കരുതല്‍

Views:

ഇവനെന്റെ പ്രിയതമനാണു നീയിവനേയും
കവിയും കരുണയാല്‍ കാത്തിടേണേ
ഇവളെന്റെ പ്രിയതമയാണു നീയിവളേയും
കവിയും കരുണയാല്‍ കാത്തിടേണേ
ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ്
കഴിയുവാന്‍ കഴിവു നീയേകിടേണേ.

പരിചിതമല്ലാത്ത ഭൂതകാലത്തില്‍ നി-
ന്നരുമകളായിണക്കൂട്ടുകാരായ്
തിരതല്ലിയാര്‍ക്കുന്ന വര്‍ത്തമാനക്കടല്‍-
ക്കരയെത്തി മറുകരെപ്പോകുവാനായ്
ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ്
തുഴയുവാന്‍ കഴിവു നീയേകിടേണേ.

വഴികളില്‍ കലഹവുമീര്‍ഷ്യയും തീര്‍ക്കുന്ന
കുഴികളില്‍ ചതിപ്പെട്ടു വീണിടാതെ
അഴല്‍ തിങ്ങിയിരുളും കിനാവിലും കാല്‍തെറ്റി
വഴുതാതെ ചുവടുകള്‍ വച്ചിടാനായ്
ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ്
കഴിയുവാന്‍ കഴിവു നീയേകിടേണേ.No comments: