പാലിയേറ്റീവ് ദിനം :: അന്‍സാരി

Views:

നൊമ്പരത്തുമ്പത്ത്
വെന്തജന്മങ്ങളേ,
അമ്പരപ്പോടെ ഞാൻനില്പൂ,
പ്രാർത്ഥനക്കുമ്പിളിൽ
ചിന്തുമീക്കണ്ണുനീർ
നെഞ്ചിലാവാഹിച്ചുനില്പൂ --
ഏതോശാപത്തിൻെറ പാഴ്മരക്കൊമ്പത്ത്
പൂവിട്ട മൊട്ടുകൾ പോലെ,
തേനൂറിവിരിയുന്നതിൻ
മുമ്പടരുന്ന
തേന്മലർതേങ്ങലോ നിങ്ങൾ?
;
കൂർപ്പിച്ചൊരർബുദ -
ത്തുമ്പിൽ കൊരുത്തിട്ട
ജീവസ്വപ്ന.ങ്ങളോ നിങ്ങൾ?
കനിവിൻെറകെട്ടു -
കാഴ്ചക്കായ് ചലിക്കും
കളിപ്പാവ മാത്രമോ നിങ്ങൾ?
വ്യാധിയിത്, വ്യാധി മാത്രം മനസ്സിൻെറ
ആധികളാറ്റുവിൻ നിങ്ങൾ !

ഇനിയെത്രയോ നാൾ
ഇവിടെപരസ്പരം
ഇഴകൊരുക്കേണ്ടവർ നമ്മൾ!
ചിന്തകൾചിതലെടുക്കാതെ
മനസ്സിനെ
മന്ത്രിച്ചുണർത്തുക നമ്മൾ!

ചിന്തയാലുഴിയും ചികിത്സയാൽ ജീവൻെറ
സ്പന്ദനങ്ങൾ മുഴങ്ങട്ടെ!!
വേദനയെല്ലാം മനോബലത്താൽ നിത്യ-
വേദാന്തമാക്കിത്തിരുത്താം !

കാലം കനിവുമായ്
കാത്തിരിപ്പൂ ദൂരെ
കരൾക്കരുത്തുലയാതെ കാക്കാം!