Harikumar Elayidam :: ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ • ഭാഗം: രണ്ട്

Views:

'കണ്ണമംഗലം' ദേശപുരാണം (ഒന്ന്)

പഴയ പത്തിയൂര്‍ ദേശത്തിന്‍റെ വടക്കേ അതിര് തട്ടാരമ്പലത്തോളമുണ്ടായിരുന്നു. പത്തിയൂരിന്‍റെ അതിരാകയാലത്രേ പത്തിയൂര്‍ ചിറ പത്തിച്ചിറയായത്. പത്തിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതിയുടെ ആറാട്ടുത്സവം പത്തിച്ചിറയിലെ വലിയ കുളത്തില്‍ നടന്ന ഓര്‍മ്മകള്‍ പേറുന്നവര്‍ ഇന്നും അവിടെയുണ്ട്. മാത്രമല്ല, റവന്യൂ രേഖകളില്‍ പത്തിയൂര്‍ ക്ഷേത്രം വകയാണ് ഇന്നും ആ ഭൂമി. അടുത്ത കാലം വരെ പഴയ തറയോടുകള്‍ പൊട്ടിയും പൊടിഞ്ഞും മണ്ണടരുകളില്‍ കാണാമായിരുന്നു. ഏകദേശം 40 സെന്‍റിലൊതുങ്ങിയ കുളത്തിന്‍റെ കയ്യേറ്റമൊഴിപ്പിച്ച്  2012 ല്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു വരുന്നു. 

മാവേലിക്കര പട്ടണത്തില്‍ നിന്നും രണ്ടുമൈല്‍ പടിഞ്ഞാറായി കണ്ണമംഗലം സബ്ഡിവിഷന്‍ സ്ഥിതിചെയ്യുന്നതായി 1820 ല്‍ പ്രസിദ്ധമായ Memoir of Travancore and Cochin എന്ന വാര്‍ഡും കോണറും ചേര്‍ന്നു തയ്യാറാക്കിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണമംഗലം ക്ഷേത്രത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ കാണാം. ചെട്ടികുളങ്ങരയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല എന്നതും ശ്രദ്ധേയമാണ്.

പുരാവൃത്തം

കണ്വമഹര്‍ഷി തപസ്സു ചെയ്യാനെത്തുകയും ശിഷ്യരോടൊപ്പം തപസ്സു ചെയ്യുകയും ചെയ്ത ദേശമാകയാല്‍ ഈ പ്രദേശം കണ്ണമംഗലം എന്നറിയപ്പെട്ടു എന്നത് പരക്കെ പ്രചരിച്ചിരിക്കുന്ന ഒരു വിശ്വാസമാണ്. കണ്വമഹര്‍ഷിയാണ് ഇവിടുത്തെ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടത്തിയതെന്നുമാണ്  പുരാവൃത്ത കഥനങ്ങള്‍.

ആ വിശ്വാസപ്പെരുക്കത്തില്‍ നിന്നാണ്,

'കണ്വമാമുനി പണ്ടു തപം ചെയ്ത
പുണ്യഭൂമിയെന്നോതുന്നു വിജ്ഞന്മാര്‍,
ശിഷ്യമുഖ്യനാം ശാര്‍ങരവന്‍ തന്‍റെ
പേരിനോടൊത്ത ഗേഹവുമുണ്ടിതില്‍'

'ശ്രീമഹാദേവ കേശാദിപാദങ്ങള്‍
നിത്യവും കണ്ടു പൂജിച്ചു മാമുനി
ദേവദേവ പ്രതിഷ്ഠയും ചെയ്തിഹ
കണ്വമംഗലം സാര്‍ത്ഥകമായിതേ'

എന്നിങ്ങനെ നാട്ടുകാരനായ മുന്‍ഷി പരമേശ്വരന്‍പിളള എന്ന ഒരു ഭക്തന്‍ പേരിന്‍റെ നിഷ്പത്തി എഴുതുന്നത്.

  • കണ്ണമംഗലത്ത് ഒരു വീടിന്‍റെ പേര് 'ശാര്‍ങ്ങത്ത്' എന്നായിരുന്നു. ഇന്നും ആ വീട്ടുപേര്‍ നിലവിലുണ്ടുതാനും. കണ്വമഹര്‍ഷിക്കൊപ്പമുണ്ടായിരുന്ന ശിഷ്യന്‍, ശാര്‍ങധരന്‍ താമസിച്ച വീടായതിനാലാണ് ശാര്‍ങ്ങത്ത് ഭവനം എന്ന പേരുവന്നതെന്നും വാമൊഴിവഴക്കമുണ്ട്. 
  • 'മാങ്കോട്ട്'' എന്നൊരു വീടും വീട്ടുപേരും സമീപത്തായുണ്ട്. കണ്വ മഹര്‍ഷിയും ശിഷ്യന്മാരും ഒരേക്കറിലധികം വിസ്തൃതിയില്‍ അവിടെയുണ്ടായിരുന്ന വലിയ കുളത്തില്‍ ഇറങ്ങി കുളിച്ചുവത്രേ.! ആ സമയം മഹര്‍ഷി മാനിന്‍റെ തോല്‍ കൊണ്ടുളള ആട അഴിച്ചു വെച്ചതിനാലാണ് മാങ്കോട്ട് എന്ന പേരുണ്ടായതെന്നാണ് പരക്കെയുളള വിശ്വാസം.

ഉണ്ണുനീലി സന്ദേശകാവ്യ രചനാകാലത്ത്,  തട്ടാരമ്പലത്തിനു സമീപമുളള ശ്രീപര്‍വ്വതം അങ്ങാടിയിലേക്ക് ചരക്കു വളളങ്ങളും മറ്റും എത്തുന്നത് കരിപ്പുഴയിലെ കടവൂര്‍ വഴിയായിരുന്നതിനാല്‍, രാജാവിന്‍റെ നിര്‍ദ്ദേശാനുസരണം ഭടന്മാരുടെ ശ്രദ്ധക്കും നിരീക്ഷണത്തിനും 'കണ്ണായസ്ഥല' (പ്രധാനപ്പെട്ട) മെന്ന നിലയില്‍ തിരഞ്ഞെടുത്ത പ്രദേശമായതിനാല്‍ കണ്ണമംഗലം എന്ന ദേശനാമം രൂപപ്പെട്ടുവെന്ന് വേറൊരു വ്യാഖ്യാനം.

സാധാരണയായി ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ ഉളള സ്ഥലങ്ങളിലാണ്, 'കണ്ണ' ശബ്ദം ദേശനാമത്തോടു ചേര്‍ന്നു വരാറുളളത്. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടു മുതലെങ്കിലും കണ്ണമംഗലം എന്ന പേര് മാറ്റം കൂടാതെ നിലവിലുണ്ട്. ചെപ്പുകാട് നീലകണ്ഠന്‍ എന്ന കവി എഴുതിയ ഹര്യക്ഷമാസ സമരോത്സവം അഥവാ 'കണ്ടിയൂര്‍മറ്റം പടപ്പാട്ട്' അതു തെളിയിക്കുന്നു.

ഓണാട്ടുകരയിലെ പല പ്രദേശങ്ങളുടെയും നിരുക്തിയെക്കുറിച്ച് സൂചനകള്‍ നല്‍കുന്ന കണ്ടിയൂര്‍മറ്റം പടപ്പാട്ടില്‍,

'കണ്ണുമൂന്നുളളവന്‍ /  നണ്ണിയേവാഴുന്ന /
കണ്‍മംഗലം വാഴും /  വന്മചേരുംപട' എന്നിങ്ങനെ കണ്ണമംഗലം രേഖപ്പെട്ടിരിക്കുന്നു.

'കണ്ണുമൂന്നുളളവന്‍' (മുക്കണ്ണന്‍) എന്ന് കവി പറയുന്നതില്‍നിന്നും, മുക്കണ്ണന്‍ മംഗലം (മംഗളകരിയായി  ഐശ്വര്യം) ചൊരിഞ്ഞു വാഴുന്ന ദേശം എന്ന അര്‍ത്ഥത്തിലാവണം, 'കണ്ണമംഗലം' എന്ന പേര് സ്ഥലനാമമായത് എന്നനുമാനിക്കാം. ഇവിടെ, 'കണ്ണന്‍' സവിശേഷതയുളള കണ്ണുളളവന്‍ തന്നെ. മൂന്നു കണ്ണ് എന്നതാണിവിടെ സ്ഥലനാമത്തിലേക്കു നയിച്ച സവിശേഷത.

എന്നാല്‍ ഭാഷാപരമായ വിശകലനം നല്‍കുന്ന സൂചനകള്‍ വ്യത്യസ്തമാണ്.


'കണ്ണമംഗലം' ദേശപുരാണം - തുടരും, 21 - 08 - 2019 വരെ കാത്തിരിക്കുക...




No comments: