Jagan :: "..........ഇഫക്ട്"

Views:


മരടിലെ ഫ്ലാറ്റ് കേസിൽ ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങളും, നിർദ്ദേശങ്ങളും ശ്ളാഘനീയം ആയി, മാതൃകാപരമായി.

ബിൽഡർമാരും, മരട് പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലെയും, വിവിധ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥ മാഫിയയും ചേർന്നൊരുക്കിയ കെണിയിൽ, അറിഞ്ഞു കൊണ്ടോ, അറിയാതെയോ വീണുപോയ ഫ്ളാറ്റുടമകൾക്ക് ഒരു പരിധി വരെ ആശ്വാസവുമായി.
  • ഓരോ ഫ്ളാറ്റുടമയ്ക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം സർക്കാർ നൽകുക,
  • ഫ്ളാറ്റുകൾ പൊളിക്കാനും, ഉടമകൾക്ക് അർഹമായ ബാക്കി നഷ്ടപരിഹാരത്തുക നിർണ്ണയിക്കുവാനും, അത് ആരിൽ നിന്നൊക്കെ ആണ് ഈടാക്കിയെടുക്കേണ്ടതെന്ന് നിശ്ചയിക്കുവാനും ഒക്കെ ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കുക,
  • ബിൽഡർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക,
  • കണ്ടു കെട്ടുന്ന സ്വത്തുക്കളിൽ നിന്നും, സർക്കാർ ഫ്ലാറ്റുടമകൾക്ക് നൽകുന്ന പ്രാഥമിക നഷ്ടപരിഹാരത്തുകയും, ഭാവിയിൽ നൽകേണ്ടി വരുന്ന നഷ്ട പരിഹാരത്തുകയും ഈടാക്കുക,
  • കൂടിയൊഴിപ്പിക്കപ്പെടുന്ന ഫ്ലാറ്റുടമകൾക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തുക 
മുതലായ നിർദ്ദേശങ്ങൾ അഭിനന്ദനാർഹമാണ്.

നിയമം നടപ്പാക്കുന്നതോടൊപ്പം, ഈ കേസുമായി ബന്ധപ്പെട്ട കക്ഷികളിൽ, നീതി ലഭിക്കേണ്ടവർക്ക് നീതിയും, ശിക്ഷ ലഭിക്കേണ്ടവർക്ക് ശിക്ഷയും ലഭിച്ചെന്ന് സാമാന്യ ജനങ്ങൾക്ക് ബോദ്ധ്യമാകുന്നു. അത് അനിവാര്യവുമായിരുന്നു.
ജനങ്ങളിൽ നിന്നും നഷ്ടപ്പെടുമായിരുന്ന നീതിപീഠത്തോടുള്ള വിശ്വാസവും, ബഹുമാനവും വീണ്ടെടുത്തെന്ന് നമുക്ക് ആശ്വസിക്കാം......!
ബഹു. സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ, ദിവസങ്ങൾക്ക് മുൻപ് പുറപ്പെടുവിച്ച പ്രാഥമിക ഉത്തരവിൽ തന്നെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ എത്ര ഭംഗി ആയിരുന്നേനെ എന്ന് ആശിച്ചു പോകുന്നു.
  • പൊളിക്കപ്പെടുന്ന ഫ്ലാറ്റുകളുടെ ഉടമകളുടെയും, അവിടെ താമസിക്കുന്ന വന്ദ്യവയോധികർ ഉൾപ്പെടെ ഉള്ള ബന്ധുമിത്രാദികളുടെയും, ആശങ്കയും, വിലാപവും, തേങ്ങലുകളും ഒഴിവാക്കാമായിരുന്നു.
  • പത്ര ദൃശ്യമാധ്യമങ്ങളിലെ വിമർശനങ്ങൾ, ചാനൽ ചർച്ചകൾ ഒക്കെ ഒഴിവാക്കാമായിരുന്നു.
സാരമില്ല, വൈകിയെങ്കിലും നീതി നടപ്പാക്കുന്നു എന്ന് സമാധാനിക്കാം.

ഫ്ലാറ്റ് / വില്ല നിർമ്മാണ 'വ്യവസായത്തിൽ 'നടക്കുന്ന തട്ടിപ്പുകൾക്ക് ഒരു പരിധിവരെ ഈ നിർദ്ദേശങ്ങൾ പരിഹാരമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

തീരദേശ സംരക്ഷണ നിയമത്തിലെ രണ്ട് വൈരുദ്ധ്യങ്ങൾ കൂടി ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്.

മുൻപ് നാം ഈ പംക്തിയിൽ ചർച്ച ചെയ്തിട്ടുള്ളതുപോലെ,
  • 2006 ലെ നിയമം അനുസരിച്ചുള്ള കോടതി വിധി പ്രകാരം ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയിട്ട്, ബിൽഡർമാർ അതേ സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയ നിർമ്മാണത്തിന് അനുമതിക്കായി ഇതേ മരട് മുനിസിപ്പാലിറ്റിയിൽ നിശ്ചിത ഫോറത്തിൽ അപേക്ഷിച്ചാൽ, 2019 ൽ നിലവിലുള്ള നിയമം അനുസരിച്ച് ഇതിലും വലിയ കെട്ടിട സമുച്ചയങ്ങൾക്ക് നിർമ്മാണാനുമതി ലഭിക്കും. ഈ വൈരുദ്ധ്യം തിരുത്തപ്പെടേണ്ടതാണ്. ഇല്ലെങ്കിൽ ഈ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നടക്കാതെ വരും.
  • കേരളത്തിലുടനീളം സമാനമായ തരത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ഉത്തരവുണ്ടാകേണ്ടതാണ്. അതിന്, ഓരോ കെട്ടിടവുമായി ബന്ധപ്പെട്ട വ്യവഹാരവുമായി, ആരെങ്കിലും  കോടതിയിൽ എത്താൻ കാത്തിരിക്കാതെ, കോടതിക്ക് സ്വമേധയാ കേസെടുത്ത് തീരുമാനം എടുക്കാവുന്നതല്ലേ ഉള്ളൂ.
ആത്മഗതം:
പത്രങ്ങളും ചാനലുകളും ഫീച്ചറുകളിലൂടെയും, ചർച്ചകളിലൂടെയും ഉയർത്തുന്ന ആവശ്യങ്ങൾ, ഭാവിയിൽ അധികൃതർ അംഗീകരിച്ച് നടപ്പാക്കുമ്പോൾ "..........ഇഫക്ട്" എന്ന് പേരിട്ട് , അവർ ആവശ്യപ്പെട്ടതിനാൽ അധികൃതർ നടപ്പാക്കി എന്ന അവകാശവാദം ചില പത്രങ്ങളും ചാനലുകളും അഭിമാന പുർവ്വം ഉന്നയിക്കാറുണ്ട്.

ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിർദ്ദേശങ്ങൾ എല്ലാം തന്നെ ഈയുളളവൻ ഈ പംക്തിയിലൂടെ ആവർത്തിച്ച് ,ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണ്. പരമോന്നത കോടതിയെ പ്രശംസിക്കുകയല്ലാതെ, "പ്രതിദിന ചിന്തകൾ ഇഫക്ട്" എന്നോ, "മലയാള മാസിക ഇഫക്ട്" എന്നോ വിശേഷിപ്പിക്കാനുള്ള അഹങ്കാരമൊന്നും ഈയുള്ളവനോ മലയാളമാസികയ്ക്കോ ഇല്ല.No comments: