ഗുരു വരം :: അന്‍സാരി

Views:

മകനേ,വരികയീ ഗുരുമുഖ,ത്തെന്നിലെ
മഹിതസംസ്കാരം പകർന്നുനൽകാം!
അറിവിൻെറ കനലൂതിയൂതി ഞാൻ നിന്നിലേ -
യ്ക്കണയാത്തനാളം കൊളുത്തി വെയ്ക്കാം !

അക്കങ്ങൾ മേഞ്ഞുറങ്ങുന്ന പൊൻമേടുകൾ
അക്ഷരങ്ങൾ നൃത്തമാടുന്ന വേദികൾ
അസ്ത്രവേഗംപൂണ്ട ശാസ്ത്രക്കുതിപ്പുകൾ
അമ്മമലയാള പെരുമ്പറപ്പാട്ടുകൾ!

വശ്യവിജ്ഞാനം തുളുമ്പുന്നൊരേടുകൾ,
വിശ്വസംസ്കാരപ്പൊൻവിരൽപ്പാടുകൾ
ഒക്കെയും കണ്ടറിഞ്ഞുണരുവാൻ നിന്നെയെൻ
ഒക്കത്തിരുത്തി കൊണ്ട്പോകട്ടെ ഞാൻ!

ഇനി നിൻെറകാലം പിറന്നിടേണം,
ഇനി നിൻെറലോകം വളർന്നിടേണം,
ഇടനേരമിന്ത്യയെന്നൊരു തേങ്ങ,ലറിയാതെ
ഇടനെഞ്ചിനുള്ളിൽ പിടഞ്ഞിടേണം!

ഉടയുന്നൊരിന്ത്യൻെറ വെന്തനിശ്വാസങ്ങൾ
ഉടനേറ്റുവാങ്ങാൻ മനസ്സുവേണം!
ഇരുളിൽപിറക്കും കിടാങ്ങൾക്ക് തെരുവിൽനി-
ന്നുരിയാടുവാൻ നിൻെറ നാവുവേണം!

പടരും വിശപ്പിന്നുമിത്തീയിലടരുന്നൊ-
രുദരങ്ങളോട് നിൻകരുണവേണം!
വെയിൽമേഞ്ഞ കൂരകൾക്കുടമയായ് തീർന്നവർ-
ക്കൊരുസാന്ത്വനംനൽകി മുന്നിൽ വേണം!

മഴയെന്ന സഞ്ചാരി വഴിയമ്പലങ്ങളായ്
കരുതുന്ന കുടിലുകൾക്കറുതിവേണം!
കുളിരിൻപുതപ്പിൽ ചുരുളുന്നവർക്കു നിൻ
കരളിൻെറ കരുതലിൻ ചൂടുവേണം.

മരണക്കുരുക്കിലേയ്ക്കൊരു കർഷകൻ സ്വയം
തിരുകുന്നതറിയുവാൻ ത്രാണിവേണം!
മതം മൂർച്ചരാകി പിടിയിട്ടെടുക്കും
മനസ്സാലകൾ ചുട്ടെരിച്ചിടേണം

അറിവിൻെറ അമ്പുകൊണ്ടവിരാമമടരാടി
നെറിവിൻെറ ലോകം പടുത്തിടേണം!
ഇനിയെൻെറ സ്വപ്നം പുലർന്നിടട്ടെ!
ഇരുളിൽപ്രകാശം നിറഞ്ഞിടട്ടെ!

ഇടവിട്ടു ഞാൻകണ്ട പേക്കിനാവൊക്കെയും
ഇനി നിൻകരുത്തിൽ തുലഞ്ഞിടട്ടെ!
ഇലകൊഴിഞ്ഞുലയുന്ന ധർമ്മവൃക്ഷത്തിൻെറ
ഇതളുകൾ മെല്ലെ തളർത്തിടട്ടെ!

ഇനിയെൻെറ വാക്കും വരികളും നിന്നിലൂ-
ടിനിയുള്ള തലമുറയ്ക്കുതകിടട്ടെ!