ദാരിദ്ര്യക്കടവത്തെ ദാമ്പത്യപ്പടവിൽ :: അന്‍സാരി

Views:

ദാരിദ്ര്യക്കടവത്തെ
ദാമ്പത്യപ്പടവിൽ വെ-
ച്ചെന്നെ എനിക്ക്
കളഞ്ഞു പോയി
എന്നെ ഞാൻ എന്നേ
മറന്നുപോയി - - - -

വിട്ടുവീഴ്ചക്കിരയാകാൻ
വിട്ടുനൽകിയ ജീവിതത്തിൻ
ശിഷ്ടഭാഗം പിടിച്ചുകൊ-
ണ്ടിരിക്കുന്നു ഞാൻ, 
എൻെറ നഷ്ടബോധത്തുരുത്തിൽ
ഞാനൊറ്റയാകുന്നു!

കെട്ടുപാടിൻ കെട്ടുവളളിയിൽ
ഒട്ടുകേറിത്തറച്ചൊരു
മൊട്ടുസൂചിക്കുത്ത് കൊണ്ടുൾ -
ച്ചോര പൊടിയുന്നു, 
എൻെറ നഷ്ടബോധത്തുരുത്തിൽ
ഞാനൊറ്റയാകുന്നു!

സർഗ്ഗബോധ സ്പന്ദനത്താൽ
രക്തമോടും ധമനിയിൽ
യക്ഷിബാധപ്പനിയെന്ന്
വിധിക്കുന്നവർ, എന്നിൽ
കുത്തുവാക്കിന്നിരുമ്പാണി

ത്തുമ്പ് താഴ്ത്തുന്നു, 
എൻെറ നഷ്ടബോധത്തുരുത്തിൽ 
ഞാനൊറ്റയാകുന്നു!

കെട്ടകാലം കയർക്കുമ്പോൾ
എത്ര നേരം സഹിക്കേണം?
പെറ്റനാടിന്നുയിർപ്പിന്നായ്
തുടിച്ചേ തീരൂ,
എൻറെ അക്ഷരങ്ങൾക്കഗ്നികോരി -
ക്കൊടുത്തേ തീരൂ

ഒത്തുതീർപ്പുകൾ ചുട്ടെടുക്കും
വിട്ടുവീഴ്ചക്കളങ്ങളിൽ
വെട്ടിമൂടാനുള്ളതല്ലെൻ
സർഗ ഭാവങ്ങൾ, 
വാഴ്വിൻ കെട്ടുപാടിൽ കെട്ടുപോകരു-
തെൻെറ ധർമ്മങ്ങൾ!