Harikumar Elayidam :: ഗാന്ധിവധവും ആര്‍. എസ്സ്. എസ്സും, നെഹ്രുവിന്‍റെ ഗൂഢ തന്ത്രങ്ങള്‍

Views:

മംഗളം ദിനപത്രം, ഒക്ടോ. 18, 2019

മംഗളം ദിനപത്രത്തിൽ പ്രൊഫസർ റോണി കെ ബേബി എഴുതിയ 'ഗാന്ധിയെ ധൃതരാഷ്ട്രാലിംഗനം ചെയ്യുന്ന സംഘപരിവാർ' എന്ന ലേഖനമാണ് (ഒക്ടോബര്‍ 10) ഈ കുറിപ്പിന് ആധാരം. പ്രസ്തുത ലേഖനത്തിൽ ഗാന്ധി വധവുമായി സംഘപരിവാറിനെ ബന്ധപ്പെടുത്താന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നു. മാത്രമല്ല, മഹാത്മാഗാന്ധിയുടെ 150 -ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട്  സംഘപരിവാറില്‍ അദ്ദേഹത്തോടുളള നിലപാടുമാറ്റം ശ്രദ്ധേയമാണെന്നും ലേഖകൻ കുറിക്കുന്നു.
ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർ. എസ്സ്. എസ്സിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ഇതാദ്യമല്ല. 
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ പലരും, പല കാലഘട്ടങ്ങളിൽ അതിനു പരിശ്രമിച്ചിട്ടുണ്ട്. നെഹ്രുവിന്‍റെ മകള്‍ ഇന്ദിരയും അതിനു പരിശ്രമിച്ചവരില്‍പ്പെടുന്നു. 2004 ല്‍ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന അർജുൻ സിംഗ് അത്തരം ഒരു വിവാദ പ്രസ്താവനയുമായി വന്നിരുന്നു. രണ്ടായിരത്തി രണ്ടിൽ കോളമിസ്റ്റും എഴുത്തുകാരനുമായ എ. ജി. നൂറാനി  'ദി സ്റ്റേറ്റ്സ്മാൻ' എന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ 'അതിശക്തമായ തെളിവുകൾ' എന്നവകാശപ്പെട്ടുകൊണ്ട് ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഏറ്റവുമൊടുവിൽ 2018 ല്‍ രാഹുൽ ഗാന്ധിയാണ് ഈ ആരോപണവുമായി ആർ. എസ്സ്. എസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്.

കേരളവും ഇക്കാര്യത്തിൽ തങ്ങളുടെതായ ചില സംഭാവനകൾ നൽകിയിട്ടുണ്ട്. എൺപതുകളുടെ തുടക്കത്തിൽ സി. പി. എമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തോടൊപ്പമുളള പുതുവര്‍ഷ കലണ്ടറിൽ, ജനുവരി 30 -ാം തീയതിയുടെ കോളത്തില്‍, 'ആർ. എസ്സ്. എസ്സ് കാപാലികർ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ദിനം' എന്ന് ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തിക്കൊണ്ട് കലണ്ടർ പ്രസിദ്ധീകരിച്ചിരുന്നു.

• പശ്ചാത്തലം

ദുഷിച്ചു നാറിയ കക്ഷിരാഷ്ട്രീയത്തിന്‍റെ  ഇരുണ്ട ഇടനാഴിയിൽ നിന്നു കൊണ്ട് തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ആയുധമായി ഗാന്ധിവധത്തെ ആദ്യം ഉപയോഗിച്ചത് നെഹ്റുവാണ്.

  • ഭാരതത്തെ വേണ്ടത്ര മനസ്സിലാക്കാതെ, യൂറോ കേന്ദ്രിത വികസന സങ്കൽപങ്ങളിൽ അഭിരമിച്ച നെഹ്റുവിന് ഗാന്ധിജി കണ്ടെത്തിയ ഇന്ത്യയുടെ ആത്മാവിനെ സാക്ഷാത്കരിക്കാനായില്ല. 
  • പാശ്ചാത്യ നാഗരികതയുടെയും സോഷ്യലിസ്റ്റ് സങ്കൽപത്തിന്‍റെയും വർണ്ണ പ്രഭയിൽ മതിമയങ്ങിയ അദ്ദേഹത്തിന് ഭാരതത്തിനനുപൂരകമായ ഒരു വികസന അജണ്ട ഉണ്ടായിരുന്നില്ല. 

ഗാന്ധിജിയും നെഹ്റുവും തമ്മിലുള്ള ആശയപരമായ ഈ വൈരുദ്ധ്യം അവരുടെ ജീവിതങ്ങളെ നിരീക്ഷിച്ചാൽ, സൂക്ഷ്മവിശകലനം കൂടാതെ തന്നെ, നമുക്ക് മനസ്സിലാകും.

ആർ. എസ്സ്. എസ്സ് ദേശീയതയുടെ സന്ദേശവുമായി, അഖണ്ഡ ഭാരത സങ്കല്പവുമായി ജനഹൃദയങ്ങളിൽ വേരുറപ്പിക്കുന്ന ആ കാലത്ത്, തന്‍റെ രാഷ്ട്രീയ ഭാവിയിൽ ശക്തമായ പ്രതിബന്ധമായി തീർന്നേക്കാവുന്ന ആർ. എസ്സ്. എസ്സിനെ മനുഷ്യമനസ്സിൽ നിന്നും പിഴുതെറിയുവാൻ ഗാന്ധി വധവുമായി അവർക്ക് ബന്ധമുണ്ടെന്ന് വരുത്തി തീർക്കുന്നതില്‍ നെഹ്രു വിജയിച്ചു.
'ഗാന്ധിജിയുടെ വധം സ്വാർത്ഥമതികളായ രാഷ്ട്രീയ നേതാക്കൾക്ക് തങ്ങളുടെ പ്രതിയോഗികളെ കരിവാരിത്തേക്കാനും, സാധിക്കുമെങ്കിൽ ഉന്മൂലനം ചെയ്യുവാനുമുള്ള ഒരു ആയുധമായിത്തീര്‍ന്നു എന്ന വസ്തുത നിരാകരിക്കുവാനാകില്ല' 
എന്നെഴുതിയത് ആർ. എസ്സ്. എസ്സുകാരനല്ല, മറിച്ച് മധ്യപ്രദേശിലെ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ദ്വാരികാ പ്രസാദ് മിശ്രയാണ്. അദ്ദേഹത്തിന്‍റെ ആത്മകഥയുടെ രണ്ടാം ഭാഗം 59 പേജിൽ അതിന്‍റെ വിശദാംശങ്ങൾ കൊടുത്തിട്ടുണ്ട്.

കേസന്വേഷണത്തിൽ അസന്തുഷ്ടി  പ്രകടിപ്പിച്ചുകൊണ്ട് നെഹ്റു 1948 ഫെബ്രുവരി 26 ന് അയച്ച കത്തിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേൽ നൽകുന്ന മറുപടി ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: 'ബാപ്പുവിന്‍റെ കൊലപാതകം സംബന്ധിച്ച കേസ്സന്വേഷണത്തിന്‍റെ പുരോഗതിയെ ഏതാണ്ടെല്ലാ ദിവസവും ഞാൻ വിലയിരുത്തുന്നുണ്ട്... ആർ. എസ്സ്. എസ്സിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന കാര്യവും നിസ്സംശയമായും തെളിഞ്ഞിട്ടുണ്ട്'  (സര്‍ദാര്‍ പട്ടേലിന്‍റെ കത്തിടപാടുകള്‍, ഭാഗം 6, എഡിറ്റര്‍ - ദുര്‍ഗ്ഗാദാസ്സ്)

• കോടതി വിധികള്‍

1949 ജനുവരി പത്തിന് ഗാന്ധിവധത്തിന്‍റെ വിധിന്യായം കോടതി വായിച്ചുകേൾപ്പിച്ചു. ചരിത്രപ്രസിദ്ധമായ റെഡ് ഫോർട്ടിലെ പ്രത്യേക കോടതിയിൽ വച്ച് ജസ്റ്റിസ് ആത്മചരണ്‍ ആണ് വിധി പ്രഖ്യാപിച്ചത്. കുറ്റക്കാരനല്ലെന്നു കണ്ട് വീരസവർക്കറെ വെറുതെവിട്ടു.
നാഥുറാം വിനായക് ഗോഡ്സെ,  ആപ്തെ എന്നിവരെ മരണംവരെ തൂക്കിക്കൊല്ലാനും, നാഥുറാമിന്‍റെ  സഹോദരനായ ഗോപാൽ,  വിഷ്ണു രാമകൃഷ്ണ കര്‍ക്കറെ, മദന്‍ലാല്‍ പഹ്വ, ശങ്കർ കിസ്തയ്യ, ദത്താത്രേയ സദാശിവ പര്‍ച്ചുറെ എന്നിവരെ ജീവപര്യന്തം കഠിനതടവിനും കോടതി ഉത്തരവായി. 
ഗാന്ധിവധം ഒരു ഗൂഢാലോചന ആയിരുന്നുവെന്നും, ആയിരക്കണക്കിന് ആൾക്കാർ അതിൽ പങ്കാളികളായിരുന്നു എന്നുമുള്ള സർക്കാരിന്‍റെ  ആരോപണത്തെ കോടതി പൂർണ്ണമായി തള്ളിക്കളഞ്ഞു. മാത്രമല്ല,  വിചാരണ സമയത്ത് പ്രോസിക്യൂഷൻ ഭാഗമോ, സർക്കാർ ഭാഗമോ, പ്രതികളാക്കപ്പെട്ടവരോ, ന്യായാധിപനോ  ആർ. എസ്സ്. എസ്സിന് സംഭവത്തിൽ പങ്കുണ്ടായിരുന്നു എന്ന് ആരോപിക്കുകയുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

പിന്നീട്, പഞ്ചാബ് ഹൈക്കോടതിയിൽ നൽകിയ അപ്പീലില്‍, പര്‍ച്ചുറെയെയും കിസ്തയ്യയെയും വെറുതെ വിടുകയും ഗോഡ്സെ, ആപ്തെ എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു കൊണ്ട് ജസ്റ്റിസ് ഭണ്ഡാരി, ജസ്റ്റിസ് അച്ചുറാം, ജസ്റ്റീസ് ഖോസ്ല  എന്നിവരടങ്ങിയ ഫുള്‍ബെഞ്ച് വിധിയിലും ആര്‍. എസ്സ്. എസ്സിനെക്കുറിച്ചുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടുണ്ട്.

• അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍
                             
1966 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രശ്നം കുത്തി പോകുകയും പുനരന്വേഷണത്തിനായി കമ്മീഷനെ നിയമിക്കുകയും ചെയ്തു. സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജി ടി. എൽ കപൂറിന്‍റെ അധ്യക്ഷതയിൽ രൂപീകരിക്കപ്പെട്ട കമ്മീഷൻ101 സാക്ഷികളെ വിസ്തരിച്ചു,  407 കുറ്റമറ്റ തെളിവുകൾ പരിശോധിച്ചു. പ്രസ്തുത കമ്മീഷൻ മുൻപാകെ സർക്കാർ പക്ഷത്തുനിന്നും ഹാജരായ പ്രമുഖ സാക്ഷിയും, ഗാന്ധിവധം നടക്കുന്ന സമയത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായിരുന്ന ആർ. എന്‍. ബാനർജി ഗാന്ധിയുടെ കൊലപാതകവുമായി ആർ. എസ്സ്. എസ്സിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കമ്മീഷൻ 1969 സമർപ്പിച്ച റിപ്പോർട്ടിൽ, രാഷ്ടീയ സ്വയം സേവക് സംഘത്തിന് എതിരെയുള്ള ആരോപണങ്ങൾ തള്ളിക്കളയുന്നു. റിപ്പോർട്ട് പറയുന്നു: 'ഗാന്ധിജിയുടെ വധത്തിനുശേഷം സംഘത്തെ നിരോധിച്ചെങ്കിലും കൊലപാതകം നടത്തിയത് സംഘത്തിന്‍റെ പ്രവർത്തകരാണെന്ന് അർത്ഥമില്ല' (കപൂർ കമ്മീഷൻ റിപ്പോർട്ട്, ഭാഗം 2 , പേജ് 62). മഹാത്മാഗാന്ധിക്കോ കോൺഗ്രസിലെ മറ്റേതെങ്കിലും നേതാക്കൾക്കെതിരെയോ  ഹിംസാത്മകമായ നടപടികളിൽ ആർ. എസ്സ്. എസ്സ്. മുഴുകിയിരുന്നു എന്നതിന് യാതൊരു തെളിവുമില്ലെന്ന് കപൂർ കമ്മീഷൻ കണ്ടെത്തി.

മുൻകൂട്ടി ആർ. എസ്സ്. എസ്സിനെ നിരോധിച്ചിരുന്നുവെങ്കിൽ ഗാന്ധിജി വധിക്കപ്പെടുമായിരുന്നില്ലെന്ന ചിലരുടെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് കപൂർ കമ്മീഷൻ റിപ്പോർട്ട് ഇപ്രകാരം തുടരുന്നു: 'സംഘത്തെ മുൻകൂട്ടി നിരോധിച്ചിരുന്നെങ്കിലും യാതൊരു വ്യത്യാസവും വരികയില്ലായിരുന്നു. കാരണം, കൊലപാതകത്തിൽ സംഘത്തിന് എന്തെങ്കിലും തരത്തിലുള്ള കയ്യുളളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതുതന്നെ' (റിപ്പോർട്ട് ഭാഗം 1, പേജ് 186).

നാഥുറാം ഗോഡ്സെ, കൊലപാതക സമയത്ത് ആർ. എസ്സ്. എസ്സുകാരൻ ആയിരുന്നില്ലെന്ന് കോടതിയിൽ അദ്ദേഹം നൽകിയ മൊഴി വായിച്ചാൽ മനസ്സിലാകും. പ്രതിയുടെ മുൻകാല ചരിത്രം വിശകലനം ചെയ്ത കപൂർ കമ്മീഷൻ ഇപ്രകാരം എഴുതുന്നു: കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയവർ ഹിന്ദുമഹാസഭയിലെ ഏറ്റവും തീവ്രവാദികളായ ഒരു വിഭാഗമാണ്. അവർ 'ഹിന്ദുരാഷ്ട്ര ദള്‍' എന്ന ഒരു പ്രത്യേക തീവ്രവാദ സംഘടന രൂപീകരിച്ചിരുന്നു' (പാരഗ്രാഫ് 19 - 103).

സംഘത്തെക്കുറിച്ചുളള ആരോപണങ്ങള്‍ വിശകലനം ചെയ്ത് കമ്മീഷൻ ഒടുവിൽ  അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു: 'ശ്രീ. ആർ. എൻ. ബാനർജിയെ പോലെയുള്ള അനുഭവ സമ്പന്നനായ ഭരണാധികാരി തന്‍റെ മൊഴിയിലൂടെ സംഘത്തിന് മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതിന്‍റെ അർത്ഥം ഈ നിഷ്ഠുരമായ കൊലപാതകത്തിന് ഒരുതരത്തിലും സംഘം ഉത്തരവാദി അല്ലെന്നാണ്' (റിപ്പോർട്ട് ഭാഗം2, പേജ് 76). കൂടാതെ, ദേശീയ തലത്തില്‍ മറ്റു രണ്ടു കമ്മീഷനുകളും ആര്‍. എസ്സ്. എസ്സിന് ഗാന്ധി വധത്തില്‍ പങ്കില്ലെന്ന് വിധിയെഴുതിയിട്ടുണ്ട്.

എന്തെങ്കിലും രാഷ്ടീയ സ്വാധീനം ഭരണതലത്തില്‍ ചെലുത്താന്‍ സംഘടനയ്ക്ക് കഴിയാതിരുന്ന കാലത്താണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നത് വിസ്മരിക്കരുത്. കൂടാതെ, ഒരിക്കല്‍ മുൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി പാർലമെൻറിൽ ഒരു ചോദ്യത്തിനുത്തരമായി, ഗാന്ധിവധത്തിൽ ആർ. എസ്സ്. എസ്സിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

• ആര്‍. എസ്സ്. എസ്സും ഗോഡ്സെയും

കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ അബ്ദുള്‍ നാസര്‍ മഅ്ദനിയോടൊപ്പം കുറ്റവാളിയാക്കപ്പെട്ട് ജയിലിൽ കഴിയുന്ന തടിയന്‍റവിടെ നസീർ ചെയ്ത കുറ്റത്തിന്‍റെ പാപഭാരം അദ്ദേഹത്തിന്‍റെ പൂർവ്വ സംഘടനയായ ഡി. വൈ. എഫ്. ഐയില്‍  ആരോപിക്കുന്നു എങ്കിൽ അത് എത്രമാത്രം യുക്തി സഹമായിരിക്കും.?  മഅ്ദനിക്കൊപ്പം പ്രവർത്തിക്കുന്നതിനു മുമ്പ് അദ്ദേഹം ഡി. വൈ. എഫ്. ഐയുടെ ഭാരവാഹിയായിരുന്നുവെന്നതിനാല്‍ ആദ്യം പ്രവര്‍ത്തനം നടത്തനം നടത്തിയ സംഘടന കുറ്റക്കാരാകുമെങ്കില്‍ മാത്രം ഗാന്ധി വധത്തില്‍ ആര്‍. എസ്സ്. എസ്സിനും പങ്കാളിത്തം ആരോപിക്കാം.
ഗാന്ധിജിയോടുള്ള ആർ.എസ്സ്. എസ്സിന്‍റെ സമീപനം പൗരുഷം ഇല്ലാത്തതാണെന്ന് ആക്ഷേപിക്കുകയും ആർ. എസ്സ്. എസ്സിന് ആണത്തം പോര എന്ന് ആക്ഷേപിക്കുകയും ചെയ്തുകൊണ്ട് ആർ. എസ്സ്.എസ്സ് വിട്ടുപോയ പ്രവർത്തകനാണ് നാഥുറാം വിനായക് ഗോഡ്സെ. 
അദ്ദേഹം അത് പല ലേഖനങ്ങളിലും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നല്ല, ആർ. എസ്സ്. എസ്സിന് ബദലായാണ് അദ്ദേഹം ഹിന്ദുമഹാസഭയിലും ഹിന്ദുരാഷ്ട്ര ദളും രൂപീകരിച്ച് അതിലും പ്രവർത്തനം നടത്തി വന്നത്. ഒരാൾ ഒരു സംഘടനയില്‍  പ്രവർത്തിക്കുകയും ആ സംഘടന ഉപേക്ഷിച്ച് മറ്റൊരു സംഘടനയിൽ ഭാരവാഹിത്വം വഹിക്കുകയും ചെയ്തുകൊണ്ട് അനുഷ്ഠിക്കുന്ന പാതകങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ പൂർവ സംഘടന ഉത്തരവാദി ആകുമെങ്കിൽ, മഹാത്മാഗാന്ധി വധിക്കപ്പെട്ടതില്‍  കോൺഗ്രസ് ആയിരിക്കും ഏറ്റവും കൂടുതൽ ഉത്തരവാദിത്വം പറയേണ്ടിവരുന്നത്. കാരണം,  ആർ. എസ്സ്. എസ്സിൽ പ്രവർത്തിച്ചതിനേക്കാൾ കൂടുതൽ വർഷം അദ്ദേഹം കോൺഗ്രസിന്‍റെ ഭാരവാഹിയായിരുന്നിട്ടുണ്ട്. 22 വർഷം അദ്ദേഹം കോൺഗ്രസിന്‍റെ നിർവാഹകസമിതി അംഗം ആയിരുന്നു എന്ന് 1993 ല്‍ മാധ്യമം ദിനപത്രത്തിൽ എഡിറ്റ് പേജിൽ വന്ന ലേഖനത്തിൽ പറയുന്നു.
ആരോപണങ്ങൾ ഉന്നയിച്ച പലരും പിന്നീട് ആർ. എസ്സ്.എസ്സിനോട് മാപ്പുപറഞ്ഞു കേസിൽ നിന്നും പിൻവാങ്ങിയത് ചരിത്രമാണ്. 
വിഖ്യാത എഴുത്തുകാരനായ എ. ജി. നൂറാനിയുടെ കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്‍റെ ആരോപണത്തിനെതിരെ കോടതിയിൽ കേസ് ഉണ്ടാവുകയും വിചാരണക്കിടയിൽ അദ്ദേഹം മാപ്പ് പറഞ്ഞ് ലേഖനം പിൻവലിക്കുകയും ചെയ്തു. മാത്രമല്ല, അതു പ്രസിദ്ധീകരിച്ച 'ദി സ്റ്റേറ്റ്സ്മാൻ' പത്രം ഒന്നാം പേജിൽ ക്ഷമാപണം നടത്തി തടിയൂരി. അർജുൻ സിംഗും കോൺഗ്രസ് നേതാവായ തിവാരിയും ഒടുവിൽ രാഹുൽഗാന്ധിയും വരെ കേസിൽനിന്ന് രക്ഷപ്പെട്ടത് മാപ്പപേക്ഷ യിലൂടെയാണ്. എൺപതുകളിൽ കലണ്ടറിൽ ആർ. എസ്സ്. എസ്സിനെ ആക്ഷേപിക്കുന്ന വാചകം എഴുതിയ ദേശാഭിമാനിക്കെതിരെ അന്നത്തെ കോഴിക്കോട് നഗർ സംഘചാലക് ആയിരുന്ന പി. കെ. കെ രാജ കോടതിയെ സമീപിക്കുകയും ദേശാഭിമാനി മാപ്പു പറഞ്ഞ് കലണ്ടർ പിൻവലിക്കുകയും ചെയ്തു.

വസ്തുതകൾ ഇതായിരിക്കെ, പത്രത്തിന്‍റെ എഡിറ്റ് പേജിൽ ഒരു രാഷ്ട്രതന്ത്ര അധ്യാപകൻ ചരിത്രത്തെക്കുറിച്ച് തീര്‍ത്തും അജ്ഞനായി, സത്യത്തെ വികലമാക്കി ലേഖനം എഴുതുന്നത് അധ്യാപന വൃത്തിയോടും വിദ്യാർത്ഥി സമൂഹത്തോടും ചരിത്രത്തോടും ചെയ്യുന്ന ഗുരുതരമായ തെറ്റ് തന്നെയാണെന്ന് വിനയത്തോടെ ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.





No comments: