21 October 2019

Anandakuttan :: കഥ :: മാത്തുക്കുട്ടിയുടെ മരണം.
മാത്തുക്കുട്ടിക്ക് പെയിന്റിംഗാണ് ജോലി.

പണ്ട് ജാനുവിന്റെ വീട്ടിൽ പെയിന്റിംഗ് പണിക്കു വന്നതാ. ദൂരെ എവിടെ നിന്നോ !

അങ്ങനെ ജാനുവിനോടൊപ്പം അവളുടെ വീട്ടിൽ തന്നെ അങ്ങു 'കൂടി.'
.....................................

"ഈ മനുഷ്യൻ കുറേക്കാലമായി പറയുകയാ, ആത്മഹത്യ ചെയ്യുമെന്ന് .
എപ്പോഴും ആശിപ്പിക്കും. എവിടെ, ഇയാൾ ചാകില്ല." മാത്തുവിന്റെ ഭാര്യ ജാനു, അയൽക്കുട്ടത്തിൽ നിരാശയോടെ പറഞ്ഞു.

"അങ്ങനെ പറയല്ലേ ജാനു ,നിന്റെ പിള്ളേരുടെ തന്തയല്ലേ.ജീവിച്ചു പോട്ടെ."

"ഓ , മടുത്തു.ഇയാളുടെ ഒടുക്കത്തെ കള്ളുകുടി. "

ഒരു ദിവസം മാത്തു വീണ്ടും പറഞ്ഞു ഭാര്യയോട് , "ഇന്ന് ഞാൻ കെട്ടി തൂങ്ങി ചാകുമെടി."

"ഓ , നല്ല കാര്യം . ഞാനും പിള്ളേരും സ്വസ്ഥമായി ജീവിക്കട്ടെ."

അന്നു രാവിലെ മാത്തു കള്ളുകുടിച്ച് നാലു കാലിൽ വീട്ടിലെത്തി.

ഒരു കയറുമെടുത്ത് മുറിക്കകത്തു കയറി കതകടച്ചു.

കണ്ടു നിന്ന ഭാര്യ സന്തോഷത്തോടെ കുളിമുറിയിലേക്ക് കയറി - അയാളുടെ ശവശരീരം കാണാൻ ഉടനെ തന്നെ നാട്ടുകാരൊക്കെ എത്തുമല്ലോ , കുളിച്ച് വൃത്തിയായി നില്ക്കാം ,എന്നവൾ വിചാരിച്ചു.

അയാൾ ഒരു കസേരയിൽ കയറി ,ഫാനിൽ
കയറു കെട്ടി ,കഴുത്തിൽ കുരുക്കിട്ട് ചാടാൻ തുടങ്ങുമ്പോഴായിരുന്നു കുളിമുറിയുടെ വാതിലടഞ്ഞ ശബ്ദം കേട്ടത്.

ശബ്ദം കേട്ടപ്പോൾ അയാൾക്കൊരു സംശയം.

അവളും ആത്മഹത്യ ചെയ്യാൻ പോകുകയാണോ?

'താൻ മരിച്ചാൽ അവൾക്ക് ദുഖം താങ്ങാൻ കഴിയില്ലായിരിക്കും. പാവം.'

പെട്ടന്നയാൾ കഴുത്തിലെ കുരുക്കഴിച്ചിട്ട് , കതകു തുറന്നു പുറത്തിറങ്ങി കുളുമുറിക്കടുത്തെത്തി , കതകിൽ തട്ടി.

"എടീ വാതിൽ തുറക്ക്. ഇല്ല, ഞാൻ തൂങ്ങിച്ചാകുന്നില്ല. കതകു തുറക്ക്."


"ഛെ, എന്താ ഇത്? നിങ്ങൾ തൂങ്ങിയില്ലേ ,
മനുഷ്യനെ കുളിക്കാനും സമ്മതിക്കില്ലേ.?"

മാത്തു ഇളിഭ്യനായി.

അയാൾ മുറ്റത്തേക്കിറങ്ങി.

പെയിന്റർ പരമൻ ഒരു ചാക്ക് പെയിന്റുമായി എത്തി.

"എന്താ പരമാ വിശേഷം?പെയിന്റൊക്കെയായിട്ട്.?"

"ഇവിടുത്തെ ചേച്ചി പറഞ്ഞിട്ട് വന്നതാ.
എന്തോ വിശേഷം നടക്കുന്നു, വീടൊന്നു വൃത്തിയാക്കണം പോലും ".

പരമൻ വീടിനു പിന്നിലേക്കു പോയി.കൂടെ മാത്തുവും.

വീടിനു പിന്നിൽ പരമന്റെ ജോലിക്കാർ ചുവരൊക്കെ വ്യത്തിയാക്കി പെയിന്റ് ചെയ്യുന്നു.

ഒരു എത്തും പിടിയും കിട്ടാതെ മാത്തു അന്തം വിട്ടു നിൽക്കുന്നു.

പെയിന്റ് ചാക്കിൽ നിന്ന് പരമു ഒരു 'പൈന്റ് കുപ്പി ' പുറത്തേക്കെടുത്തു.

മാത്തുവിന് സ്വർഗ്ഗം കിട്ടിയപ്പോലെയായി.

നിമിഷങ്ങൾക്കുള്ളിൽ കുപ്പി രണ്ടു പേരും കൂടി 'വീശി ' കാലിയാക്കി.

"സെക്രട്ടറി അയാൾ ചത്തില്ല.തല്കാലം ആരും വരേണ്ട." അയൽകൂട്ടത്തിലെ ( നുണക്കൂട്ടം) പൊന്നമ്മചേച്ചിയെ ഫോണിൽ വിളിച്ച് ജാനു പറയുന്നത് മാത്തു കേട്ടു .

നിരാശ നിറഞ്ഞ ഭാര്യയുടെ വാക്കുകൾ അയാളെ വേദനിപ്പിച്ചു.

പരമു വീണ്ടും കുപ്പി ഒന്നുകൂടി പുറത്തെടുത്തു.

മാത്തു അടിച്ചു ലെവലായി.

'പാവം ഭാര്യയുടെ വിഷമം തീർത്തു കളയാം.'

അവളുടെ സന്തോഷമാണ് തന്റെയും സന്തോഷമെന്ന് മാത്തു ആത്മഗതം ചെയ്തു. , വീണ്ടും മുറിക്കകത്തു കയറി.

കസേര മറിഞ്ഞു വീണ ശബ്ദവും
മാത്തുവിന്റെ മരണവെപ്രാളവും , പരമവുവിനോട് കൊഞ്ചിക്കുഴഞ്ഞു നിന്ന ജാനു കേട്ടില്ല.
..........................................
പെയിന്റർ പരമുവും ജാനുവും ഇപ്പോൾ ആ വീട്ടിൽ സുഖമായി ജീവിക്കുന്നു. പരമുവിന് ജാനുവിന്റെ രണ്ടു മക്കളെ സൗജന്യമായി കിട്ടി.

പെയിന്റർ പാക്കരൻ ജാനുവിന്റെ വീട്ടിനു മുന്നിലൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കാറുണ്ട്.

'ജാനു എന്നാണാവോ , തന്നെ പെയിന്റിംഗിനു വിളിക്കുന്നത് ' എന്ന മോഹവുമായി.

20 October 2019

Anil R Madhu :: നല്ലെഴുത്തിന്‍റെ വഴികള്‍


(ചെമ്പട്ടുടുക്കുമെന്‍ കാളീ... അവതാരിക)


മലയാളമാസിക ഓൺലൈൻ ഒരു പുസ്തകംപ്രസിദ്ധീകരിക്കുകയാണ്. എഴുത്തിന്‍റെ വേറിട്ട വഴികളിൽ കൂടി യാത്ര ചെയ്യുമ്പോള്‍, പുസ്തകവായനയിൽ നിന്നും വായനക്കാരൻ അകലുന്ന കാഴ്ച്ച കാണുന്നു, എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടിയെത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയെയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതുമാക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ, പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തക ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ, വിരലുകൾ ഒക്കെത്തന്നെ ആസ്വാദനതലങ്ങളെ നിയന്ത്രിക്കുന്ന വായന.  നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്തവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധിതമാക്കാൻ മലയാളമാസികക്കായി എന്നു കരുതുന്നു. എഴുത്തിനും വായനക്കും ഒരു പുത്തൻ പുസ്തക സുഗന്ധം തീർക്കുക കൂടിയായാലേ, വായന എല്ലാ തലത്തിലും പൂർണമാവുകയുമുള്ളു. അച്ചടിമഷി പുരളുന്ന എഴുത്തിലൂടെ വായനാസുഖം അനുഭവിക്കുന്നതിനാണ് ഈ പുസ്തകം.

'ഒരു കവിത, പല വായന' എന്നപേരിൽ ഒരു എഴുത്തു കൂട്ടായ്മയും വായനാ കൂട്ടായ്മയും രൂപീകരിക്കാൻ മലയാളമാസിക ഓൺലൈൻ തീരുമാനിച്ചു. മലയാള മാസികയുടെ ചീഫ് എഡിറ്ററായ ശ്രീ രജി ചന്ദ്രശേഖറിന്‍റെ ഒരു കവിതയ്ക്ക് രണ്ടു പേരെഴുതിയ ആസ്വാദനവുമായി ആദ്യ പുസ്തകം പുറത്തിറക്കുകയാണ്. 

മലയാളമാസിക ഓൺലൈൻ രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ ഈ അവസരത്തിൽ ഒരു പുത്തൻ ചുവടുവയ്പ്പിന് സാധ്യമായി എന്നതിൽ ആനന്ദവും, അഭിമാനവുമുണ്ട്.

ഇവിടെ മൂന്ന് എഴുത്തുകാരെ പരിചയപ്പെടുത്തുകയാണ്.

കാവ്യം താളാത്മകവും, ആശയബദ്ധവും ആകണമെന്ന് ഉറപ്പിച്ച്, ചെറു കവിതകളെഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച, ശ്രീ രജി ചന്ദ്രശേഖർ, എഴുത്തു വഴികളിൽ പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക ഓൺലൈൻ, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും.

കവി മാത്രമല്ല നല്ലൊരു ആസ്വാദകനും കൂടിയാണെന്ന് അടയാളപ്പെടുത്തുന്ന സിദ്ധിഖ് സുബൈർ. കവിത എഴുത്തിനും വായനയ്ക്കും മാത്രമല്ല ആലാപനത്തിനും കൂടിയുള്ളതാണെന്നും, ആലാപനത്തിലൂടെ ശ്രോതാക്കളിൽ ഓളം സൃഷ്ടിക്കാൻ തനിക്കാവും എന്നും തെളിയിച്ചയാൾ. അധ്യാപകനാണ്, കവിയാണ്, നിരൂപകനാണ്. നല്ലെഴുത്തിന്‍റെ വഴികളിൽ ഇനിയെന്തുവേണം....

ഗദ്യം കവിതയാക്കുന്ന, ഭാവിയുടെ എഴുത്തുകാരിയാണ്, അശ്വതി പി എസ്. അധ്യാപിക, ചിത്രകാരി, കവിതയുടെ ചൊൽവടിവ് സ്വായത്തമാക്കിയ വായനക്കാരി. എഴുത്തിന്‍റെ ശക്തി നിങ്ങൾ തന്നെ വായിച്ചറിയുക.

സന്തോഷമാണ്, വേറിട്ട കാഴ്ചകൾ കാണുന്ന ഈ നിരൂപകരെ അവതരിപ്പിക്കുമ്പോൾ. കവിതയുടെ വായന എങ്ങനെയെന്ന് ബോധ്യപ്പെടുത്തുന്ന രണ്ടെഴുത്തുകൾ, സാഭിമാനം വായനക്കാരെ ഏൽപ്പിക്കുന്നു. വായിക്കാൻ, ആസ്വദിക്കാൻ.

പ്രിയമുള്ളവരേ, വരവേറ്റാലും ഇവരെ, വാനോളം ഉയരാൻ ഇവർക്ക് കരുത്താകുക. എഴുത്തിന്‍റെ നല്ലതും, എഴുത്തിൽ ഇനിയും വേണ്ടവയും കാട്ടി കരുത്തേകുക..


19 October 2019

Anandakuttan :: പുസ്തക പ്രകാശനം

Sidheek Subair :: നീറ്റിടും വേദന
നോവുകളാടുമീ
          തൂലികത്തുമ്പിലും
നാളുകളായി ഞാൻ
          കാത്തവൾ നീ...

മൂർച്ചകള്‍ മൂളുന്നൊ-
          രോർമ്മകൾ തട്ടിയെൻ,
നെഞ്ചകം പൊട്ടി, നീ
          ഊറി നിന്നൂ...

ദാരിദ്ര്യദു:ഖങ്ങള്‍,
          ജീവിതപ്രാരാബ്ധ-
ക്കൂരിരുള്‍ പാളികള്‍
          മെല്ലെ നീങ്ങി...

കാലക്കെടുതികൾ
          പോയകന്നെങ്കിലും.
നീറിടും നീറ്റലോ
          മാറിയില്ലാ...

ശാന്തിതൻ ദൂതുമായ്,
         കാണാക്കയങ്ങളിൽ,
ജീവന്‍റെ നേരായി
          നാമടുക്കും...

നീ തൊട്ടു മീട്ടിടും
           സ്നേഹമാം വീണയിൽ,
ആരുമേ പാടാത്തൊ-
          രീണമാകും....

നീ കരൾ നീറ്റിടും
          വേദനയെങ്കിലു-
മെൻ ജ്വലനത്തിലി-
          ന്നൂര്‍ജ്ജമാകും..

കൂരിരുൾ പാതയിൽ,
          മിന്നാമിനുങ്ങുപോൽ
ലോകർക്ക് വെട്ടമായി
          പാറിടും നാം...

Sidheek Subair :: ടൈം മെഷീൻപ്രായമഞ്ചു കുറച്ചീടാൻ
മാർഗമുണ്ടെന്നു കേട്ടു ഞാൻ.
തന്ത്ര,കുതന്ത്ര, മന്ത്രങ്ങൾ
യന്ത്രമാണിങ്ങു സർവ്വതും.

മാനം പോകാതെ കാത്തീടാൻ
പല വർണങ്ങളേറ്റിടാം
മാഞ്ഞുപോയാൽ പുതുക്കീടാൻ
മായമില്ലാത്ത വൈഭവം.

ബാർബർ ഷോപ്പ്, സലൂൺ, ബ്യൂട്ടി -
പാർലർ പേരുകളങ്ങനെ
കാലം പിന്നോട്ടു പായിക്കും
ടൈം മെഷീൻ വേറെയേതെടോ...

Ruksana Kakkodi :: ചൂല്വീടിനകത്തു ഞാനുണ്ട് -
പുറത്തും ഞാനുണ്ട്,
മാലിന്യമെവിടെയോ -
അവിടം വൃത്തിയാക്കാൻ
ഞാനുണ്ട്.

മാറാല കളയാൻ,
പൊടികൾ കളയാൻ,
എല്ലാം ഞാൻ വേണം.

എങ്കിലോ യാത്രാവേളയിൽ -
എന്നെ കണി കണ്ടാൽ
ഞാൻ വെറുമൊരശ്രീകരം
നിങ്ങൾക്കു ഞാനൊരപശകുനം.


Anil Thekkedath :: കവിത :: ഒറ്റമരക്കൊമ്പ്
ഒറ്റമരക്കൊമ്പുള്ള മരത്തിലാണ് ഞാനെന്നെ
തൂക്കിയിടുന്നത്

ഇഴപിരിച്ചെടുത്ത നീളൻ
തുണി മെടഞ്ഞിട്ട വാർകൂന്തലായി
മോഹിപ്പിക്കുന്നുണ്ട്...

ഒറ്റമരക്കൊമ്പുള്ള മരത്തിന്‍റെയടിയിൽ
വേരുകളിലേയ്ക്കിറങ്ങിയ ഒരു പൊത്തുണ്ട്
മൗനത്തിന് നൂണ്ടിരിയ്ക്കാൻ
പറ്റിയ നിശ്ശബ്ദയിടം

മൂന്നുവട്ടം
മരത്തോട് ചോദിച്ചു
ഒറ്റമരക്കൊമ്പിൽ
തൂങ്ങട്ടെ ഞാൻ....
മറുപടിയില്ലാത്തതിനാൽ
മരത്തിൽ തലയിടിച്ച്
ചോരയൊഴുക്കിപോന്നു..

കിളികളും
ഉറുമ്പുകളും
പ്രാണികളും
പേരറിയാത്ത
ജീവനുകളും
ഇതൊരറിയിപ്പായി
കരുതണം
കൂടൊഴിയണം..

മൂന്നാം നാൾ
തൂക്കിയിടണമെന്നെ

ഇഴപിരിച്ചെടുത്ത നീളൻ
തുണിയിൽ നാനാവർണ്ണങ്ങൾ
പുഞ്ചിരി തൂകണം
മുഖം വർണ്ണശോഭയാകണം.
കനൽപോൽ തണുത്തിരിയ്ക്കണം മനം.
കൈകാൽവിരലുകൾ
എനിയ്ക്കുനേരേ തന്നെ
ചൂണ്ടണം.
എന്‍റെ വിസർജ്ജ്യങ്ങൾ
എനിക്ക് കൂട്ടാവണം.


ഒറ്റമരക്കൊമ്പിന്‍റെ
മരമേ
നിനക്കിനിയെന്നാണ്
എന്നെയുണർത്താനാവുക.
ഇഴപിരിച്ചെടുത്ത നീളൻ തുണിമെടഞ്ഞിട്ട
വാർകൂന്തലായി
മോഹിപ്പിക്കുന്നുണ്ട്....


Popular Posts - Last 7 days


Subscribe

* indicates required
View previous campaigns.