മഴപെയ്തുലഞ്ഞുവോ :: അഖില്‍ എസ്‌ എം

Views:
 


മഴപെയ്തുലഞ്ഞുവോ 
വേനലില്‍ ചുരുളഴിഞ്ഞു 
ധരണിതന്‍ സിരകളില്‍ 
ഉറവകളുണര്‍ന്നുവോ 

താങ്ങാതെ താങ്ങിത്തളര്‍ന്നു 
കുഴഞ്ഞ നാമ്പുകള്‍ 
ഉയിരിട്ടു തിളിര്‍ത്തുവോ 

ഓടിത്തളര്‍ന്നു വെളളം ചുമന്നവള്‍ 
നെടുവീര്‍പ്പോടെ ചിരിച്ചുവോ 

വരണ്ടു മരവിച്ച നിലങ്ങള്‍ 
വീണ്ടും ജനിച്ചുവോ 
സൂര്യന്റെ കോപത്താല്‍ 
പുളഞ്ഞ മാംസങ്ങളില്‍ 
പൊന്‍ പനിനീര്‍ കിനിഞ്ഞുവോ 

വിത്തും തൈച്ചെടികളും 
നട്ടുനനച്ചവര്‍ 
ആധികള്‍ മറന്നുവോ 
കുളമായ കുളമൊക്കെ 
മുങ്ങിയും പൊങ്ങിയും 
നീന്തിയ ജലജീവികള്‍ 
മിഴികള്‍ തുറന്നുവോ 
കൊടും കാടുപിടിച്ചു കിടന്ന 
ചെറു ചാലുകളില്‍ 
നീരുറവകള്‍ പൊട്ടിയൊലിച്ചുവോ 

പച്ചിലകളില്‍ 
പൂംപുഞ്ചിരിയുടെ നനവുകള്‍ 
തിങ്ങി നിറഞ്ഞുവോ 
തൊടിയില്‍ തൈ മാവുകളിലെ 
മാമ്പഴച്ചാറിന്‍ മധുരം 
അധരങ്ങളില്‍ നിറഞ്ഞുവോ 

എന്‍ മനസ്സിന്റെ അതിരില്‍ 
ആളിയ തിരിനാളം കെട്ടുവോ 
മഴപെയ്‌തുലഞ്ഞുവോ,  

ഹരിതമഹിമക്കും 
മണ്ണിന്റെ മനസ്സിനും 
കോരിത്തളിച്ച്‌ 
മഴപെയ്തുലഞ്ഞുവോ,  

മഴപെയ്തുലഞ്ഞുവോ.No comments: