K V Rajasekharan :: ഒരു രാജ്യവും ഒരുമയും: ഒരിക്കലും ഒന്നിക്കരുതെന്ന് കരുതുന്നവരും.

Views:


'ഒരു രാജ്യം, ഒരു ഭരണഘടന'; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; 'ഒരു രാജ്യം ഒരു നിയമം';  'ഒരു രാജ്യം, ഒരു ഭാഷ';  അങ്ങനെ ഒരു രാജ്യം എന്ന സങ്കൽപ്പത്തിൽ നിന്നുയരുന്ന ഏതാശയത്തെയും എതിർക്കുന്ന ഒരു ദുഷ്ക്രിയ ലോബിയുടെ നിരന്തര ദേശവിരുദ്ധ നിലപാടുകളെ നേരിടേണ്ട പ്രതികൂല സാഹചര്യത്തിലാണിന്ന് ഭാരതംഏകീകരണത്തിന്‍റെ വഴിയിലേക്കുള്ള എല്ലാ മുന്നേറ്റങ്ങളെയും ധ്രുവീകരണത്തിന്‍റെ രാജനൈതികവും പ്രതിലോമകരവുമായ ഇടപെടലുകളിലൂടെ തടസ്സപ്പെടുത്തകയാണിവരുടെ രണതന്ത്രം.  
  • ബ്രിട്ടീഷ് ഭരണകൂടം ആ ഒരു രീതി പ്രയോഗിച്ചത് ഭിന്നിപ്പിച്ചു ഭരിക്കാനായിരുന്നു.  
  • ഗാന്ധി-വധേര കോൺഗ്രസ്സ് അതേ കുതന്ത്രം തുടരുന്നതും അവരുടെ കുടുംബവാഴ്ച തുടരുവാൻ സോണിയക്കും രാഹുലിനും കളമൊരുക്കുവാനാണ്.  
  • കമ്യൂണിസ്റ്റു പരിവാർ എന്നും പണിയെടുത്തത് ഭാരതത്തെ ഛിന്നഭിന്നമാക്കി കഷണം കഷണമാക്കി സോവിയറ്റുയൂണിയന്‍റെയോ ചൈനയുടെയോ പിടിയിലെത്തിച്ച് അവരുടെ പകരക്കാരായി ഇവിടം വാഴുവാനായിരുന്നു.  
  • ഇസ്ലാമിക വർഗീയ ശക്തികൾ ആയുധമെടുത്തതും വിഭജനം കഴിഞ്ഞ് അവശേഷിച്ച ബാക്കിസ്ഥാനെയും പാക്കിസ്ഥാന്‍റെ കൂടെ ചേർക്കുവാനാണ്.
ഭിന്നിപ്പിക്കുവാൻ വഴി അന്വേഷിക്കുന്നവർക്ക് 'ഒരു രാജ്യമെന്നു' പറഞ്ഞ് ഒന്നിപ്പിക്കാൻ ഒരുമ്പെടുന്നവരുടെ ഒപ്പം നിൽക്കാനെങ്ങനെ കഴിയും?  
അതുകൊണ്ടുമാത്രമാണ് ഒരു രാജ്യം ഒരു ഭാഷയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്‌ അവർക്ക് പിടിക്കാതെ പോയത്. അർത്ഥശങ്കയ്ക്കിടം നൽകാത്തതായിരുന്നു, അദ്ദേഹത്തിന്‍റെ വാക്കുകൾ മുന്നോട്ടു വെച്ച ആശയം.
  • എല്ലാ ഭാരതീയ ഭാഷകളും വികസിക്കണം. 
  • എല്ലാവരുടെയും മാതൃഭാഷകൾ സ്വച്ഛന്ദമായി വളരണം. 
  • ഒപ്പം തന്നെ വ്യത്യസ്ഥഭാഷകൾ സംസാരിക്കുന്നവർ പരസ്പരം ബന്ധപ്പെടാൻ ദേവനാഗരി ലിപിയുപയോഗിച്ചുള്ള ഹിന്ദി ഔദ്യോഗിക ഭാഷയായി വളരണം.
അപ്പറഞ്ഞതിന്‍റെ ന്യായം വളരെ ലളിതമാണ്.  എല്ലാവരും വ്യത്യസ്ഥ ഭാഷകൾ മാത്രം പഠിച്ചിരുന്നാൽ പരസ്പരം ആശയവിനിമയം സ്വാഭാവികമായും സാദ്ധ്യമല്ല.  അങ്ങനെ വരുമ്പോൾ ഒരു ഭാഷയ്ക്ക് പൊതു ഔദ്യോഗിക ഭാഷയുടെ സ്ഥാനം നൽകണം. ആ സ്ഥാനത്തേക്ക് ഭാരതത്തിലെ അറുപതു ശതമാനത്തിലധികം ജനങ്ങൾക്ക് വായിക്കാനോ, എഴുതാനോ, പറയാനോയെങ്കിലും കഴിയുന്ന ഒരു ഭാഷയാണ് ഹിന്ദിയെന്നുള്ളപ്പോൾ ആ ഭാഷയ്ക്ക് ദേശീയ ഔദ്യോഗികഭാഷയുടെ പദവി നൽകി വികസിപ്പിക്കുകയല്ലേ ചെയ്യേണ്ടത്. 

അതിനു പകരം നൂറു ശതമാനം ജനങ്ങളും ഇംഗ്ളീഷ് പഠിച്ച് ഇംഗ്ളീഷിന് ആ പദവി നൽകണമെന്ന് പറയുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നതുകൂടി പറയണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള വിനീതവിധേയത്വം വാലാട്ടി പ്രകടിപ്പിക്കുന്നതു തുടരണെമന്നാണ് അവർ പറയുന്നതെന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല.
ഇവിടെ വളരെ പ്രസക്തമായ മറ്റു ചിലകാര്യങ്ങളും പരിഗണനയിലെടുക്കേണ്ടതുണ്ട്.   
  • ഭാരതീയ ഭാഷയ്ക്ക് പൊതുവെയുള്ള പരസ്പരബന്ധം, 
  • എല്ലാ ഭാഷകൾക്കും സംസ്കൃതവുമായുള്ള ബന്ധം, 
  • വൈവിധ്യം നിറഞ്ഞതാകുമ്പോഴും പങ്കുവെക്കുന്ന പൊതുസംസ്കാരം, 
അങ്ങനെ പല ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ ഏതൊരു ഭാരതീയനും മറ്റൊരു ഭാരതീയ ഭാഷയാകും ഇംഗ്ളീഷിനെക്കാൾ വേഗം പഠിക്കാനാകുകയെന്നത്  വ്യക്തം.

കേരളത്തിൽ പരീക്ഷാഹാളിൽ കയറി ഇരുന്നാൽ പോലും എല്ലാവരെയും ജയിപ്പിക്കുന്ന 'ആൾ പാസ്സ്' മാമാങ്കം നിലവിൽ വരുന്നതിനു മുമ്പുള്ള കാലത്തേക്ക് ഒന്നു തിരിച്ചു പോകണം. പഠിച്ച് പരീക്ഷക്ക് ശരിയുത്തരം എഴുതിയാൽ മാത്രം ജയിക്കുമായിരുന്ന ആ കാലത്ത് ഇംഗ്ലീഷ് കിട്ടാത്തതുകൊണ്ട് പത്തുകടക്കാൻ പാടുപെട്ടവരുടെ എണ്ണം എടുക്കുക. അതിഎഴുതാനോ പത്തു ശതമാനം പേരുപോലും ഹിന്ദി കിട്ടാത്തതുകൊണ്ട് പത്തിൽ പൊട്ടിയിട്ടുണ്ടോയെന്ന് ഓർത്തെടുത്താൽ മതി ഇംഗ്ളീഷുമായി താരതമ്യം ചെയ്യുമ്പൊൾ ഹിന്ദി എത്ര സരളമാണെന്നതു ബോദ്ധ്യമാകും.

മാത്രമോ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടി ഗവേഷണം ചെയ്തയാളിനും സ്പെല്ലിംഗ് കൃത്യമാക്കാൻ ഡിക്ഷ്ണറി കൂടിയേ തീരൂ. എന്നാൽ ഭാരതീയ ഭാഷകളുടെ കാര്യത്തിൽ ഒരിക്കലും അക്ഷരങ്ങൾ ശരിക്കും പഠിച്ചു കഴിഞ്ഞാൽ പിന്നീട് തെറ്റുകൂടാതെ എഴുതാൻ നിഘണ്ടുവിനെ ആശ്രയിക്കേണ്ട അവസ്ഥ വളരെ അപൂർവ്വമാണെന്നു കൂടി കണക്കിലെടുക്കുമ്പോളാണ് ഭാരതീയ ഭാഷകളുടെ പഠനം സരളവും പ്രയോഗം അയത്നലളിതവുമാകുന്നത്.

നിരക്ഷരരായ പാവപ്പെട്ടവർ തമിഴ്നാട്ടിൽ നിന്നും ബംഗാളിൽ നിന്നും ഒറീസ്സയിൽ നിന്നുമൊക്കെ അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി കുടിയേറുമ്പോഴും  ഒരു പൊതു ഭാഷ എന്ന നിലയിൽ സ്വാഭാവികമായും ഉയർന്നുവരുന്നതും ഹിന്ദിയാണെന്നതാണ് വസ്തുത. അവരാരും വൈക്കോയോ സ്റ്റാലിനോ കമൽ ഹാസനോ ആഗ്രഹിക്കുന്നതുപോലെ ഇംഗ്ലീഷിലില്ല പരസ്പരം സംസാരിക്കുന്നത്.
ഇനി പൊതുജീവിതത്തിൽ ഹിന്ദി ഉൾപ്പടെയുള്ള ദേശീയ ഭാഷകളുടെ പ്രയോഗക്ഷമത അറിഞ്ഞ് ഉപയോഗിച്ചവരുടെ വിജയചരിത്രവും കൂടി പരിശോധിക്കാം.  
  1. ആധുനിക കാലത്ത് ഗൂഗിളും സാമൂഹിക മാധ്യമങ്ങളുമൊന്നും ഇംഗ്ളീഷിനെ ലോകഭാഷയുടെ പദവി നൽകി എല്ലാവരും ആധുനിക വിജ്ഞാനത്തിന്‍റെ  ഫലം അനുഭവിക്കാൻ ഇംഗ്ലീഷ് പഠിച്ചോളാൻ പറഞ്ഞ് കയ്യും കെട്ടി നോക്കി നിൽക്കുകയല്ല ചെയ്തത്. ഓരോ ഭാഷകളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ചെയ്തത്.
  2. മഹാത്മാ ഗാന്ധിയും ഭാരതീയ ജനസമൂഹത്തെ ഒന്നായി കൂടെ കൂട്ടുന്നതിന് ഭാരതീയ ഭാഷകൾ പഠിക്കുന്നതിനു പ്രാധാന്യം നൽകി.  വിവിധ ഭാഷകൾ സംസാരിക്കുന്നവർക്ക് പൊതുവെ പരസ്പരം ബന്ധപ്പെടുന്നതിന് ഹിന്ദി പ്രചാര സഭയ്ക്കാണ് ജന്മം നൽകിയത്. ഗാന്ധിജിക്ക് ഇംഗ്ളീഷറിയാഞ്ഞിട്ടല്ല അങ്ങനെ ചെയ്തതെന്ന തിരിച്ചറിവെങ്കിലും പുതിയകാല ഇംഗ്ലീഷ് പ്രേമികൾക്കുണ്ടാകണം.
  3. കൃസ്ത്യൻ മിഷനറി പ്രവർത്തനത്തിനെത്തിയവരും ചെന്ന സംസ്ഥാനങ്ങളിലെയെല്ലാം പ്രാദേശിക ഭാഷകൾ പഠിച്ചാണ് അവരുടെ മതപരിവർത്തന പരിശ്രമങ്ങൾ തുടങ്ങിയതും തുടരുന്നതും.  ഹിന്ദി പഠിക്കേണ്ടിടത്ത് ഹിന്ദി പഠിച്ചു. മറ്റിടങ്ങളിൽ അതത് ഭാഷകളും. അവരും ഇംഗ്ലീഷ് അറിയാത്തതുകൊണ്ടായിരിക്കില്ലല്ലോ ഇംഗ്ളീഷിനെ ലിങ്ക് ലാംഗ്വേജാക്കി ശ്രമിച്ചു നോക്കാതിരുന്നത്?
  4. ഇനി രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ  സമീപനം പഠിക്കാം.  ആജ്ഞകളുടെയും കാര്യക്രമങ്ങളുടെയും കാര്യത്തിൽ ഹിന്ദിയുടെ അടിത്തറ.  അതേ അവസരത്തിൽ തന്നെ ഭാരതത്തിന്‍റെ ഓരോ പ്രദേശത്തു നിയോഗിക്കപ്പെടുന്ന പ്രചാരകർ അതത് നാടുകളിലെ ഭാഷ പഠിച്ച് അവരിലൊളായി ജീവിച്ച് ദേശീയതയോടൊപ്പമുള്ള യാത്രയിൽ, ഭാരതത്തിന്‍റെ  വിശ്വവിജയമെന്ന ലക്ഷ്യപ്രാപ്തിക്ക് അന്നാട്ടുകാരെയും കൂടെ കൂട്ടുന്നു.  
സംഘത്തിന്‍റെ  സംഘടനാഘടനയുടെ ഉയർന്നതലങ്ങളിലെത്തുന്ന അധികാരികൾ അഞ്ചിലധികം ഭാഷയിൽ അത്യാവശ്യം ആശയവിനിമയത്തിനു കഴിവുള്ളവരായി മാറിയിട്ടുള്ളവരാണെന്ന് കാണുന്നത് സാധാരണവുമാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ  വിജയചരിത്രത്തിൽ ഭാഷയുടെ കാര്യത്തിലെടുത്ത സകാരാത്മക സമീപനം സുപ്രധാന പങ്കു വഹിച്ചൂവെന്നത് തർക്കത്തിനിടം കൊടുക്കാത്ത വസ്തുതയാണ്.
മുകളിൽ ചൂണ്ടിക്കാട്ടിയവയിൽ നിന്ന് വ്യത്യസ്ഥമാണ് മുഖ്യധാരാ കമ്യൂണിസ്റ്റു പാർട്ടികളുടെ രീതി.  
  1. കക്ഷികളുടെ പേര്, വിവിധ ഘടകങ്ങളുടെ പേരുകൾ, (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ, പോളിറ്റ് ബ്യൂറോ, സെൻട്രൽ കമ്മിറ്റി തുടങ്ങി ലോക്കൽ കമ്മറ്റി വരെ) തുടങ്ങിയവയെല്ലാം ഇംഗ്ലീഷിൽ!  
  2. പ്രകാശ് കാരാട്ട് പാലക്കാട് പ്രസംഗിക്കുന്നത് ഇംഗ്ളീഷിൽ! ഒരു കണക്കിനവരെ കുറ്റം പറയാൻ കഴിയില്ല. 
  3. ചൈനീസ് ഭാഷയും കൊറിയൻ ഭാഷയുമൊക്കെയല്ലേ അവരിനി പഠിക്കേണ്ടത്?. പണ്ട് കഷ്ടപ്പെട്ട് റഷ്യൻ ഭാഷയും ജർമ്മൻ ഭാഷയുമൊക്കെ പഠിച്ചതൊക്കെ വെറുതെയാകുകയും ചെയ്തു.  
  4. സഖാവ് പി കൃഷ്ണപിള്ള പണ്ട് ഹിന്ദി പ്രചാരസഭയിൽ പ്രവർത്തിച്ചിരുന്നതും ചിലർ ഇപ്പോൾ കുത്തിപ്പൊക്കിക്കൊണ്ട് വരുന്നുണ്ട്! അവർക്കൊന്നും ഈ പാർട്ടിയേ കുറിച്ച് ഒരു ചുക്കും അറിയില്ല! 
ഇത്രയും ചൂണ്ടിക്കാട്ടിയത് കമ്യൂണിസ്റ്റു സഖാക്കൾ ഹിന്ദി പഠിക്കാത്തതിന് പരാതിയായിട്ടല്ല.  അവർ പഠിക്കാത്തതു നന്നായി! ചത്ത കൊച്ചിന്‍റെ  ജാതകം ആരും നോക്കാറില്ലല്ലോ?

പോളിറ്റ് ബ്യൂറോ മുതൽ താഴോട്ടെല്ലാവരും മലയാളം പഠിക്കട്ടെ. കേരളത്തിലേക്കു ചുരുങ്ങി ഇവിടെയും അന്ത്യശ്വാസം വലിക്കുന്ന പാർട്ടിക്ക് അതു തന്നെ ധാരാളം! 
ഹിന്ദിയെ എതിർത്ത്, ഹിന്ദുവിനെ എതിർത്ത്, ഹിന്ദുസ്ഥാനെയും  എതിർത്ത്, 'ഒരു രാജ്യം'  എന്നു കേൾക്കുമ്പോളേ ചുവപ്പു കണ്ട കാളയെ പോലെ വിറളി പിടിക്കുന്നവരുടെ, സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയവരുടെ, പ്രശ്നം അടിസ്ഥാനപരമായ ഇനി പറയുന്നതാണ്.
2014 പൊതുതിരഞ്ഞെടുപ്പ് തുടങ്ങിവെച്ചതും 2019 തിരഞ്ഞെടുപ്പ് ആവർത്തിച്ചുറപ്പിച്ചതും  ദേശീയതയുടെ ശക്തികൾ ഭാരതീയരാഷ്ട്രീയ മുഖ്യധാരയിൽ നിറസാന്നിദ്ധ്യമായി നിയന്ത്രണം ഏറ്റെടുക്കുന്ന ചരിത്രപരമായ അവസ്ഥയ്ക്കാണ്. അതോടെ ഭാരതത്തിന്‍റെ  ദേശീയ ഐക്യവും ദേശീയവികസനവുമായി ഭരണകൂടത്തിന്‍റെ  അജണ്ട. നരേന്ദ്രമോദി ഭരണകൂടം എല്ലാവരുടെയുമൊപ്പം നിന്ന് എല്ലാവരുടെയും വികസനം ഉറപ്പാക്കുവാനും എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാനുമുളള സങ്കല്പം പ്രയോഗവത്കരിക്കുന്നതിനുള്ള കർമ്മ  പരിപാടികൾ ഒന്നൊന്നായി തുടങ്ങി മുന്നോട്ടു പോകുകയും ചെയ്യുന്നു. 
ഹിന്ദുവിനെ അവഗണിച്ച് അരികുവത്കരിക്കുന്ന നെഹ്രുവിയൻ കപടമതേതരത്തിന്‍റെ കാലം കഴിഞ്ഞു. 
  1. ന്യൂനപക്ഷങ്ങളുടെയുൾപ്പടെയുള്ള പട്ടിണിയും അനാരോഗ്യവും ഇല്ലാതാക്കാൻ പരിശ്രമമുണ്ടായിട്ടില്ലാത്ത കാലം!   
  2. എല്ലാവരുടെയും പിച്ചച്ചട്ടികളിൽ നിന്നും കയ്യിട്ടുവാരിയവരുടെ ഭരണം! 
  3. കൈക്കൂലിയും അഴിമതിയും കൊണ്ട് ഭരണപക്ഷത്തുള്ളവർ ചീർത്തുവീർത്തതിന്‍റെ  രാഷ്ട്രീയം! 
ജവഹർലാൽ നെഹ്റുവിൽ തുടങ്ങി ഇന്ദിരയിലും രാജീവിലും  കൂടി കടന്ന് സോണിയയിലും രാഹുലിലും റോബർട്ടു വധേരയിലും എത്തി നിന്ന സ്വതന്ത്രഭാരതത്തിന്‍റെ  ശാപമായി മാറിയ ഭരണമോഡലിന് അടിമുടി മാറ്റമായി. 

2024 ആകുമ്പൊഴേക്കും അഞ്ചു ട്രില്ല്യൻ അമേരിക്കൻ ഡോളർ സാമ്പത്തിക ശക്തിയായി ഭാരതം മാറണമെന്ന ലക്ഷ്യം ഉറപ്പിച്ചുള്ള കുതിച്ചു ചാട്ടത്തിന് മോദിസർക്കാർ അരങ്ങൊരുക്കുകയാണ്.  ആഗോള സാമ്പത്തികരംഗത്തെ ചാഞ്ചാട്ടങ്ങളുടെയും ഭാരതീയ സമ്പദ് വ്യവസ്ഥയിൽ കള്ളപ്പണത്തിനെതിരെ തുടങ്ങിത്തുടരുന്ന ശുദ്ധീകരണപ്രക്രിയയുടെയും ഫലമായി ഉണ്ടായിട്ടുള്ള ചില താത്കാലിക പ്രതിബന്ധങ്ങളെ അതിജീവിച്ച് മോദിയുടെ ഭാരതം മുന്നോട്ടു പോകുമെന്ന് എതിർപക്ഷത്തിനു പോലും ഉള്ളിലുറപ്പുണ്ട്.

അതുകൊണ്ടുതന്നെയാണ് ഭാരതത്തെ ഭിന്നിപ്പിച്ച് ചൈനയുടെയും പാക്കിസ്ഥാന്‍റെയും പടിഞ്ഞാറൻ മതപരിവർത്തനശക്തികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂലി വാങ്ങി വേല ചെയ്യുന്നവർ പരിഭ്രമത്തിലായിരിക്കുന്നത്.

ഇപ്പോൾ കഴിഞ്ഞില്ലെങ്കിൽ ഇനിയൊരിക്കലും ഭാരതത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന സത്യം തുറിച്ചു നോക്കി ഉറക്കം കെടുത്തുന്ന നിസ്സഹായ അവസ്ഥയിലാണവർ. 

ഒന്നുകിൽ ഇപ്പോൾ ഇവർക്ക് സ്വയം തിരുത്തി ദേശീയതയുടെ, മുഖ്യധാരയുടെ ഭാഗമാകാം. അല്ലെങ്കിൽ കല്ലേൽ കടിച്ചു പല്ലു കളയാം.  എന്തു ചെയ്യാം? എന്നെ തല്ലണ്ടമ്മാവാ ഞാൻ തന്നാവില്ലായെന്നു തന്നെയാണവർ ഇപ്പോഴും വിളിച്ചു കൂകുന്നത്.





No comments: