ലഹരിത്തുരുത്തുകൾ :: അന്‍സാരി

Views:

കൗമാരനാള കരിന്തിരിപ്പുകയേറ്റു
ഭൗമാന്തരീക്ഷം കറുത്തു ,
ഒരുചുരുൾ പുകക്കാറ്റിലൊരു കോടി മാതൃത്വ-
ത്തിരിനാളമാടിപ്പിടഞ്ഞു!
തെളിവാർന്ന ചിന്താഞരമ്പുകൾ പരതുവാൻ
ഒളിധൂമനാഗങ്ങൾ വന്നു
ലഹരിയുടെ വേരുകൾ പിണയുന്ന ജീവിത -
ച്ചരിവുകൾ തരിശായിനിന്നു!
നിലതെറ്റിയിടറുംപദങ്ങൾ പരസ്പരം
വിലപേശി നിലമടിക്കുമ്പോൾ
സമരമാണുയിരിനോടുടലുകൾ, പ്രജ്ഞയിൽ
ഭ്രമരമായ് മുരളുമുൻമാദം.!
ഭ്രാന്തിൻെറ സാന്ദ്രതന്മാത്രകൾ സൂചിമുന,
താണ്ടിവന്നെത്തും തലച്ചോറുകൾ,
കപടസ്വർഗത്തിൻ മിനാരങ്ങളിൽനിന്നു
വഴുതിവീണിരുൾ ജന്മമുഴുതൂ.
കരദൂരെദൂരെയെന്നറിയാതെ കനവുകൾ
തിരകീറി നീന്തിത്തളർന്നു.
നുരയുന്ന ജീവിതച്ചഷകത്തിനിരുപുറം
വിഷവും വിനോദവുമിരുന്നു.!
കരിയുമീ ജന്മശകലങ്ങൾ നോക്കി നി-
ന്നെരിയുന്നു ,രക്തബന്ധുക്കൾ!. ജീനുകൾജീർണ്ണിച്ച ജീവൻെറ നേരുകൾ
ജീവകം തേടുമീകാലം
ആഴിയാഴച്ചുഴികളാണൂഴിയിൽ
ആരുകാക്കുമീയർധബോധങ്ങളെ?
- അൻസാരി -