Anu P Nair :: സമുദ്രശില - സ്വപ്നം കൊണ്ടെഴുതിയ ജീവിതങ്ങൾ

Views:സ്വപ്നങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട് . വ്യാഖ്യാനങ്ങൾ, പഠനങ്ങൾ , അനുഭവങ്ങൾ അങ്ങനെ പലതും . നവജാത ശിശുക്കൾ വരെ സ്വപ്നങ്ങൾ കാണാറുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു . ഉപബോധ മനസ്സിൽ അടക്കിവയ്ക്കപ്പെട്ട ചിന്തകൾ വികാരങ്ങൾ എന്നിവ സ്വപ്നങ്ങളായി നമ്മെ അലട്ടുകയോ സന്തോഷിപ്പിക്കുകയോ ചെയ്യാറുണ്ട് . എന്നാൽ സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരൻ തന്റെ എഴുത്തിനുള്ള ഒരു മാധ്യമമായി കൂടി സ്വപ്നങ്ങളെ ഉപയോഗിക്കുന്നു . സ്വപ്നങ്ങൾ കൊണ്ടെഴുതിയ സ്വപ്ന സമാനമായ ഒരു കൃതി എന്ന് അദ്ദേഹത്തിന്റെ സമുദ്രശിലയെ നിർവചിക്കാം .

അംബ, അംബയുടെ രോഗിയായ മകൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ്, അദ്ദേഹത്തിന്റെ ഭാര്യ അഞ്ജു, വിരലളയാട വിദഗ്ധൻ ദിനേഷ് കുമാർ പിന്നെ സുഭാഷ് ചന്ദ്രനുമാണ് നോവലിലെ പ്രധാന കഥാ പാത്രങ്ങൾ . അംബ കേന്ദ്ര കഥാപാത്രമാണ് .

സെറിബ്രൽ പ്ലാസ്സി വിത്ത് ഓട്ടിസ്റ്റിക് ഡിസോർഡർ ബാധിച്ച അവരുടെ മകൻ അനന്തപദ്മനാഭന് കഥ നടക്കുസോൾ പ്രായം ഇരുപത്തിയൊന്ന് . അസുഖക്കാരനായ ഒരു കുട്ടിയെ ഒറ്റയ്ക്ക് നോക്കുന്ന അംബയെ പുരാണത്തിലെ അംബയുമായി നോവലിസ്റ്റ് ചേർത്തു വയ്ക്കുന്നു . അന്ന് ഭീഷ്മർ തട്ടികൊണ്ടു പോയി വിചിത്ര വീര്യന്റെ ഭാര്യയായി മാറിയിരുന്നെങ്കിൽ പുരാണത്തിലെ അംബയ്ക്കും വേദ വ്യാസനിൽ കുഞ്ഞ് പിറക്കുമായിരുന്നു . അവനും ശരീരം തളർന്നവനായിരിക്കും എന്ന് നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ട് .

നോവലിലെ അംബയ്ക്ക് വിവാഹത്തിന് മുൻപ് കാമുകനിൽ ജനിക്കുന്ന കുഞ്ഞാണ് അപ്പു എന്ന അനന്തപദ്മനാഭൻ. വിവാഹത്തിന് രണ്ടാഴ്ച്ച മുൻപ് സമുദ്രത്തിന് നടുവിലെ വെള്ളയാങ്കല്ല് എന്ന പാറയിൽ അവൾ കാമുകനൊത്ത് കഴിഞ്ഞിരുന്നു . പക്ഷേ അതവളുടെ മറ്റൊരു സ്വപ്നമാണ് എന്ന് നമുക്ക് തോന്നുന്നു . കാരണം അംബ ധാരാളം സ്വപ്നങ്ങൾ കാണുന്നവളാണ്
അംബ മാത്രമല്ല എഴുത്തുകാരനായ സുഭാഷ് ചന്ദ്രനും സ്വപ്നങ്ങൾ കാണുന്നുണ്ട് .

സ്വപ്നത്തിലൂടെയാണ് അംബയെ അയാൾ ആദ്യം കാണുന്നത്. അംബ സ്വപ്നത്തിലെത്തി ഞാൻ നിങ്ങളെ സ്വപ്നം കാണാറുണ്ട് എന്ന് എഴുത്തകാരനോട് പറയുന്നു .അസുഖക്കാരനായ തന്റെ മകനെ കൊന്നതിന് ജയിലിൽ കിടക്കുന്ന രീതിയിലാണ് അംബ അയാളെ സ്വപ്നം കണ്ടിരുന്നത് .ഈ സ്വപ്നം വ്യാഖ്യാനിക്കാനാണ് എഴുത്തുകാരൻ അഞ്ജുവിനോട് ആവശ്യപ്പെടുന്നതും .

താനതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാതിരുന്ന ഒരു അപരിചിതയുടെ മകനെ താനെങ്ങനെ കൊല്ലും ? അംബ ഒരിക്കലും ജീവിച്ചിരിക്കുന്ന ആളല്ല എന്ന് വിശ്വസിച്ച സുഭാഷിന് അംബ എന്ന ഒരു സ്ത്രീ ജീവിച്ചിരിപ്പുണ്ട് എന്ന സത്യം അഞ്ജു പറയുന്നു .

അംബയും ഇതേ സമയം സുഭാഷിനെ തിരയുന്നുണ്ടായിരുന്നു .ഒരിക്കൽ ദന്താശുപത്രയിൽ വച്ച് കണ്ട യാത്ര മാഗസിനിൽ വെള്ളയാങ്കല്ലിനെ കുറിച്ചുള്ള ലേഖനത്തിന്റെ രചയിതാവിനെയാണ് അവർ തിരഞ്ഞിരുന്നത് . ഒടുവിലിരുവരും കാണുകയും പരിചയപ്പെടുകയും ചെയ്യുന്നു .

അംബയുടെയും മകന്റെയും ജീവിതത്തിലൂടെ എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ടു പോകുമ്പോൾ ചിലയിടത്തെല്ലാം സ്വപ്നത്തിലാണ് നാം എന്നെങ്കിലെന്ന് ആശിച്ചു പോകുന്നു .

നോവലിൽ അഞ്ജു ഈ സ്വപ്നത്തെ വ്യാഖ്യാനിക്കുന്നില്ല . അതൊരു പക്ഷേ വായനക്കാരൻ ചെയ്യട്ടേയെന്ന് നോവലിസ്റ്റ് ആശിച്ചിരിക്കാം . അംബ സ്വപ്നം കാണുന്നത് സുഭാഷ് ചന്ദ്രനെയാണ് . അയാൾ കഥാകൃത്താണ്. തന്റെയും തന്റെ മകന്റെയും കഥ സൃഷ്ടിച്ച സ്രഷ്ടാവ് . അവൾ തന്റെ സ്രഷ്ടാവിനെ സ്വപ്നം കാണുന്നു . തന്റെ മകന്റെ ജീവിതം ഇങ്ങനെയൊക്കെയാക്കിയ സ്രഷ്ടാവിനോട് അവൾക്ക് പരാതിയുണ്ട് . തന്റെ മകനെയോർത്തയാൾ കരയണമെന്ന് അവൾ ആഗ്രഹിക്കുന്നു .

സ്വപ്നത്തെ ഇങ്ങനെ വായിച്ചെടുക്കാം .
ഉപാധികളില്ലാത്ത സ്നേഹമെന്നത് അംബയുടെ മറ്റൊരു സ്വപ്നമായി കാണാം. ഭർത്താവിലും കാമുകനിലുമൊക്കെ അവളത് തിരയുകയും നിരാശയാവുകയും ചെയ്യുന്നു . ഉപാധികൾ വയ്ക്കുന്ന പുരുഷൻ ഏതൊരു സ്ത്രീയ്ക്കും ഒരു ദു:സ്വപ്നമാണ് .

താനും കൂടി ഇല്ലാതായാൽ തന്റെ മകന്റെ ജീവിതം എങ്ങനെ എന്ന ചിന്ത അംബയെ അലട്ടുന്നത് കാൻസർ സ്ഥിതീകരിച്ച് കഴിഞ്ഞപ്പോഴാണ് . ജീവിതം എന്ന വലിയ ദു:സ്വപ്നത്തിന് തിരശ്ശീല വീഴ്ത്താൻ അവൾ തീരുമാനിക്കുന്നു . അതിന് മുൻപ് തന്റെ മകന് എല്ലാത്തരം ലഹരികളും നൽക്കുവാൻ ആ അമ്മ തീരുമാനിക്കുന്നു . വീഞ്ഞും , കാമവും മൃതിയും ഒരേ സമയം അംബ തന്റെ കുഞ്ഞിന് നൽകുമ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു സ്വപ്നം തന്ന ആഘാതം വായനക്കാരന്റെ മനസ്സിലുണ്ടാകുന്നു .No comments: