Kaniyapuram Nasirudeen :: ലേഖനം :: അമീർ കഥളിലെ "മാഷ്"മരികതകൾ

Views:

Author with Ameer Kandal
സമൂഹമാധ്യമങ്ങളിൽ കൊച്ചു കൊച്ചു കുറിപ്പുകൾ എഴുതികൊണ്ടാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത് മലയാള സാഹിത്യ രംഗത്തേക്ക്  കടന്നു വരുന്നത്‌. കൊഞ്ചിറ ഗവ:സ്കൂളിൽ അദ്ധ്യാപകനായിരിക്കെ തന്നെ  കഥകൾ എഴുതിത്തുടങ്ങിയതായി  അദ്ദേഹം ഓർമ്മിക്കുന്നു.

കഥാരംഗം അശ്‌ളീലതയും കാമാഭിനിവേശവും അധർമ്മങ്ങളും കൊണ്ട് വീർപ്പുമുട്ടി കഴിയുന്ന ഒരുകാലത്താണ് ഈ കഥാകൃത്തിന്‍റെ ആഗമനം എന്നത് ഉത്തരവാദിത്തബോധം ഉണ്ടാക്കേണ്ടതാണ്. കേവലം ഒരു അദ്ധ്യാപകൻ എന്നതിനും അപ്പുറത്ത് ആണ് സ്കൂളിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ.
പൊതു സമൂഹത്തിൽ പൊതുവിദ്യാലയത്തിന്‍റെ മഹത്വം ബോധ്യപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ സദാ സന്നദ്ധനാണ് എന്നത് എടുത്തു പറയത്തക്കതാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ അവഗണനയോടെ കണ്ടിരുന്ന സമൂഹമധ്യത്തിലാണ് അമീർകണ്ടലിന്‍റെ ഈ പ്രവർത്തനങ്ങൾ എന്നത് ആരെയും ആകർഷിക്കുന്നതാണ്.

മദ്യ മയക്കുമരുന്ന് ലഹരിയിൽ മതിമറന്നു കഴിയുന്ന രക്ഷകർത്താക്കൾ, ചുറ്റുപാട്, സാഹചര്യം എന്നിവയുടെ ആഘാതത്തിൽ നിന്നും വരും തലമുറയെയെങ്കിലും  രക്ഷപ്പെടുത്തണം എന്ന അതിയായ ആഗ്രഹത്തിൽനിന്നാണ് ലഹരിവിരുദ്ധ തെരുവ് നാടകം എന്ന ആശയം തന്‍റെ മനസ്സിൽ രൂപപ്പെട്ടതെന്ന് അദ്ധ്യാപക പരിശീലനത്തിനിടയിൽ അദ്ദേഹം പറഞ്ഞു.

കുട്ടികളെ സംഘടിപ്പിച്ച് നാടകം അഭ്യസിപ്പിക്കുകയും അവർ തങ്ങളുടെ രക്ഷിതാക്കൾ ഉൾപ്പെടുന്ന സമൂഹമധ്യത്തിൽ അവതരിപ്പിക്കുകയും അതിന്‍റെ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുകയും ചെയ്തു എന്നത് സ്കൂളിന് തന്നെ യശസ്സ് ഉയർത്തി പിടിക്കാൻ സാധിച്ചു.

ഇപ്പോൾ കണിയാപുരം ഗവ:യു. പി.സ്കൂളിൽ ജോലിനോക്കുന്നു
സ്കൂളിലെ നാനോന്മുഖമായ പുരോഗതിക്കായി സജീവമായി ഇടപെടുന്നതിനിടയിലാണ് തൻറെ എഴുത്തും  സാഹിത്യ പ്രവർത്തനങ്ങളും .

ആധുനികതക്കും ഉത്തരാധുനികതക്കും ഒന്നും പിടി കൊടുക്കാതെ തന്‍റേതായ ചില എഴുത്തുവഴികളിലൂടെ സഞ്ചരിക്കുകയാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത്. കുറെ ഏറെ കഥകൾ എഴുതിക്കഴിഞ്ഞ ഈ കഥാകൃത്തിന്‍റെ മിക്ക കഥകളും അദ്ധ്യാപക രചനകളാണ്. താൻ നിലകൊള്ളുന്ന ജോലിസ്ഥലത്തെ മാറ്റി കൊണ്ടുള്ള എഴുത്ത് തനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ലെന്ന് ഓരോ കഥകളിലൂടെയും വായനക്കാരെ ഓർമപ്പെടുത്തുകയാണ് എഴുത്തുകാരൻ.

കഥകൾക്ക് പേരിടുന്നതിലും ഒരു പ്രത്യേക ശ്രദ്ധ നമുക്കു കാണാൻ സാധിക്കും.
കലി എന്ന കഥയാണ് ഏറെ ശ്രദ്ധേയവും ആദ്യ രചനയും. അപ്പേരിൽ ഒരു ചലച്ചിത്രം ഉള്ളത് ഒന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ക്ലാസിൽ സ്വൽപ്പം പഠനത്തിലൊക്കെ ശ്രദ്ധിക്കുന്ന അനൂപ് പഠിപ്പിക്കുന്നതിനിടയിൽ  ഒരു ചിത്രം വരച്ചതിന് കുട്ടി യോട് ദേഷ്യത്തോടെ പെരുമാറിയതിന്‍റെ കുറ്റബോധത്താൽ സ്റ്റാഫ്‌ റൂമിൽ ദു:ഖത്തോടെ ഇരിക്കുന്ന ക്ലാസ് ടീച്ചറെ സമാധാനിപ്പിക്കുന്ന സ്റ്റാഫ് സെക്രട്ടറിയുടെ മനോവ്യഥയെ നന്നായി ആവിഷ്കരിച്ചിട്ടുണ്ട് കലി എന്ന കഥയിൽ. കഥയുടെ ആഖ്യാനം ആസ്വാദ്യം തന്നെയാണ്.

സ്ഥലം കാലം വ്യക്തി വർണ്ണനയും ബിംബവത്കരണവും കഥയിലുൾചേർക്കാൻ പ്രത്യേക സിദ്ധി തന്നെയാണ് അമീറിയൻ കഥകൾക്ക്.
സ്കൂൾ പരിസരം, ക്ലാസ് റൂമുകൾ, ഓഫീസ് റൂം ,കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവർ അമീർ കഥകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

വിത്തുഗുണം എന്ന കഥ ഒരു വികൃതിക്കുട്ടനെ വരച്ചു കാണിക്കുന്നു. നിന്ന് മൂത്രം ഒഴിക്കൽ പതിവാക്കിയ കുട്ടിയെ ക്ലാസിൽ  കാണാതായപ്പോൾ അദ്ധ്യാപകർ കൂട്ടമായി വീട് അന്വേഷിച്ചു പോകുന്ന രംഗമാണ് കഥയിൽ. അദ്ധ്യാപകർ കാണുന്നത് കുട്ടിയുടെ അച്ഛൻ തന്നെ ഇത് പോലുള്ള ദുശ്ശീലം സ്വന്തമാക്കി എന്നുള്ളതാണ്. ഇതിലും ക്ലാസ് റൂമുകളിലൂടെ സ്കൂൾ വാരാന്തയിലൂടെ വർണ്ണന കടന്നു വരുന്നുണ്ട്.

മറ്റൊരു രസകരമായ കഥയാണ് പെരിസ്ട്രോയിക്ക. അദ്ധ്യാപകരുടെ അബദ്ധധാരണയെ കഥയാക്കി ആവിഷ്കരിച്ചിരിക്കുകയാണ്. ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിലെ ചെറിയ സംഭവമാണ് കഥാതന്തു. വാഴക്കൂമ്പ്  തോരനെക്കുറിച്ചാണ് പെരിസ്ട്രോയിക്ക എന്ന പേര് പറഞ്ഞു കൊടുത്തതും അപ്പേര് ശരിയെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ടീച്ചർക്ക് കൊടുക്കുന്ന ആക്ഷേപഹാസ്യമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
ചുരുക്കത്തിൽ അമീർകഥകളിൽ "മാഷ്"മരികത (മാസ്മരികതകൾ അല്ല, മാഷ് ടച്ച് )
എന്നാൽ ഈയിടെ  മലയാള മാസികയിൽ (ഓൺലൈൻ മാഗസിന്‍) വന്നിട്ടുള്ള ഓണനിലാവത്തെ സെൽഫി പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി എഴുത്തിന്‍റെ മറ്റൊരു തലത്തിലേക്ക്  കടന്നു വന്നതായി കാണാനാവും. ഇതിൽ അദ്ധ്യാപകരോ, സ്കൂളോ, ക്ലാസ് മുറികളോ കടന്നു വരുന്നില്ല.

ഓണക്കാല കഥയാണ് മാത്രമല്ല ആധുനിക സമൂഹം നേരിടുന്ന വലിയൊരു വിപത്തിനെ തുറന്ന് കാണിക്കുകയാണ്. ചെറിയ പ്രായത്തിൽ തേനേ പാലേ എന്ന് വിളിച്ച് താരാട്ടു പാടിയും പാലൂട്ടിയും വളർത്തി വലുതാക്കുന്ന മാതാപിതാക്കളെ തെരുവിലേക്ക് വലിച്ചെറിയുന്ന ദുരവസ്ഥയാണ് ഈ കഥയിലൂടെ വരച്ചു കാണിക്കുന്നത്.

ഈ അമീർകണ്ടലിന്‍റെ അനുഗൃഹീത തൂലികയിൽ നിന്നും അനേകമനേകം കഥകൾ മലയാള വായനക്കാർക്ക് ലഭ്യമാകുമെന്നതിൽ സംശയമില്ല.




1 comment:

ardhram said...

അതെ കഥയുള്ളവനും കനിവുള്ളവനും കഴിവുള്ളവനും സ്നേഹനിധിയുമാണ് കണ്ടൽ, നിങ്ങളും സന്തോഷം