നേര്‍വഴി

Views:

ഓരോ നിമിഷവും ആത്മവിശ്വാസമാ-
യെന്നില്‍ നിറയുമെന്നമ്മ
ഏതു പരീക്ഷയ്ക്കുമേതു ചോദ്യത്തിനും
ഉത്തരം നല്കുമെന്നമ്മ - എന്നും
ഉത്തരം നല്കും, എന്നമ്മ.

മുന്നില്‍ പലവഴി എങ്ങോട്ടു പോകുവാ-
നെന്നു പകച്ചു ഞാന്‍ നില്‌ക്കെ
എന്‍ കൈ പിടിക്കുന്നു, നേര്‍വഴി കാട്ടുന്നു
ശങ്കകള്‍ തീര്‍ക്കുമെന്നമ്മ - എന്റെ
ശങ്കകള്‍ തീര്‍ക്കും, എന്നമ്മ.

ധര്‍മ്മമധര്‍മ്മവും സത്യമസത്യവും
ക്ഷുബ്ധമെന്നുള്ളുലയ്ക്കുമ്പോള്‍
നീതിയും നേരും തുളുമ്പുന്ന കണ്‍കളാല്‍
കൂരിരുള്‍ നീക്കുമെന്നമ്മ - ഉള്ളിലെ
കൂരിരുള്‍ നീക്കും, എന്നമ്മ.No comments: