ഓം ഗം ഗണപതയെ നമഃ

Views:
അരുമകളരുതിന്നതിരുകള്‍ താണ്ടാ-
തിരുളു മെരുക്കും കരുതല്‍ നീ.
വറുതിയില്‍ വരളാതൊഴുകും കനിവും
അറിവായുണരും കതിരും നീ.
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.

അതിഭയമേറും കരളിലുമഭയ-
ക്കതിരവനായിത്തെളിയും നീ
എവിടെയുമണയും കൈത്താങ്ങിൻ പൊരു-
ളവികലമരുളും പൊരുളും നീ
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.

ഉലകത്തിരകളിതാർക്കുന്നേര-
ത്തുലയും തോണിക്കമരം നീ
മനസ്സിൻ കാമിതമഖിലമുദാരം
നിറവാർന്നേകും നിധിയും നീ
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.No comments: