Anandakuttan :: കവിത :: പഴമതൻ മഹിമ.

Views:


കാലപ്രവാഹത്തിൽ പോയ് മറഞ്ഞില്ലേ
കാലങ്ങൾ നാം കണ്ട കാഴ്ചയെല്ലാം.
ഗ്രാമീണ ഭംഗികൾ മാഞ്ഞു പോയി
ഗ്രാമത്തിൻ നന്മകൾ ചോർന്നു പോയി.

കൊയ്ത്തും ,മെതിയും ,മെതിയടിയും
കണ്ടിട്ടു കാലങ്ങളെത്രയായി.
കലയുള്ള ഹലവും ,നുകം വച്ച ഗോവും
മലയാളമെത്രയോ കാഴ്ച കണ്ടു !!

വക്കോൽ കൂനയും, വയലിലെപ്പാട്ടും
പാട്ടിന്നീണവുമന്യമായി.
കാള, കുതിര വലിക്കുന്ന വണ്ടികൾ
കാണാനൊക്കുമോയെന്നെങ്കിലും?

അരകല്ലുരകല്ലാട്ടുകല്ലും,
അഴകുള്ളൊ 'രാലു 'വും മാഞ്ഞു പോയി.
അരപ്പാൻപ്പെട്ടിയും ,ആമാടപ്പെട്ടിയും
ആരാനെങ്കിലും കണ്ടതുണ്ടോ?

തേങ്ങാ 'ച്ചിരവ ' ചിതലരിച്ചു
ചിരി മങ്ങി മണ്ണോടു ചേർന്നു പോയോ?
തേങ്ങയും തെങ്ങുമിനിയെത്ര നാളെന്നു
തേങ്ങി വിതുമ്പി കഴിഞ്ഞിട്ടുന്നു.

തൈരു കടഞ്ഞമ്മ വെണ്ണയെടുത്തൊരാ
'മത്തെ 'പ്പോഴാണോ മണ്ണായത്?
കിണറിലെ പാശവും , പാളയും വീടിന്റെ
പിറകിലായി കണ്ടതിന്നോർമ്മയുണ്ടോ?

ഉറിയിൽ തൂക്കിയ കറിയെടുക്കാൻ നിന്നെ
ചേട്ടനുയർത്തിയതോർമ്മ വന്നോ?
അറിയാതെ പെട്ടെന്നമ്മ വന്നപ്പോൾ
ചേട്ടനിട്ടേച്ചോടി - ഓർമ്മയുണ്ടോ?

ഉറി പൊട്ടി പെട്ടെന്നു താഴത്തു വീണതും,
ചിതറിയ കറി കണ്ടു നാണിച്ചു പോയതും,
അതു കണ്ടു പൊന്നമ്മ കോപിച്ചതും
ഇന്നലെപ്പോലെ കഴിഞ്ഞ കാലം.

ഇന്നത്തെയമ്മമാർ വീട്ടിലുണ്ടാക്കുമോ
ചക്കക്കുരുക്കറി. പൂഞ്ചു കറി?
പൂഞ്ചുകറിയും മീൻകറിയും കൂട്ടി
ത്തിന്നതാർക്കെങ്കിലും ചിന്തയുണ്ടോ?

പുതുകാലമെത്തിയ കോലമിപ്പോളീ
പുതുമക്കൾക്കൊക്കെയുംപുച്ഛമെത്രേ.!!!


ഹലം -- കലപ്പ .
ഗോവ് -- കാള.
രാലു (ആലു ) -- കിണ്ടി .
മത്ത് -- തൈരു കടയുന്ന സാധനം.




No comments: