Subscribe malayalamasika Youtube Channel 

Jagan :: Sonia Gandhi named interim Congress president

Views:


അങ്ങനെ മാസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ആശങ്കയ്ക്കും  വിരാമമായി. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന് താൽക്കാലികമായെങ്കിലും ഒരു ദേശീയ പ്രസിഡന്റിനെ കിട്ടിയിരിക്കുന്നു............!
സോണിയാ ഗാന്ധി...............!!

പഴയ കുപ്പി........!
പഴയ വീഞ്ഞ്........!!
അത്രയെങ്കിലും ആയല്ലോ എന്ന് ആശ്വസിക്കാം.
പാർട്ടി അന്യം നിന്നു പോയില്ലല്ലോ, ഭാഗ്യം......!

ഈ പ്രസിഡന്റ് നിയമനത്തിലൂടെ പല വസ്തുതകൾ ആണ് നെഹ്രു കുടുംബവും, ഭാരതത്തിലെ മറ്റ് കോൺഗ്രസ്സുനേതാക്കളിൽ ഭൂരിഭാഗവും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം തെളിയിച്ചിരിക്കുന്നത്, വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു വെടിക്ക് ഒരു കൂട്ടം പക്ഷികൾ.......!
എല്ലാറ്റിനും ഉപരിയായി "നെഹ്റു കുടുംബത്തിനെ വലംവയ്ക്കുന്ന  ഉപഗ്രഹം" എന്ന അവസ്ഥയിൽ നിന്നും, രക്തത്തിൽ അലിഞ്ഞു ചേർന്നു പോയ ആ സംസ്ക്കാരത്തിൽ നിന്നും കോൺഗ്രസ്സിനെ മുക്തമാക്കാൻ ഇനി ഈശ്വരൻ വിചാരിച്ചാൽ പോലും നടക്കില്ല എന്ന് ഒരിക്കൽ കൂടി വ്യക്തമായി..........!
ഈ കോൺഗ്രസ് സംസ്ക്കാരത്തെക്കുറിച്ച് ഈ പംക്തിയിൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വളരെ വിശദമായി ചർച്ച ചെയ്തിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

'താൽക്കാലിക പ്രസിഡന്റിനെ ' നിയമിയ്ക്കുകയാണ് കോൺഗ്രസ് ചെയ്തിരിക്കുന്നത്. സ്ഥിരം പ്രസിഡന്റിനെ കണ്ടെത്തുന്നതുവരെയാണ് ഈ 'നിയമനം'.
ആ കണ്ടെത്തൽ അത്ര എളുപ്പം നടക്കുന്ന കാര്യമല്ല എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത് ?

കോൺഗ്രസ്സിൽ അങ്ങനെയാണ്.
എല്ലാം നിയമനം ആണ്.........!
ജനാധിപത്യം, ജനാധിപത്യം എന്നും, നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് എന്നുമൊക്കെ എ. ഐ.സി.സി, കെ.പി.സി.സി മുതലായ വേദികളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ വാഗ്ധോരണി മുഴക്കുമെന്നല്ലാതെ, പാർട്ടിയ്ക്കുള്ളിൽ ജനാധിപത്യവും നിഷ്പക്ഷമായ തെരഞ്ഞെടുപ്പും ഒക്കെ എന്നും മരീചികയായി തുടരും. .കോൺഗ്രസ്സകാരെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്.

അവിടെ എല്ലാം നിയമനം മാത്രമാണ്. ദേശീയ പ്രസിഡന്റിനെ മുതൽ താഴോട്ട് ബൂത്ത് പ്രസിഡന്റിനെ വരെ നിയമിക്കുകയാണ് പതിവ്.
തസ്തികകളുടെ എണ്ണം ദിനംപ്രതി ക്രമാധികം വർദ്ധിച്ചു വരുന്നതിനാൽ, സമീപ ഭാവിയിൽ ഈ ഭാരിച്ച നിയമന ഉത്തരവാദിത്തം യു.പി.എസ്.സി യെയും, സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷനുകളേയും ഏൽപ്പിക്കുമെന്നും അറിയുന്നു.
നെഹ്രു കുടുംബാംഗങ്ങൾക്ക് ഇനി സമാധാനിക്കാം. പാർട്ടിയിൽ കുടുംബവാഴ്ച നടക്കുന്നതിന്റെ ഉത്തരവാദിത്തം ഇനി അവർക്കല്ലല്ലോ? ആ വിമർശനം ഇനി അവർ കേൾക്കണ്ടി വരില്ലല്ലോ?

കുടുംബവാഴ്ച അവസാനിപ്പിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ആത്മാർത്ഥമായ ശ്രമം നെഹ്രു കുടുംബത്തിനു പുറത്തുനിന്നുള്ള നേതാക്കൾ തന്നെയല്ലേ നശിപ്പിച്ചു കളഞ്ഞത്?

കോൺഗ്രസ്സിന് ഒരു പുതിയ സംസ്ക്കാരം ഉണ്ടാക്കിയെടുക്കാനും, ഒരു പുതുയുഗപ്പിറവിയ്ക്ക് നാന്ദി കുറിക്കുവാനുമുള്ള അദ്ദേഹത്തിന്റെ അഭിവാഞ്ഛ കോൺഗ്രസ്സുകാർ തന്നെ നുള്ളിക്കളഞ്ഞു.
നെഹ്രു കുടുംബത്തിന്റെ അധികാര മോഹം മൂലമാണ് കോൺഗ്രസ് നശിച്ചുപോയതെന്ന് ഇനി ആരും വിമർശിക്കില്ല.

'നെഹ്രു കുടുംബത്തിന്റെ അടിമകൾ ആയി മാത്രമേ ഞങ്ങൾക്ക് നിലനിൽപ്പ് ഉള്ളൂ' എന്ന കോൺഗ്രസ്സ നേതാക്കളുടെ വിശ്വാസമാണ് ഇന്ന് പാർട്ടിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് അവർ തന്നെ വ്യക്തമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ തിരുശേഷിപ്പായി ഭാരതത്തിനു കിട്ടിയ ഈ അടിമത്ത മനോഭാവം, ഈ സംസ്ക്കാരം നഷ്ടപ്പെടുത്തിയാൽ കോൺഗ്രസ് സംസ്ക്കാരവും, പാർട്ടി തന്നെയും നശിച്ചുപോകുമെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ഇന്നും കോൺഗ്രസ്സിലുണ്ട്. അവർ ഈ അടിമത്തം 'ആസ്വദിക്കുന്നു '.
ചിലർ അങ്ങനെയാണ്. ഇത് ഒരു മാനസിക വൈകൃതമാണ്..............!

പാർട്ടിയിൽ ജനാധിപത്യം കാംക്ഷിക്കുന്ന നല്ലൊരു വിഭാഗം ഇന്ന് ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ, അടിച്ചമർത്തൽ ഭയന്ന് അവർ നിശബ്ദരാകുന്നു എന്നതാണ് വസ്തുത.

കശ്മീരിന് നൽകി വന്ന പ്രത്യേക പദവി റദ്ദാക്കി, ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച് ഇന്ത്യൻ സംസ്ഥാനം ആക്കാനും, ജനാധിപത്യപരമായി, നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയെ പോലും, ജാതി മത ചിന്തകൾ ഉയർത്തിവിട്ട് സങ്കുചിത രാഷ്ട്രീയം കളിച്ച്, ദേശീയ വികാരം മറന്ന്, എതിർക്കുന്ന നേതാക്കൾ കോൺഗ്രസ്സിലുണ്ട്.
അവരുടെ അഭിപ്രായത്തെ എതിർത്തു കൊണ്ടും കേന്ദ്ര സർക്കാരിന്റെ നടപടിയെ ദേശീയ വികാരം മാനിച്ച്, കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണയ്ക്കണമെന്ന് അഭിപ്രായപ്പെട്ട ചില കോൺഗ്രസ് നേതാക്കൾക്കെതിരേ രാഹുൽ ഗാന്ധി  തന്നെ രംഗത്തു വന്നതും നാം കണ്ടു. കശ്മീരിൽ ഉണ്ടായിരുന്ന അശാന്തി അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ട് മുൻപുണ്ടായിരുന്ന പ്രത്യേക പദവി അപ്രകാരം തന്നെ നിലനിർത്തണമെന്ന പാർട്ടി നിലപാടിനോട് വിയോജിപ്പുള്ളവർ പാർട്ടിയ്ക്ക് പുറത്തു പോകണമെന്ന അദ്ദേഹം പ്രസ്താവിച്ചതും നാം കേട്ടു.

"ഞങ്ങളുടെ അപ്പൂപ്പൻ കശ്മീരിന് കൽപ്പിച്ചനുവ ദിച്ചു നൽകിയ പ്രത്യേക പദവി റദ്ദാക്കാൻ മോഡിക്കെന്താ അധികാരം?"
എന്നാണ് അദ്ദേഹത്തിന്റെ ചിന്ത.  ഇതെന്ത് ജനാധിപത്യം...........!? ഇതിൽ നിന്നൊക്കെ വ്യക്തമാകുന്നത് കോൺഗ്രസ്സിൽ സമീപഭാവിയിലൊന്നും ജനാധിപത്യം പുന:സ്ഥാപിക്കാൻ കഴിയില്ല എന്നു തന്നെ.

ഇപ്പോഴത്തെ പ്രസിഡന്റ് നിയമനം 'താൽക്കാലികം' എന്ന് പറയുന്നുണ്ടെങ്കിലും അത് അനുസ്യൂതം, അഭംഗുരം തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രിയങ്ക പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതു വരെ, അല്ലെങ്കിൽ അവരുടെ കുട്ടികൾ വളർന്ന് പ്രസിഡന്റ്  'നിയമനം' സ്വീകരിക്കാൻ പാകത വരുന്നതുവരെ സോണിയാജിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..........!

വീക്ഷണം : എന്ത് ചികിൽസ നൽകിയാലും, ബൂത്തു് തലം മുതൽ എ.ഐ.സി.സി വരെ ജനാധിപത്യപരമായി, ഗ്രൂപ്പിനതീതമായി, നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്തുന്നതു വരെ കോൺഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ല, ഉറപ്പ്.........!
No comments:

ഉള്ളടക്കം

മലയാളമാസിക സംഭാവനകൾ സ്വീകരിക്കുന്നതാണ്. 9995361657@upi
11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)