന്ന കമ്യൂണിസ്റ്റ് രീതിയല്ല.

ബൈബിൾ കഥകളിലെ മുടിയനായ പുത്രൻ മടങ്ങി വന്നപ്പോൾ നൽകിയ പരിഗനയ്ക്കു തുല്ല്യമായ പരിഗണന നൽകി എതിർത്ത് മാറിനിന്നവരെയും കൂടുതൽ സ്നേഹത്തോടെ ആശ്ളേഷിച്ച് സ്വീകരിക്കുന്ന രീതിയാണ് സംഘത്തിന്‍റെത്.

സർസംഘ് ചാലകിന്‍റെ ഉയർന്ന ചിന്തയും ഉദ്ദേശ്യശുദ്ധിയും ഉൾക്കൊള്ളാൻ ഇപ്പോൾ തെറ്റിദ്ധരിക്കപ്പെട്ട് മാറിനിൽക്കുന്ന ന്യൂനപക്ഷവും കൂടി തയാറാകുന്ന ദിവസം ഇനി അകലെയല്ലായെന്ന ശുഭസൂചന തന്നെയാണ് വ്യത്യസ്ഥ ഇടങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മഹാത്മജിക്കും രാഷ്ട്രീയ സ്വയം സേവക സംഘത്തിനുമിടയിൽ വേലി കെട്ടുവാൻ സ്വന്തം ഉറക്കം ഒഴിവാക്കുന്നവർ  പുതിയ ഭാരതവും പുതിയ പ്രഭാതവും ഉയരുന്നത് കാണാനിടയില്ലാത്ത ഉറക്കത്തിലേക്ക് സ്വയം മറിഞ്ഞു വീഴുകയാണ്.
No comments: