പോരിതു പൊരുതി ജയിച്ചീടാം

Views:ധർമ്മത്തിൻ രണഭേരി മുഴങ്ങും
പോർമുഖമിവിടെയൊരുങ്ങുന്നൂ.
പോരുക പോരുക പോരാളികളെ
പോരിതു പൊരുതി ജയിച്ചീടാം.

അഴിമതിയക്രമവെറിയോടൊറ്റ-
ക്കെട്ടായെതിരികളെത്തുന്നൂ.
വഴികളടച്ചവരാർക്കുന്നേരം
പതറാതൊന്നിച്ചടരാടാം.

തേരുതെളിക്കും കൃഷ്ണനുനേർക്കവ-
രെയ്യും വിഷമുന ഭേദിക്കാൻ
വിക്രമവീര്യമെഴും നവപാർത്ഥാ
വില്ലു കലയ്ക്കുക, വെല്ലുക നീ.

ഓരോ ചുവടായ് മുന്നേറുക, നിൻ
വൈരികൾ തോറ്റു മടങ്ങട്ടെ.
മുതുകിൽ കത്തികളാഴ്ത്താനെത്തും
അഞ്ചാം പത്തികൾ തകരട്ടെ.

അഭയം തേടി വരുന്നോർക്കെല്ലാ-
ഭയംകരിയാം മാതാവിൻ
പുത്ര പരമ്പര പുണ്യം പകരും
ഭാരതസംസ്കൃതി പുലരട്ടെ.

നിത്യ സനാതന ജീവിത ദർശന-
ഭഗവദ്ധ്വജമൊന്നുയരട്ടെ.
മാനുഷരെല്ലാം ദേവകളാകം
മാധവ ഗീതകളൊഴുകട്ടെ.

No comments: