പെരുമ്പറ

Views:
സിരകളില്‍ തുള്ളിത്തുടി-
    ച്ചുയരുന്ന ചൈതന്യത്തിന്‍
തിരകളാല്‍ കര്‍മ്മങ്ങളെ
    പ്രബുദ്ധമാക്കാന്‍.

തമസ്സിന്റെ കരങ്ങളി-
    ന്നൊരുക്കിടും വിപത്തിന്റെ
തലയറുത്തെറിയുവാ-
    നടര്‍ക്കളത്തില്‍.

ചുടുനിണമൊഴുക്കുവാന്‍
    മടിക്കാതെ മാതാവിന്റെ
അടിമത്തമൊടുക്കുവാ-
    നനവധിപ്പേര്‍.

അണിയായി നീങ്ങുന്നേര-
    മൊന്നുമറിയാത്ത മട്ടില്‍
പിണമായിട്ടെന്തേ ഞാനി-
    ന്നൊളിച്ചിടുന്നോ ?

ഉണരട്ടെയെന്മാനസ-
   മൊത്തുചേരാനവര്‍ക്കൊപ്പം
തുണയേകാന്‍ രാഷ്ട്രപുനര്‍-
    നിര്‍മ്മിതിക്കായി.

പകരട്ടെ മധുവഴി-
    ഞ്ഞൊഴുകുന്ന വിചാരങ്ങ-
ളകതാരില്‍ കലുഷതയ-
    കന്നിടട്ടെ.

സമയമായുറക്കമേ-
    യകലെപ്പോയ് മറയുക
സമരത്തിന്‍ പെരുമ്പറ
    മുഴക്കീടുക.